Saturday, September 16, 2017

kaali 1

മൈലുകൾ പിന്നിടുന്ന ഒരു യാത്രയുടെ അപ്പർ ബർത്തിൽ മയങ്ങാതെ കയ്യിലിരുന്ന പുസ്തകത്തിന്റെ ചുളിവുകളിലേയ്ക്ക് മുഖമാഴ്ത്തിയിരുന്നു ഭദ്ര. പേപ്പറിന്റെ ഗന്ധം ടാക്സി പിടിച്ച് തലച്ചോറിലേക്ക് കട്ട് പോലെ ചീറിയടിക്കുന്നു. അല്ലെങ്കിലും ചില ഗന്ധങ്ങൾ അങ്ങനെയല്ലേ, ഭദ്രയോർത്തു.
എത്ര കാലങ്ങൾ കഴിഞ്ഞാലും ഇറങ്ങി പോകാത്ത ചില മണങ്ങളുണ്ട്.
ആദ്യ മഴയിൽ നിന്നും അരിച്ചു കയറുന്ന പുതുമണ്ണിന്റെ മണം,
നീല പേന കൊണ്ട് എഴുതി നിറച്ചു വച്ച വെളുത്ത പേപ്പറിന്റെ കൊതിപ്പിക്കുന്ന ഗന്ധം,
ഒരു ടിൻ നിറയെ അടച്ചു വച്ചിരിക്കുന്ന അടുക്കളയിലെ കാപ്പി മണം...
വായി തീരാത്ത പുസ്തകത്തിന്റെയും, തീർന്നു കഴിഞ്ഞ ശേഷമുള്ള പുസ്തകത്തിന്റെയും മണം...
എത്രയെത്ര എണ്ണിയാലൊടുങ്ങാത്ത ഗന്ധങ്ങളാണ് ചുറ്റും ഓരോ നിമിഷവും കിടന്നു വട്ടം കറങ്ങുന്നത്. കര കരാ എന്ന് ഉറക്കെ കേൾക്കുന്ന ട്രെയിനൊച്ചകളിൽ നിന്നും അകത്തെ ബോഗിയിലെ ഗന്ധങ്ങളിലേയ്ക്ക് ഭദ്ര മൂക്ക് വിടർത്തി.
അപ്പോൾ അതുവഴി നടന്നു പോയ തനിക്കിഷ്ടമില്ലാത്ത എന്തൊക്കെയോ മസാലകൾ ചേർത്ത ഭക്ഷണത്തിന്റെ സ്വാദ് അവളെ ഒന്ന് മടുപ്പിച്ചു. ചെന്ന് കയറാൻ പോകുന്ന സ്ഥലം ഭക്ഷണങ്ങളുടെ പറുദീസയാണ്. സ്വപ്നങ്ങളുടെ താഴ്വരയാണ്...
കയ്യിലിരുന്ന പുസ്തകം "കാളിയുടെ കരച്ചിലുകൾ" ഒന്ന് വിറച്ച പോലെ ഒരു ട്രെയിനിരമ്പലിൽ അവൾക്കു തോന്നി.
"അതെ.... എന്റെ കാളി, നിന്നെ കാണാൻ വേണ്ടി തന്നെയാണ് ഈ യാത്ര...  നിന്റെ അലഞ്ഞു നടക്കലുകൾ , നിന്റെ വഴികൾ, നിന്റെ പെണ്മയുടെ ഗന്ധം...."
ഭദ്ര പുസ്തകത്തിന്റെ ഉള്ളിലേയ്ക്ക് നോക്കി ആരും കേൾക്കാതെ പറഞ്ഞു. താഴത്തെ ബർത്തിൽ സരോദ് സുഖമായി ഉറങ്ങുന്നു. ട്രെയിനിൽ കയറിയപ്പോൾ മുതൽ തുടങ്ങിയതാണ് അവന്റെ ഉറക്കം.
ദൈവമേ വീട്ടിലെങ്ങാനും അറിയണം, ഭദ്രയ്ക്ക് ഉടൽ തരിച്ചു. മുകളിലെ ബർത്തിൽ ഒരു വശം തിരിഞ്ഞു കിടന്നു കൊണ്ട് അവൾ വീട്ടിലേയ്ക്ക് വിളിച്ചു.
"എവിടെത്തിയെടീ....", അമ്മയുടെ കരച്ചിൽ ചോദ്യത്തിൽ അവൾ ചിരിച്ചു.
"ചെന്നൈ കഴിഞ്ഞു അമ്മെ... ഒരു ദിവസം കൂടി എടുക്കും.. ഇങ്ങനെ ആധി പിടിക്കാനെന്താ ഞാൻ കുട്ടിയൊന്നുമല്ലല്ലോ"
ലോകത്ത് എത്രയോ പെൺകുട്ടികളും ആൺകുട്ടികളും അവരുടെ മാതാപിതാക്കളോട് ഇതേ ക്ളീഷേ ചോദ്യം ചോദിച്ചിട്ടുണ്ടാകുമെന്നപ്പോൾ അവളോർത്തിട്ടുണ്ടാകണം... എങ്കിലും ആവർത്തിക്കുന്ന ആധി പിടിച്ച വാക്കുകളിലൂടെ ഒറ്റയ്‌ക്കെന്ന പോലെ അവൾ മറുപടികൾ നല്കിക്കൊണ്ടേയിരുന്നു. സരോദിനോടുള്ള അടുപ്പം വെട്ടിൽ അറിയാം, പക്ഷെ വിവാഹത്തിന് മുൻപ് അവനോടൊപ്പം ഇത്ര നീണ്ടൊരു യാത്ര പോയെന്നറിഞ്ഞാൽ ചിലപ്പോൾ നീളുന്ന ചോദ്യം ചെയ്യലുകൾ താങ്ങാൻ പറ്റിയെന്നു വരില്ല. അടുത്ത കൂട്ടുകാരോട് പോലും അതുകൊണ്ടു സരോദിന്റെ സാമിപ്യം മറച്ചു പിടിച്ചത് നന്നായെന്ന് ഭദ്രയ്ക്ക് തോന്നാതെയിരുന്നില്ല.

താഴെക്കൂടി നടന്നു പോയ ബംഗാളി മുഖമുള്ളൊരാൾ അവളെ കണ്ണെത്തി നോക്കി. നാട്ടിലിപ്പോൾ ഈ മുഖങ്ങൾക്ക് യാതൊരു പഞ്ഞവുമില്ലല്ലോ. ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ പോലും സീറ്റു കിട്ടാൻ അനുഭവിച്ച ബുദ്ധിമുട്ടു ചെറുതല്ല. ആഴ്ചയിൽ ഒരിക്കലുള്ള സ്‌പെഷ്യൽ ട്രെയിനിൽ നീണ്ട ക്യൂ. പ്രവാസികളാക്കപ്പെട്ട ബംഗാളി പുരുഷന്മാരുടെ വല്ലപ്പോഴുമുള്ള സ്വന്തം സ്വത്വം തേടിയുള്ള മടക്കത്തിനിടയിലെവിടെയോ മറ്റൊരാളുടെ സ്വത്വത്തിലേയ്ക്ക് ബലം പ്രയോഗിച്ച് എത്തിയവളാണ് താനെന്നു ഭദ്രയ്ക്ക് തോന്നാൻ ആരംഭിച്ചു.
നിരഞ്ജൻ റോയിയുടെ കാളിയുടെ കരച്ചിലുകൾ വീണ്ടും വിളിക്കുന്നു.
കുറച്ചു എഴുത്തും ഭ്രാന്തുമുള്ള ഒരു പത്രക്കാരിയ്ക്ക് എന്നെങ്കിലും പോകേണ്ട ഒരു സ്ഥലമാണ് കൊൽക്കൊത്ത എന്ന് ആദ്യം പറഞ്ഞത് പത്രത്തിന്റെ എഡിറ്റർ ഇൻ ചാർജ്‌ജാണ്.
അത് കേട്ടപ്പോൾ ആ ഏറ്റവും പുരാതനമായ മോഹം ഒന്ന് വെളിച്ചം കണ്ടെന്ന പോലെ പൊടി അണിഞ്ഞ ചിറകുകൾ ഒന്നുകൂടി വീശി നോക്കി. പറക്കുവാനുള്ള ആരോഗ്യം നഷ്ടപ്പെട്ടുവോ എന്ന അന്വേഷണമായിരുന്നു അത്.
ഇതുവരെ പറക്കാതെ ഇരുന്നിട്ടും ഒരു ചിറകടിയിൽ തളർച്ചയൊക്കെ മാറി ഉയരത്തിൽ ഉയരത്തിൽ പറക്കാൻ കഴിയുമെന്ന തോന്നലിൽ കയ്യിൽ കിട്ടിയതാണ് കാളിയുടെ കരച്ചിലുകൾ.
ഒരു വായനയിൽ ഭദ്ര തകർന്നു പോയി.
മുന്നിൽ ആജാനു ബാഹുവായി വന്നു ഇത്ര നാൾ നിന്ന കാളി എന്ന രൗദ്ര ദേവതയുടെ കരച്ചിലുകളിൽ ഭദ്രയ്ക്ക് കരച്ചിൽ പൊട്ടി.
ഒരു സ്റ്റോറിയുടെ പേരും പറഞ്ഞു ഒരാഴ്ചത്തെ അവധിയെടുത്ത് കൊൽക്കത്തയ്ക്കുള്ള ട്രെയിൻ പിടിക്കുമ്പോൾ ഭദ്രയുടെ മുന്നിൽ കാളീഘട്ടിലെ അതുവരെ കാണാത്ത കാളിയുടെ വിഗ്രഹവും കാളീ മുഖമുള്ള പെണ്ണുങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളു.
അപ്പർ ബർത്തിന്റെ ഇത്തിരി വലിപ്പത്തിൽ കാളിയുടെ തണുത്ത ഉടലിനെ തൊട്ടു അവൾ വീണ്ടും വായനയിലേക്ക് നടന്നു.
അപ്പോൾ തറയിലൂടെ നടന്നു പോയവർക്കൊക്കെ നോവലിലെ കഥപാത്രങ്ങളുടെ മുഖങ്ങളുള്ളതായി അവൾക്ക് തോന്നി.
വായന പിന്നെ അകത്തും മനനം പുറത്തുമായി.
നീണ്ടു കിടക്കുന്ന ട്രെയിനിലെ ഇടനാഴിയിൽ കൂടി ദൂരെ നിന്ന് കാളി നടന്നു വരുന്നതായും അടുത്തൂടെ നടന്നു പോയതായും അവൾ കണ്ടു.
കൊൽക്കത്തയിൽ ചെല്ലുമ്പോൾ നിരഞ്ജൻ റോയിയെ കാണണം... അയാളുടെ കൈകൾ മുത്തണം...

Friday, September 15, 2017

മടക്കയാത്ര 35സംഘടിത പ്രവർത്തകരുടെയൊപ്പം സരോദും ഭദ്രയും പിയാലിന്റെ മുന്നിൽ നിൽക്കുമ്പോൾ അവർ ഇരുവരും നിശ്ശബ്ദരായിരുന്നു. അപ്പോഴും ഭദ്രയുടെ ലക്ഷ്യങ്ങൾ ആർക്കു മുന്നിലും വെളിപ്പെട്ടില്ല. പക്ഷെ പിയാൽ മായ്ക്ക് അത് വെളിപ്പെട്ടത് പോലെ തോന്നി.
"ഭദ്രയെ അങ്ങനെ ഇവിടുന്ന് പറഞ്ഞയക്കാനൊന്നും ആകില്ല അരുണിമ. ഇവൾ വന്നതിൽ പിന്നെ ഇവിടെ വന്ന മാറ്റങ്ങൾ ചെറുതല്ല.", പിയാൽ മാ അപ്പോഴും ഭദ്രയെ മടക്കി വിടാൻ മടിച്ച് നിന്നു.
"നിങ്ങൾ വിചാരിക്കുന്നത് പോലെ വിശപ്പ് സഹിക്കാനാകാതെ, ആരെങ്കിലും ചതിച്ചു കൊണ്ട് വന്നതൊന്നുമല്ല ഈ കുട്ടിയിവിടെ. ഇവരുടെ കഥ കേട്ടാൽ നിങ്ങൾക്കും അത് മനസ്സിലാകും. "-
"ഞാൻ കേട്ടു.. ഇവൾ പറഞ്ഞ കഥകളും പറഞ്ഞു കൊടുത്ത കഥകളും
ഒക്കെ ഞാനിവിടെ നിന്നാലും അറിയും. എത്ര വരെ, എങ്ങനെയൊക്കെ മുന്നോട്ടു പോകുമെന്ന് നോക്കിയിരിക്കുകയായിരുന്നു. പക്ഷെ നിസ്സാരക്കാരിയല്ല ഈ പെൺകുട്ടി. പിന്നെ ഇവളെ അത്ര പെട്ടെന്ന് കടത്തിക്കൊണ്ടു പോകാമെന്നാണോ നിങ്ങൾ കരുതുന്നത്?"
"ആര് കടത്തിക്കൊണ്ടു പോകുന്നു പിയാൽ മാ... തൊഴിൽ മടുത്ത പലരെയും നിങ്ങൾ സ്വന്തം ജീവിതം ജീവിക്കാൻ അവരവരുടെ ഇടങ്ങളിലേക്ക് പറഞ്ഞയക്കാറില്ലേ? ഇല്ലെന്നൊന്നും പറയേണ്ടതില്ല. പക്ഷെ വിധവകളാക്കപ്പെട്ട് വരുന്നവർ എങ്ങോട്ടു പോകാൻ. വീട്ടിൽ നിന്നും അപശകുനമായി ആട്ടിയിറക്കപ്പെട്ടു വരുന്നവർ എങ്ങോട്ടു പോകാൻ... പക്ഷെ ഭദ്ര അങ്ങനെയല്ല. അവൾ നിങ്ങൾക്ക് വേണ്ടി എത്തിയവളാണ്. ഇപ്പോൾ മടങ്ങണമെന്ന് അവൾക്കു തോന്നുന്നു. നിങ്ങൾക്ക് സമ്മതിച്ചെ പറ്റൂ..."-
"നിനക്ക് മടങ്ങാറായോ ഭദ്രാ?"-
പിയാൽ മായുടെ ചോദ്യത്തിലേക്ക് തെളിഞ്ഞ കണ്ണുകളുയർത്തി ഭദ്ര സംസാരിച്ചു.
"പോകണം പിയാൽ മാ... ഇനി ഇവിടെ എന്റെ ആവശ്യമില്ല. ഇപ്പോഴും എന്ത് പ്രേരണയാലാണ് ഇങ്ങനെ ഞാനെത്തിയതെന്ന് എനിക്കറിയില്ല. ഞാനിങ്ങനെയൊന്നും ആയിരുന്നില്ല. പക്ഷെ കാളിമാ തന്ന ശക്തിയായിരിക്കണം... വായന തന്ന തോന്നലായിരിക്കണം. സരോദ് പറയുന്നു എനിക്ക് മാനസിക രോഗമാണെന്ന്.. ആയിരിക്കാം, നാട്ടിൽ ചെന്നാൽ എങ്ങനെ അവിടവുമായി ഞാൻ വീണ്ടും പൊരുത്തപ്പെടും എന്നെനിക്കറിയില്ല. ഒരു സാധാരണ നാട്ടിൻപുറത്തുകാരി, പെൺകുട്ടിയായിരുന്നു ഞാൻ. അമ്പലത്തിലും വീടിനുള്ളിലും കാളീ രൂപങ്ങൾ കണ്ട് ആദ്യം ഭയന്നും പിന്നെ സ്വയം കാളിയായും അഭിനയിച്ചു നടന്നവൾ. കാളീഘട്ടിലേയ്ക്ക് ഏതോ നിയോഗം പോലെ ആകർഷിക്കപ്പെട്ട് എത്തിയവൾ. നിരഞ്ജൻ റായിയുടെ "കാളിയുടെ തിരുവിരൽ" വായിക്കപ്പെട്ട് ഒറ്റപ്പെട്ടു അലഞ്ഞു നടക്കുന്ന കാളിയെ ആവാഹിക്കാൻ ആഗ്രഹിച്ചവൾ... കാളി ഒരുപക്ഷെ കുടിയിരിക്കുന്നത് നിങ്ങളൊക്കെ തൊട്ടു തൊഴുന്ന ആ ചിത്രങ്ങളിലാണെന്നു വിചാരിച്ചവൾ... എന്നെ പോലെ എല്ലാ സ്ത്രീകളെയും ചിന്തിപ്പിക്കണമെന്നു തോന്നി. സാധാരണ സ്ത്രീയാകാൻ എളുപ്പമാണ്, ജീവിച്ചു തീർത്താൽ മതി കിട്ടുന്ന ജീവിതം. പക്ഷെ ചരിത്രത്തിൽ കുറിച്ച് വയ്ക്കപ്പെടാൻ അവൾ അസാധാരണയായി ജീവിക്കണം. എനിക്ക് കാളിയാകാനായിരുന്നിരിക്കണം നിയോഗം. എനിക്കറിയില്ല പിയാൽ മാ... ഞാൻ നാട്ടിൽ പോയാൽ എങ്ങനെ അതിജീവിക്കുമെന്ന്.. സരോദ് എന്റെ ഒപ്പം ഇനി ഉണ്ടാകുമോ എന്ന് പോലും അറിയില്ല. ഞാൻ അവനെ പരാതി പറയില്ല, ഞാൻ തിരഞ്ഞെടുക്കപ്പെട്ടവളാണ്... ഗന്ധർവ്വൻ തൊട്ടപോലെ ബാധ കയറിയ പെണ്ണ്... ഭഗവതി കയറിയ പെണ്ണ്... ഞാൻ ജീവിക്കും പിയാൽ മാ.. എനിക്ക് ജീവിച്ചേ പറ്റൂ..."
പിയാലിനു പിന്നെ ഒന്നും പറയാനുണ്ടായിരുന്നില്ല.
ഭദ്ര മടങ്ങേണ്ടവൾ തന്നെയാണെന്ന് അവരുടെ ഉള്ളിൽ നിന്നാരോ പറഞ്ഞുകൊണ്ടേയിരുന്നു .
"മടക്കയാത്ര എപ്പോഴാണ്..."-
പിയാലിന്റെ ചോദ്യങ്ങൾക്കു നേരെ മുഖമുയർത്തി സരോദ് നിറഞ്ഞ നന്ദിയോടെ നോക്കി.
"ഇപ്പോൾ തന്നെ..." അരുണിമയാണ് മറുപടി പറഞ്ഞത്.
യാത്ര പറഞ്ഞിറങ്ങുമ്പോൾ ഒഴിഞ്ഞ പതിമൂന്നാം നമ്പർ കട്ടിൽ അവളെ നോക്കി നിലവിളിച്ചു. ആ കണ്ണുനീർ പിന്നെ ഓരോ കട്ടിലുകളും പ്രതിധ്വനിപ്പിച്ചു. അവരുടെ നിലവിളി തെരുവുകൾ പിന്നെ ഏറ്റെടുത്തു.
ചുവന്ന കണ്ണുകളോടെ തെരുവിന്റെ പുറത്തെത്തുമ്പോൾ കാറിൽ നിരഞ്ജൻ റായി ഉണ്ടായിരുന്നു. തെരുവിന് പുറത്തെ ചെറിയ കരിങ്കാളി വിഗ്രഹത്തിലേയ്ക്ക് പാളി നോക്കിക്കൊണ്ട് അവൾ അതിനടുത്തെത്തി. കാളിയുടെ ചുവന്നു പുറത്തേയ്ക്കു തെറിച്ചു നിൽക്കുന്ന നാവിൽ തൊട്ടപ്പോൾ തണുത്ത ഒരു കാറ്റ് ഉടലിനെ തുളഞ്ഞു കടന്നു പോയപോലെ അവൾക്ക് തോന്നി. വല്ലാതെ ശക്തി ചോർന്നു പോയത് പോലെ ഭദ്ര തളർന്നു പോയി. സരോദിന്റെ തോളിൽ ചാരി നിരഞ്ജന്റെ കാറിൽ കാറിൽ കയറുമ്പോൾ സരോദ് സംഘടിത പ്രവർത്തകർക്ക് നന്ദി പറഞ്ഞു.
"ഇനി ആരും വരാതിരിക്കട്ടെ...സന്തോഷമായി ഇരിക്കൂ..." അവരുടെ അനുഗ്രഹങ്ങൾ ചുറ്റും മഴയായി പെയ്തു തുടങ്ങി.
ചാറ്റൽ മഴ തുള്ളികൾ നിറഞ്ഞ കാറിന്റെ വശത്തെ ഗ്ളാസ്സിലൂടെ തെരുവ് കണ്ടപ്പോൾ ഭദ്രയ്ക്ക് കരച്ചിൽ പൊട്ടി.
ഒന്നും മനസിലാകുന്നില്ല... ഒന്നും...
എന്തിനായിരുന്നു എല്ലാം...
ഇപ്പോൾ മനസ്സിലാകുന്നുണ്ട് അന്നൊരിക്കൽ വിരഹാർത്തയായി ഒരു നഗരം ചുട്ടെരിച്ചു തെരുവിലൂടെ അലഞ്ഞു നടന്ന കാളിയുടെ ദുഃഖം...
ഒരേ സമയം ഉന്മാദവും ദുഖവും പേറുന്നവൾ...
എന്തൊക്കെയോ നഷ്ടപെട്ടവളേ പോലെ ഭദ്ര കാറിന്റെ ഉള്ളിലെ തണുപ്പിലേക്ക് പറ്റിക്കൂടിയിരുന്നു. റെയിൽവേ സ്റ്റേഷനിൽ വച്ച് നിരഞ്ജൻ റായ്‌യോട് യാത്ര പറഞ്ഞത് സരോദാണ്. ഭദ്രയ്ക്ക് വാക്കുകൾ പിന്നെ നാവിൽ നിന്നും വന്നതേയില്ല.
ട്രെയിനിൽ സരോദിനെ തൊട്ടിരുന്നപ്പോൾ മൗനം ഉടച്ചെറിഞ്ഞു അവൾ മെല്ലെ അവനോടു ചോദിച്ചു,
"നീ ഇനിയും എന്നെ സ്വീകരിക്കാൻ തയാറാണോ സരോദ്... എല്ലാം അറിഞ്ഞു കൊണ്ട്?"
വിളറിയ ചിരിയോടെ അവളുടെ ചോദ്യത്തിലേയ്ക്ക് തന്നെ വെറുതെ നോക്കിക്കൊണ്ട് അവൻ കാറ്റുപോലെ പറന്നു പോയി. അതിവേഗം പാഞ്ഞു പോകുന്ന ട്രെയിനിനുള്ളിലേയ്ക്ക് അടിച്ചു കയറുന്ന കാറ്റ് അവനെ കടപുഴക്കി അടിച്ചു പറത്തി. സരോദ് പുറത്തേയ്ക്ക് ആഞ്ഞെറിയപ്പെട്ടു.ഭാരമില്ലാതെ പിന്നെ പറന്നു നടക്കാൻ ആരംഭിച്ചു.
അവ്യക്തങ്ങളായ ഉത്തരങ്ങൾക്കിടയിൽ നിന്നും സ്വയം കണ്ടെടുക്കാനാകാതെ ഭദ്രയ്ക്ക് എല്ലാം വെറുതെ നോക്കിയിരിക്കാനേ കഴിഞ്ഞുള്ളു..............!!!
അപ്പോഴേയ്ക്കും ട്രെയിൻ അവളുടെ സ്വന്തം മണ്ണിലേക്ക് അടുക്കാറായിരുന്നു.............

പുഴ പോലെ അവർ... 34ചിലർ ചിലയിടങ്ങളിൽ ചില ലക്ഷ്യങ്ങളുമായി എത്തുന്നവരാകുന്നു. ആര് വിചാരിച്ചാലും അതുകൊണ്ടു തന്നെ ചില യാത്രകൾ തടയാനാകില്ല.
"സംഘടിത"യിലെ രണ്ടു സ്ത്രീകൾക്കൊപ്പം തെരുവിലെ കുങ്കുമ ഗന്ധമുള്ള തിരിവിലേയ്ക്ക് കടക്കുമ്പോൾ ഒരു വാക്കു കൊണ്ടും തിരിച്ചെടുക്കാനാകാത്ത ആത്മ സംഘർഷത്തിലായിരുന്നു സരോദ്.
അരുണിമ, തനൂജ എന്ന പേരുള്ള രണ്ടു സ്ത്രീകളും സരോദിനോട്  എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.
പല തവണ ഇതിനിടയ്ക്ക് സരോദ് അവരുടെ കഥകളും കേൾക്കുന്നുണ്ടായിരുന്നു. ഒരിക്കൽ തെരുവിൽ കഴിഞ്ഞിരുന്നവർ എല്ലായ്പ്പോഴും തെരുവുകളിൽ തന്നെയാണെന്നും തങ്ങളുടെ "ഡിഗ്നിറ്റി"മാത്രം അൽപ്പമൊന്നു വർദ്ധിച്ചുവെന്നും അവർ പറഞ്ഞു.സംഘടിതയ്ക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ നിസ്സാരമാണ്. ലൈംഗിക തൊഴിലാളികളുടെ കുട്ടികൾക്ക് വേണ്ടിയുള്ള പുനരധിവാസം, അതിനു വേണ്ടിയുള്ള പണം കണ്ടെത്തൽ, എന്നിവയ്ക്ക് പുറമെ പുതിയതായി എത്തിച്ചേരുന്ന പ്രായം കുറവുള്ള പെൺകുട്ടികളെ സംരക്ഷിക്കുക, ഒട്ടും താൽപ്പര്യമില്ലാത്ത പെൺകുട്ടികളെ മടക്കിയയക്കാൻ സഹായിക്കുക എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളിലും സ്വന്തം വയറു നിറയണമെങ്കിൽ അവനവന്റെ ശരീരം ഉപയോഗിക്കേണ്ടി വരുന്നതിന്റെ സങ്കടങ്ങൾ ഇരുവർക്കുമുണ്ടായിരുന്നു പറയാൻ. എല്ലാം കേൾക്കുന്നുണ്ടായിരുന്നെങ്കിലും മരവിച്ച് പോയ സരോദിന് വാക്കുകൾ കടമെടുക്കാൻ പോലും തികഞ്ഞില്ല.
പിയാൽ മായുടെ മുന്നിൽ തല കുനിച്ച് നിൽക്കുമ്പോൾ സരോദിന് കണ്ണെരിയുന്നുണ്ടായിരുന്നു. ഈ വലിയ കെട്ടിടത്തിനുള്ളിൽ എവിടെയോ അവളുണ്ട് , ഭദ്ര.
വാക്കുകളുടെ പോര് ഉച്ചത്തിലായപ്പോൾ വൈകുന്നേരത്തേയ്ക്ക് തയ്യാറായിക്കൊണ്ടിരുന്ന പല സ്ത്രീകളും വെറുതെ വന്നെത്തി നോക്കി. ചുവന്ന ചുണ്ടുകളുടെ ഉള്ളിൽ തടിച്ചു മലർന്ന ചുണ്ടുകൾക്കിടയിൽ അവരൊക്കെ കൊളുത്തി വച്ചിരിക്കുന്നത് നിറമില്ലാത്ത കരച്ചിലുകളാണെന്നു സരോദിന് തോന്നി.
ബഹളങ്ങൾക്കിടയിൽ ഭദ്രയുടെ പതിമൂന്നാം നമ്പർ കട്ടിലിലേക്ക് സരോദിന്റെയും അരുണിമയുടെയും ഒപ്പം പോയതും ഇന്ദുവായിരുന്നു. പിയാൽ മായുടെ കൂടാരത്തിലെ ഏകാന്ത വഴികാട്ടി.
കടന്നു പോകുന്ന വഴിയിൽ മറച്ചു കെട്ടിയ മുറികളിൽ നിന്നും അടക്കി പിടിച്ച സീൽക്കാരം നാദമുയരുന്നു. ആണിന്റെ രതി നാദങ്ങൾ അത്രമേൽ അശ്ലീലകരമായിരുന്നു എന്ന് അവനാദ്യമായി തോന്നി.
ചില മുറികൾ പാതി തുറന്നു കിടപ്പുണ്ട്. പാതി വസ്ത്രത്തിൽ മറുപാതി കാട്ടി മോഹിപ്പിക്കുന്ന പെണ്ണിന്റെ വാചാലത... അവളെ കണ്ടു കൊണ്ട് നിൽക്കുന്ന ആണ് തകിടം മറിയുന്നു.
സരോദിന് അറപ്പു തോന്നി. അവന്റെ മുന്നിലൂടെ ഓടിപ്പോയ കുട്ടിയ്ക്ക് എത്ര വയസ്സുണ്ടാവും. പത്ത് പതിനൊന്ന് വയസ്സുള്ള ആൺകുട്ടിയ്ക്ക് ഭദ്രയുടെ മുഖമുണ്ടോ...
എന്തൊരു മണ്ടൻ കണ്ടെത്തലാണ്...
ഭദ്രയെ കാണാൻ പോകുന്നതിന്റെ സംഭ്രമത്തിലേയ്ക്ക് അവൻ കോപ്പും കുത്തി വീണു പോയിരുന്നു.
പതിമൂന്നാം നമ്പർ കട്ടിൽ ആളെ കാത്ത് തരിശായി കിടക്കുന്നുണ്ടായിരുന്നു.അപ്പോൾ കുളി കഴിഞ്ഞു വിടർത്തിയിട്ട മുടിയൊതുക്കി ചുണ്ടിൽ ഇല ചുവപ്പു നിറമുള്ള ലിപ്സ്റ്റിക്ക് അണിയുമ്പോഴാണ് പിന്നിൽ പറയാതെ വന്നു നിന്ന അതിഥി അവളുടെ സ്വൈര്യം കെടുത്തിയത്.
"സരോദ്.............നീ........."-
സരോദിന് വാക്കുകൾ പൊന്തിയില്ല.
അവൻ അവളുടെ കൈ തൊട്ടു. പിന്നെ പൊള്ളിയത് പോലെ കൈ മാറ്റി.
അവൾക്ക് കരച്ചിൽ വന്നു പൊട്ടി.
ആരാണാദ്യം കണ്ണീരൊഴുക്കി തുടങ്ങിയതെന്ന് രണ്ടു പേർക്കും മനസ്സിലായില്ല. ഒഴുകി ഒഴുകി അവിടെ ഒരു പുഴയായി തീർന്നു.
സരോദും ഭദ്രയും ആ പുഴയിൽ ഒളിച്ചു പോയി. മനസ്സിലാകാത്ത എവിടെയോ ചെന്നെത്തുമ്പോൾ അവൾ അവന്റെ നെഞ്ചിൽ ഭദ്രമായി കിടപ്പുണ്ടായിരുന്നു.

മടക്കയാത്രയ്ക്ക് സമയമായോ... 33സിതാരയുടെ ജീവിതങ്ങളുടെ ആവർത്തനങ്ങളുമായി പിന്നെയും എണ്ണിയാലൊടുങ്ങാത്ത ഡയറിത്താളുകൾ ഭദ്രയുടെ കയ്യിലൂടെ ഊർന്നു പോയി. എല്ലാ താളുകളിലും കരച്ചിൽ പുരണ്ടു ഉണങ്ങിയ തടിപ്പുണ്ടായിരുന്നു. അവയിലൊക്കെ കൈ വയ്ക്കുമ്പോൾ ഭദ്ര വിറച്ചു.
പതിമൂന്നാം നമ്പർ കട്ടിലിനു പലപ്പോഴും വിശ്രമം ഉണ്ടായിരുന്നതേയില്ല, പക്ഷെ സിത്താരയും ഉമയും മലയാളിയായ അനഘയുമൊക്കെ പേരുകളിലും കട്ടിൽ നമ്പറുകളിലും അവളുടെ ദിവസങ്ങളെ കൊന്നു തിന്നു. ചുണ്ടു കടിച്ചു കുടയാൻ പാഞ്ഞെത്തുന്ന പുരുഷ ശൗര്യത്തിനു മുന്നിൽ അയാളുടെ തൃഷ്ണകളെ വിരൽ കൊണ്ടനക്കി  ഒടുവിൽ തളർത്തി കിടത്തുന്ന അവളുടെ ഇച്ഛാശക്തിയ്ക്ക് പെൺ ജീവിതങ്ങളുടെ മുന്നിൽ തകർന്നു പോകാനായിരുന്നു ഇഷ്ടം...
ഇന്ദുവിന്റെ ദിവസങ്ങൾ ഇപ്പോൾ ആഘോഷങ്ങളാണ്. സിത്താരയോട് അതെ വാക്കുകൾ ആവർത്തിച്ചപ്പോൾ അവളുടെ മറുവാക്കുകളിൽ പൊള്ളലേറ്റിരുന്നു.
"നീ കരുതുന്നത് പോലെ രതി അനുഭൂതിയാക്കാൻ കഴിയുന്നില്ല കുട്ടീ... ഞങ്ങളിലാരും ഇന്നേ വരെ അതെന്താണെന്നു പോലും അറിഞ്ഞിട്ടില്ല. ആണിന്റെ ശരീരം എന്ത് ചെയ്യുന്നോ അതിനനുസരിച്ച് പാവയെ പോലെ അനങ്ങിക്കൊണ്ടേയിരിക്കുക... അവൻ ആനന്ദിക്കുന്നു. ചിലപ്പോൾ അശ്ലീലമായ സീൽക്കാരങ്ങൾ ഉണ്ടായതായി ഞങ്ങൾ അഭിനയിക്കുന്നു. അതവർക്ക് സന്തോഷം നൽകുന്നു. ചിലപ്പോൾ പണം കൂടുതൽ കിട്ടും. എന്താണ് നീ പറഞ്ഞ രതിയുടെ ആനന്ദം? എനിക്കിതേവരെ ഒരു കാമുകനുണ്ടായിട്ടില്ല. വന്ന സമയത്ത് എന്നെ കാണാൻ സ്ഥിരം ഒരാളെത്തുമായിരുന്നു.എന്നെ മാത്രം മതി അയാൾക്ക്... എല്ലാവരും പറഞ്ഞു അയാൾക്കെന്നോട് പ്രണയമാണെന്ന്...
ഞാനും പ്രതീക്ഷിച്ചു.
പക്ഷെ കിടക്കയിൽ മറ്റു അആണുങ്ങളിൽ നിന്നും അയാൾ ഒട്ടും വ്യത്യസ്തനൊന്നും ആയിരുന്നില്ല. എനിക്ക് ഇഷ്ടങ്ങളില്ല, ഇഷ്ടക്കേടുകളില്ല. പാവയുടെ ശരീരം വച്ചുകൊണ്ടു എങ്ങനെ പ്രണയികാകൻ... ഒടുവിൽ മനഃപൂർവ്വം ഞാൻ അവനെ ഒഴിവാക്കി. എങ്ങനെയാണ് കുട്ടീ ഇങ്ങനെയൊക്കെ ഉള്ള എന്നെ പോലെയുള്ളവർ രതിയെ ആനന്ദമാക്കുക?"
"ദീദി, ഓരോ ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ മുറിയിലെ കാളിമായുടെ ചിത്രത്തിൽ തൊട്ടു തലയിൽ വയ്ക്കുന്നത് കണ്ടിട്ടുണ്ട്, നിങ്ങൾ മാത്രമല്ല ഓരോരുത്തരും... എന്തിനാണത്?"-
"കാളിമാ ആണ് ഞങ്ങളുടെ ഒക്കെ രക്ഷക... ഞങ്ങളുടെ വിശപ്പിന്റെ പരിഹാരം... ഞങ്ങളുടെ സന്തോഷം..."
"കാളിമാ രതിയുടെ പ്രതീകമാണ് എന്ന് ദീദിയ്ക്കറിയാമോ?"-
സിതാര ദീദി ഭദ്രയുടെ മുഖത്തേയ്ക്ക് തറഞ്ഞു നോക്കി.
"അതെ ദീദി. കാളിയുടെ ചിന്നമസ്ത എന്ന രൂപം ദീദി കണ്ടിട്ടുണ്ടോ... രതിയിൽ ഏർപ്പെട്ടിരിക്കുന്ന ദമ്പതികളുടെ മുകളിൽ സ്വന്തം തല സ്വയം വെട്ടി മാറ്റി ഉന്മാദ നൃത്തമാടുന്ന കാളിയുടെ രൂപമാണത്. രതി എന്നാൽ കാളിയ്ക്ക് ഉന്മാദമാണ്‌. ശരീരം പോലും ഇല്ലാതെ ഒരുവനെ രതിയുടെ മറുകാരായെത്തിയ്ക്കാൻ കഴിവുള്ളവളാണ് കാളി. എല്ലാ അഭിനിവേശങ്ങളുടെയും ദേവത. പുരുഷന്റെ ജീവിതത്തിലേയ്ക്ക് ഇങ്ങനെ പാവകളെ പോലെ നിസംഗമായി തീരാതെ അടരാടുന്ന കാളിയാകാനല്ലേ അപ്പോൾ കാളിമാ ഈ ചിത്രങ്ങളിലൂടെ നിങ്ങളോടു പറയുന്നത്?"-
"എനിക്കറിയില്ല കുട്ടീ... അതെങ്ങനെ നടക്കുമെന്നാണ്..."
"എല്ലാ പിന്നിലുമുണ്ട് ദീദി കാളി. ആ മഹാശക്തിയുടെ വീറുഓരോ സ്ത്രീയിലുമുണ്ട്. അത് കണ്ടെത്താൻ ശ്രമിക്കുമ്പോൾ അവൾക്ക് പിന്നെ ഒരു ചിത്രം തൊട്ട് നമസ്കരിക്കേണ്ടതില്ല, അവൾ സ്വയം കാളിമാ ആയി മാറും. രതിയുടെ അധിദേവത... അവിടെ പുരുഷന് അവൾക്കു മുന്നിൽ മുട്ട് മടക്കേണ്ടി വരും. കാരണം രതിയിൽ ഏറ്റവുമധികം ആനന്ദം ലഭിക്കുന്നത് പുരുഷനല്ല സ്ത്രീയ്ക്കാണ്. ദാമ്പത്യബന്ധങ്ങൾ എടുത്തു നോക്കൂ, പലയിടങ്ങളിലും അവളുടെ ആനന്ദങ്ങളിലേക്കാണ് അവൻ ചുരുണ്ടു വീഴുന്നത്. ഇവിടെ നിങ്ങളിത് അറിയുന്നില്ല. പക്ഷെ അറിഞ്ഞു കഴിഞ്ഞു സ്വയം കാലിയായി കണ്ട അവനു മുകളിൽ ഉന്മാദ നൃത്തമാടി നോക്കൂ, പിന്നെ നിങ്ങളുടെ മുന്നിൽ തലയുയർത്തി നിൽക്കാൻ അവൻ മടിക്കും. അവന്റെ ആണത്തത്തെ നിങ്ങളുടെ പെണ്ണത്തം ചോദ്യം ചെയ്യുമ്പോൾ വീട്ടിൽ സ്വന്തം ഭാര്യയുടെ അടുത്ത് പോലും അവൻ ഒന്ന് ലജ്ജിക്കും."-
സിതാര ദീദിയുടെ കണ്ണുകൾ വികസിച്ച് നിൽക്കുന്നത് കണ്ട ഭദ്ര സിതാരയുടെ കണ്ണുകളിൽ അമർത്തി ചുംബിച്ചു.
"അടരാടിയവളാണ് കാളി. അവളുടെ അടുത്ത് ജീവിക്കുന്നവൾ അവളെ പോലെ തന്നെയാകണം... പുരുഷന് മുന്നിൽ അടരാടുന്ന പെണ്ണ്... അവനു ശരീരമാണ് ആവശ്യമെങ്കിൽ അതിനപ്പുറം അവന്റെ ശരീരവും ആനന്ദവും നമ്മുടെ ഔദാര്യമാണെന്നു തെളിയിച്ചു കൊടുക്കുന്ന പെണ്ണ്... രതി ആസ്വദിച്ചാൽ മതി അതിനു.."
"നീ പറയുന്നത് മനസ്സിലാകുന്നുണ്ട്... പക്ഷെ ഇതുവരെ ആസ്വദിക്കാത്ത മനസ്സിലാകാത്ത ഒന്നിനെ..."
വാക്കുകൾ മുഴുമിപ്പിക്കുന്നതിനു മുൻപ് സിതാരയുടെ ചുണ്ടുകൾ ഭദ്രയുടെ ചുണ്ടുകൾക്കിടയിലായി.
കാളിയുടെ യുദ്ധം ആരംഭിക്കുന്നതായി ഭദ്രയ്ക്ക് തോന്നി. ആണിനെ പ്രണയിച്ചിരുന്നവൾ അവന്റെ മുകളിൽ അധികാരം സ്ഥാപിക്കുന്നു. അത് തുടങ്ങേണ്ടത് ഇവിടെ തന്നെ... വേശ്യാലയങ്ങളിൽ... പെണ്ണിന്റെ ശരീരത്തെ തേടി വരുന്നവരിൽ....
യുദ്ധം കൊടുമ്പിരി കൊണ്ടപ്പോൾ കാളിയുടെ ഉലഞ്ഞ ചുരുണ്ട മുടികൾക്കിടയിലൂടെ അവളുടെ കറുത്ത മുലകളുടെ മിനുപ്പുകളിലേയ്ക്ക് ദാരികൻ നോക്കി നിന്നു. യുദ്ധം ചെയ്യാൻ വന്ന പെണ്ണിനോടുള്ള ഏറ്റവും അധമമായ ക്രൂരത. അവൾ ശരീരമാകുന്ന യുദ്ധക്കളം...
ആർത്തി പിടിച്ച കണ്ണുകളിലേയ്ക്കലർച്ചയുമായെത്തുന്ന കരിങ്കാളി ദാരികന്റെ ശിരസ്സ് അറത്ത് മാറ്റുന്നു.
ചോരയൊലിപ്പിച്ച സൈറസിനെ അമ്മാനമാടി അവൾ അലറുന്നു...
ഭദ്രയുടെ ഉടലിൽ നിന്നുമൊഴുകിയ വിയർപ്പിന്റെ ഉപ്പു രസങ്ങളിൽ സിതാര പുതിയ യുദ്ധ തന്ത്രങ്ങൾ പഠിക്കുകയായിരുന്നു. വീണ്ടുമെത്രയോ കാളിമാർക്കായി അവളത് ഒറ്റ തവണ തന്നെ കാണാതെ പഠിച്ചു.
പിന്നീട് സിതാരയുടെ ഒൻപതാം നമ്പറുള്ള കട്ടിൽ ഉലഞ്ഞു താഴുമ്പോൾ അവളുടെ ഉടലിന്റെ കീഴിൽ അമർത്തിപ്പിടിച്ച കിതപ്പുമായി ആണുടലുകൾ കിടന്നു.
ഒരുപാട് ഓടി തളർന്ന ഹൃദയങ്ങളുള്ളവർ ഒരുപാടുമിടിച്ച് പെട്ടെന്ന് ആയുസ്സൊടുങ്ങി സ്വയം നഷ്ടമായി.
സിത്താരയും ഇന്ദുവും എണ്ണത്തിൽ വർദ്ധിക്കാനാരംഭിച്ചിരുന്നു.
അവരുടെ എണ്ണം ഭദ്രയ്ക്ക് കണക്കു കൂട്ടാവുന്നതിലും കൂടുതലായി...
മടക്കയാത്രയ്ക്ക് സമയമായോ.....!!! എപ്പോഴോ ഭദ്ര സ്വയം ചോദിച്ചു....

വിരഹിയുടെ ദുഃഖം 32കാളീഘട്ടിലെ വീഥികൾ എപ്പോഴും ആഘോഷങ്ങളുടേതാണ്. മഞ്ഞയും ചുവപ്പും നിറങ്ങളിൽ ഉയർന്നു പൊങ്ങുന്ന പൊടികൾ നിറഞ്ഞ തെരുവുകളിൽ സന്ധ്യ തൊടുമ്പോൾ എല്ലാം അരുണ വർണമാകും .അതുവരെ ഒന്ന് ശാന്തമായിരുന്ന ഉത്സവങ്ങൾക്ക് കൊടിയേറ്റമാണ് പിന്നെ.
കാളിയുടെ വലിയ വിഗ്രഹത്തിനു മുന്നിൽ നിൽക്കുമ്പോൾ സരോദിന് അതിനു ഭദ്രയുടെ മുഖം കൈവന്നത് പോലെ തോന്നി. തെറിച്ചു നിൽക്കുന്ന കണ്ണുകൾ, ഒന്നും മിണ്ടാൻ ഇഷ്ടപ്പെടാതെ നാവു പുറത്തേക്കുനീട്ടി അലറിച്ചിരിക്കുന്ന ഭദ്ര.
ദിവസങ്ങളെത്രയോ ആയി ഭദ്രയുടെ മുഖമെങ്കിലും കണ്ടിട്ട്... അവളിപ്പോൾ പഴയ പെൺകുട്ടിയല്ല , ശരീരം വിൽക്കുന്ന തെരുവിന്റെ സുന്ദരിയാണ്. ഇപ്പോഴും മനസ്സിലാകുന്നില്ല, എന്താണ് അവൾക്ക് സംഭവിച്ചതെന്ന്.ലോകത്ത് ഒരു പെണ്ണും ചെയ്യാത്ത കാര്യങ്ങൾ... ഇവിടെ വരേണ്ടിയിരുന്നില്ല. ആദ്യമായി ഇവിടെ വന്ന് കാളിയുടെ വിഗ്രഹത്തിൽ തൊട്ടപ്പോൾ തന്നിലേയ്ക്കെന്തോ കാറ്റടിച്ച് കയറിയത് പോലെ തോന്നിയതായി അവൾ പറഞ്ഞിരുന്നു... പക്ഷെ.....
ലക്ഷ്യമില്ലാതെ അലയുന്നതിനിടയിൽ തിരികെ ഭദ്രയില്ലാതെ എങ്ങനെ നാട്ടിലേയ്ക്ക് പോകും? വീട്ടിൽ നിന്നുള്ള വിളികളൊന്നും അവളുടെയടുത്ത് എത്തുന്നതേയില്ല. ഭദ്രയുടെ അച്ഛനും അമ്മയും ഇനിയും ചിലപ്പോൾ ഇങ്ങോട്ട് വന്നെന്നിരിക്കും, അത്രമാത്രം മകളുടെ കാര്യത്തിൽ നിശബ്ദത പാലിക്കുന്നതുകൊണ്ട് അവർ ത്രസിച്ചു നിൽക്കുകയാണ്.
ഒരു വഴിയുമിലല്ലാതെ നടക്കുന്നതിനിടയിലെപ്പോഴോ സരോദിന്റെ ചലനങ്ങൾ രഞ്ജൻ റായിയുടെ വീടിനു മുന്നിലേക്കെത്തി. അയാളെ കാണണം. ഒരർത്ഥത്തിൽ എല്ലാ പ്രശ്നങ്ങൾക്കും തുടക്കം ഇയാളുടെ നോവലാണ്. വാതിലിനു മുന്നിൽ അയാൾക്കായി കാത്തു നിൽക്കുമ്പോൾ ആദ്യമായി അയാളെ കണ്ടത് സരോദ് ഓർമ്മിച്ചു. അന്ന് ഒപ്പം അവളുണ്ടായിരുന്നു ഭദ്ര...
വാതിൽ തുറന്നു തന്ന അപരിചിതയായ സ്ത്രീയുടെ മുഖത്ത് നോക്കി നിരഞ്ജനെ അന്വേഷിക്കുമ്പോൾ പോലും എന്ത് ചെയ്യണം എന്നുള്ളത് സരോദിന്റെ മനസ്സിലെങ്ങുമുണ്ടായിരുന്നതേയില്ല.
ഒരിക്കൽ കണ്ടതിന്റെ ഓർമ്മപ്പെടുത്തലുകൾ വേണ്ടി വന്നു നിരഞ്ജന് സരോദിനെ ഓർമ്മിക്കാൻ. പക്ഷെ ഭദ്രയെ അയാൾ ഓർത്തിരിക്കുന്നുണ്ടായിരുന്നു.
"അവളുടെ കണ്ണിൽ അത്രമാത്രം തീക്ഷ്ണതയുണ്ടായിരുന്നു സരോദ്... നിങ്ങൾക്കത് പറഞ്ഞാൽ മനസ്സിലാകില്ല. അവൾ ഒരു കടലാണ്. എന്തൊക്കെയോ ഒളിപ്പിച്ച് വച്ച് പുറമേയ്ക്ക് ശാന്തമായിരിക്കുന്ന കടൽ..." നിരഞ്ജൻ പറഞ്ഞു.
"സാർ, എനിക്ക് താങ്കളുടെ സഹായം കിട്ടിയേ തീരൂ, എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. "-
നിരഞ്ജനോട് ഭദ്രയുടെ കാര്യം പറയുമ്പോൾ അവൻ കരയുന്നുണ്ടായിരുന്നു. ആദ്യം കണ്ട ദിവസത്തെ സരോദിനെ കൃത്യമായി നിരഞ്ജൻ ഓർക്കുന്നുണ്ടായിരുന്നില്ല, പക്ഷെ ഇത്ര അവശനും അലസനും ഉറപ്പായും ആയിരുന്നില്ല. താടി വടിക്കാതെ, മുടി ചീകാതെ , ചുളിഞ്ഞു മുഷിഞ്ഞ ഗന്ധം പുറപ്പെടുവിക്കുന്ന ഷർട്ടും...
ഭദ്രയുടെ കഥയിലേക്ക് കാതിനെ ചേർത്ത് വയ്ക്കുമ്പോൾ നിരഞ്ജന് എപ്പോഴോ താൻ എഴുതാനിരുന്ന, എഴുതാൻ മറന്ന ഏതോ കഥ സ്വയം കേട്ടെന്ന പോലെ തോന്നി. കാഴ്ച ചതിച്ചില്ല. ഭദ്ര വെറുമൊരു പെണ്ണല്ല...
"സരോദ്... ഞാനെന്തു പറയാൻ....",
വാക്കുകൾ മുഴുമിക്കാനാകാതെ നിരജ്ഞൻ നിൽക്കുമ്പോൾ സരോദിന് വാക്കുകളുടെ വാക്ക് പൊട്ടി.
മുള ചീന്തും പോലെ സരോദ് ഉറക്കെ കരഞ്ഞു. ഉള്ളിൽ തടയണ കെട്ടി വച്ചിരുന്ന സങ്കടങ്ങൾ ഉരുൾപൊട്ടൽ പോലെ അവനെ മൂടിക്കളഞ്ഞു. മുങ്ങിയും പൊങ്ങിയും അവൻ തീരം കിട്ടാതെ വെള്ളത്തിനൊപ്പം ഏറെ അലഞ്ഞു തളർന്നു. ഏതോ തീരത്ത് തനിച്ചിരിക്കുന്ന സരോദിനെ മടക്കിക്കൊണ്ടു വരാൻ നിരഞ്ജൻ റായ് ശ്രമിച്ചില്ല.
അവൻ പറയട്ടെ!
ചില കരച്ചിലുകൾ ചിലരുടെ നഷ്ടങ്ങളാണ്.
അത് അനുഭവിക്കാൻ മറ്റുമാർഗ്ഗങ്ങളില്ല, കരച്ചിലുകൾക്കൊപ്പം ഒഴുകി പോവുകയല്ലാതെ...
ഏറെ നേരത്തെ മൗനത്തിനു ശേഷം നിരഞ്ജൻ സരോദിന്റെ തോളിൽ തൊട്ടു.
"താനിങ്ങനെ കരയാതെ, പരിഹാരമുണ്ടാകും. എനിക്ക് മനസ്സിലായത്, അവൾക്ക് കൃത്യമായ ലക്ഷ്യമുണ്ട് , അത് കഴിയുമ്പോൾ അവൾ നിന്നിലേക്ക് തിരികെയെത്തും. പക്ഷെ പഴയ ഭദ്രയല്ല അവൾ. വേശ്യാതെരുവിൽ ശരീരം വിട്ട പെൺകുട്ടിയാണ്. നിനക്കവളെ സ്വീകരിക്കാനാകുമോ... നാട്ടിലെത്തുമ്പോൾ അവൾ എങ്ങനെ സ്വീകരിക്കപ്പെടും? "
"അതൊന്നും ഞാനോർക്കുന്നില്ല സാർ. എനിക്കവളെ തിരികെ കിട്ടണം. അവളുടെ വീട്ടിൽ തിരികെയേൽപ്പിക്കണം. അവളില്ലാതെ എനിക്ക് നാട്ടിലേയ്ക്ക് പോകാനാകില്ല. "-
" തനിക്കവളോട് പ്രണയമുണ്ടെന്നാണ് എനിക്ക് തോന്നിയത്.."
"ഉണ്ട് സാർ... അവൾ എന്ത് അവസ്ഥയിൽ ആയാലും അത് അവിടെയുണ്ടാകും. ഭദ്ര എന്റെയാണ്, അവളെ ഞാൻ തന്നെ സ്വീകരിക്കും... അതൊന്നുമല്ല എന്റെ പ്രശ്നം.. അവളെ എനിക്ക് രക്ഷിക്കണം.. പ്ലീസ് സർ..."-
"ഇവിടെ തെരുവിലെ സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒന്ന് രണ്ടു സംഘടനകളുണ്ട്, നമുക്ക് അവരുമായി സംസാരിക്കാം. താൻ കൂൾ ആവൂ.."
ആധി കയറി ചൂട് പിടിച്ചിരിക്കുന്ന തലച്ചോറിലേക്ക് ഒരു മഞ്ഞുകാലം ഇറക്കി വച്ചാൽ പോലും താൻ തനിക്കില്ലെന്ന് സരോദിന് തോന്നി. എരിഞ്ഞു കത്തുന്ന ഉടൽ. ഭദ്രയിലല്ലാതെ  ഒന്നും വയ്യ...
സമയത്ത് ഭക്ഷണമില്ല. നാട്ടിലെ ആരുടേയും ഫോൺ എടുക്കാൻ കഴിയുന്നില്ല..., കുളിയില്ല, സംസാരമില്ല... മൗനത്തിൽ ജീവിച്ച് ജീവിച്ച് ആരോടും മിണ്ടാനാകാതെ എന്നെന്നേയ്ക്കുമായി നിശബ്ദനായി പോകുമെന്ന് സരോദിന് തോന്നി തുടങ്ങിയിരുന്നു.
"സംഘടിത"യുടെ ഓഫീസിൽ അപ്പോയിന്റ്മെന്റടുത്ത് നിരഞ്ജനോടൊപ്പം കയറി ചെല്ലുമ്പോൾ അവർ എഴുന്നേറ്റു നിന്ന് ആദരിച്ചു. ബംഗാളിലെ പ്രശസ്തനായ എഴുത്തുകാരനാണ് തനിക്കൊപ്പം എന്നതൊന്നും സരോദിനെ ബുദ്ധിമുട്ടിച്ചില്ല... ഭദ്ര എന്ന വാക്കിൽ മാത്രം അവൻ ഉരുകി തീർന്നു കൊണ്ടേയിരുന്നു.
നിരഞ്ജൻ ചുണ്ടുകൾ വക്കുന്നത് കാണാം പക്ഷെ അടുത്തിരുന്നിട്ടും അയാളെ കേൾക്കാകാൻ സരോദിന് പറ്റുന്നുണ്ടായിരുന്നില്ല. അത്രമാത്രം പരവശപ്പെട്ടു പോയ ഒരു പുരുഷനായി മാറിപ്പോയിരുന്നു അയാൾ.
"സരോദ് വരൂ..."
നിരഞ്ജൻ റായി വിളിക്കുന്നു.
പാവയെ പോലെ സരോദ് അയാൾക്കൊപ്പം നടക്കുന്നു.
"അവർ ഭദ്രയെ കണ്ടു സംസാരിക്കും. നമുക്ക് നോക്കാം അവളെന്താണ് പറയുന്നതെന്ന്. തിരികെ വരാൻ അവൾ താൽപ്പര്യം കാട്ടുന്നില്ലെങ്കിൽ നിനക്ക് തിരികെ പോകേണ്ടി വരും സരോദ്..."
"ഇല്ല............ അവളില്ലാതെ നാട്ടിലേയ്ക്കില്ല. ഞാൻ മരിക്കും, അവളുടെ കണ്ണിനു മുന്നിൽ കിടന്ന് പുഴുത്ത പട്ടിയെ പോലെ ഞാൻ മരിക്കും... അവൾ അത് എന്താണെന്ന് വച്ചാൽ ചെയ്യട്ടെ... ഞാൻ തിരികെ പോകില്ല സാർ.... "-
"ആവശ്യമില്ലാതെ സംസാരിക്കേണ്ട, സരോദ്, എല്ലാം അനുകൂലമായി വരുമെന്ന് തന്നെ പ്രതീക്ഷിക്കാം. ..."
സരോദിന്റെ വാക്കുകൾ അപ്പോൾ ഉറച്ചതായിരുന്നു.മടക്കം ഭദ്രയുമൊത്ത് മാത്രം............

Friday, September 8, 2017

വിശപ്പിന്റെ പരിഹാരം 31കാളീഘട്ടിലെ ഇരുണ്ട തെരുവുകളിൽ എപ്പോഴും സൂര്യപ്രകാശം അരിച്ചരിച്ചെന്ന പോലെയേ കടന്നു വരൂ.കുടുസ്സു മുറികളിലേക്ക് വെളിച്ചമെത്തുക എന്നാൽ ഇരുണ്ട മനസ്സുകളിലേക്ക് നിലാവെത്തുന്നത് പോലെയാണ്.പന്ത്രണ്ടാം നമ്പർ കട്ടിലിലെ സിതാരയുടെ കഥയിലേക്ക് ഭദ്ര നടന്നു കയറിയത് ഒരു നിലാവിന്റെ ചീള് പോലെയായിരുന്നു.
"കഥയൊന്നുമില്ല കുട്ടീ.. ഇവിടെ ഈ തെരുവിലെ എല്ലാവർക്കും ഒരു കഥയെ ഉള്ളൂ.. പട്ടിണിയുടെ. വഞ്ചനയുടെ കഥകളൊക്കെ പിന്നിലെവിടെയോ എന്നോ മായ്ഞ്ഞു പോയിട്ടുണ്ടാവും... വരാനുള്ള കാരണങ്ങൾ പലതാകാം, പക്ഷെ തുടരുന്നതിന്റെ കാരണം വിശപ്പ് മാത്രമാണ്."
സിത്താരയ്ക്ക് മുപ്പത്തിയഞ്ചു വയസ്സുണ്ട്, ഒരിക്കൽ അവളുടെ ഡയറിത്താളുകൾ സിതാര ഭദ്രയ്ക്ക് വായിക്കാൻ നൽകുകയുണ്ടായി. പതിവെഴുത്തുകൾ ഒന്നുമില്ല, സിതാരയുടെ കഥ ഏറ്റവും ചുരുക്കി എഴുതിയിരിക്കുന്നു. ഭൂമിയിലൊന്ന് അടയാളപ്പെട്ടു പോകാനാണ് ഏതൊരു മനുഷ്യന്റെയും ഏറ്റവും വലിയ മോഹമെന്നു അപ്പോൾ ഭദ്രക്ക് ബോധ്യപ്പെട്ടു.

കാളീഘട്ട്
________

എന്തിനാണ് എനിക്ക് താഴെ മൂന്നു മക്കളെ കൂടി 'അമ്മ പ്രസവിച്ചത്? എന്തിനാണ് ഞാൻ ഈ വടക്കേയറ്റത്തെ ചെറിയ ഗ്രാമത്തിൽ ജനിച്ചത്...
എന്തിനാണ് അച്ഛനോളം പ്രായമുള്ള അയാളെന്നെ വിവാഹം കഴിച്ചത്!
ഇതുവരെ ആരും ഇതിനുള്ള ഉത്തരങ്ങളൊന്നും എനിക്ക് പറഞ്ഞു തന്നതേയില്ല. പതിനേഴ് വയസ്സുള്ളപ്പോ തടിച്ച കയ്യുള്ള അയാളുടെ വിരലുകൾ പിടിക്കുമ്പോൾ പേടി തോന്നിയില്ല, വിവാഹം എന്നത് ഒരു ആഘോഷമാണെന്നും നല്ല ഭക്ഷണം കിട്ടുന്ന ഉടുക്കാൻ ആവശ്യത്തിന് വസ്ത്രം കിട്ടുന്ന ജീവിതം മാറി മറിയുന്ന എന്തോ ഒന്നായെ കണ്ടുള്ളൂ. ചുവന്ന നെറ്റിന്റെ സാരിയുടെ ഭാരം പലപ്പോഴും താങ്ങാൻ സഹിക്കാതെ എനിക്ക് നല്ല നടുവേദന എടുത്തിരുന്നു. എപ്പോഴാണ് ഇതൊന്നു അഴിച്ചു മാറ്റുക എന്ന് വീട്ടിൽ അമ്മയോടും ഭർത്താവിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ സഹോദരിയോടും ആവർത്തിച്ച് ചോദിച്ചു കൊണ്ടേയിരുന്നു. കള്ളച്ചിരി ചിരിച്ചതല്ലാതെ അവരൊന്നും ഒന്നും പറഞ്ഞില്ല. രാത്രി കണക്കുമ്പോൾ കൂടി വരുന്ന വേദനയ്ക്ക് മുകളിലേയ്ക്ക് തടിച്ച കയ്യുള്ള നരച്ച താടിയുള്ള അയാൾ മുഖംഅമർത്തിയപ്പോൾ ഞാൻ ഭയന്നു. പക്ഷെ അയാളെന്നെ ഉപദേശിച്ചു... അല്ല പേടിപ്പിച്ചു.
ചുവന്ന സാരിയുടെ ഭാരം പതിയെ ഊർന്നു വീണത് ഞാനറിഞ്ഞു. ആശ്വാസമായിരുന്നില്ല, അകാരണമായ ഒരു ഭയം തലച്ചോറിനെ പോലും ഉച്ചത്തിൽ മിടിപ്പിക്കുന്നു. രക്ത സഞ്ചാരത്തിന്റെ വേഗം കൂടുന്നു...
ഉദ്ധരിച്ച് നിൽക്കുന്ന അയാളുടെ ലിംഗത്തിലേയ്ക്ക് നോക്കിയതും എനിക്ക് പേടിച്ച് പനിച്ചു. എത്രമാത്രം അപരിചിതമായിരുന്നു അയാളെനിക്ക്!
അച്ഛൻ കണ്ടു
അച്ഛൻ വാക്കുറപ്പിച്ചു..
അച്ഛൻ നടത്തി...
പക്ഷെ ഇപ്പോൾ അയാളുടെ ശരീരം അച്ഛന്റെ മുകളിലല്ല, എന്റെ മുകളിലാണ്.നടുവേദനയുടെ ആളൽ കൂടുന്നു.
ആഴിന്നിറങ്ങുമ്പോൾ വേദനയുടെ വലിയ ഗുഹകളിൽ കൂടി ഞാനൊറ്റയ്ക്ക് നിലവിളിച്ചു കൊണ്ട് അലറിയോടുന്നു.
ഞാനൊറ്റയാണ്.
ഞാൻ ശരീരമാണ്.
അന്നാണ് മനസ്സിലായത്, ആണിന് പെണ്ണിനെ സ്വന്തമാക്കുമ്പോൾ ആദ്യമറിയേണ്ടത് അവളുടെ ശരീരത്തിന്റെ വലിപ്പങ്ങൾ മാത്രമാണെന്ന്, എന്റെ മുഖം അയാൾക്കിപ്പോഴും അപരിചിതമാണ്. മൂടി     പൊതിഞ്ഞുവച്ച ചുവന്ന സാരിയിൽ നിന്നും അയാൾ വേർപെടുത്തിയത് എന്റെ മുഖമായിരുന്നില്ലല്ലോ, തലയ്ക്കു താഴേയ്ക്കുള്ള ഭാഗം മാത്രമായിരുന്നില്ലേ!
പിന്നെയുള്ള ദിവസങ്ങളിൽ എന്നിൽ നിന്നും മനസ്സും ആത്മാവും കാഴ്ചയും കേൾവിയും ഒക്കെ പതിയെ പതിയെ പടിയിറങ്ങിപ്പോയ. അവസാനം ശേഷിച്ചത് പാതിവളർച്ചയുള്ള ശരീരം മാത്രം.
ഒരിക്കൽ അതിരാവിലെ എഴുന്നേൽക്കുമ്പോൾ തണുത്ത മരവിച്ച അയാളുടെ കൈകളെ അരക്കെട്ടിൽ നിന്നും എടുത്തു മാറ്റാൻ വല്ലാതെ ബുദ്ധിമുട്ടിയപ്പോഴാണ് എനിക്ക് ആശങ്ക തോന്നിയത്.അനങ്ങാത്ത, ഭാരമുള്ള കൈകൾ.
മരവിച്ച കൈകൾ..
അയാളുടെ കൈ പോലെ പിന്നെ ഞാനും മറച്ചു തുടങ്ങി. മണിക്കൂറുകൾ എന്നെ പുണർന്നു കിടന്ന അയാളുടെ മരിച്ച ശരീരത്തെയോർക്കുമ്പോൾ ഇപ്പോഴും, ഈ വരികളെഴുതുമ്പോഴും എനിക്ക് വിറയ്ക്കുന്നു... പിന്നീട് ഒറ്റയ്ക്ക് കിടക്കാൻ എനിക്ക് പേടിയായിരുന്നു. പക്ഷെ നിയമം മൂലം സതി നിരോധിച്ച നാട്ടിൽ ഭർത്താവിന്റെ വീട്ടുകാരുടെ കുത്തുവാക്കുകളും സ്വന്തം വീട്ടിലെ അവഗണനകളും സഹിച്ച് കഴിയാൻ വയ്യ... ആരും സ്വന്തമില്ലാത്തവൾക്ക് തുണ കാളിയാണത്രെ.ഭർത്താവിന്റെ വീട്ടിൽ നിന്ന് അയാളുടെ ചിതയില് കനൽ ആക്കുന്നതിനു മുൻപ് വെള്ളയുടുത്ത് ഇറങ്ങി പോരുമ്പോൾ അച്ഛനുണ്ടായിരുന്നു കൂടെ. അദ്ദേഹത്തിന്റെ വീട്ടുകാർ പുറത്തേയ്ക്ക് പോലും ഇറങ്ങി വന്നില്ല. ഭ്രഷ്ട് കല്പിക്കപ്പെട്ടവളല്ലേ!
അവൾ എങ്ങോട്ടേയ്ക്കെങ്കിലും പൊയ്ക്കോട്ടേ!
വിവാഹം കഴിച്ചു ശരീരം മാത്രം സ്വന്തമാക്കിയ ഒരുവൾ മരിച്ചു മണ്ണടിയുന്നതോടെ അവൾ വീണ്ടും സ്വന്തക്കാരാൽ ഉപേക്ഷിക്കപ്പെടുന്നു. പണ്ടായിരുന്നെങ്കിൽ അയാളുടെ ഒപ്പം ചിതയിൽ ചാടി അങ്ങ് പോകാമായിരുന്നു. അവഗണകളെക്കാൾ ഭേദം മരണം തന്നെ...
അച്ഛനൊപ്പം നടന്നു നീങ്ങുമ്പോൾ എങ്ങോട്ടേയ്ക്കകനെന്ന എനിക്കറിയിലിലായിരുന്നു.
കാളീഘട്ടിലെ വഴിയിലിരിക്കുമ്പോൾ ഉള്ളിൽ പൂത്ത ശൂന്യത...
നഷ്ടപ്പെട്ടു പോയമനസ്സ് പിന്നീടൊരിക്കലും എന്നെ തേടി വന്നതേയില്ല...
നിറങ്ങൾ വാരി വിതറിയ കാളീക്ഷേത്രത്തിന്റെ തെരുവുകളിലൂടെ ഉപേക്ഷിക്കപ്പെട്ടവരുടെ ലോകത്തെത്തുമ്പോൾ അവിടെ ഏറ്റവും ചെറുപ്പമായിരുന്നല്ലോ അന്ന് ഞാൻ...
പിന്നെയൊരിക്കലും എനിക്ക് മനസ്സ് അന്വേഷിച്ച് അലയേണ്ടിയും വന്നില്ല.
നിസംഗത കണ്ടു പിടിച്ചതിവിടെ എനിക്ക് മുന്നിലെ എണ്ണമില്ലാത്ത സ്ത്രീകൾ തന്നെ.
താലി കഴുത്തിലിട്ടത് ഉടൽ മാത്രം തിരഞ്ഞു വരുന്ന ഭർത്താവും താലിയില്ലാത്ത ഉടലിൽ അന്വേഷണങ്ങൾ നടത്തുന്ന അപരിചിതനും ഒരുപോലെ...
ജീവിതമേ നിനക്ക് നന്ദി...
എനിക്കിപ്പോൾ വിശപ്പില്ല!!!

***************************
സിതാരയുടെ വരികളിലൂടെ തെന്നിനീങ്ങുമ്പോൾ ഭദ്രയ്ക്ക് ഉറക്കെ കരയാൻ തോന്നി. പട്ടിണിയ്ക്കു മീതെ ഒരു ന്യായീകരണവും നടപ്പാക്കപ്പെടാൻ എളുപ്പമല്ലെന്നവൾക്ക് തോന്നി. കാളീഘട്ടിലെ ഈ തെരുവിൽ നിറയെ അവരാണ് ഭർത്താവ് നഷ്ടപ്പെട്ടവർ...
മനസ്സ് നഷ്ടമായവർ...
സതി അനുഷ്ഠിച്ചാൽ മതിയെന്ന് എപ്പോഴെക്കെയോ തോന്നിയിരുന്നവർ...
ഭക്ഷണം മാത്രമാണ് പ്രധാനം...
വിശപ്പാണ് പ്രശ്നം..
സിതാരയുടെ മുഖമാണ് ഗലികളിൽ കണ്ട എല്ലാ സ്ത്രീകൾക്കുമെന്ന് ഭദ്രയ്ക്ക് തോന്നി.
വിശപ്പിന്റെ പരിഹാരമന്വേഷിച്ച് ഭദ്ര ആയിരങ്ങൾ താമസിക്കുന്ന കാളീഘട്ടിലെ വിധവാ തെരുവിന്റെ അതിരിലൂടെ മണിക്കൂറുകൾ പിന്നെ നടന്നു.

Thursday, September 7, 2017

മരണത്തിന്റെ പുസ്തകം 30പ്രണയത്തോടെയുള്ള സ്പർശത്തിനു എങ്ങനെയാണിത്ര ചൂടുണ്ടാകുന്നത്?
പ്രണയമില്ലാതെ തൊട്ടുണർത്താൻ ശ്രമിക്കുന്ന വിരലുകൾ ഒരിക്കലും ചൂടുള്ളവയായിരുന്നതേയില്ല. പല കൈകളും തണുത്തു മരവിച്ചുമിരുന്നു. കൈകൾ മാത്രമല്ല ഉടലുകളും തണുത്തിരുന്നുവെന്നു ഇന്ദുമതിയോർത്തു. ഭദ്രയോടു തോന്നുന്ന ഇഷ്ടത്തിന് വർണനകളില്ല. അച്ഛൻ മരിച്ചു വീണപ്പോൾ നഷ്ടപ്പെട്ടു പോയ അരക്ഷിതാവസ്ഥയുടെ താക്കോലുകൾ ഇപ്പോൾ കതകിൽ ചുറ്റിത്തിരിയുന്നു. സ്നേഹത്തിന്റെ മുറികൾ തുറക്കപ്പെടുന്നു. ആത്മധൈര്യത്തിന്റെ നെഞ്ചിടിപ്പുകൾ അവിടെ നിറയുന്നു.
ഇന്ദുവിന്റെ മുറിയിലേയ്ക്ക് പിന്നീട് വന്ന എല്ലാ പുരുഷന്മാരും പിന്നീട് അവളുടെ നഷ്ടപ്പെട്ടു പോയ അരക്ഷിതമായ മനസ്സിന്റെ ഉടമസ്ഥരായി മാറപ്പെട്ടു. എല്ലായ്പ്പോഴും മടുക്കാത്ത അവൾ അവർക്കു മുന്നിൽ കടലയും കൊടുങ്കാറ്റായും മാറി. അതോടെ കൊടുങ്കാറ്റിൽപ്പെട്ട കടപുഴകി വീഴാൻ കാത്തു നിന്ന മരങ്ങൾ പോലെ അവരെല്ലാം ഒന്നാകെ വേരുകൾ മറിഞ്ഞു നിലം പതിക്കുകയും രുദ്രരൂപിയായി ഉടലിന്റെ മുകളിൽ അട്ടഹസിച്ചിരിക്കുന്ന ഇന്ദുവിനെ ഭയപ്പെടുകയും ചെയ്തു. എല്ലായ്പ്പോഴും അവളുടെ ഉടലിന്റെ മുകളിൽ വിശുദ്ധമാക്കപ്പെട്ട ഒരവരണമുണ്ടെന്നു അവൾ സ്വയം വിശ്വസിച്ചു. ആരാലും തകർക്കാനാകാത്ത പുറംതണ്ടു അവൾ സ്വയം സമർപ്പിച്ചത് ഭദ്രയ്ക്ക് മാത്രമായിരുന്നു. പ്രണയമായിരുന്നില്ല ഇന്ദുവിന്‌ ഭദ്രയോട്...
ഭക്തിയായിരുന്നു...
തെരുവിന്റെ മുന്നിലെ നാവു ചുഴറ്റി ഭയപ്പെടുത്തുന്ന അഘോര രൂപിയായ കാളിയോടുള്ള ഭക്തി. 
ഭദ്രയെ കണ്ടപ്പോഴൊക്കെ ഇന്ദു അവളെ ചേർത്ത് പിടിച്ച് ചുംബിച്ചു. ആത്മാഭിമാനം വേണ്ടി കിട്ടിയ ഒരു പെണ്ണിന്റെ ചുംബനത്തെ ചിരിച്ച കണ്ണുകളോടെ ഏറ്റു വാങ്ങുമ്പോൾ ഭദ്രയുടെ ആനന്ദം പിന്നെയും കൂടി വന്നു.
വൈകുന്നേരം പിയാൽ മാ അവരുടെ മുറിയിലേയ്ക്ക് വിളിപ്പിച്ചപ്പോൾ ഭദ്രയ്ക്കു നെഞ്ചിലൊരു ഇടിവാൾ പാഞ്ഞു പോയി. എല്ലാമറിയുന്നവൾക്കുള്ളിലെ മാനുഷികതയുടെ നെഞ്ചിടിപ്പുകൾ കേട്ട് തുടങ്ങി.
"നീ മിടുക്കിയാണെന്നു ഹിയാൻജി ആദ്യ ദിവസം തന്നെ എന്നോട് പറഞ്ഞിരുന്നു. അയാൾ ചത്ത് . പക്ഷെ കാര്യങ്ങൾ അത്ര അനുകൂലമല്ലല്ലോ മോളെ..."
"എന്താ പിയാൽ മാ... എന്തുണ്ടായി?"-
"എന്റെ വീട്ടിൽ സ്ഥിരം വരുന്ന ആറു പേരാണ് ഈ കഴിഞ്ഞ ദിവസങ്ങളിലായി മരിച്ചു കൊണ്ടിരിക്കുന്നത്. അന്വേഷിച്ചപ്പോൾ എല്ലാം നിന്റെ കൂടെ കിട്ടുന്നവർ. പോലീസ് എല്ലാം കൂടി കൂട്ടി വായിച്ചെത്തിയാൽ ഇവിടെ എന്താണ് നടക്കുക എന്നറിയില്ല."
"പിയാൽ മാ... ഞാനെന്തു ചെയ്‌തെന്നാണ്. പോസ്റ്റ് മോർട്ടം ചെയ്യട്ടെ... അപ്പോഴറിയാമല്ലോ."
"എല്ലാവരും ഹൃദയ സ്തംഭനം വന്നാണ് ചത്തത്. ഹിയാൻ എന്നെ തല തെറിച്ചവന്റെ മരണം ആഘോഷിക്കാം, പക്ഷെ നമ്മുടെയടുത്ത് വരുന്ന പുരുഷന്മാർ ഇങ്ങനെ മരണപ്പെടാൻ തുടങ്ങിയാൽ , അത് നല്ലതിനാകില്ല ഭദ്ര. നീ എന്ത് മയക്കു പ്രയോഗമാണ് അവരുടെ മുകളിൽ നടത്തുന്നത്."
" നാളെ ഒരിക്കൽ ഈ പ്രസ്ഥാനമങ്ങു ഇല്ലാതായിപ്പോയാൽ പിയാൽ മാ, നിങ്ങൾപ്പെടെ ഈ പെണ്ണുങ്ങൾ എന്ത് ചെയ്യും?"-
ഭദ്രയുടെ ചോദ്യം കേട്ട് അവർ ഒന്ന് പകച്ചു. വർഷങ്ങളായി അവകാശങ്ങളും അധികാരവും ഒക്കെ ഏറ്റെടുത്ത് ഏതൊക്കെയോ മനുഷ്യരെ, അവരുടെ താളത്തിനു തുള്ളി കൂടെ നിർത്തുന്നു. പലർക്കും പല ആവശ്യങ്ങൾ.. പല ക്രൂരതകൾ.
ഏറ്റവുമാദ്യം ശരീരത്ത് തൊട്ട മനുഷ്യനെ അവരോർത്തു. ഏതൊക്കെയോ ഗലികളിലൂടെ അലഞ്ഞു തിരിഞ്ഞു സോനാഗച്ചി തെരുവിലെത്തുമ്പോൾ പുറം ലോകത്തെക്കുറിച്ച് അജ്ഞാതയായ ഒരു പെൺകുട്ടി മാത്രമായിരുന്നു പിയാൽ അന്ന്. പിന്നെ ഇവിടെ എത്തിയപ്പോൾ ഉടലിനു പകരം പണം ലഭിക്കുമെന്ന് കേട്ടപ്പോൾ വീട്ടിലെ പട്ടിണിയിൽ മറ്റൊന്നും തോന്നിയില്ല. എന്തും സഹിക്കാം, രണ്ടാനമ്മയുടെ കുത്തലാണ് അസഹനീയം. ഒടുവിൽ ശരീരം വിട്ടു കിട്ടിയ പണം വേണം വിൽക്കപ്പെട്ട ശരീരം വേണ്ടെന്നു പറഞ്ഞ കുടുംബത്തെ എന്നേയ്ക്കുമായി വേണ്ടെന്നു വച്ച് ഈ തറവാടിന്റെ അടുത്ത അധികാരം ഏറ്റെടുക്കുമ്പോഴും ആദ്യമായി തൊട്ട ആളെ പിയാൽ മറന്നിരുന്നില്ല.
തലയിൽ ചാര തൊപ്പി വച്ച, അതെ നിറത്തിൽ കുർത്തയും വെള്ള ധോത്തിയും ധരിച്ച മനുഷ്യൻ. അയാൾക്ക് സിഗരറ്റിന്റെ മണമുണ്ടായിരുന്നു. പിന്നെപ്പററിയാത്ത മറ്റെന്തോ ഗന്ധം അയാളുടെ ശരീരത്തിൽ നിന്നും പ്രവഹിക്കുനുണ്ടായിരുന്നു.ഓക്കാനം വന്നു. 
പക്ഷെ കയ്യിൽ കൊളുത്തി വച്ച സിഗരറ്റു കൊള്ളികൾ കൊണ്ട് പിയാളിന്റെ ശരീരത്തിൽ പൊട്ടു കുത്തുമ്പോൾ ശബ്ദമമർത്തി അവൾ കരഞ്ഞു. വീട്ടിൽ നിന്ന് കൊണ്ട് വന്ന ഉടുപ്പിൽ തുള വീഴാത്ത സ്ഥലമില്ല, വലിച്ചു പറിച്ചെറിഞ്ഞ ഉടുപ്പുകൾക്കിടയിൽ ചുരുട്ടിയെറിയപ്പെട്ട തന്റെ ശരീരവും മനസ്സിനോട് താദാത്മ്യപ്പെട്ടെന്ന് മനസ്സിലാക്കിയപ്പോൾ പിന്നെ പിയാലിനു അത് ശീലമായി. എത്ര സിഗരറ്റു കുറ്റികൾ, എത്ര ക്രൂരതകൾ... ഇഷ്ടമല്ലാത്ത ആൺലിംഗങ്ങളുടെ ചുവകളെ വറ്റിച്ചെടുക്കാൻ തത്രപ്പെടുമ്പോൾ അടിവയറ്റിൽ നിന്നും കലമ്പൽ കൂട്ടിയെത്തുന്ന ഛർദ്ദിക്കാലങ്ങൾ...
"എങ്ങനെ ജീവിക്കും എന്നാണു നിനക്ക് തോന്നുന്നത്. പട്ടിണി കിടക്കാൻ വയ്യാത്തതുകൊണ്ടാണ് ഇവിടെ ഈ പെണ്ണുങ്ങളിങ്ങനെ..."
"എന്തെങ്കിലും മാർഗ്ഗമുണ്ടാകും പിയാൽ മാ... എന്നും ഇങ്ങനെ മുന്നോട്ടു പോകാനാകുമോ...?"
എല്ലാവരെയും ഒച്ചയിട്ട് വിറപ്പിക്കുന്ന പിയാൽ മായ്ക്ക് ഭദ്രയുടെ വാക്കുകൾക്ക് മുന്നിൽ ശബ്ദമില്ലാതായിപ്പോകുന്ന അദ്‌ഭുതം കണ്ട് വാതിലിനു മറവിലിരുന്നു ഇന്ദു ഊറിച്ചിരിച്ചു.
മരണങ്ങൾ ആരുമറിയാതെ വർദ്ധിക്കുന്നുണ്ടായിരുന്നു. നിലച്ച ഹൃദയങ്ങളെയോർത്ത് ഭദ്രയും ഇന്ദുവും ചുംബനങ്ങളുടെ ദൈർഘ്യം വർദ്ധിപ്പിച്ചു. തങ്ങൾക്ക് വേണ്ടി കൃത്യമായ നീക്കുപോക്കുകൾ ഭദ്ര നടത്തുന്നുണ്ടെന്ന് അതോടെ ഇന്ദുവിന്‌ ബോധ്യപ്പെട്ടു. പിയാൽ മായുടെ വീട്ടിൽ ഭദ്രയെ അന്വേഷിച്ച് ഒരു പോലീസും എത്തിയില്ല. ഹൃദയാഘാത സാധ്യതകൾ തിരിച്ചറിയാതെ ഭദ്രയിലേയ്ക്കും ഇന്ദുവിലേയ്ക്കും പുരുഷന്മാർ പടർന്നു കയറി, പിന്നെയവരുടെ ഉന്മാദങ്ങളിൽ തകർന്നു പോവുകയും പിന്നീടെപ്പോഴോ ഹൃദയം നിലച്ചു പോവുകയും ചെയ്തു.

പെണ്ണുടലുകളുടെ പ്രണയം 29മരണം മനോഹരമാകുന്നുണ്ടോ ചിലപ്പോഴെങ്കിലും... 
ഹിയാൻജിയുടെ മരണം അവശേഷിപ്പിച്ച മന്ദതയിൽ നിന്നും പിയാൽ മായുടെ തറവാടും പെണ്ണുങ്ങളും അത്ര പെട്ടെന്നൊന്നും തിരികെ കയറിയില്ല. ആഴ്ച തോറും വന്ന് ഉള്ളതെല്ലാം കൊണ്ട് പോകുമെങ്കിലും തെരുവിലെ മറ്റു പല ചുങ്കക്കാരിൽ നിന്നും അയാൾക്ക് വ്യത്യസ്തതകളുണ്ടായിരുന്നു. കൃത്യമായ ഒരു തുക എല്ലാ ആഴ്ചയും കൊടുത്താൽ മതി, കുറവും ഇല്ല കൂടുതലും ഇല്ല, ബാക്കി സ്ത്രീകൾക്ക് തന്നെ എടുക്കുകയും ചെയ്യാം. അയാളുടെ മരണത്തോടെ ഇനി ഏതു ഗുണ്ടാ തലവനാണ് അധികാരം സ്ഥാപിക്കാനെത്തുക എന്നറിയില്ല. അയാളേക്കാൾ ഭീകരനാണെങ്കിൽ കരുതി വയ്പുകളെല്ലാം പാഴായി പോകുമെന്നോർത്തായിരുന്നു എല്ലാവർക്കും സങ്കടം. നീക്കിയിരുപ്പ് പകുതിപ്പേർക്കുമുണ്ട്, ആരുടേതെന്നറിയാതെ വളർന്നു വരുന്ന കുഞ്ഞുങ്ങൾ.. അവരുടെ പഠനം...
സ്‌കൂൾ പോയി വരുന്ന കുഞ്ഞുങ്ങൾ ആദ്യത്തെ രണ്ടു ദിവസം കഴിഞ്ഞാൽ പിന്നെ പോകാറില്ല, കാള കളിച്ചു നടന്നതിന്റെ സുഖം പിടിച്ചു പോയതും ഒരു കാരണം, പിന്നെ സോനാഗച്ചിയിലെ കുട്ടികൾ എന്ന് വച്ചാൽ അവഗണക്കപ്പെടേണ്ടവരും പരിഹസിക്കപ്പെടേണ്ടവരുമാണെന്ന പൊതുബോധം...
"പുനരധിവാസവും കുട്ടികളുടെ വിദ്യാഭ്യാസവുമൊക്കെ ഇവിടെ നന്നായി നടക്കുന്നുണ്ടെന്നാണല്ലോ പുറത്ത് കേൾക്കുന്ന വാർത്തകൾ! സംഘടനകൾ പ്രവർത്തിക്കുന്നില്ല ഇവിടെ..?"
ഭദ്രയുടെ ചോദ്യത്തിലേക്ക് ഇന്ദുമതി പുച്ഛിച്ച് ചിരിച്ചു.
തന്നെക്കാൾ ഇളപ്പമുണ്ടായിരുന്നെങ്കിലും ഇന്ദുമതിയ്ക്ക് ഭദ്രയെ ദീദി എന്ന് തന്നെ വിളിക്കാനാണ് തോന്നിയത്. വന്നതിന്റെ രണ്ടാം ദിവസം തൊട്ടു തന്നെ ഭദ്രയോടു തോന്നിയ അടുപ്പത്തിന്റെ കാരണം ഇന്ദുവിന്‌ ഇതുവരെയും ചികഞ്ഞെടുക്കാൻ പറ്റിയിട്ടില്ല. പക്ഷെ ഉള്ളിലെവിടെയോ ഒരു തോന്നലുണ്ട്... ഈ പെൺകുട്ടിയുടെ വരവ് വെറുതെയല്ലെന്ന്... ദീദി എന്നത് ഇന്ദുവിന്റെ ബഹുമാനമായിരുന്നു... സ്നേഹവുമായിരുന്നു.
"അല്ല ദീദി... എല്ലാവരും പുറത്ത് നിന്നെ സഹായിക്കൂ. ദീദിക്കറിയില്ല, ഇവിടുത്തെ ഗുണ്ടാഭീകരത. കൊല്ലാനും ഒന്നും ഒരുമടിയും ആർക്കുമില്ല. പറ്റിക്കപ്പെട്ടു എന്ന് തോന്നിയാൽ മരണം ദയനീയമായിരിക്കും. ചോദ്യവും പറച്ചിലും ഒന്നുമില്ല. എല്ലാവർക്കും പേടിയാണ്. ദീദിയ്ക്ക് അറിയാമോ... ഇവിടുത്തെ മിക്ക സ്ത്രീകൾക്കും ലൈംഗിക രോഗങ്ങളുണ്ട്.. എയ്ഡ്സ് വരെ..." അവസാനത്തെ വാക്കുകൾ വളരെ ശ്രദ്ധിച്ചും പതുക്കെയുമാണ് ഇന്ദു പറഞ്ഞത്. 
"ഊഹിക്കാം.... അപ്പൊ ഇവിടെ വന്നു പോകുന്ന പുരുഷന്മാർ ഇതറിഞ്ഞുകൊണ്ട് ....!"
"വേറെ വഴിയില്ല ദീദി... അവർ നൽകുന്ന പണം നമുക്ക് ആവശ്യമുള്ളതല്ലേ... പല ആവശ്യങ്ങൾ. വീട്ടിലേയ്ക്ക് പണം അയക്കുന്നവർ വരെ ഇവിടെയുണ്ട് അറിയാമോ. പിന്നെ കുട്ടികളുടെ ചിലവുകൾ. ചുരുക്കത്തിൽ എളുപ്പമുള്ളത് ഇങ്ങനെ കട്ടിലിൽ നീണ്ടു നിവർന്ന് അനങ്ങാതെ കിടക്കുക എന്നത് മാത്രമാണ്... അവർ വിചാരിക്കും നമ്മളും സുഖിക്കുന്നുണ്ടെന്ന്... എപ്പോഴും മനസ്സിൽ നൂറു കൂട്ടം പ്രശ്നങ്ങളാണ് ദീദി എല്ലാവർക്കും. അസുഖമുള്ളവർക്കൊക്കെ വിഷമമുണ്ട്. അവരുടെ ഭാര്യമാർക്കും മറ്റുള്ളവർക്കും വരുമല്ലോ എന്നൊക്കെയോർക്കുമ്പോൾ, പിന്നെ ആലോചിക്കും പുറത്ത് സുഖം അന്വേഷിച്ചിട്ട് പോയിട്ടല്ലേ, അനുഭവിക്കട്ടെ എന്ന്..."-
"ഞാൻ കണ്ടിട്ടുണ്ട്, ആണിന്റെ കീഴിൽ നിസ്സംഗതയോടെ കിടക്കുന്ന ഇവിടുത്തെ പെണ്ണുടലുകളെ. പക്ഷെ ഇന്ദുവിനറിയാമോ? പുരുഷനെ പരാജയപ്പെടുത്താനുള്ള ഏറ്റവും മികച്ച മാർഗ്ഗം ... രതിയിൽ അവനെ തകർക്കുക എന്നതാണ്. ലൈംഗികതയിൽ സ്ത്രീയ്ക്ക് മുന്നിൽ പരാജയപ്പെടുന്ന പുരുഷൻ പിന്നെ ഒരിടത്തും അവന്റെ മുഖം കാണിക്കാൻ ധൈര്യപ്പെടില്ല.  ആണെന്നുള്ള അവന്റെ അഹങ്കാരം തളർന്നു കിടക്കുന്നുണ്ടാകും പിന്നെ. അതിനെ അതിജീവിക്കാൻ എന്തിനും അവൻ ശ്രമിക്കും, പക്ഷെ വീണ്ടും തന്നെ പരാജയപ്പെടുത്തിയവളുടെ മുന്നിൽ അവൻ കീഴടങ്ങിപ്പോകും. ഒരേ സമയം ഉന്മാദവും പിന്നീട് വരുന്ന തകർച്ചയും പരിഹാസവും അവൻ താങ്ങില്ല.."
"ഹഹ... കേൾക്കാൻ സുഖമുണ്ട്... മനസ്സിൽ ഒരായിരം സങ്കടങ്ങൾ കൊണ്ട് കിടക്കുന്നവൾക്ക് എങ്ങനെ ആനന്ദിക്കാനും ആസ്വദിക്കാനും പറ്റും ..."-
"ഇന്ദുവിന്‌ പറ്റില്ലേ..."
"അറിയില്ല ദീദി... എനിക്ക് മടുപ്പാണ്. രതിയോളം മടുപ്പുള്ള ഒന്നും ഇനിയുണ്ടാകാനില്ല. എനിക്ക് ഒന്നിന്റെയും ആവശ്യമില്ല. പണത്തിന്റെ , രതിയുടെ, പ്രണയത്തിന്റെ... എല്ലാം എല്ലാം വേണ്ടാതായിപ്പോയി"-
"പക്ഷെ എന്നും അനേകം തവണ നമ്മുടെ ശരീരം താങ്ങുന്ന ആൺ ശരീരങ്ങൾക്കു മുന്നിൽ ഇടയ്ക്കെങ്കിലും ഒന്ന് ജയിച്ചൂടെ ഇന്ദൂ...",
"എങ്ങനെയാണ് ദീദി... എനിക്കറിയില്ല ഒന്നും..."-
അവളുടെ വികാരമില്ലാത്ത മുഖത്തേയ്ക്ക് നോക്കുന്തോറും ഭദ്രയ്ക്ക് കരച്ചിൽ വന്നു. ഇന്ദുവിന്റെ മുഖം കൈക്കുമ്പിളിലെടുത്ത് ഭദ്ര അവളുടെ നെഞ്ചിലൊളിപ്പിച്ചു. 
കരച്ചിലുകൾ വരാത്ത വിധത്തിൽ മരവിച്ചു പോയ അവളുടെ കണ്ണുകൾ പിന്നെ കയ്യിലേക്ക് നീട്ടിയെടുത്ത് ഭദ്ര ആ മിഴികളിൽ ചുംബിച്ചു.
"ദീദീ..."
വിരലുകൾ നീട്ടി, എവിടെയോ അവസാനമായി ആശ്രയം കിട്ടിയവളെ പോലെ ഇന്ദു ഭദ്രയോടു ഒട്ടിച്ചുചേർന്നു.
"നിന്റെ മരവിപ്പ് ഞാൻ മാറ്റി തരട്ടെ..."
ജീവിതത്തിൽ ആദ്യമായി ചെവിയുടെ ഓരത്ത് അത്ര മധുരമായ ശബ്ദം അവൾ ആദ്യമായി കേൾക്കുകയായിരുന്നു. മൂളാനല്ലാതെ മറ്റൊന്നും മിണ്ടാനവൾക്ക് തോന്നിയില്ല. 
ഭദ്ര അവളെ മെല്ലെ ചേർത്ത് പിടിച്ചു. അവളുടെ ഉമ്മയ്ക്ക് വല്ലാത്ത പൊള്ളലുണ്ടെന്നു ഇന്ദുമതിയ്ക്ക് തോന്നി. സുരക്ഷിതത്വത്തിന്റെ മിടിപ്പുകൾ ഉള്ളിലെവിടെയോ ചിറകു മുളച്ചു പറക്കാൻ തുടങ്ങുന്നതുപോലെ...
ഭദ്രയുടെ വിരലുകൾ ഇന്ദുമതിയുടെ വസ്ത്രങ്ങൾക്കിടയിലൂടെ ഊഞ്ഞാലാടാൻ തുടങ്ങി. മുൻപിലേയ്ക്കിട്ട സാരിത്തുമ്പ് ഊർന്നുലഞ്ഞു എവിടെയോ തട്ടിത്തടഞ്ഞ്‌ വലിയൊരു മറയായി മാറുന്നതും അതിനടിയിൽ നഗ്ന രൂപികളായി രണ്ടു പെണ്ണുടലുകൾ പരസ്പരം അറിയാൻ ശ്രമിക്കുന്നതും പതിമൂന്നാം നമ്പർ കട്ടിൽ മാത്രമേ അറിയുന്നുണ്ടായിരുന്നുള്ളു. ഭദ്രയുടെ നഗ്ന ശരീരം കണ്ട ഇന്ദുവിന്‌ ആദ്യമായി ഉദരത്തിന്റെ താഴെ ഏതൊക്കെയോ ഞരമ്പുകൾ തീവ്രമായി പിടഞ്ഞു കയറുന്നതും ഉറഞ്ഞു കൂടിയ ഒരു കടൽ ആർത്തിരമ്പി അലറിക്കിതച്ച് വരുന്നതുപോലെയും തോന്നി.
ഇന്ദു ഭദ്രയെ ഉമ്മകൾ കൊണ്ട് മൂടി. ഇതുവരെ ഒരു നുണ പോലെ തോന്നിയതെല്ലാം പെട്ടെന്നൊരു സ്പർശത്തിൽ സത്യമായി തീരുന്നു. ഭദ്ര ഉടലിലേയ്ക്ക് പൂത്തു കയറുകയാണ്. പർവതങ്ങളുടെ ദീർഘദൂര യാത്രകളിൽ വേരുകൾ തിരഞ്ഞു ഇന്ദു ഏറെ അലഞ്ഞു. ഭദ്ര മിടുക്കിയാണ് , കണ്ടെത്താനുള്ളവയൊക്കെ അവളുടെ മുന്നിൽ തന്നെയെത്തുന്നുണ്ട്. താഴ്വരകളിലേക്കുള്ള വഴികളിൽ തന്റെ തന്നെ ഗന്ധത്തെ ശ്വസിച്ച് ഇന്ദുമതി പുഴയെ പ്രസവിച്ചു .ആ പുഴയിൽ കുളിച്ചു കയറിയ ഭദ്ര രണ്ടു പുഴകൾ ഒന്നിച്ച് കടലാക്കാൻ ആഗ്രഹിച്ചു. പറയാതെ തന്നെ അവളുടെ മനസ്സിനെ ആദ്യമായി വായിച്ചെടുത്തവളായി ഇന്ദു ഇടയിൽ ഇടങ്ങളില്ലാത്ത പോലെ ഭദ്രയോടൊട്ടി കിടന്നു. നീണ്ട രതിയുടെ ഒടുവിൽ ആരാണ് പരവശപ്പെട്ടതെന്നു ഇരുവരും അന്വേഷിച്ചെങ്കിലും അദൃശ്യമായ ഒരു വഴിയിലൂടെ മനോഹരമായ ഒരു കാട്ടിലെത്തിയതിന്റെ ഉന്മാദത്തിൽ ഇരുവരും പിന്നെയും മണിക്കൂറുകൾ ഒട്ടിക്കിടന്നു. പതിമൂന്നാം നമ്പർ കട്ടിലിനു പുറത്തെ മുറികളിൽ ഹിയാൻജിയുടെ മരണത്തിന്റെ മന്ദത അപ്പോഴും തളം കെട്ടി കിടന്നു. അന്ന് പിയാൽ മാ മുറികളിലേക്ക് ആരെയും പറഞ്ഞു വിട്ടിരുന്നില്ല, വേണ്ടെന്നു വച്ചിട്ടായിരുന്നില്ല, ഹിയാൻജിയുടെ ക്രൂരന്മാരായ ഗുണ്ടകളുടെ കർശന നിർദ്ദേശം ഉണ്ടായിരുന്നതുകൊണ്ട് മാത്രം. അടുത്ത ചുങ്കപ്പിരിവുകാരനായി പിയാൽ മാ കാത്തിരുന്നത് പോലെ പിന്നീടുള്ള ദിവസങ്ങളിൽ തന്റെ അടുത്ത ആണുടലിനായി ഇന്ദുമതിയും കാത്തിരുന്നു. 

മരണത്തിന്റെ കിളിയൊച്ചകൾ 28


"ഭദ്ര ദീദി, അറിഞ്ഞോ ഹിയാൻജിയുടെ കാര്യം?"!- പിയാൽ മായുടെ ഇരുണ്ട ഗുഹയ്ക്കുള്ളിൽ വന്ന ശേഷം പതിമൂന്നാം നമ്പർ കട്ടിൽ വരെ ഒപ്പം വന്ന സാരിത്തലപ്പ് മുൻവശത്തേയ്ക്ക് ഇട്ട പെൺകുട്ടിയുടെ ചോദ്യത്തിൽ ഭദ്ര തലയുയർത്തുമ്പോൾ അവളുടെ മുഖത്ത് വെളിവാക്കാൻ കഴിയാത്ത ഒരു ആനന്ദം കാണാനുണ്ടായിരുന്നു. ഇന്ദുമതി എന്ന പെൺകുട്ടിയുടെ രഹസ്യങ്ങളിലേയ്ക് മനഃപൂർവ്വം ഒരിക്കലും കടന്നു ചെന്നില്ല, സ്വയം കൂട്ടിക്കൊണ്ടു പോകുന്നതുവരെ ആരുടെ ജീവിതങ്ങളിലും ഇടിച്ചു കയറേണ്ടതില്ലെന്നു ഭദ്ര ഉറപ്പിച്ചിരുന്നു.ഈ കെട്ടിടത്തിൽ ഇന്ദു മാത്രമാണ് ഈ വേഷം ധരിച്ച് കണ്ടിട്ടുള്ളത്, ബംഗാളി സ്ത്രീകളുടെ പരമ്പരാഗതമായ സാരിയുടുക്കൽ മനോഹരമായ ഒരു കലതന്നെയാണെന്നു ഇന്ദുവിനെ കാണുമ്പോൾ തോന്നും. മാധുരി ദീക്ഷിതിന്റെ മുഖച്ഛായയുണ്ട് ഇന്ദുവിന്. അത് പറയുമ്പോൾ അവളുടെ മുഖം ചുവക്കും, "പോ ദീദി" എന്ന് പറഞ്ഞു എങ്ങോട്ടേക്കോ ഓടി മറയും.
ഇന്ദു കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത് പോലെയല്ല , ഒതുങ്ങിയ ഭാവാദികൾ മാറ്റിവച്ച് ഊർജ്ജം തുളുമ്പുന്ന മുഖത്തോടെയാണ് ഹിയാൻജിയുടെ മരണത്തെ കുറിച്ച് ഭദ്രയെ അറിയിച്ചത്.
"കാരണമൊന്നും അറിയില്ല ദീദി. അന്ന് ഇവിടുന്ന് പോയ രാത്രി തൊട്ടു ആൾ എന്തോ അസ്വസ്ഥതയിൽ ആയിരുന്നെന്നാണ് കേട്ടത്. ഇന്ന് രാവിലെ ഉറക്കത്തിനിടയിൽ ഹൃദയം നിലച്ചു പോയി. ഇപ്പോഴാണ് കേട്ടോ ദീദി എനിക്ക് മനസിലായത് അയാൾക്ക് ഹൃദയമുണ്ടായിരുന്നെന്ന്!!!"- 
വേദന തുളുമ്പിയ ഒരു ചിരിയിൽ പരകോടി കണ്ണുനീർ തുള്ളികളുണ്ടെന്നു ഭദ്രയ്ക്ക് തോന്നി. ഹിയാൻജിയുടെ മരണത്തിൽ ഭദ്രയ്ക്കെന്തുകൊണ്ടോ  ചിരിക്കാനായില്ല. 
"ദീദിയ്‌ക്കെന്താ വിഷമമുണ്ടോ? ആദ്യമായി തൊട്ട ആൾ..."-
ഇന്ദുവിന്റെ വരികളെ പാതിയിൽ തല്ലിക്കൊഴിച്ച് ഭദ്രയും നോവൂറുന്ന ഒരു ചിരി ചിരിച്ചു.
"അവനെ ഓർത്തല്ല, ഞാൻ നിന്നെയാണ് ഇന്ദുമതീ ഓർത്തത്.."
"എന്നെ തന്നെയാണ് ദീദി അയാൾക്കൊപ്പം നിങ്ങൾ ഓർക്കേണ്ടത്. അയാൾ പിയാൽ മായുടെ സ്ഥിരക്കാരനായ ഒരു പിമ്പിൽ നിന്നും ചുങ്കം പിരിക്കുന്ന മുതലാളിയായതു പിന്നിൽ ഞാൻ എന്ന കഥയുണ്ട്."-
"പറയാൻ പറ്റുമെങ്കിൽ കേൾക്കണമെന്നുണ്ട്..."
ഭദ്രയുടെ ആകാംക്ഷ നിറഞ്ഞ കണ്ണുകൾക്ക് മുന്നിൽ ഇന്ദു സ്വയം വെളിപ്പെട്ടു.
പഴയ നക്സൽ ബാരി ഗ്രാമത്തിന്റെ വിപ്ലവകഥകളിൽ ഇന്ദു കണ്ണുതുറക്കുമ്പോൾ അവൾക്കു മുന്നിൽ വിപ്ലവകാരികളുടെ മുന്നിൽ ആവേശത്തോടെ , ധാർഷ്ട്യത്തോടെ പ്രസംഗിച്ച അവളുടെ അച്ഛനുണ്ടായിരുന്നു.
"മതി, നിങ്ങളുടെ തോന്നിവാസം, ഇതിൽ കൂടുതൽ നിങ്ങൾ മുതലാളിയായി ജീവിക്കണ്ട, ഇത് തൊഴിലാളികളുടേതു മാത്രമാണ്, അവർക്കു വിട്ടു കൊടുക്കാൻ തയ്യാറായില്ലെങ്കിൽ..."
ചോരചുവപ്പുള്ള ഉറച്ച ശബ്ദങ്ങളിൽ മൻദേവിന്റെ ഒച്ച വീടിനുള്ളിലിരുന്ന് ഇന്ദു തിരിച്ചറിഞ്ഞിരുന്നു. 
"നീയൊക്കെ എന്ത് ചെയ്യും... എന്നെ ഭയപ്പെടുത്താൻ നീയൊന്നും ആയിട്ടില്ല, എന്റെ ഒരു തുണ്ട് ഭൂമി പോലും ഇവിടെ ഒരുത്തനും കൊണ്ട് പോകില്ല, അവനൊക്കെ എന്റെ അടിമയായി തന്നെ ജീവിക്കും ഇനിയും എന്നും..."
വളർച്ചയുടെ ഇടയിൽ വെട്ടെടാ... എന്നും മാറെടാ എന്നുമൊക്കെയേ അകത്തിരുന്നു കേൾക്കാനാകുമായിരുന്നുള്ളൂ. പുറത്ത് നിന്ന് കതക് അച്ഛൻ പൂട്ടിയിരുന്നത് ആകെയുള്ള മകളെ സംരക്ഷിക്കാനായിരിക്കണം, പക്ഷെ ചവിട്ടിപ്പൊളിച്ച വാതിലിനു പുറത്ത് ചുവന്ന നിറത്തിലൊഴുകി കിടന്ന ചോരയിൽ കുതിർന്ന അച്ഛന്റെ ശരീരം ഇന്ദുവിന്റെ ഓർമ്മകളെ മരവിപ്പിച്ചു. ഓർമ്മ വരുമ്പോൾ ഗ്രാമത്തിന്റെ അതിർത്തിയിലെ ഇരുളടഞ്ഞ മുടിയിൽ തനിച്ചായിരുന്നു അവൾ.
മുറിവേറ്റിരുന്നു, ഉരഞ്ഞും വലിഞ്ഞും നോവുന്നുണ്ടായിരുന്നു അവൾക്ക്.
മൻദേവൻ മുറി തുറന്ന് അകത്ത് വരുമ്പോഴേക്കും അവൾ ശക്തിയായി ചുമച്ച് തുടങ്ങിയിരുന്നു.
"നീയെന്നോട് ക്ഷമിക്കണം ഇന്ദൂ... നിന്റെ അച്ഛന്റെ ധാർഷ്ട്യത്തിന്റെ ശിക്ഷയാണ് അയാൾക്ക് ലഭിച്ചത്. നിന്നെയെങ്കിലും സംരക്ഷിക്കാം എന്നാണു ഞാൻ കരുതിയത്, പക്ഷെ കൂടെയുള്ളവർ സമ്മതിക്കുന്നില്ല. നീയെങ്ങോട്ടെങ്കിലും രക്ഷപ്പെട്ടോളൂ...ഞാൻ സഹായിക്കാം..."
ഒരു ചെവിയിലൂടെ കേട്ടത് നിരാസമാണെങ്കിൽ പോലും രക്ഷപെടുന്നതിന്റെ വെളിപ്പെടുത്തലിൽ പറഞ്ഞ വാക്കുകളെ പൊതിഞ്ഞു മൂടി അവൾ ഉള്ളിലെ കടലിൽ നിക്ഷേപിച്ചു. പറഞ്ഞതുപോലെ അവളുടെ വീട്ടിൽ നിന്നെടുത്ത പണത്തിന്റെ നല്ലൊരു പങ്ക് അവളെ ഏൽപ്പിച്ച് രാത്രി മൻദേവൻ ഇന്ദുവിനെ അവിടെ നിന്നും രക്ഷപെടുത്തി. പക്ഷെ ഓടിയെത്തിയത് ഹിയാൻജിയുടെ കൈകളിലേക്ക്. ഇന്ദുവിനെയും ഒപ്പം പണവും അയാളുടെ കൈകളിൽ കിട്ടുമ്പോൾ നഗരത്തിലേക്കുള്ള ബസിലെ സൈഡ് സീറ്റിൽ തല ചരിച്ച് ഉറങ്ങുകയായിരുന്നു അവൾ. ഉറക്കത്തിൽ അടുത്തിരുന്നയാൾ കൊടുത്ത മയക്കു മരുന്നിന്റെ ബോധമില്ലായ്മയിൽ കണ്ണ് തുറക്കുമ്പോൾ പിയാൽ മായുടെ ഇരയായി അവൾ മാറിയിട്ടുണ്ടായിരുന്നു. ഇന്ദുവിന്റെ ലക്ഷക്കണക്കിന് രൂപയിൽ നിന്നും തുടങ്ങിയതാണ്, ഹിയാൻ എന്ന പിമ്പിന്റെ ഹിയാൻജിയിലേക്കുള്ള പരിണാമം...
ഇന്ദുവിന്റെ കഥകൾക്ക് മുന്നിൽ അവളെ ചേർത്തണയ്ക്കാനുള്ള കൊതിയോടെ ഭദ്ര അവളെ അരികിലേക്ക് വിളിച്ചു. ആർത്തിയോടെ പ്രണയമില്ലാതെ പ്രാപിക്കുന്ന പുരുഷന്റെ സ്പർശമല്ലാതെ ആദ്യമായി സ്നേഹത്തോടെ തൊട്ടവളായി ഇന്ദു ഭദ്രയെ അടയാളപ്പെടുത്തി.
അവൾ ഭദ്രയോടു ചേർന്നിരിക്കുകയും നെഞ്ചു തണുക്കുന്നതുവരെ കരയുകയും ചെയ്തു. 
ഭദ്രയുടെ കാലുകൾ അപ്പോൾ ഹിയാൻജിയുടെ നെഞ്ചിലായിരുന്നു. ആവേശത്തോടെ അവൾ അയാളുടെ നെഞ്ചിലേക്ക് ആഞ്ഞു ചവുട്ടിക്കൊണ്ടേയിരുന്നു. രതിമൂർച്ഛയുടെ ലഹരിയിൽ അവളുടെ ഭ്രാന്തുകളിലേയ്ക്ക് അയാൾ പരവശപ്പെട്ടുകൊണ്ടുമിരുന്നു. അവളുടെ കാൽ വിരലുകളിൽ നിന്നും അമൂർത്തമായ എന്തോ ചൈതന്യം അയാളുടെ ഇടനെഞ്ചിലേയ്ക്ക് തുളുമ്പി ചെല്ലുകയും അതോടെ അയാൾ നിത്യമായ പാരവശ്യത്തിലേയ്ക്ക് വീണു പോവുകയും ചെയ്തു. 

ഉന്മാദത്തിന്റെ ആനന്ദമൂർച്ഛകൾ 27സമയം ഓരോരുത്തരെ മുന്നിൽ കൊണ്ട് നിർത്തും ആ പഴയ കാലം ശരിയായിരുന്നോ തെറ്റായിരുന്നോ എന്നൊക്കെ തിരിച്ചറിവ് നൽകാൻ...
തെറ്റായിരുന്നു എന്ന് മനസ്സിലായാൽ പിന്നെ ആ വഴി പോകാതെയിരിക്കുക എന്നൊരു മര്യാദയുണ്ട്. പിന്നെ മാറ്റങ്ങളുടെ ഘട്ടമാണ്. അറിഞ്ഞുകൊണ്ട് തന്നെ സ്വീകരിക്കപ്പെടുന്ന മാറ്റങ്ങളിൽ സ്വയം സമർപ്പിക്കണം. കാലത്തിനൊപ്പം മുന്നോട്ടു പോകണമെങ്കിൽ വേറെ വഴികളില്ല. 
മുറിയ്ക്കുള്ളിലേയ്ക്ക് വന്നും പോയുമിരുന്ന ആൺ ഗന്ധങ്ങളുടെ ഉന്മാദങ്ങളിലേയ്ക്ക് ഒരിക്കലും തളർച്ച തോന്നാതെയാണവൾ പൊരുതിക്കയറിയത്. ഒരങ്കവും ഭദ്ര തോറ്റില്ല, ജയിച്ചു കയറുക എന്നത് രക്തത്തിലെപ്പോഴോ അലിഞ്ഞു ചേർന്നിരുന്നതുപോലെ. അറിഞ്ഞും കേട്ടും പേര് വിളിച്ചും വിളിക്കാതെയും കട്ടിൽ നമ്പർ വിളിച്ചും അവളൂടെ അടുത്ത് വന്ന ഉടൽജീവികളെ ഒന്നാകെ ഭദ്ര വട്ടമിട്ടു പിടിക്കുകയും യുദ്ധത്തിൽ പോരാടുന്നവളെ പോലെ അടരാടുകയും ഒടുവിൽ യുദ്ധം തോറ്റ് തളർന്നു കിടക്കുന്ന രാജാക്കന്മാർക്ക് നേരെ അപ്പോഴും ചോരാത്ത പെൺ വീറോടെ അവൾ പരിഹസിച്ച് ചിരിക്കുകയും ചെയ്തു. അവളുടെ ചിരിയുടെ അസഹനീയമായ പരിഹാസത്തിൽ ഒറ്റപ്പെട്ടു പോയവർ പിന്നെ തിരികെ വന്നതേയില്ല. ഭാര്യയുടെ ഉടലിൽ ചേർന്ന് കിടക്കുമ്പോൾ പോലും ഉന്മാദം കൊണ്ട് പൂത്ത ഒരു പെണ്ണ് അടുത്തുകിടക്കുന്ന ഭാര്യയിൽ നിന്നും പുറത്തേയ്ക്ക് തള്ളി വരികയും അവർ "നിനക്കെന്നെ സംതൃപ്തിപ്പെടുത്താനാവില്ല കീടമേ.."എന്നുറക്കെ പറഞ്ഞു പൊട്ടിച്ചിരിക്കുകയും ചെയ്തു. ഓരോ നിമിഷവും അവളെ കാണാനുള്ള ആശ പെരുകുകയും പിയാൽ മായ്ക്ക് പണം നൽകി പതിമൂന്നാം നമ്പർ കട്ടിലിലിന്റെ അരികിൽ ഭദ്രയുടെ കണ്ണുകൾക്ക് മുന്നിലെത്തുമ്പോൾ അവർ ഓരോരുത്തരും തകർന്നു പോവുകയും ചെയ്തു. 
കുട്ടിക്കാലത്ത് ആടാൻ കഴിയാതെ പോയ മുടിയേറ്റ വേഷക്കോലം ആടി തിമിർക്കുകയാണ് എന്നാണു ഭദ്രയ്ക്ക് ഓരോ തവണയും തോന്നിയത്. ഭദ്രകാളിയുടെ കഥ ഭയങ്കര രസമാണ്,കുട്ടിക്കാലത്ത് ആദ്യമായി മുടിയേറ്റ് കാണുമ്പോൾ തോന്നിയ പേടി മാറ്റി തന്നത് മുത്തശ്ശിയാണ്.
"നന്മയുള്ള കുട്ടികൾക്ക് കാളിയെ പേടിയുണ്ടാവില്ല മോളെ... ദാരികന്മാരല്ലേ പേടിക്കേണ്ടൂ..."ശരിയാണെന്നു തോന്നി, മുടിയേറ്റിലെ കാളി ഒരിക്കലും ദാരികനെയല്ലാതെ കൂടെ നിന്ന ആരെയും ഉപദ്രവിക്കില്ല. ഭീകര രൂപിയാണെങ്കിലും കാളിയോട് സ്നേഹം തോന്നി തുടങ്ങിയ നിമിഷങ്ങൾ...
രൂപത്തിന്റെയപ്പുറം ആത്യന്തികമായ നന്മയിൽ ജീവിച്ച കാളിയോടുള്ള സ്നേഹം കൊണ്ടാണ് വയസറിയിച്ചു കഴിഞ്ഞപ്പോൾ കാളീ വേഷം കിട്ടണമെന്ന മോഹം അച്ഛനോട് പറഞ്ഞത്... 
"വയസ്സറിയിച്ച പെൺകുട്ടികൾ ഇത്തരം വേഷങ്ങളൊന്നും കെട്ടാൻ പാടില്ല മോളെ..." മറുപടി നൽകിയത് മുത്തശിയാണ്. 
ചോദ്യങ്ങൾ ചോദിയ്ക്കാൻ പണ്ടേ മിടുക്കിയാണ്. ആർക്കും ഉത്തരങ്ങൾ കിട്ടാത്ത ചോദ്യങ്ങൾ ചോദിയ്ക്കാൻ രസവുമാണ്. 
"പെൺകുട്ടികൾക്ക് നീണ്ട നൊയമ്പുകളും അതിന്റെ ആചാരങ്ങളുമൊന്നും അനുസരിക്കാനാവില്ല, അതുതന്നെ.." ഇത്തവണ മുത്തശ്ശിക്ക് ദേഷ്യം വന്നു. പക്ഷെ ഒരിക്കൽ അച്ഛനറിയാതെ മുടിയേറ്റ സമയത്ത് ചൂടാനായി മെടഞ്ഞ്‌ വച്ചിരുന്ന കുരുത്തോല കൊണ്ടുള്ള അരപ്പട്ട വെറുതെ ഒന്ന് ചുറ്റിയതു കണ്ടുകൊണ്ടാണ് അച്ഛന്റെ വരവ്, അന്ന് പൊതിരെ തല്ലു കിട്ടി. 
കാളിയാകാനുള്ള മോഹം അവസാനിക്കുന്നില്ല... 
"കുരുത്തോല കൊണ്ടുള്ള അരപ്പട്ടയിൽ നിന്നല്ല , അന്യായങ്ങൾക്കെതിരെ പോരാടിക്കൊണ്ട് കാളിയാകൂ പെണ്ണെ..."- അഞ്ജന ഒരിക്കൽ പറഞ്ഞതാണ്. അവൾ അപ്പോഴേക്കും നിരഞ്ജൻ റായിയുടെ കാളിയുടെ നോവൽ വായിച്ചു തീർക്കുകയും കാളിയെ കുറിച്ച് റിസർച്ച് നടത്തിക്കൊണ്ടിരിക്കുകയുമായിരുന്നു ആ സമയം. ശരിയാണ്... 
സ്വയം കാളിയാകാനാണ് എളുപ്പം...
ഉന്മാദം കൊള്ളാനാണ് എളുപ്പം...
"നീ ചിന്നമസ്ഥാ രൂപം കണ്ടിട്ടുണ്ടോ ഭദ്രാ?"-അഞ്ജനയുടെ ചോദ്യത്തിലേക്ക് നോക്കുമ്പോൾ ഭദ്ര ആ പേര് പോലും കേട്ടിട്ടുണ്ടായിരുന്നില്ല.
"ഒരു സ്ത്രീയ്ക്ക് അവളുടെ ഉന്മാദം ഏത് അറ്റം വരെ കൊണ്ട് പോകാൻ കഴിയും എന്ന് നിനക്ക് ഊഹിക്കാനാകുമോ? അതിന്റെയും അപ്പുറമാണ് കാളിയുടെ പല രൂപങ്ങളും "-
അഞ്ജനയുടെ വരികൾക്ക് മുന്നിൽ ഭദ്ര കണ്ണും കാതും നീട്ടിയിരുന്നു,
"രതിയിൽ ഏർപ്പെട്ടിരിക്കുന്ന ദമ്പതികൾക്ക് മുകളിൽ നഗ്നയായി സ്വന്തം തല വാളുകൊണ്ട് ഛേദിച്ച് ഉന്മാദനൃത്തം നടത്തുന്ന കാളീ രൂപമാണ് ചിന്നമസ്ത. രതിയുടെ ദേവതയാണ് കാളി, ഉന്മാദത്തിന്റെയും ആനന്ദത്തിന്റെയും പരകോടി. ദേവി രതിയിൽ സംതൃപ്തിപ്പെടുത്താൻ ആരെക്കൊണ്ടും ആകില്ലെന്നാണ് പറയപ്പെടുന്നത്. പക്ഷെ സഹസ്രരതിയാണ് ദേവി. എപ്പോഴും രതിയുടെ ഉന്മാദം കൊണ്ട് താണ്ഡവമാടുന്നവൾ. അതിൽ നിന്നും എന്തിനുമുള്ള ഊർജ്ജത്തെ സ്വീകരിക്കുന്നവൾ..."-
അഞ്ജനയുടെ വാക്കുകളുടെ കൗതുകം മെല്ലെ യാഥാർഥ്യത്തിലേയ്ക്ക് മാറുന്നതിന്റെ തിരിച്ചറിവിൽ ഭദ്ര വീണ്ടും കാളീഘട്ടിലെ ഭയാനകമായ രൂപത്തിലേയ്ക്കും അച്ഛന്റെ മുടിയേറ്റിലെ കാളീ ഭാവത്തിലേയ്ക്കും പലവുരു യാത്ര ചെയ്തു...
ജീവിതത്തിൽ ഒരിക്കലും സദാചാരം എന്നത് ആവശ്യമായ ഒന്നാണെന്ന് തോന്നിയിട്ടില്ല, പക്ഷെ ബസിൽ വച്ച് മാറിൽ തൊട്ട ഒരുവന്റെ കൈവെള്ളയിൽ ഷോളിൽ നിന്ന് പിന്നൂരി കുത്തി നോവിച്ചത് മറന്നിട്ടില്ല.. അപരിചിതനായ ഒരു ആണിന്റെ വിരലുകൾ തൊടുമ്പോൾ പുഴു അരിക്കുന്നതുപോലെയുള്ള തോന്നലുകൾ... ആ ചിന്തകളിൽ നിന്നും വൃത്തികെട്ട ഗന്ധങ്ങൾ വരെയുള്ള തെരുവുകളിൽ ജീവിക്കുന്ന പുരുഷന്മാരെ പ്രാപിക്കുന്ന ഒരുവളിലേക്കുള്ള ദൂരം എത്രയാണ്...
പക്ഷെ ഒരു സ്പർശത്തിൽ നിന്നും ഇരമ്പിക്കയറി വന്ന ലഹരിയുടെ സ്വാദ് ഇതുവരെ ഇറങ്ങിപ്പോയിട്ടില്ല. കാളീഘട്ടിലെ കാളിയുടെ വിഗ്രഹത്തിൽ നിന്നും ലഭിച്ച അദൃശ്യമായ ചോദനകൾ ശരീരവും മനസ്സും വിട്ടു പോകുന്നില്ല...
എത്ര ആറാടിയിട്ടും എത്താൻ കഴിയാത്ത ആനന്ദങ്ങളുടെ ദൂരങ്ങൾ... ഒരാണിനും സംതൃപ്തിപ്പെടുത്താൻ കഴിയാത്ത രതിയുടെ വിസ്ഫോടനങ്ങൾ...
ജന്മം മുഴുവൻ ഈ പതിമൂന്നാം നമ്പർ കട്ടിലിന്റെ ഉടമ താനാകുമോ....
ഭദ്രയ്ക്ക് എന്തുകൊണ്ടോ കരയാൻ തോന്നി.
പെട്ടെന്ന് ആത്മാവിൽ നിന്നിറങ്ങിപ്പോയ ഒരു നിശബ്ദ സ്നേഹം ദൂരെ നിന്ന് കരയിപ്പിക്കുന്നു...
പിയാൽ മായുടെ കെട്ടിടത്തിൽ വന്നു രണ്ടാമത്തെ ദിവസം അങ്ങനെ ആദ്യമായി ഭദ്ര കരഞ്ഞു. ഇളകിയാർത്ത നിമിഷങ്ങളെ കുറിച്ചോർത്തല്ല... അനിശ്ചിതത്വത്തിന്റെ ഇടവേളകളെ കുറിച്ചോർത്ത്... 
പിന്നെ എവിടെയെന്നറിയാതെ തന്നെയോർത്തുരുകുന്ന ഒരു സ്നേഹത്തെ കുറിച്ചോർത്തും...

പതിമൂന്നാം നമ്പർ കട്ടിൽ 26ചില സമയങ്ങളിൽ മനുഷ്യർ വെറും നമ്പറുകളായി മാത്രം മാറിപ്പോകുന്നുവല്ലോ.. ജയിലുകളിൽ, ഭ്രാന്താശുപത്രിയിലെ മുറികളിൽ ഇപ്പോൾ... ഇവിടെയും...
വസ്ത്രം പോലും മാറാതെ ഒരു കോസടിയും നിറമില്ലാത്ത വിരിപ്പുമുള്ള കട്ടിലിനു മുകളിൽ ഇരിക്കുമ്പോൾ ഭദ്രയോർത്തു. ഓരോ കട്ടിലിനും ഓരോ നമ്പറുണ്ട്, ഇവിടെ ഒരു മുറി കൈവശപ്പെടുന്നതോടെ ഒരു പെണ്ണ് വെറും നമ്പർ മാത്രമായിപ്പോകുന്നു. പതിമൂന്നാം നമ്പർ കട്ടിലിൽ ഇതിനു മുൻപ് കിടന്ന പെൺകുട്ടിയുടെ നീളമില്ലാത്ത കനത്ത മുടിയിഴകൾ ഇപ്പോഴും നിലത്തുണ്ട്. ഉണങ്ങിക്കരിഞ്ഞ മുല്ലപ്പൂക്കളുടെ ഗന്ധം മുറിയ്ക്കുമുണ്ട്. വന്നവർ വാങ്ങി കൊടുത്തതാകാം, അല്ലെങ്കിൽ അവൾ തന്നെ വാങ്ങിയതുമാകാം. 
ഭദ്ര വീണ്ടും പണ്ട് കിട്ടിയ പ്രണയലേഖനത്തിലെ വരികളിലേയ്ക്ക് നോക്കി. കയ്യിലുള്ള ചെറിയ ബാഗിൽ അത്യാവശ്യം വസ്ത്രങ്ങൾ മാത്രമേയുള്ളൂ, ഡയറിയും പഴയ കുറെ കത്തുകളുമൊക്കെയുണ്ടായിരുന്ന ഡയറി സരോദിന്റെ കയ്യിലാണ്. അവൻ രക്ഷപെട്ടിട്ടുണ്ടാകുമോ? അവന്റെ പ്രണയം മടക്കി വിളിക്കുന്നുണ്ടെന്നും അത് എന്നേ നെഞ്ചിൻ കൂടുപൊളിച്ച് അകത്തിരുന്നതാണെന്നും അറിയാമെങ്കിലും ആരോ ചെയ്യിക്കുന്ന കാര്യങ്ങളിലേയ്ക്ക് അവനെ കൊണ്ടിടരുതെന്നു തോന്നിയതുകൊണ്ടാണ് വഴക്കുണ്ടാക്കി അവനെ പുറത്താക്കിയത്. അവനെവിടെയുണ്ടാകും... മടങ്ങിപ്പോയിട്ടുണ്ടാകുമോ?
സരോദിനോടാണ് ആദ്യമായി പിന്നാലെ നടന്ന ഒരു പയ്യനെ കുറിച്ച് പറയുന്നത്. സ്‌കൂളിലെ പ്രണയലേഖനങ്ങളുടെയും പിറകിൽ അവനായിരുന്നു. എത്ര നിഷ്കളങ്കമായാണ് കുട്ടികൾ പ്രണയിക്കുന്നതല്ലേ ഭദ്രേ... നമുക്ക് അത്ര കളങ്കമില്ലാത്തവരാകാൻ കഴിയുന്നേയില്ലല്ലോ, എന്ന് അന്നത്തെ ആ കത്ത് പിന്നീട് വായിച്ച് സരോദ് പറഞ്ഞു.
"നീ വരുന്ന വഴികളിൽ ഞാനൊരു തണൽ മരം..
നീ പൂക്കുന്ന ചില്ലകളിൽ ഞാനൊരു ഇല മാത്രം...
നിന്റെ നിഴലായി നടക്കാൻ എപ്പോഴും കൊതിയുണ്ട്. 
ഒരിക്കൽ നീ ഞാൻ കൊണ്ട് വരുന്ന ചോറുപൊതിയഴിച്ച് അതിൽ 'അമ്മ എനിക്കായി മാത്രം തന്നു വിടുന്ന പുളിയുള്ള നെല്ലിക്ക എടുക്കണം, അത് പാതി നീ കടിച്ച് മറ്റേ പാതി എനിക്ക് തരണം... കയ്പ്പ് മധുരമായി മാറുമെന്ന് ടീച്ചർ ക്ലാസ്സിൽ പറഞ്ഞത് നിനക്കോർമ്മയില്ലേ... എനിക്ക് തോന്നുന്നത് കൈപ്പൻ നെല്ലിക്ക മധുരിക്കണമെങ്കിൽ അതിന്റെ ഒരറ്റത്ത് നിന്റെ സ്നേഹത്തിന്റെ മുറിവുണ്ടാകണമെന്നാണ്..."
ഭദ്രേ , എടൊ, ഇത്രയും ആഴത്തിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന ഒരു പയ്യനെഴുതാൻ കഴിയുമോ...-
"കഴിയും സരോ... അവൻ മിടുക്കനായിരുന്നു. കവിയാക്കപ്പെട്ടവൻ...
ഭദ്രയുടെ സ്‌കൂൾ കവിതകൾക്ക് മുകളിലേക്കാണ് ഹിയാൻജി വന്നെത്തിയത്. 
"ദീദി , നിങ്ങളുടെ ആദ്യത്തെ അതിഥി, ഞങ്ങളുടെ എന്നത്തേയും ആദ്യത്തെ അതിഥി"- എന്ന് പരിചയപ്പെടുത്തി സാരിത്തുമ്പ് മുൻപിലേയ്ക്കിട്ട പെൺകുട്ടി നടന്നു മറയുമ്പോൾ ഹിയാൻജിയുടെ കണ്ണുകളിലെ ഭ്രാന്തിന്റെ ചങ്ങലക്കിലുക്കം ഭദ്ര കേട്ടു.
ഭദ്രയെ അടിമുടി നോക്കിയ ഹിയാൻജി ഒന്ന് ഊറിച്ചിരിച്ചു.
"എന്താ താങ്കൾ ചിരിക്കുന്നത്..."- ഉള്ളിലെ പത്രക്കാരിയ്ക്ക് ചോദിക്കാതിരിക്കാനായില്ല..
"ഒന്നുമില്ല പെണ്ണെ... നീ പതിമൂന്നാംകാരിയായല്ലോ... ഇതിനു മുൻപിവിടെ ഉണ്ടായിരുന്നവൾ എന്റെ ഇഷ്ടക്കാരിയായിരുന്നു. ഇന്നലെ വന്ന അവളുടെ സ്ഥിരക്കാരനായ ഒരുത്തനെ കണ്ടപ്പോൾ അവൾക്ക് ഇവിടുന്ന് പോണം പോലും...പാവം... പോയി... അവനും പോയി, അവളും പോയി... പോയി... എവിടെയോ, എന്നെന്നേയ്ക്കുമായി പോയി.. ഹഹഹ..."
ആദ്യമായി വന്നു കയറുന്ന സ്ത്രീകൾക്ക് നൽകുന്ന ഒരു ഇഞ്ചക്ഷന്റെ എരിവിൽ ഭദ്ര ഒന്ന് വിറച്ചു. പക്ഷെ അവൾ പെട്ടെന്ന് തന്നെ അയാളിലേക്ക് മടങ്ങിയെത്തി.
"നിങ്ങൾ വിഷമിക്കണ്ട സാർ. എനിക്ക് എങ്ങോട്ടും പോകേണ്ടതില്ല. ഇവിടെയുണ്ടാകും... എനിക്കും നിങ്ങൾക്കും മടുക്കുന്നതുവരെ..."-
"മിടുക്കി...നിനക്ക് വല്ലാത്ത വിയർപ്പിന്റെ മണമുണ്ട്... ആ ഉടുപ്പങ്ങു  ഒരിക്കളഞ്ഞേക്കൂ... അതിട്ടു നിന്നാൽ മണം എവിടെയോ തട്ടിത്തടഞ്ഞു നിൽക്കും ..."
"തട്ടിത്തടയാൻ നിൽക്കണ്ട സാർ, ഗന്ധങ്ങളൊക്കെയും നിങ്ങളുടേത് തന്നെയാണ്..."
ലൂസായ ടോപ്പും പൈജാമയും ഉൾവസ്ത്രവും അഴിച്ചു വച്ചപ്പോൾ സ്വാതന്ത്ര്യത്തിന്റെ വെള്ള മേഘങ്ങൾ പറക്കുന്നുണ്ടെന്നു അവൾക്കു തോന്നി. മുൻപിൽ നിൽക്കുന്നത് ഏതോ അപരിചിതനാണെന്നും ഇവിടെ വരുന്നതിനു തൊട്ടു മുൻപ് വരെ അപരിചിതമായ ഒരു സ്പർശം പോലും ഉണ്ടാക്കിയിരുന്ന പാമ്പിഴച്ചിലുകൾ തനിയ്ക്ക് നഷ്ടമായതായും അവളറിഞ്ഞു. ഉന്മാദത്തിന്റെ നേർത്ത മഴകൾ ഉള്ളിൽ പെയ്തു തുടങ്ങുന്നുണ്ട്.
ശലഭങ്ങളുടെ പൂങ്കാവനം പൂക്കൾ വിടരാൻ കാത്തിരിക്കുന്നു.
ആദ്യമായി നഗ്നമായ ഉടലോടെ ഒരാളുടെ മുന്നിൽ നിൽക്കുകയാണെന്നോ , ആദ്യമായി ഒരാണിന് മുന്നിൽ പൂത്തുലഞ്ഞു നിൽക്കുകയാണെന്നോ അവൾക്കു തോന്നിയില്ല. ജന്മങ്ങളേറെയായി ഉന്മാദത്തിൽ നടന്നിരുന്ന ഒരുവളുടെ ഭ്രാന്തുകളിലേയ്ക്ക് മുഖമില്ലാത്ത വെറുമൊരു ഉടൽ വന്നു നിന്ന പോലെ അവൾക്കു തോന്നിയുള്ളൂ. 
ആണുടലിന്റെ ഗന്ധം...
അവളുടെ തീക്ഷ്ണമായ കണ്ണുകൾ കണ്ട അയാൾക്ക് ഭയം തോന്നി. ക്ഷേ അവളുടെ ശരീരത്തിന്റെ കടലുകളിൽ അയാൾ തോണിയാകാനും മുങ്ങിമരിക്കുന്നവനാകാനും കൊതിച്ചു. 
ഭദ്രയാണ് ഹിയാൻജിയെ വലിച്ച് പതിമൂന്നാം നമ്പർ കട്ടിലിലെ കോസടിയിലേയ്ക്കിട്ടത്.
അയാളുടെ വിരലുകൾ പ്രവർത്തിക്കുന്നതിന് മുൻപ് അവളുടെ ശരീരം പ്രവർത്തിച്ചു തുടങ്ങിയിരുന്നു. ചുണ്ടുകൾ കൊണ്ട് അയാളുടെ ചുണ്ടുകളിലൊഴിച്ച് അവൾ ഹിയാൻജിയുടെ ഉടലിൽ മുഴുവൻ ഓടി നടന്നു. വിറയ്ക്കുകയായിരുന്നു ഭദ്രായപ്പോൾ. ഒന്നും ചെയ്യാതെ ഇത്രനാളില്ലാത്ത പാരാവശ്യത്തോടെ കട്ടിലിൽ തളർന്നെന്ന പോലെ കിടക്കുമ്പോഴും അയാളുടെ ആണത്തം ഉയർന്നു തെളിഞ്ഞു നിന്നു. ഹിയാൻജിയുടെ ഉടലിന്റെ മുകളിൽ അവൾ കയറി നിന്നു. പിന്നെ അയാളിലേക്ക് ആഴ്ന്നിറങ്ങുകയും അയാളെ മെതിക്കുകയും ചെയ്തു. മുടിയഴിച്ചിട്ട ഭദ്രയുടെ രൂപം കാണുന്തോറും അയാൾക്ക് തെരുവിന്റെ മുന്നിലെ നഗ്നയായ കാളിയെ ഓർമ്മ വരികയും അവളെ ഏറ്റവും ഭക്തിയോടെ സ്വീകരിക്കുകയും ചെയ്തു. ജീവിതത്തിലെ ആദ്യ അനുഭവങ്ങളിലേക്ക് അയാൾ തളർന്നു ഒടിഞ്ഞു വീണപ്പോഴും വീണ്ടും വീണ്ടും അയാളിലെ ആണത്തത്തിലേയ്ക്ക് നോക്കി അവൾ പരിഹസിക്കുകയും ചെയ്തു. അവസാനിക്കാത്ത അവളുടെ ഉന്മാദത്തിന്റെ ഭ്രാന്തുകൾ കണ്ടു ഹിയാൻജി കിടക്കയിൽ ബോധം കെട്ടു വീണു. 

ആനന്ദങ്ങളുടെ ഒച്ചകൾ 25


മുന്നിലേയ്ക്ക് സാരിയുടെ തുമ്പ് വലിച്ചിട്ട ചാരക്കണ്ണുള്ള ഒരു പെൺകുട്ടി ചൂണ്ടി കാണിച്ച വഴിയിലൂടെ തനിയ്ക്കായി നിർദ്ദേശിക്കപ്പെട്ട മുറിയിലേയ്ക്ക് നടക്കുമ്പോൾ ഒപ്പം വന്ന പെൺകുട്ടിയോട് ഭദ്ര മിണ്ടാൻ ശ്രമിച്ചു. പുതിയതായി എത്തിയ അതിഥി കരയാതെയും ബഹളം വയ്ക്കാതെയും ഒപ്പം നടക്കുന്നത് കണ്ടിട്ടാവണം അവളുടെ കണ്ണിൽ അദ്‌ഭുതമുണ്ടായിരുന്നത് ഭദ്ര കണ്ടു പിടിച്ചു. വരട്ടെ പതുക്കെ പരിചയപ്പെടാം. മുറികളൊന്നുമായിരുന്നില്ല ഒന്നും. കൂടുകൾ. കിളികൾ നിർമ്മിച്ചെടുത്ത ചെറു കൂടുകൾ പോലെ മുറികൾ... നടന്നു പോകുന്ന വഴികളിൽ നിന്നും ഭിത്തികൾ പോലും പുറപ്പെടുവിക്കുന്നത് രതിയുടെ സീൽക്കാരമാണെന്നു ഭദ്രയ്ക്ക് തോന്നി. പല മുറികൾക്കും മറവുകളില്ല, അവിടെയൊക്കെ പുരുഷന്റെ അടിയിലെവിടെയോ വെറും മരപ്പാവയായി കിടന്നു കൊടുക്കുന്ന പെണ്ണിന്റെ സീൽക്കാരങ്ങൾക്ക് ഒട്ടും ഭംഗിയില്ല. ആവർത്തിച്ച് പഴകിയ ഒച്ചകൾ... എന്തിനോ വെറുതെ മുഴക്കപ്പെടുന്ന ഒച്ചകൾ..
കാഴ്ചകൾക്കും ഭംഗിയില്ലെന്ന് അവൾക്ക് തോന്നി. മറകൾക്കപ്പുറം പോലും അടിമകളാക്കപ്പെട്ട പെണ്ണുങ്ങൾ ശരീരം നഷ്ടപ്പെട്ടു കിടക്കുന്നതു പോലെ അവൾക്കു തോന്നി. എതിരെ കടന്നു പോയ സ്ത്രീകളുടെ മുഖത്ത് ഒട്ടിച്ച് വച്ച ചിരികൾക്കപ്പുറം ചുവന്ന ചുണ്ടുകൾക്കുള്ളിൽ നിന്നും നിശബ്ദമാക്കപ്പെടുന്ന സന്തോഷങ്ങൾ കാണാൻ കഴിഞ്ഞു.
ആണിന്റെ സന്തോഷങ്ങൾക്കായി വെറുതെ മുഴങ്ങുന്ന ഒച്ചകൾ...
എന്നോ കണ്ട ഒരു സിനിമയുടെ റീലുകൾ ഭദ്രയിലേയ്ക്ക് മറിഞ്ഞു മറിഞ്ഞെത്തി. മുകളിലേയ്ക്ക് മറിഞ്ഞു രതിയാസ്വദിക്കുന്ന പുരുഷന്റെ തലയ്ക്കു മീതെ ഇഷ്ടമുള്ള പുസ്തകം വായിച്ച് സീൽക്കാരം പുറപ്പെടുവിക്കുന്ന പെണ്ണിന്റെ സറ്റയർ എത്ര മനോഹരമായാണ് ആ സംവിധായകൻ വരച്ചു വച്ചത്. 
ലോകത്ത് ഏറ്റവുമധികം കൊലപാതകങ്ങളും അതിക്രമങ്ങളും നടക്കുന്നത് പെണ്ണിന് വേണ്ടിയാണ്! അവളുടെ പ്രണയത്തിലൂടെ മനസ്സിൽ നിന്നും ശരീരത്തിലേയ്ക്ക് തുറക്കുന്ന ഒരു പാലം ആദ്യം പുരുഷൻ കണ്ടെത്തുന്നു. വാക്കുകൾ കൊണ്ടും അവന്റെ സ്വപ്‌നങ്ങൾ തീർത്ത ചുണ്ടുകൾ കൊണ്ടും, പാലം തകർക്കപ്പെടുമ്പോൾ പിന്നെയവൾ മനസ്സും ഉടലും നഷ്ടപ്പെട്ടവളാകുന്നു. പിന്നെയവൻ എങ്ങോട്ടു വിളിച്ചാലും അവൾ കൈപ്പിടിയിൽ ഒതുങ്ങുന്ന പൂവ് മാത്രമാകുന്നു. വ്യക്തിത്വം മരവിച്ചവൾ... പെണ്ണത്തം നഷ്ടപ്പെടുത്തിയവൾ...
ആണിന്റേതായവൾ എന്ന പേരിനപ്പുറം സ്വന്തമായി പേരില്ലാത്തവൾ...
"രതികിഷൻ , നിനക്കവളെ എങ്ങനെ പരിചയം എന്നാണു പറഞ്ഞത്?"
പിയാൽ മായ്ക്ക് അപ്പോഴും സംശയങ്ങൾ തീർന്നിട്ടുണ്ടായിരുന്നില്ല. ഭദ്രയെ മുറിയിലേയ്ക്ക് പറഞ്ഞയക്കുമ്പോൾ അവളുടെ പിൻ ഉടൽ വടിവുകളിൽ പിയാൽ മാ പതറിപ്പോയെങ്കിലും ആധി കയറിക്കൂടിയത് പോലെ. 
എത്രയെത്ര സ്ത്രീകളാണ് ഈ മുറിയിൽ വന്നു നിന്നിട്ടുള്ളത്. രതിൻകിഷനെ സോനാഗാച്ചിയെ പോലെയല്ല വിധവാ തെരുവ്.പതിനായിരക്കണക്കിന് സ്ത്രീകൾ ഇവിടെയില്ല, ഉള്ളത് ആയിരത്തിനടുത്തുള്ള സ്ത്രീകൾ മാത്രം. പലരും പല നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും കുടുംബങ്ങളിൽ നിന്നും വിധവകളാക്കപ്പെട്ട് വന്നവർ,. ദേവദാസികളാക്കപ്പെട്ടു ഒടുവിൽ എല്ലാവരാലും കയ്യൊഴിയപ്പെട്ട വന്നവർ, ഇതൊന്നുമലലതെയും ഭക്ഷണം തേടി വന്നവർ... എത്രയോ പിമ്പുകൾ അവർക്കൊപ്പം നിന്നിട്ടുണ്ട്. 
കണ്ണീർ തോർന്ന് നിശ്ശബ്ദരാക്കപ്പെട്ട സ്ത്രീകളും കണ്ണീരോടെ ശപിച്ചു അലറിക്കരഞ്ഞ സ്ത്രീകളും ഓടി രക്ഷപെടാൻ ശ്രമിച്ച് മർദ്ദിക്കപ്പെട്ട് അവശയാക്കപ്പെട്ട സ്ത്രീകളുമുണ്ട്. പക്ഷെ അവരുടെയൊക്കെ പിന്നിൽ വിശന്നു കുഴിഞ്ഞൊട്ടിയ വയറുകളും കരയുന്ന കണ്ണുകളുമുണ്ടായിരുന്നു. ആദ്യമായാണ് ആണിനെ പോലെ സുഖമന്വേഷിച്ച് ഒരു പെണ്ണ്...
"അവളോടൊപ്പം ഒരുത്തനുണ്ടായിരുന്നുമാ... പക്ഷെ അയാൾ അവളെ പിന്നോട്ട് വിളിക്കുന്നുണ്ടായിരുന്നു, അവൾ നിർബന്ധിച്ചാണ് അയാളെ പുറത്താക്കിയതും ഇങ്ങോട്ടു കൊണ്ട് വന്നതും കുഴപ്പം തോന്നുന്നുണ്ടോ മാ... ഹിയാൻജിയെ അറിയിക്കട്ടെ? പുതിയ ഒരുത്തി വന്നാൽ ആദ്യം..."
രതിൻകിഷന്റെ ചോദ്യത്തിന് പിയാൽ മാ നീട്ടി മൂളി. പക്ഷെ ഹിയാൻജിയോട് അവളെ കുറിച്ച് എന്ത് പറയുമെന്ന ആധിയിൽ അവൾ മൂടിപ്പോയി.
ആവേശം തോന്നുന്ന സ്ത്രീ ശരീരങ്ങളിൽ ദൂരങ്ങൾ നിസ്സാരമാക്കിയവനാണ് ഹിയാൻജി. ഒപ്പം തന്റെ വീടിന്റെ ഉടമയും. മാസം തോറും പിരിക്കാനെത്തുന്ന ഹിയാൻജിയുടെ സേവകർക്കു പോലും വേണം വാടക തരാതെ സ്ത്രീ ശരീരങ്ങളെ. പുതിയതായി എത്തുന്ന പെൺ ശരീരങ്ങളും അയാൾക്കുള്ളതാണ്, ഹിയാൻ ജിയ്ക്ക്.
പിയാൽ മായ്ക്ക് പേടിയുള്ള ഒരേ ഒരാൾ ഹിയാൻജി ആണെന്ന് രതിൻകിഷന് നന്നായി അറിയാമായിരുന്നു.
ഒരു ഫോൺ വിളിയുടെ ദൂരത്തിനുള്ളിൽ അയാൾ ഉണ്ടായിരുന്നു താനും. മിനിട്ടുകൾക്കകം ഹിയാൻജി മുറിയിലെത്തിയപ്പോൾ പിയാൽ മായ്ക്ക് പുച്ഛവും സഹതാപവും ഉള്ളിൽ ഒന്നിച്ചുണ്ടായി.
സുന്ദരിയായ ഭാര്യയുടെ വിയർപ്പിൽ അയാൾ ഒട്ടാറില്ല. മറ്റു സ്ത്രീകളിലാണ് കമ്പം. ഇപ്പോഴും മാസത്തിലൊരിക്കൽ തന്നോടുള്ള കമ്പം കാണിക്കൽ അവസാനിക്കുക വളരെ മൃഗീയമായ അതിക്രമത്തിലാണ്. ആദ്യം അയാളോടൊപ്പം കിടക്കുന്ന സ്ത്രീകൾ പിന്നെ എന്തും സഹിക്കാൻ പ്രാപ്തരാകുമെന്നതാണ് അനുഭവം. 
ഭദ്ര എല്ലാം അറിഞ്ഞുകൊണ്ടാണ് വന്നതെന്നും എല്ലാം അനുഭവിക്കാനാണ് വന്നതെന്നും പിയാൽ മാ അയാളോട് പറഞ്ഞില്ല. പകരം അവളുടെ മുറിയിലേയ്ക്ക് അയാളെ ആനയിക്കാൻ ഭദ്രയെ മുറിയിലെത്തിച്ച പെൺകുട്ടിയെ നിയോഗിച്ചു. 

നടന്നു തീരാത്ത വഴികൾ 24


നടന്നിട്ടും നടന്നിട്ടും തീരാതെ ഭദ്രയുടെ മുന്നിൽ വഴികൾ ചുവന്നും കറുത്തും മഞ്ഞിച്ചും ഒക്കെ മാറി മാറി വന്നു. ഒപ്പം നടക്കുന്നയാളുടെ രൂപം അവൾ പഠിക്കുന്നുണ്ടായിരുന്നു, ഏതോ വേശ്യാലയ ഉടമസ്ഥയുടെ പിന്നാമ്പുറത്തുകാരനാകാം. തടിച്ച ഉടലിനോട് ഒട്ടും യോജിക്കാത്ത തരത്തിലുള്ള തൂവെള്ള നിറമുള്ള ഇറക്കമുള്ള ഷർട്ടും ധോത്തിയും. ഇരുണ്ട നിറമുള്ളതുകൊണ്ടല്ല വെളുപ്പ് അയാൾക്ക് യോജിക്കാത്തതെന്ന് ഭദ്രയ്ക്ക് തോന്നി. മുഖത്തെ നീണ്ടു കൂർത്ത മീശയുടെ അഗ്രങ്ങൾക്ക് വസ്ത്രത്തിന്റെ ലാളിത്യം യോജിക്കുന്നതേയില്ല. അല്ലെങ്കിലും സ്വയം യോജിക്കുന്ന വസ്ത്രം ലോകത്ത് എത്രപേർ ഉപയോഗിക്കുന്നുണ്ടാകാം!
പഞ്ചായത്ത് ഇലക്ഷന്റെയന്നു നാട്ടിൽ തറവാട്ടിൽ കയറി വന്ന വെളുത്ത ഷർട്ടിട്ട മനുഷ്യന്റെ മുഖം ഭദ്ര ഒരിക്കലും മറക്കുമായിരുന്നില്ല, അതിനും രണ്ടു വർഷങ്ങൾക്കു മുൻപ് കടുത്ത നിറമുള്ള മുണ്ടുടുത്ത് അയാൾ അവളെ കാത്തു നിന്നിരുന്ന ആ ദിവസവും അവൾ മറന്നിരുന്നില്ല. സ്‌കൂളിൽ നിന്നും വീട്ടിലേയ്ക്കുള്ള ഇടവഴി കയറിയതും ഉടുത്തിരുന്ന മുണ്ട് അയാൾ അവൾക്കു മുന്നിലേയ്ക്ക് ഉരിഞ്ഞെറിഞ്ഞു. 
ഇതാണോ ആണ്...
അവൾക്ക് ഉറക്കെ നിലവിളിക്കാനും അയാളെ കല്ലെടുത്തെറിയാനും തോന്നി, പക്ഷെ വായിൽ നിന്നും ഹാ... എന്ന ഒച്ചയല്ലാതെ ഒന്നും വന്നതുമില്ല, കല്ലെടുക്കാൻ കൈ താഴ്ന്നതുമില്ല. തറഞ്ഞു നിന്നവൾക്കു മുന്നിലേയ്ക്ക് അയാൾ കൈവിരൽ കൊണ്ട് അയാളുടെ പുരുഷത്വത്തിൽ അതിശയങ്ങൾ കാണിച്ചു. ഉയർന്ന നെഞ്ചിടിപ്പുകൾക്ക് മുകളിലേയ്ക്ക് അയാളെ മറികടന്നു ഓടി നടന്നു വീട്ടിലേയ്ക്ക് ഉള്ള പടവുകൾ കയറുമ്പോൾ അവൾക്ക് കിതച്ചു. അന്ന് രണ്ടു തവണ അവൾ ഛർദ്ദിച്ചു. വീട്ടിലെത്തി ചൂട് ചായ കുടിക്കാൻ കയ്യിലെടുത്തതും ഇതുവരെ അറിയാത്ത എന്തൊക്കെയോ ഗന്ധങ്ങൾ വന്നു അവളെ ചൂഴുകയും അവൾക്ക് ആമാശയത്തിൽ നിന്നും അയാളോടുള്ള വെറുപ്പ് വായിലേയ്ക്ക് കയ്പു രുചിയിൽ എത്തുകയും ചെയ്തു. രാത്രി ഭക്ഷണം കഴിക്കാനിരുന്നപ്പോഴും അതെ അവസ്ഥ. അമ്മയുടെ നിരന്തരമായ ചോദ്യം ചെയ്യലിലും ഒന്നും പറയാനാവാത്തെ ഭദ്രയിരുന്നു. അന്ന് ഭക്ഷണം കഴിക്കാതെ അവൾ അയാളോട് ആത്മാവിനാൽ പ്രതികാരം ചെയ്തു. പിന്നെ അയാളെ കാണുന്നത് ഇലക്ഷന് സ്വയം വോട്ടു ചോദിക്കാനായിരുന്നു. 
വെളുത്ത നിറത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന എണ്ണിയാലൊടുങ്ങാത്ത നിറങ്ങളെ അപ്പോഴവൾക്ക് ഓർമ്മ വന്നു. വെളുത്ത ഷർട്ടിന്റെ ഉള്ളിലുമുണ്ടാകണം ചെളിയുടെ നിറമുള്ള മനുഷ്യ മനസ്സുകൾ... അവയൊന്നും തിരിച്ചറിയപ്പെടുന്നില്ലല്ലോ...!!!
തെരുവ് അവസാനിച്ചെന്ന് തോന്നിയ ഇടത്ത് വലതു വശത്തേയ്ക്ക് തിരിഞ്ഞു കണ്ട രണ്ടാമത്തെ വീട്ടിലേയ്ക്കു അയാളോടൊപ്പം അവൾ കയറി. അതുവരെ അയാൾ അവളോട് ഒന്നും ചോദിച്ചതേയില്ല. ചോദ്യങ്ങൾ അവൾ പ്രതീക്ഷിച്ചിരുന്നെങ്കിലും ഉത്തരങ്ങൾ അയാൾക്ക് ആവശ്യമില്ലെന്നുതോന്നി. അല്ലെങ്കിലും ഒരു മാംസ വിൽപ്പന ശാലയിൽ പെണ്ണിന്റെ ഉത്തരങ്ങൾക്കല്ലല്ലോ ഉടലിനല്ലേ വില. 
അവൾ സ്വയം പരിഹസിച്ചു. 
പേരറിയാത്ത ഏതോ പെർഫ്യൂമിന്റെ ഗന്ധമാണ് അവൾ നടന്നു കയറി ചെന്ന മുറിയ്ക്ക്. പതിനഞ്ചു വാൾട്ടിന്റെ ബൾബിനു കീഴിൽ തടിച്ചു കൊഴുത്ത മനുഷ്യർ വാക്കുകൾ കൈമാറുന്നു. 
ശരീരങ്ങൾ ലേലം വയ്ക്കുന്നു, തുകകൾ കൈമാറപ്പെടുന്നു, വെറും ശരീരം മാത്രമായിപ്പോയ പെണ്ണുങ്ങൾ വിപണി നോക്കി കാശുവാരാനുള്ള ചരക്കുകളായി തീർക്കപ്പെടുന്നു.
എണ്ണിയാലൊടുങ്ങാത്ത പെണ്ണുങ്ങളുടെ കണ്ണുനീർ വീണു പുകഞ്ഞു തുടങ്ങിയിരുന്നു ആ മുറിയെന്ന് ഭദ്രയ്ക്ക് തോന്നി. ഭിത്തിയുടെ പലയിടത്തും നരച്ചു തുടങ്ങിയ ചുവന്ന നിറം ഇളകി മാറി വെളുപ്പിലേയ്ക്ക് മാറിക്കഴിഞ്ഞു. ബാക്കിയുള്ളിടത്തെ ചുവപ്പ് നരച്ചു തുടങ്ങുന്നു. പെണ്ണിന്റെ കണ്ണുനീർ വീണാൽ കാലപ്പഴക്കമല്ല ഉള്ളുരുക്കമാണ് നരച്ച നിറങ്ങളിലേയ്ക്ക് കടുത്ത നിറങ്ങളെ മാറ്റിയെടുക്കുന്നത്. അവിടെ ചേർന്ന് നിന്നു എത്രപേർ ഉള്ളുരുക്കം നടത്തിയിട്ടുണ്ടാകാം! ഇതുവരെ തോന്നാത്ത അത്രയും ധൈര്യത്തിൽ നിന്നും സ്വയമറിയാതെയാണോ താൻ ഈ മുറിയിൽ എത്തിപ്പെട്ടത്? അറിയില്ല...
ഒന്ന് മാത്രം മനസ്സിലാകുന്നുണ്ട്...
മുന്നൊരുക്കങ്ങളില്ലാതെ നടത്തുന്ന ഈ മനസ്സിന്റെ കളികളിലേയ്ക്ക് തന്നെ ആരോ കൃത്യമായി നടത്തുന്നുണ്ട്... അപാരമായ ആത്മധൈര്യം നൽകുന്നുണ്ട്. മുറിയിലേയ്ക്ക് കടന്നു വരുന്ന വഴിയിൽ മൂടിപ്പൊതിഞ്ഞു നിന്ന വാർദ്ധക്യം ബാധിച്ചെന്നതുപോലെയുള്ള സ്ത്രീയുടെ കണ്ണുകളുടെ തിളക്കത്തിൽ നിന്നും മുറിയ്ക്കുള്ളിലെ മധ്യവയസ്സുള്ള വെളുത്തു സുന്ദരിയായ സ്ത്രീയുടെ കണ്ണുകളിലേക്കെത്തുമ്പോൾ ഒരു യുഗം കഴിഞ്ഞെത്തിയപോലെ. ടൈം മെഷീനിൽ കയറി സ്വന്തം വീട്ടിൽ നിന്നും അജ്ഞാതമായ ഒരു ലോകത്തിലേയ്ക്ക് യാത്ര പോയത് പോലെ... ആ മുറിയ്ക്കു പുറത്തുവരെ സ്വന്തം വീടിന്റെ സുരക്ഷിതത്വം ഭദ്രയ്ക്ക് വെറുതെ തോന്നിയിരുന്നു, ഇപ്പോൾ മനസ്സിൽ ഒടുങ്ങാത്ത കലി മാത്രമേയുള്ളൂവെന്നു അവൾക്ക് തോന്നി. ആരോട്.. എന്തെണെന്നറിയാത്ത കലി...
അതിന്റെ തുടക്കത്തിൽ തന്റെ നേർക്ക് ആണത്തം ഉയർത്തിയെടുത്ത് ഛർദ്ദിപ്പിച്ച ആ വെളുത്ത ഷർട്ടുകാരൻ മുതൽ തൊട്ടു മുന്നിൽ നടക്കുന്ന രതിൻകിഷൻ വരെയുണ്ട്.പിയാൽ മാ എന്ന് രതിൻകിഷൻ അടുത്ത് നിന്ന സ്ത്രീയെ വിളിക്കുമ്പോൾ അവൾ അയാളെ തിരികെ വിളിച്ചവിളിയിൽ നിന്നാണ് ഒപ്പം നടന്ന മനുഷ്യന്റെ പേര് ഭദ്രയ്ക്ക് കിട്ടിയത്. 
എത്ര മനോഹരമായ പേരാണ് ഈ ബംഗാളി സ്ത്രീകളുടെയും പുരുഷൻമാരുടെയും. ഒരു മലയാളി ഛായ ഉണ്ടെങ്കിലും നീണ്ട മൂക്കുണ്ട് ബംഗാളികൾക്ക്. എണ്ണയുടെ നിറമുള്ള സുന്ദരികളും സുന്ദരന്മാരും.
"നീയാരാണ്... വന്നു പെടുന്നവരല്ലാതെ പട്ടിണിയുടെ കഥ പറയാതെ ഇവിടേയ്ക്ക് വന്നു ചേരുന്നവർ കുറവാണ്... ആരാ നീ...?"
രതിൻകിഷൻ ചോദിക്കേണ്ട ചോദ്യം ചോദിച്ചത് പിയാൽ മായാണ്.
"ഇവിടെ കാണണമെന്ന തോന്നലിൽ തന്നെയാണ് വന്നത്. കേട്ടുപഴകിയ, വായിച്ചറിഞ്ഞ നിങ്ങളുടെ ശരീരം വിൽക്കുന്ന തെരുവ് കാണാൻ... പക്ഷെ എത്തിയപ്പോൾ ആണിന്റെ ആനന്ദത്തിനായി മാത്രം സ്വയം നഷ്ടപ്പെടുന്ന പെണ്ണുങ്ങളെ കാണുമ്പോൾ അവർക്കിടയിൽ വ്യത്യസ്തമായ ഒരുവൾ ആകണമെന്നൊരു തോന്നൽ..."-
ഭദ്രയുടെ വാക്കുകളിൽ പിയാൽ മാ അലറിച്ചിരിച്ചു.
"നീ പോലീസുകാരിയൊന്നുമല്ലല്ലോ അല്ലെ പെണ്ണെ... ! നീയാള് കൊള്ളാമല്ലോ..."
"സന്തോഷം പിയാൽ മാ..."- 
പേര് ചോദിക്കാതെ തന്റെ പേര് കണ്ടെത്തി ഉറക്കെ വിളിച്ചവളോട് പിയാൽ മാ ആദരവ് കാട്ടി.
"നീ കൊള്ളാം. ഇവിടെ ഞാനറിയാതെ പല പുനഃസംഘടനാ പെണ്ണുങ്ങൾ നടക്കുന്നുണ്ട്. എന്റെ പെണ്ണുങ്ങളെ, ഞാൻ വളർത്തുന്ന എന്റെ പെണ്ണുങ്ങളെ രക്ഷപെടുത്താൻ... അവളുമാരിലെങ്ങാനും പെട്ടവളാണോ മോളെ നീ..."
ചോദ്യത്തിനൊപ്പം പിയാൽ മായുടെ വിരലുകൾ അവളുടെ കവിളുകളിൽ ഇഴഞ്ഞു നടന്നു. 
"നീ സുന്ദരിയാണ്..."
എന്ന വാക്കും അവരിൽ നിന്നുണ്ടായി.
"ഞാൻ ഒരു സംഘടനയിലും പെട്ടവളല്ല. ആണല്ല, രതിയിൽ ആനന്ദമനുഭവിക്കുന്നത് സ്ത്രീ മാത്രമാണ്, അവളുടെ ആനന്ദങ്ങൾക്കപ്പുറം പുരുഷൻ വട്ട പൂജ്യമാണ്, എനിക്കത് കണ്ടെത്താൻ ഇവിടെ വരേണ്ടതുണ്ടായി...."-
ഭദ്രയുടെ മറുപടികളിൽ പിയാൽ മ വായ തുറന്നു നിന്നു. രതിൻകിഷന്റെ കണ്ണുകൾ അവളുടെ ശരീരത്തിൽ നിന്നും വാക്കുകളിലേക്ക് തറഞ്ഞു വീണു. ഇങ്ങനെ സംസാരിക്കുന്ന ഒരു പെണ്ണിനെ ആദ്യമായായിരുന്നു രതിങ്കിഷനും പിയാൽ മായും അവിടെ ഉണ്ടായിരുന്ന മറ്റുള്ളവരും കാണുന്നത്. 

ഏകാന്ത സങ്കടങ്ങളിൽ അവൻ 23

മധുരയിൽ നിന്നും ഒറ്റ മുലയുമായി ഇറങ്ങി നടന്ന കാളി ഏതൊക്കെ തെരുവുകളിൽ അലഞ്ഞു നടക്കുന്നുണ്ടാകും? പൂതലിച്ച സ്വപ്നങ്ങൾക്ക് മീതെ ഒന്നുമില്ലായ്മയുടെ ഭാരമില്ലായ്മ സരോദിന് അനുഭവപ്പെട്ടു. അവനപ്പോൾ കാളീഘട്ടിലേക്കുള്ള മടക്കയാത്രയിലായിരുന്നു. ഇനിയൊരിക്കൽ അവിടേയ്ക്ക് പോകണമെന്ന് കരുതിയതേയല്ല. സോനാഗച്ചിയിൽ നിന്നും വ്യത്യസ്തമായ വിധവാ തെരുവിന്റെ രണ്ടറ്റങ്ങളിലേക്കുള്ള നീണ്ട യാത്ര ,  കുറിച്ച് വയ്ക്കലുകൾ, മടക്കയാത്ര... അതായിരുന്നു മനസ്സിലെ പദ്ധതി. പശ്ചിമ ബംഗാളിന്റെ പല ഗ്രമങ്ങളിൽ നിന്നും ഭർത്താക്കന്മാർ മരിച്ചു വീട്ടുകാരാൽ ഉപേക്ഷിക്കപ്പെട്ടു , വിശപ്പിന്റെ ആമാശയ വിളികൾക്ക് പരിഹാരം തേടി 
എത്തപ്പെട്ട ആയിരക്കണക്കിന് പെണ്ണുങ്ങൾ നിറഞ്ഞ ഇടമാണ്, വിധവാ തെരുവ്. സതി അനുഷ്ഠിക്കുന്നതിന്റെ ഏറ്റവും നികൃഷ്ടമായ രൂപമാണിതെന്ന് ഭദ്ര എപ്പോഴൊക്കെയോ പരിചയപ്പെടുത്തിയത് ഓർക്കുന്നു. വിശപ്പാണ് ഏറ്റവും വലിയ ആശങ്കയും സങ്കടവും. വിശപ്പ് മൂത്തു മരിക്കാൻ വയ്യ... അതിലും ഭേദം ഉടൽ കൊടുത്തു നേടുന്ന ഇത്തിരി കാശിന്റെ ഗന്ധം തന്നെ.
ഉത്തരമില്ലാത്ത ഒരായിരം ചോദ്യങ്ങൾക്കിടയ്ക്കു നിന്നു പുകഞ്ഞു തീരുന്ന തലയ്ക്കുള്ളിലേയ്ക്ക് ഒന്നും കടന്നു വരുന്നില്ല. ചുറ്റുപാടും ആവശ്യപ്പെടുന്നു കാളീഘട്ടിലേയ്ക്ക് യാത്ര തിരിക്കാൻ.
പുസ്തകം കയ്യിൽ പിടിച്ച് ഭദ്ര ഇങ്ങോട്ടു വന്ന വഴിയ്ക്ക് ട്രെയിനിൽ ഇരുന്ന ഇരുപ്പാണ് സരോദിനപ്പൊൾ ഓർമ്മ വന്നത്.വായനയ്‌ക്കൊടുവിൽ അവൾ കണ്ണുകൾ തുറിപ്പിച്ച് ചോദിച്ചു. ഒരു നഗരം ചുട്ടു ചാമ്പലാക്കാൻ ഒരു പെണ്ണിന് കഴിയുമോ? അതും അവളുടെ ആത്മശക്തി കൊണ്ട്? ആ ചോദ്യം അവൾ പിന്നീട് ചോദിച്ചത് നിരഞ്ജൻ റായിയോട്.ഉത്തരം സ്വയം അവൾ കണ്ടെത്തിയെന്ന് ആദ്യത്തെ ചോദ്യത്തിനൊടുവിൽ പുഞ്ചിരിച്ചപ്പോൾ തന്നെ തോന്നിയിരുന്നില്ലേ? 
വഴിയിൽ അവൾ ആലോചിച്ചത് മുഴുവൻ ഏതൊക്കെയോ തെരുവിൽ അലഞ്ഞു നടക്കുന്ന അപമാനിതയും വിധവയും ഒറ്റപ്പെട്ടവളുമായ ഒരു സ്ത്രീയെ കുറിച്ചായിരുന്നിരിക്കില്ലേ? ഒന്നും ആലോചിക്കാനാകുന്നില്ല. ഹൃദയം ആഞ്ഞു മിടിച്ചുകൊണ്ടേയിരിക്കുന്നു. തലവേദന നിയന്ത്രിക്കാനാകുന്നതിനും അപ്പുറമാണ്. രാവിലെ ചുവന്ന തെരുവിന്റെ ഉള്ളിൽ കയറുന്നതിനു മുൻപ് ഭക്ഷണം കഴിച്ചതാണ്, പിന്നീട് ഈ രാത്രി വരെ ഒന്നും കഴിച്ചിട്ടില്ല. എത്ര നേരമാണ് നനഞ്ഞു കുഴഞ്ഞ ആ മണ്ണിൽ പുതഞ്ഞു കിടന്നത്!
തന്റെ ശരീരമല്ല അവളോടുള്ള പ്രണയമാണ് മണ്ണിൽ അറിയാതെ അനാഥത്വം പേറി അവിടെ കിടന്നതെന്നു മനസ്സിലാകുന്നുണ്ട്. പെണ്ണിന്റെ പ്രണയം അല്ലെങ്കിലും എപ്പോഴും സ്വപ്ന സമാനമാണ്. ഒരു സ്വപ്നം കണ്ടുണരുന്നത് പോലെ അവർക്ക് എന്നും പ്രണയത്തിലേയ്ക്ക് നീണ്ട യാത്രകൾ നടത്തണം. പ്രണയം ജീവിതവുമായി കൂട്ടിക്കെട്ടുന്ന പുരുഷനെ അവൾക്ക് ഒരു പരിധിയ്ക്കപ്പുറം സഹിക്കാനാവുന്നില്ല! അവനെപ്പോഴും അവളോടൊപ്പം സ്വപ്നത്തിലെ കടൽപ്പാലത്തിലൂടെ അവളുടെ കൈപിടിച്ച് നടക്കുന്നവൻ മാത്രമാകണം! എത്ര സങ്കൽപ്പലോകത്താണ് ഓരോ പെണ്ണും ജീവിക്കുന്നത്! അവനും അവളും സ്വപ്നങ്ങളും മാത്രമുള്ള അവളുടെ ലോകം. പാതിവഴിയിൽ വച്ച് സ്വപ്നത്തിൽ നിന്നു യാഥാർഥ്യത്തിലേയ്ക്ക് ഇറങ്ങിവരുന്ന പുരുഷന്റെ പ്രണയം പിന്നീടവൾക്കു മുന്നിൽ ഏകാന്തതയുടെ തുരുത്തുകളായി പരിണമിയ്ക്കപ്പെടും. അവനിറങ്ങിപ്പോയ വഴികളിലേക്ക് അവൾ വെറുതെ നോക്കി നിൽക്കും, ജീവിക്കാൻ വേണ്ടി വരുന്ന അവന്റെ പെടാപാടുകളിലേയ്ക്ക് അവൾ അട്ടഹസിച്ച് ചിരിക്കും, പിന്നെ നിനക്കെന്നോട് സ്നേഹമില്ലെന്നു കലമ്പിച്ച് ചിലപ്പോൾ എന്നെന്നേയ്ക്കുമായി ഇറങ്ങിപ്പോകും. 
ഭദ്ര ഇറങ്ങിപ്പോക്ക് നടത്തിയിരിക്കുന്നു...
ഇനി മടങ്ങിവരവുണ്ടാകുമോ...
തിരികെ നാട്ടിൽ ചെന്നാൽ ആരോട് എന്ത് പറയും? 
ഒരു തീരുമണവും എടുക്കാനാകുന്നില്ല, ആരോ നയിക്കുന്ന വഴിയിലൂടെ ദിക്കറിയാത്തെ നടക്കുന്നു എന്നല്ലാതെ ഒന്നുമറിയില്ല!
അവളെ കുറിച്ച് എല്ലാമറിയുന്നവനായിട്ടും അവളെ കുറിച്ച് ഒന്നുമറിയാത്തവനായിപ്പോയല്ലോ...
തിരികെയുള്ള വഴിയിൽ തലയിൽ കൈവച്ച് സരോദ് കരഞ്ഞുകൊണ്ടേയിരുന്നു.
അവന്റെ കരച്ചിലുകൾ അടുത്തൂടെ നടന്നു പോയവർ കണ്ടെങ്കിലും അവ്യക്തമായ ചോദ്യങ്ങളാൽ പോലും അവർ അപരജീവിതത്തിന്റെ ഭാഗമാകാൻ ശ്രമിച്ചില്ല. നഗരം ജീവിതം നഷ്ടപ്പെടുത്തുകയാണ്! അവനു തോന്നി.
ആരെങ്കിലും അടുത്തിരുന്നു തല നെഞ്ചോടു ചേർത്ത് പിടിച്ച്, ഈ കാണുന്നതൊക്കെയും ഭദ്രയുടെ സ്വപ്നങ്ങളായിരുന്നു എന്ന് പറഞ്ഞിരുന്നെങ്കിൽ...
ഒടുവിൽ താമസിക്കുന്ന റൂമിനുള്ളിൽ എത്തി ദിക്കും ദിശയും ലക്ഷ്യവുമറിയാതെ  ഇരുന്നു സരോദ്  സ്വയം ഘനീഭവിയ്ക്കപ്പെട്ടു.

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ 22

ചില തെരുവുകൾക്ക് പെണ്ണിന്റെ മണമാണ്.പട്ടുതുണിയിൽ പൊതിഞ്ഞു സൂക്ഷിച്ചാലും ഇടയ്ക്കിടയ്ക്ക് അഴിഞ്ഞു പോകുന്ന ചേലകൾ കൊണ്ട് ചുളുങ്ങി തുടങ്ങുന്ന മേനിവലിപ്പം മൂടാൻ ശ്രമിക്കുമ്പോൾ അവളിൽ നിന്നുമൊരു ഗന്ധമുയരും. ഓരോ പെണ്ണിനും ഓരോ ഗന്ധമാണ്. ആയിരക്കണക്കിന് പെണ്ണുങ്ങൾക്ക് ആയിരക്കണക്കിന് മണങ്ങൾ.. അത്തറിനെ പോലും തോൽപ്പിക്കുന്ന മണങ്ങൾ... ഓരോ ഉടലുകളിൽ നിന്നും ഇടയ്ക്കിടെ അത് വേർപെട്ടു തെരുവിലെ കറുത്ത കാളിയുടെ കുഞ്ഞു വിഗ്രഹത്തിൽ വന്നിരമ്പിയാർക്കും. തെരുവിന്റെ ഇടയിലെ അത്രയ്ക്കൊന്നും വലിപ്പമില്ലാത്ത മരത്തണലിൽ ആരോ മറന്നു വച്ച് പോയ പോലെയാണ് കാളീ രൂപം ഭദ്രയ്ക്ക് തോന്നിയത്. എവിടെ ചെന്നാലും വന്നു പൊതിയുന്ന ഒരു സ്ത്രൈണ ചേതന ഭദ്രയ്ക്ക് അവിടെയും അറിയാൻ കഴിഞ്ഞു. തറവാട്ടിലെ ഉത്സവ രാവുകളിൽ നിന്നും മുടിയേറ്റ് വേഷത്തിൽ അത് കൽക്കട്ടയിലെ തെരുവിൽ ആടിക്കളിക്കുന്നു.
ഒഴുകി പോകുന്ന എത്രയോ ആളുകളുടെയൊപ്പം ഭദ്രയും സരോദും പുഴ പോലെ നീങ്ങി. പലരും ഭദ്രയെ ശ്രദ്ധിക്കുന്നുണ്ടെന്നും അവളുടെ ശരീരത്തിലേയ്ക്ക് ആർത്തിയോടെ നോക്കുന്നുണ്ടെന്നും സരോയ്ക്ക് തോന്നിയതിനാൽ അവൻ അവളെ പരമാവധി ചേർത്ത് പിടിച്ചു. പക്ഷെ ഭദ്രയ്ക്ക് സരോയുടെ വിരലുകൾ എന്തോ പുഴുവരിക്കുന്നതു പോലെ അപ്പോൾ തോന്നിയതിനാൽ അവൾ പെട്ടെന്ന് അവന്റെ കൈ തട്ടിക്കളഞ്ഞു. 
ഇത്രയും ദൂരം ഒപ്പം വന്നവൾ തട്ടി മാറ്റിയ കൈകളിലേക്ക് സരോദ് പെട്ടെന്ന് പരിഭ്രമിച്ച് നോക്കി. ഇവൾക്കെന്താണ് പറ്റിയത്. അവൾക്ക് തരിമ്പും പേടിയില്ല, അല്ലെങ്കിലും എനിക്ക് പേടിയില്ലെന്ന് ഉറക്കെ പറയാൻ മിടുക്കിയാണവൾ, പക്ഷെ ഉള്ളിൽ ഒരായിരം പേടികളുടെ കരിങ്കല്ലുകൾ അവളെ സ്വയം ആഞ്ഞിടിച്ച് മുറിവേൽപ്പിക്കുന്നത് സരോദിനറിയാമായിരുന്നു, അല്ലെങ്കിൽ അവനേ അത് അറിയാമായിരുന്നുള്ളൂ.  
തെരുവിന്റെ മുക്കും മൂലയും അറിയുന്നത് പോലെ ഭദ്ര ആകാശം മുട്ടുന്നെന്ന് തോന്നിപ്പിച്ച കെട്ടിടങ്ങളുടെ ഇടയിലൂടെ നടക്കുമ്പോൾ ഒരായിരം പെണ്ണുങ്ങൾ അവൾക്കു ചുറ്റുമുണ്ടായി വന്നു.
പ്രധാന റോഡിൽ നിന്നും തെരുവിലേയ്ക്ക് കടക്കുമ്പോൾ എവിടെയും കണ്ടത് പോലെയുള്ള പെൺമുഖങ്ങൾ, ആൺമുഖങ്ങൾ, ഒരു വളവിനു ശേഷം പ്രധാന ഗലിയിലേയ്ക്ക് കടക്കുമ്പോൾ കണ്ണുകളിൽ കറുത്ത ജീവിതങ്ങളുടെ ഭാരം തൂക്കി മൂന്നാലു പെണ്ണുങ്ങളുടെ കൂട്ടം...
അവിടെ തുടങ്ങുന്നു തെരുവ്...
ഒരേ മുഖങ്ങളുള്ള ഒരായിരം പെണ്ണുങ്ങൾ...
ചുവന്ന ചുണ്ടുകൾക്കും കറുത്ത മഷിയിട്ട കണ്ണുകൾക്കുമിടയിലൂടെ അവർ സ്വയം വെള്ളമൊഴിച്ച് നനയ്ക്കപ്പെട്ട് വളരുന്നുണ്ടെന്നും ഓരോ രാത്രിയിലും ഉറക്കത്തിനു തൊട്ടു മുൻപ് പൂക്കൾ വാടാറുണ്ടെന്നും അവൾക്കു തോന്നി. സരോദിന്റെ വിരലുകളോ സങ്കടങ്ങളോ പിന്നെ ഭദ്രയെ തൊട്ടില്ല. പകരം അവൾ നടന്നു നീങ്ങുമ്പോൾ പിന്നിലേയ്ക്കായിപ്പോകുന്ന പെണ്ണുങ്ങളുടെ മുഖം മാത്രമേ അവളുടെ മുന്നിലുണ്ടായുള്ളൂ. ഓർമ്മകൾ ട്രെയിനിറങ്ങിയ സ്റ്റേഷനിൽ എവിടെയോ അവളെ ഉപേക്ഷിച്ച് പോവുകയും പിന്നെ അവൾ വർത്തമാനത്തിൽ ജീവിക്കാൻ തുടങ്ങുകയും ചെയ്തു. ഞെട്ടലിൽ നിന്നും മാറിയില്ലെങ്കിലും സരോദ് ബുദ്ധിമുട്ടി അവളുടെയൊപ്പം നടക്കാൻ പാടുപെട്ടു. എവിടെയാണ് എന്താണ് കാത്തിരിക്കുന്നതെന്ന് വലിയ നിശ്ചയമൊന്നുമില്ല. 
ഓരോ വലിയ കെട്ടിടങ്ങൾക്കുമിടയിൽ ഓരോ ഇടനാഴികളുണ്ട്, അവിടെ പതിഞ്ഞ മുഖമുള്ള കുട്ടികൾ കളിക്കുന്നു. അവർക്കും ഒരേ മുഖങ്ങൾ.
എതിരെ നടന്നു വരുന്ന കൂർത്ത മുഖമുള്ള പുരുഷന്മാർ തുറിച്ചും ആർത്തിയോടെയും നോക്കുന്നു. ഭദ്രയുടെ കണ്ണുകൾ അവരിലൊന്നും തറഞ്ഞു നിന്നതേയില്ല, നീണ്ടു കിടക്കുന്ന തെരുവിന്റെ ഒരറ്റത്ത് നിറങ്ങൾ തൂങ്ങിക്കിടക്കുന്ന കടയുടെ ഉള്ളിലേയ്ക്ക് അവൾ നടന്നു കയറി. അവൾക്ക് ദാഹിക്കുന്നുണ്ടായിരുന്നു. സരോദിന്റെ കയ്യിലുള്ള മിനറൽ വാട്ടർ കുപ്പി അവൾ ഓർത്തതുമില്ല, ആഗ്രഹിച്ചതുമില്ല. പാതി തുറന്ന കടയിലെ താറുടുത്ത മനുഷ്യന്റെ മുഖത്ത് നോക്കി അവൾ കുടിക്കാൻ എന്തെങ്കിലും കിട്ടുമോ എന്നന്വേഷിച്ചു. അയാൾക്കറിയേണ്ടത് അവർ ആരാണെന്നും എന്തിനു ഇവിടെ വന്നു എന്നുമായിരുന്നു.
വിധവാ തെരുവിനെ ചുറ്റി പറ്റി നിരവധി വിപണിയും കച്ചവടക്കാരുമുണ്ട്. ആകൃതിയിൽ തയ്ച്ചു വച്ച ബ്ലൗസുകളും സാരിയും മുത്തുമാലകളും അരഞ്ഞാണവും പാദസരവും തുടങ്ങി പുരുഷന്റെ കണ്ണിൽ നക്ഷത്രം പൂക്കുന്ന എന്തും തെരുവിൽ സുലഭം...
"അപ്പോൾ പെണ്ണിന്റെ ഹൃദയത്തിലെ നക്ഷത്രങ്ങളോ ചാച്ചാജി...", ഭദ്ര പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചത് കേട്ടു അയാൾ ഉറക്കെ ചിരിച്ചു.
"പെണ്ണുങ്ങൾക്കളെ നക്ഷത്രങ്ങളെ വിൽക്കാനാവൂ ബേട്ടി ..."-
ശരിയാണ്, ലോകത്ത് സ്ത്രീകൾക്കെ ആനന്ദമെന്ന നക്ഷത്രത്തെ വിൽക്കാനാകൂ.. അവളുടെ വിൽപ്പനയിൽ മതിമറക്കുന്നവൻ മാത്രമാണ് പുരുഷൻ. 
"പക്ഷെ വിൽപ്പനയിൽ ഒരിക്കലും അവൾ ആനന്ദിക്കപ്പെടുന്നതേയില്ലല്ലോ ചാച്ചാജി..."
"സന്തോഷിപ്പിക്കുന്നത് ചെറിയ കാര്യമല്ല ബേട്ടി..."-
അയാൾ സർബത്ത് എടുത്ത് ഇരുവർക്കും നൽകുമ്പോഴും സംശയമിയന്ന കണ്ണുകളോടെ അവളുടെ ഉടുപ്പിന്റെ വിടവുകളിലേയ്ക്ക് ആർത്തിയോടെ നോക്കുന്നത് കണ്ട് സരോദിന് ക്ഷമ കേട്ടു.
"നിനക്ക് ഇത് ശരിയാവില്ല, ഭദ്ര, വാ നമുക്ക് തിരികെ പോകാം... ഇവരുടെ നോട്ടമൊന്നും ശരിയല്ല.. വാ"-
അവൻ അവളുടെ കൈപിടിച്ച് വലിക്കുകയും അവളെ നിർബന്ധിക്കുകയും ചെയ്തു.
അതോടെ കടക്കാരന് ആവർത്തന വിരസമായ ഒരു കഥ വായിച്ചെന്ന പോലെ ഓക്കാനം വന്നു. അയാളെത്ര കണ്ടിരിക്കുന്നു, നിർബന്ധിക്കപ്പെടുന്ന പെണ്ണുങ്ങളും നിർബന്ധിക്കുന്ന ആണുങ്ങളും, ഒടുവിൽ ഈ തെരുവിലെ ഒരു അടച്ചിട്ട മുറിയിൽ ആർക്കെങ്കിലും കെട്ടിമറിയാനും സന്തോഷം നൽകാനും മാത്രമാക്കി അവളെ ഒറ്റപ്പെടുത്തുന്ന പുരുഷന്മാർ. 
സരോദിന് വായ് കയ്ച്ചു.
"ഈ സ്റ്റോറി വേണ്ട ഭദ്രാ... വാ നമുക്ക് പോകാം.." അവന്റെ സ്വരം ദേഷ്യത്തിന്റെതും സങ്കടത്തിന്റേതുമായി മാറിയപ്പോൾ ഭദ്ര അവനിലേയ്ക്കിറങ്ങി വന്നു.
"സരോ ഞാനിത് ചെയ്യാനാണ് വന്നതെങ്കിൽ ചെയ്തിട്ടേ പോകൂ... നീ ഇന്ന് തന്നെ മടങ്ങിക്കോളൂ..."
"ഭദ്രാ... നിനക്ക് ഭ്രാന്തായോ... ഈ ചുറ്റുപാടും നോക്കിയിട്ടാണോ നീയിങ്ങനെ തോന്നിയത് പറയുന്നത്.." -
"നീ കണ്ടോ സരോ... അവിടെ വാതിലിൽ ചാരി നിലത്തിരുന്ന ഒരു സ്ത്രീയെ... വേശ്യകൾ കരയില്ലെന്നായിരുന്നു എന്റെ ധാരണ... പക്ഷെ ഒന്ന് കരഞ്ഞു കഴിഞ്ഞു കണ്ണ് തുടച്ചതേയുള്ളൂ അവർ ... കാരണമെന്താകും... നമ്മളറിയാതെ എന്തൊക്കെയുണ്ടാകും സരോ ഇതിനുള്ളിൽ... എനിക്കാണെങ്കിൽ വല്ലാതെ കുറ്റബോധം അനുഭവിക്കാൻ പറ്റുന്നുണ്ട്. എത്രമാത്രം സുഖകരമായ ജീവിതം ജീവിക്കുന്ന ഒരുവളുടെ കുറ്റബോധം... അത് എന്റെ അഹങ്കാരങ്ങൾക്കു മേൽ ആഞ്ഞടിക്കുന്നുണ്ട്..."
"എനിക്കൊന്നും കേൾക്കണ്ട... നമ്മൾ ആരെന്നറിഞ്ഞാൽ തിരിച്ചു പോക്കുണ്ടാവില്ല. നിന്റെ നടപ്പു കണ്ടിട്ട് എനിക്ക് പേടിയുണ്ട്. അത്ര എളുപ്പമല്ല അകത്തു കയറി സംസാരിക്കുക എന്നതൊക്കെ... പുറത്തു നടന്ന് നിനക്ക് വേണ്ടത് എടുക്കുക തിരികെ പോവുക, അതുമതി"-
"നിന്നോട് ഞാൻ പറഞ്ഞു സരോ.. ഇത് തീർക്കാതെ ഞാൻ മടങ്ങില്ല. "
"നീയെവിടെ താമസിക്കുമെന്നാ, ഈ വേശ്യകളുടെയിടയ്ക്കോ..."-
"അതെ..."
"ഹഹ.... നിനക്ക് മുഴുത്ത വട്ടു തന്നെ പെണ്ണെ... ഇങ്ങോട്ടു വാ..."-
ഭദ്രയുടെ കൈപിടിച്ച് വലിച്ച് വന്ന വഴി പിന്നിലേയ്ക്ക് നടന്നു തുടങ്ങിയപ്പോഴേക്കും അവൾ എതിർത്തു തുടങ്ങിയിരുന്നു.
ബഹളത്തിന്റെ ചൂട് കൂടിയതും അരികിലൂടെ നടന്നു പോകുന്നവരുടെ കാഴ്ചയുടെ ശൈലിയും മാറിത്തുടങ്ങിയത് സരോദ് അറിഞ്ഞു. 
"എന്താ ഇവിടെ രണ്ടും കൂടി... ഇവളെ വിക്കാൻ കൊണ്ട് വന്നതാണെങ്കിൽ നല്ല വില തരാം... എന്താ താല്പര്യമുണ്ടേൽ കൊണ്ട് വാ..."
പച്ചയ്ക്ക് വാക്കുകൾ പറഞ്ഞ മനുഷ്യന്റെ മുഖത്ത് നോക്കി ഒന്ന് പൊട്ടിക്കാൻ സരോദ് കൈ പൊക്കിയപ്പോഴേക്കും ഭദ്ര അവന്റെ കയ്യിൽ കടന്നു പിടിക്കുകയും അടി സ്വയം ഏറ്റു വാങ്ങുകയും ചെയ്തു. അവളെ മനസ്സിലാക്കാനാകാതെ സരോദ് കുഴങ്ങിപ്പോയി. 
മുന്നിൽ നിൽക്കുന്നവനെ കുടിച്ചിറക്കുന്ന കണ്ണുകളോടെ ഭദ്ര അയാളെ കൈ തട്ടി വിളിച്ചു.
"അവനെനിക്ക് കൂട്ട് വന്നെന്നേയുള്ളൂ... ഞാൻ സ്വയം എന്നെ വിൽക്കാൻ വന്നവളാണ്..."!!!
മുന്നിൽ നിന്ന ബംഗാളി ഉറക്കെ ചിരിക്കുകയും സരോദ് തല പൊട്ടിത്തെറിച്ച പോലെ ചെവി പൊത്തിപ്പിടിക്കുകയും ചെയ്തു. 
" നിങ്ങളുടെ കൂടെ വരാൻ എനിക്ക് സമ്മതമാണ്."
കയ്യിലിരുന്ന ഐഡന്റികാർഡും ഡയറിയുമെല്ലാം അടങ്ങുന്ന ബാഗ് സരോദിന്റെ കയ്യിലേക്ക് ബലത്തോടെ വച്ച് കൊടുത്തു അവൻ ഹൃദയമിടിപ്പ് നിലച്ചു നിൽക്കുമ്പോൾ ഭദ്ര ബംഗാളിവാലയോടൊപ്പം തെരുവിന്റെ അങ്ങേയറ്റത്തേക്ക് നടന്നു തുടങ്ങി. അപ്പോൾ അവൾക്കു മുന്നിൽ അയാൾ തന്റെ വീടിനു മുന്നിൽ പണിയ്ക്കു വന്നിരുന്ന അവൾ പുച്ഛത്തോടെ നോക്കിയാ ബംഗാളി ഭയ്യാ ആയിരുന്നില്ല, കച്ചവടത്തിന്റെ സർവ്വ സാധ്യതകളും അറിഞ്ഞിരുന്ന ഒന്നാന്തരം തെരുവ് മനുഷ്യനായിരുന്നു. 
"ഭദ്രേ........ നിൽക്ക്..."-
സരോദിന്റെ വിളി അപ്പോൾ വീശിയടിച്ച ഒരു കാറ്റിൽ ഉലഞ്ഞു പോവുകയും അവന്റെ തെല്ലു തടിച്ച ശരീരം അവനെക്കാൾ തടിച്ച മല്ലന്മാരായ രണ്ടുപേരുടെ കൈകളാൽ ബന്ധത്തിലാക്കപ്പെടുകയും ചെയ്തു. അവരുടെ കൈകളിൽ തൂങ്ങി തെരുവിന്റെ തുടക്കത്തിലേയ്ക്ക്  വലിച്ചിഴയ്ക്കപ്പെടുമ്പോൾ മരത്തിന്റെ അടിയിലെ കറുത്ത കാളീ ശിൽപ്പത്തിന്റെ നേർക്ക് അവൻ ആഞ്ഞു തുപ്പി.
തെരുവിന് പുറത്തേയ്ക്ക് വലിച്ചെറിയപ്പെടുമ്പോൾ ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങളുമായി അവൻ അവൾ പോയ ദിശ നോക്കി ഉറക്കെ നിലവിളിച്ചു. 
കൈകൾ കൊണ്ട് നിലത്ത് മണൽക്കൂടുണ്ടാക്കുകയും അതിനൊക്കെ കുട്ടിക്കാലത്ത് കൽപ്പിച്ച് കൂട്ടിയ സങ്കൽപ്പ രൂപങ്ങളുണ്ടാവുകയും ചെയ്തു. മണൽ പതിഞ്ഞ കൈകൾ കണ്ണിലും മുഖത്തും അമർത്തി വച്ച് അവൻ മൂത്രവും തുപ്പലും പതിഞ്ഞ ചെറു നനവുള്ള മണ്ണിലേക്ക് ചരിഞ്ഞു കിടന്നു. 
ഭദ്ര പോയവഴികൾ അപ്പോഴും അവന്റെ മുന്നിൽ ചോദ്യചിനത്തിന്റെ ആകൃതിയിൽ വളഞ്ഞു കിടന്നു.

ചുവന്ന വഴികളിൽ അവൾ.. 21

കാളീഘട്ടിലെ ഇരുണ്ട തെരുവിലേക്കുള്ള വഴിയിലൂടെ യാത്ര തുടരുമ്പോൾ  ഭദ്ര കാളീഘട്ടിലെ വീഥികളെ കുറിച്ചോർത്തു. അവിടെ അലഞ്ഞു നടക്കുന്നവർക്കിടയിൽ എവിടെയോ മധുരയിൽ നിന്നും നിസ്സംഗയായി നടന്നു വന്ന കാളിയുണ്ട്. കലിയടങ്ങിയിട്ടില്ലാത്ത കാളി. വീണ്ടുമൊരിക്കൽ കൂടി തെരുവിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നതല്ലാതെ ഭദ്ര ക്ഷേത്രത്തിൽ കയറിയുമില്ല വിഗ്രഹം കണ്ടുമില്ല. 
തെരുവുകൾക്ക് ഇരു വശത്തും അകത്തുള്ള കാളിയുടെ രൗദ്ര രൂപത്തിന്റെ ശാന്തതയാർന്ന ഉടൽ രൂപങ്ങളുണ്ട്. കറുത്ത കണ്ണുകളും മേക്കപ്പിട്ട മുഖവും ലിപ്സ്റ്റിക്കിട്ട ചുവന്ന ചുണ്ടുകളാലും അവർ കാളീ മുഖമണിഞ്ഞ് നിൽക്കുന്നുണ്ട്. ഇന്നലെ വന്നപ്പോൾ അവരെ കാണാൻ ഉള്ള കണ്ണുകൾ ഉണ്ടായിരുന്നതേയില്ലല്ലോ എന്ന് ഭദ്രയോർത്തു. തെരുവിന്റെ ഒരു മൂലയ്ക്ക് വലിയ കാളീ വിഗ്രഹം വച്ച് മുന്നിൽ എത്രയോ പേര് ഖോലും തബലയുമൊക്കെ ഉറക്കെ കൊട്ടി പാട്ടു സേവാ നടത്തുന്നുണ്ട്. എന്ത് സുന്ദരിയാണ് കാളിയെ ഇങ്ങനെ കാണാൻ, കാളീഘട്ടിന്റെ റോഡിലേക്കെത്തുന്ന തെരുവുകൾക്കിരുവശവും നിൽക്കുന്ന പെണ്ണുങ്ങളെ പോലെ സുന്ദരിയായ കാളി... 
വന്നാൽ ഒരു ദിവസം മുഴുവൻ ദേവിയുടെ മുന്നിൽ വിഗ്രഹം കണ്ടു നിൽക്കണമെന്ന് പറഞ്ഞു വന്ന ഭദ്രയുടെ അപ്പോഴത്തെ അവസ്ഥ കണ്ട് സരോദിന് ഉള്ളിൽ ചിരി പൊട്ടി. 
കോഴിക്കോട് ആർട്ട് ഗാലറിയുടെ വെള്ള പെയിന്റടിച്ച ചുവരുകളിൽ അവനപ്പോൾ ഒരു ചിത്രം ആണിയടിച്ച് ഭിത്തിയിൽ കെട്ടിൽതൂക്കി.
വീണയായി തീർന്ന സ്ത്രീ ശരീരത്തോടുള്ള ഐക്യദാർഢ്യമെന്നോണം "വീണയായിത്തീർന്നവൾ" എന്ന ചിത്രത്തിന് മുന്നിൽ അന്ന് ഭദ്ര ഏറെ നേരം നിന്നു, അവിടെ വച്ചാണ് അവൻ ആദ്യമായി അവളെ കാണുന്നതും. എന്താണ് പെട്ടെന്ന് അവളിലേക്ക് ആകർഷിപ്പിച്ചത് എന്ന ചോദ്യത്തിന് പെണ്ണായതു കൊണ്ട് എന്ന ഉത്തരമാണ് സരോദ് എപ്പോഴും ഭദ്രയ്ക്ക് നൽകാറുള്ളതും. പക്ഷെ ആഴമുള്ള അവളുടെ കണ്ണുകളിൽ കൗതുകം കൊടികുത്തി നിന്നതും , പിണഞ്ഞു തിരിയുന്ന നാഗങ്ങളെപ്പോലെ കറുത്ത് ചുരുണ്ട മുടികളും മുഖത്തിനു ചേരാത്ത വലിയ കറുത്തഫ്രയിമുള്ള കണ്ണാടിയും വിളറിയ മഞ്ഞളിന്റെ നിറവും അവൾക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു ആകർഷണീയത നല്കുന്നുണ്ടായിരുന്നു. അവന്റെ കയ്യിലുള്ള 5D മാർക്ക് ത്രീ കാനോൻ ക്യാമറയിലേക്ക് അവളുടെ കണ്ണുകൾ ഇടയ്ക്കൊക്കെ വഴുതി വീഴുന്നുമുണ്ടായിരുന്നു. ചിത്രങ്ങളൊക്കെ കണ്ടു കഴിഞ്ഞ ശേഷമാണ്, ഭദ്ര സരോദ് വിലാസിനി എന്ന സരോയോട് സംസാരിച്ചു തുടങ്ങിയത്. 
അധികമൊന്നുമില്ല, ചിത്രങ്ങളിഷ്ടപ്പെട്ടു. അടുത്ത തവണ എന്തെങ്കിലും തീം വച്ച് ചെയ്യൂ... ആഗ്രഹമുണ്ടെങ്കിൽ ഞാൻ സഹായിക്കാം.. 
"തീർച്ചയായും... ഞാൻ വിളിക്കാം...'"
നമ്പർ കിട്ടാനുള്ള സ്വാഭാവിക നമ്പറാണെങ്കിലും ഭദ്ര നമ്പർ കൊടുത്തു. അതിൽ സരോയ്ക്ക് മനസ്സിലായത് രണ്ടു കാര്യങ്ങളായിരുന്നു,
ഒന്ന് അവൾ ഫോട്ടോഗ്രാഫിയിലും അവളുടെ ആർട്ട് പ്രൊഫഷനിലും (പ്രൊഫഷൻ ആർട്ടുമായി ബന്ധപ്പെട്ടത് തന്നെയാകും, അവനുറപ്പായിരുന്നു) താൽപ്പരയാണ്.
രണ്ടു സൗഹൃദത്തിനപ്പുറം അവന്റെ സഹായമാണ് അവൾ തിരയുന്നത്.
അല്ലെങ്കിൽ ഒരു പെൺകുട്ടി അത്ര പെട്ടെന്ന് ഒരു ആൺ കുട്ടിയ്ക്ക് നമ്പർ കൊടുക്കുമോ? അവന്റെയുള്ളിലെ ആൺകുട്ടി ചോദിച്ചു കൊണ്ടേയിരുന്നു. എക്സിബിഷൻ കഴിഞ്ഞപ്പോഴേ ഭദ്രയെ വിളിച്ചു, അപ്പോഴാണ് അവനോർത്തത് പേര് പോലും ചോദിച്ചിരുന്നില്ലല്ലോയെന്ന്. പരിചയപ്പെടുത്തിയപ്പോൾ മനസ്സിലായിക്കഴിഞ്ഞപ്പോൾ അത് ഓർത്തിട്ടാകണം അവളുടെ ചിരി അവൻ കേട്ടു. പക്ഷെ അടുത്ത വർഷം ഭദ്രയും സരോയും ഒന്നിച്ചാണ് അവളുടെ കവിതകളുടെ ഫോട്ടോ എക്സിബിഷൻ നടത്തിയത്. 
സ്ത്രീകളെ കുറിച്ച് ഭദ്രയെഴുതിയ കവിതകൾ, അവയ്ക്കു പറ്റിയ പെൺ മുഖങ്ങളുമായി സരോയുടെ ചിത്രങ്ങൾ... "വിണ്ടുകീറിയ പാദങ്ങൾ" എന്നായിരുന്നു എക്സിബിഷന്റെ പേര്. വളരെ ചർച്ച ചെയ്യപ്പെടുകയും ഇരുവരുടെയും ബന്ധത്തിൽ പ്രണയമെന്ന അവസ്ഥ കൊണ്ട് വരുകയും ചെയ്ത വർക്കായിരുന്നു അത്. 
കോഴിക്കോടാണ് ഭദ്രയുടെ കുടുംബം. 
അച്ഛനും അമ്മയും അനിയത്തിയുമുള്ള വീട്ടിലെ മൂത്തമകളുടെ പത്രപ്രവർത്തന മോഹം ആരും തടഞ്ഞില്ല. തറവാട്ട് വളപ്പിലെ ഭദ്രയുടെ ക്ഷേത്രത്തിൽ നിന്നും വാളും ചിലമ്പും എടുത്തണിഞ്ഞു മുടിയേറ്റത്തിന്റെ ഇടയിൽ അച്ഛനാണ് അവളെ അനുഗ്രഹിച്ചു വിട്ടത്. ഉത്സവക്കാലത്താണ് ഭദ്രയുടെ അച്ഛൻ കോലമാവുക. പിന്നെ അവളുടെ വീട് ഭഗവതിക്കാവാണ്. നോയമ്പെടുത്ത് അവളും കോലമാകും... അവസാന ദിവസമാണ് മുടിയേറ്റം . കാളി ദാരിക നിഗ്രഹത്തിനായി അലറിക്കൊണ്ട് വരുന്ന നേരം അവളുടെ കണ്ണിന്റെ മുന്നിലൂടെ എണ്ണിയാലൊടുങ്ങാത്ത സ്ത്രീകൾ കടന്നു പോകും. കാളിയുടെ സാങ്കൽപ്പികമായ മുഖം പോലെ മുഖമില്ലാത്ത പല സ്ത്രീകൾക്കും അവൾ മുഖം നൽകും. അവരൊക്കെ കാളിമാരായി തീരും. സരോയുടെ പ്രദർശന വേദിയിലെ ഒരു പെൺ ചിത്രം അവളുടെ അച്ഛന്റെ മുടിയേറ്റിന്റെ കാളീ രൂപമായിരുന്നു. ആണ് പെണ്ണാവുന്ന അപൂർവ്വ നേരം... മനുഷ്യൻ ദൈവമായി മാറുന്ന നിമിഷങ്ങൾ.. പെണ്ണിനെ തൊടുന്ന അസുരന്റെ നിഗ്രഹത്തിനായി അലറിയെത്തുന്ന കാളി...
സരോദിന്റെ തൊട്ടു വിളിയിൽ അവൾ ചുവന്ന തെരുവിന്റെ വെളിച്ചത്തിലേക്ക് സ്വപ്നത്തിൽ നിന്നും ഉറങ്ങിയെഴുന്നേറ്റു.
വർഷത്തിലൊരിക്കൽ ഓഫീസിൽ ചെയ്യേണ്ട സീരീസ് സ്റ്റോറിയെ കുറിച്ചു ആലോചിച്ചപ്പോഴാണ് കാളീഘട്ടിലെ വിധവാ തിരുവുകൾ ഒരു പിടി കഥകളുമായി വന്നു തൊട്ടത്.  കൽക്കട്ടയിലെ കഥകളിൽ സോനാഗച്ചി മാത്രമേ പെൺകഥകളുമായി ഇടം പിടിച്ചിട്ടുള്ളൂ, പക്ഷെ ഭർത്താവുപേക്ഷിച്ച, ചെറുപ്രായത്തിൽ വിധവകളാക്കപ്പെട്ട സ്ത്രീകളുടെ കണ്ണീരുകൾ കൂടുതൽ വീണിട്ടുള്ളത് കാളീഘട്ടിലെ വിധവാ തെരുവിലാണ്. നിരഞ്ജൻ റായിയുടെ സ്തകം കയ്യിൽ കിട്ടിയപ്പോൾ കാളീഘട്ടും നെഞ്ചിലെരിഞ്ഞു. അച്ഛൻ കെട്ടുന്ന കോലം നേരിൽ കാണുക, ആ ഒരു വിവരമേ വീട്ടിൽ പറഞ്ഞുള്ളൂ, അതിനപ്പുറം സോനാഗച്ചി എന്നൊക്കെ കേട്ടാൽ വീട്ടിൽ മുടിയേറ്റം പിന്നെയും നടക്കും. യാത്ര നടക്കില്ല. പക്ഷെ ഓഫീസിൽ നിന്ന് വന്ന ആദ്യ ചോദ്യം , ഇതൊക്കെ എത്ര പേര് ചെയ്ത ഫീച്ചറാണ്, താൻ ഇതെങ്ങനെ സ്‌പെഷ്യൽ ആക്കി ചെയ്യും എന്നതായിരുന്നു.
പക്ഷെ സോനാഗാച്ചിയുടെ ചുവന്ന മുഖമല്ല വിധവാ തെരുവിനെന്നു അവൾക്ക് തോന്നി. അത്രയധികം ആരും കടന്നു ചെന്നിട്ടില്ലാത്ത വഴിയാണത്. കുടുംബങ്ങളിൽ നിന്നും അപശകുനമായി പടിയിറക്കപ്പെടുന്ന സ്ത്രീകൾ ഒടുവിൽ കാളിയുടെ മണ്ണിൽ അഭയാർഥികളായി വരുക, അവിടെ ഒരു നേരത്തെ ആഹാരത്തിനായി ശരീരം വിൽക്കുക... മറ്റൊരു ചുവന്ന തെരുവായി കാളീഘട്ടിലെ വഴികളെ മാറ്റിയെടുക്കുക...
മറ്റാരും ഇതുവരെ ചെയ്തിട്ടില്ലാത്ത പോലെ ഞാനിത് ചെയ്യും സാർ എന്ന ഉറപ്പിൽ അവൾ അസൈൻമെന്റ് ഏറ്റെടുക്കുകയും ഒപ്പം സരോദിനെ കൂടെ കൂട്ടുകയും ചെയ്തു.
പക്ഷെ അവന്റെ കൈകളിൽ പിടിക്കുമ്പോഴും സരോ ഒപ്പമില്ലാത്തതു പോലെ പലപ്പോഴും തനിക്ക് തോന്നുന്നത് എന്താണെന്ന് അവൾ ഇടയ്ക്ക് ആലോചിക്കാതെയിരുന്നില്ല. 
ഉച്ച കഴിഞ്ഞ തെരുവ് പാതി മയക്കത്തിലും കനച്ച മുല്ലപ്പൂ മണമുള്ള ഉടലുമായി അവരെ സ്വീകരിച്ചു.