Thursday, October 6, 2016

കറുപ്പിന്റെ രാഷ്ട്രീയം..-1

"കറുപ്പിന്റെ രാഷ്ട്രീയമോ? നിങ്ങളെല്ലാവരും കൂടി ആ ഒരു വാക്കിനെ രാഷ്ട്രീയവത്കരിച്ചതാണെന്നേ ഞാൻ പറയൂ... "
ദിയ ചർച്ചയ്ക്ക് ചൂട് പകർന്നു കൊണ്ടു കമന്റിട്ടു.
"നിനക്കെങ്ങനേ തോന്നൂ, സവർണ പ്രതിനിധികളുടെ നാവിനു എപ്പോഴും ഒരു എല്ലില്ലായ്മയുണ്ട്" , വിനയ് പ്രതികരിച്ചു..
നിമിഷങ്ങൾ കൊണ്ടാണ് ആ പോസ്റ്റിന്റെ ലൈക്ക് നൂറിന് മുകളിലെത്തിയത്. വിസ്തരിച്ച ചർച്ചയിൽ ആദ്യമൊന്നും പങ്കു കൊള്ളാതെ എനിക്ക് മാറി നിൽക്കേണ്ടതുണ്ടായിരുന്നു. താര ദിലീപ് എന്ന പ്രൊഫൈലിൽ പല്ലു മുഴുവൻ കാട്ടി ചിരിക്കുന്ന ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രത്തിന് താഴെ അര മണിക്കൂർ മുൻപിട്ട പോസ്റ്റ് ഇങ്ങനെ വായിക്കാം :
ഞാൻ കറുപ്പല്ല,  തേനിന്റെ നിറത്തിനെ കറുപ്പെന്നു ആരും വിളിക്കാറില്ലല്ലോ... പക്ഷെ കുട്ടിക്കാലം മുതൽ ഞാൻ കേട്ട ആക്ഷേപങ്ങൾ... കറമ്പി, എണ്ണക്കറമ്പി, അങ്ങനെ അങ്ങനെ... എന്നാലും   ഇപ്പോഴത് കേൾക്കുന്നത് എനിക്കൊരു ഹരമാണ്... കാരണം കറുപ്പിനും രാഷ്ട്രീയമുണ്ട്... പലരും അടിച്ചമർത്തിയ ഒരു ജനതയുടെ രാഷ്ട്രീയം... "-
മറുപടി എന്തിടണം ... വരട്ടെ, എന്താകുമെന്നറിയട്ടെ..

"ജാതിയുടെ അഹങ്കാരം ഇപ്പോഴും എല്ലാവർക്കും ഉണ്ട്, അതെത്ര പറഞ്ഞാലും ഇല്ലാതാകാൻ പോകുന്നില്ല". - അഷറഫ്.

"കറുപ്പു നിറമുള്ളവർക്കും ഒരു മണമുണ്ട്, പക്ഷെ എനിക്കിഷ്ടമാണ് ആ മണം, കറുത്ത പെണ്ണുങ്ങൾക്ക്‌ വല്ലാത്ത അഴകാണെ..". - അൻസാർ
അൻസാറിനല്ലെങ്കിലും ഒരു ഇളക്കമുണ്ട്  . ഇത്തരം എത്ര പേരെ എന്നും കാണുന്നു, പ്രതികരിക്കാൻ നിന്നാൽ പിന്നെ അതിനേ നേരം കാണൂ . ചില സമയങ്ങളിൽ നിശബ്ദതയാണ് ഏറ്റവും ശക്തമായ മറുപടിയെന്നു പറഞ്ഞത് അവളാണ്. ആഗി. അറിയുന്ന കാര്യം തന്നെ പക്ഷെ എത്ര അറിയാമെങ്കിലും ചിലർ ചിലതു പറയുമ്പോൾ ആ വാചകത്തിനു മുൻപെങ്ങുമില്ലാത്ത പ്രകാശം വന്നു നിറയുന്നു. അവിടെ നക്ഷത്രങ്ങൾ വന്നു ഒളിച്ചിരിക്കുന്നു. ആഗിയെ കുറിച്ചോർത്തപ്പോൾ എന്തേ നെഞ്ചിൽ എന്തോ വന്നു നിറഞ്ഞു തുളുമ്പുന്നു?. ഇതിപ്പോ ആദ്യമായല്ല ഇടയ്ക്കിടയ്ക്ക് നെഞ്ചിലെന്തോ തുളുമ്പി വന്നു, കുത്തിമറിഞ്ഞു ഒടുവിൽ ഒരു ശാന്തമായ പുഴപോലെ ശബ്ദമില്ലാതെ ഒഴുകി മറയുന്നു... ആ എന്തോ ആകട്ടെ!
മടിയിലെ ലാപ്പിൽ നിറയുന്ന കറുത്ത അക്ഷരങ്ങളിലേക്ക് ചിന്തകളുടെ ഭാരം വന്നു വീഴുന്നു ,
ഇത്തിരി നിശ്ശബ്ദതയ്ക്കുള്ള ഇടം തരൂ ... ... പക്ഷെ വിഷയം കറുപ്പും ഒക്കെ ആയതുകൊണ്ടാകാം അഭിപ്രായങ്ങളുടെ പെരുമഴക്കാലം. ഇടയ്ക്കിടയ്‌ക്കൊക്കെ നമ്മളിങ്ങനെ ആൾക്കാരുടെ ചങ്ക് കലക്കുന്ന പോസ്റ്റുകൾ ഇട്ടാലേ ജീവിച്ചിരിക്കുന്നു എന്ന തോന്നലുണ്ടാകുന്നുള്ളൂ... ആഗി പറയുന്നു.
അവൾ പോയി തുലയട്ടെ...

-"വിനയ് താൻ കണ്ടില്ലേ കഴിഞ്ഞ മാസം ഒരു സ്ത്രീ വെളുത്ത ശരീരത്തിൽ കറുപ്പണിഞ്ഞു കൊണ്ടു കറുത്ത നിറമുള്ളവരുടെ ദുഃഖം അറിയാൻ നഗരത്തിലൂടെ ഇറങ്ങി നടന്നത്? അവരെന്തു നേടി? ചുമ്മാ ഒരു ഷോ, പിന്നെ ഒരു പുസ്തകം, പ്രശസ്തി. എന്നാൽ അതേ തരത്തിൽ ഒരു ജന്മനാ കറുത്ത പെൺകുട്ടി പുസ്തകമെഴുതിയാൽ കിട്ടുമോ? പറയാനെളുപ്പമാണ് വിനയ്...'"
ദിയ രോഷം കൊള്ളുന്നു.
ഇത്തിരി നേരം കഴിഞ്ഞു വിനയുടെ മറുപടി വരാൻ, അപ്പോഴേക്കും ഇടയിൽ വന്ന ചില കമൻറുകൾ അവഗണിക്കുകയാണ് നല്ലത്.. യാതൊരു കാര്യവുമില്ലാതെ ഇടയ്ക്ക് ചിലർ വന്നു തോണ്ടി നോക്കും. പെണ്ണിന്റെ പോസ്റ്റല്ലേ... അങ്ങനെയൊക്കെ ഉണ്ടാകും.
- "താൻ ഇത്തരത്തിൽ പറയും. പക്ഷെ അവർ ഒരു പ്രതീകമാണ്, അതുപോലും മനസ്സിലാകാതെ പ്രതികരിച്ചോളും. കറുത്തവൻ പറഞ്ഞാൽ ആരും കേൾക്കില്ല എങ്കിൽ അവർക്കു വേണ്ടി പറയാൻ ആരെങ്കിലും വേണ്ടേ? ആ അവസ്ഥയിൽ ആയാലല്ലേ അവർ നേരിടുന്ന അവസ്ഥകളെ തിരിച്ചറിയാനും പ്രതികരിക്കാനും പുസ്തകമെഴുതാനും കഴിയൂ... "
വിനയ്.
-"യാഥാർത്ഥത്തിൽ കറുത്ത വിപ്ലവം തുടങ്ങിയത് നങ്ങേമയല്ലേ..."
ആതിര
-"നങ്ങേമ്മയാരാ ആതിരേ.."
വീണ്ടും അൻസാർ
-"എനിക്കും തോന്നീട്ടുണ്ട് അത്. ശരിക്കും വിപ്ലവം തുടങ്ങുന്നത് നിറത്തിന്റെ രസതന്ത്രത്തിലാണ്. മുലക്കരത്തിന് എതിരെ സ്വന്തം ജീവൻ പോലും നഷ്ടപ്പടുത്തി വിപ്ലവം നയിച്ചവളാണ് നങ്ങേമ. അവരുടെയത്ര സ്ത്രീ ഫെമിനിസ്റ്റുകൾ ഇന്നുണ്ടോ... "
വിനയുടെ മറുപടി
-"നങ്ങേമ എന്ന ദളിത സ്ത്രീയാണ് ആദ്യത്തെ ഫെമിനിസ്റ്. "
വീണ്ടും ആതിര...
ചർച്ച ആവശ്യമില്ലാതെ കാട് കയറുകയാണ്. പക്ഷെ കറുപ്പിന്റെ രസതന്ത്രം ഇവരെയൊന്നും ബാധിക്കുന്നില്ലല്ലോ, വെറും ചർച്ചകൾക്കപ്പുറം ഇവരൊന്നും കറുപ്പല്ലല്ലോ, എന്നാലും എന്തെങ്കിലും പെൺവിഷയം കണ്ടാൽ ചർച്ചയ്ക്ക് മനുഷ്യർക്ക് ഒരു മടിയുമില്ല.
മറുപടികൾ ചിലയിടങ്ങളിൽ അനിവാര്യമായതു കൊണ്ട് മാത്രം നൽകപ്പെടേണ്ടതാണ്... ചിലപ്പോൾ മറുപടികൾ അർത്ഥശൂന്യമാകും, അത്തരം ഇടങ്ങളിൽ വാക്കുകൾക്ക് മേൽ കുതിരകയറ്റം നടത്തരുത്. നിശബ്ദതയാണ് ഏറ്റവും വലിയ സമരായുധം, വീണ്ടും ആഗിയുടെ വാക്കുകളിൽ പ്രകാശം പരക്കുന്നു.
ലാപ്പിന്റെ കറുത്ത ഇത്തിരി കുഞ്ഞൻ കട്ടകളിൽ എനിക്ക് വാക്കുകളെ കൊരുത്തിടേണ്ടതുണ്ടായിരുന്നു..
-"എനിക്കറിയില്ല എന്തിനു ഇതിൽ ആണും പെണ്ണും എന്നു വേർതിരിവെന്ന് . ഒരു പുരുഷൻ അവൻ നിറം കുറവാണെങ്കിലും വിവാഹം കഴിക്കുന്ന പെണ്ണ് വെളുത്ത നിറമായിരിക്കണം. സ്ത്രീകൾക്ക് മുഖം വെളുക്കാൻ ക്രീമുകൾ. കറുപ്പിന് ഏഴഴക് എന്നു പറഞ്ഞാലും മുഖം കറുപ്പാക്കാൻ ഇവിടെ എത്ര കമ്പനികൾ ക്രീം ഇറക്കുന്നുണ്ട്? ഞാൻ ദളിതയല്ല. എന്റെ അമ്മ വെളുത്തതാണ്, അച്ഛന്റെ നിറമാണ് എനിക്ക്. പക്ഷെ എനിക്ക് ദളിതരോ നായരോ നമ്പൂതിരിയെ തമ്മിൽ പ്രത്യേകിച്ചു ഒരു വ്യത്യാസവും തോന്നീട്ടില്ല. അത്ര വലിയ ബുദ്ധിമുട്ടൊന്നും നിറത്തിൽ എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല, ഒരുപക്ഷേ ജാതിവാല് അന്ന് കൂടെ ഉണ്ടായിരിട്ടുള്ളത് കൊണ്ടാവണം. ഇന്നതിന്റെ പ്രസക്തിയില്ലായ്മ എനിക്ക് നന്നായറിയാം. അപമാനിക്കപ്പെടേണ്ടവർ എന്നും അപമാനിക്കപ്പെട്ട കൊണ്ടേയിരിക്കുന്നു. നിറം കൊണ്ടായാലും ജാതി കൊണ്ടായാലും. ഞാൻ വളരെ സെയ്ഫ് സോണിൽ ജീവിക്കുന്ന ഒരു സ്ത്രീയാണ്. ഇത്തിരി കറുപ്പു കലർന്നു എന്നത് കൊണ്ട് ഞാൻ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടില്ല, പക്ഷെ അങ്ങനെ നിരാസത്തിന്റെ പടുകുഴിയിൽ വീണവരെ എനിക്കറിയാം. അവരോടൊക്കെ ഞാൻ എപ്പോഴും ഐക്യദാർദ്ധ്യപ്പെട്ടു കൊണ്ടേയിരിക്കും. കറുപ്പു പൂശി ജീവിക്കുമ്പോൾ അറിയാം കറുപ്പിന്റെ ദുഃഖം. അങ്ങനെ നടന്നവർ അത് തിരിച്ചറിഞ്ഞു എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. സ്‌കൂൾ കാലങ്ങളിലൊക്കെ പലപ്പോഴും എന്റെ നിറത്തോടു എനിക്കു തന്നെ വെറുപ്പ് തോന്നിയിട്ടുണ്ട്. കളിയാക്കലുകൾ ലഭിച്ചിട്ടുണ്ട്, പിന്നെ ഉരുകി ഉരുകി വെയിൽ വാടാത്തവളായി ഞാൻ പുനർജ്ജനിക്കപ്പെട്ടു. അതുകൊണ്ടു കറുപ്പിന്റെ രാഷ്ട്രീയത്തെ ഞാനറിയുന്നുണ്ട്..."
പിന്നെയും എന്തൊക്കെയോ പറയാൻ  ബാക്കിയുള്ളത് പോലെ . എന്നാൽ പാതിയിൽ നിർത്തി ലാപ് അടച്ചു വച്ച് മറുപടികൾ പോലും നാളത്തേയ്ക്ക് മാറ്റി വച്ചു നാലു വയസ്സുകാരി അന്നൂന്റെ അമ്മ മാത്രമാകേണ്ടതുണ്ട്. പാതി തുറന്നു കിടക്കുന്ന ജനലിലൂടെ രാത്രികൾ വീടിനുള്ളിലേക്ക് കരിമ്പടം വലിച്ചിടുന്നു... അന്നൂനോട് ഏറെ ചേർന്നാണിപ്പോൾ എന്റെ കിടപ്പ് . ഇപ്പോൾ അവൾക്കല്ല എനിയ്‌ക്കാണ് അവളുടെ ചൂട് വേണ്ടത്
അമ്മയുടെ വാക്കുകൾ എവിടുന്നോ തിരയടിച്ചെത്തുന്നു...
-നീ അച്ഛൻ കുട്ടിയാ... നിറം കൊണ്ടു വരെ...
അമ്മയുടെ വാക്കുകൾ ഉരുകി പിടിച്ചിരിക്കുന്നു, അതു വിട്ടു പോകാതെ അമ്മയുടെ വെളുത്ത നിറത്തിൽ തൊടാൻ മടിക്കുന്നു... അമ്മ അങ്ങനെയൊന്നുമില്ല... സ്നേഹമുള്ളവളാണ്. എന്നിട്ടും നിലയുറയ്ക്കാതെ സ്വന്തം വീട്ടിലെ മുറ്റത്തേയ്ക്ക് ഒരു സന്ധ്യയ്ക്ക് എനിയ്ക്ക് നടന്നു കയറി ചെല്ലേണ്ടതുണ്ടായിരുന്നു.

Wednesday, October 5, 2016

ഇഴുകിച്ചേരലിന്റെ ദിനരാത്രങ്ങൾ-2

വീട്ടിൽ സന്ധ്യാ നാമങ്ങൾ അത്രയൊന്നും ഉറക്കെ കേട്ടിട്ടില്ലാത്തതിന്റെ കാരണം അച്ഛന്റെ അരികു മൂർച്ചയുള്ള രാഷ്ട്രീയമായിരുന്നു. എങ്കിലും സന്ധ്യയ്ക്കു നിലവിളക്കിന്റെ വെളിച്ചമുണ്ട്, നല്ലെണ്ണയുടെ കൊതിപ്പിക്കുന്ന ഒരു ഗന്ധവുമുണ്ട്. ഡിഗ്രി കഴിഞ്ഞു എം ബി എയ്ക്ക് കൊച്ചിയിൽ വന്നു  ചേരുമ്പോൾ ഒപ്പം ആ ഗന്ധമുണ്ടായിരുന്നു, നല്ലെണ്ണയിൽ വരട്ടിയെടുത്ത ഒരു കുപ്പി നാരങ്ങാ അച്ചാറിന്റെ കുപ്പിയിലേക്ക് അമ്മയുടെ പാചക നൈപുണ്യം ഒതുങ്ങിക്കൂടിയിരിക്കുന്നു...
ഹോസ്റ്റലുകൾ എപ്പോഴും അവനവനിലേക്ക് ഒതുങ്ങുന്ന കൂടുകളാണ്. അവിടെ ബന്ധങ്ങൾ എപ്പോഴും ആ വലിയ ആർച്ചിന്റെ അപ്പുറത്തു നിൽക്കുന്ന വഴിയോര കാഴ്ച മാത്രമാണ്.

 ആദ്യ മാസത്തിലെ ഹോസ്റ്റലിലെ കുറിച്ചുള്ള കമന്റ് കേട്ടപ്പോഴേ 'അമ്മ പറഞ്ഞു,
-നിന്റെ ഇഷ്ടത്തിന് പോയതല്ലേ, ഞാൻ അപ്പോഴേ പറഞ്ഞിരുന്നു നമ്മുടെ അടുത്ത കോളേജിൽ എം എയ്ക്ക് പോകാമെന്ന്.. അതുകഴിഞ്ഞാൽ ബി എഡ് എടുക്കാരുന്നല്ലോ. പെൺകുട്ടികൾക്ക് എപ്പോഴും നല്ലത് ടീച്ചർ ജോലി തന്നെയാ."
അമ്മമാരുടെ ഈ പതിവ് ഡയലോഗുകളിൽ കുരുങ്ങി മുഖം വീർപ്പിക്കുന്ന അതി സാധാരണ പെൺകുട്ടിയല്ല ഞാൻ എന്ന് അമ്മയ്ക്ക് അറിയാൻ മേലാഞ്ഞിട്ടൊന്നുമല്ല എന്നാലും ഒരു സ്ഥിരം അമ്മവാക്കിന്റെ ചാരുത അതിലുണ്ട്. അറിയാതെ വന്നു പോകുന്ന ചില വാചകങ്ങൾ... മനസിന്റെ സങ്കീർണത വാക്കുകളാകുന്നു . ഞാൻ  അമ്മയുടെ കവിളിൽ ഒന്ന് നുള്ളി ... അപ്പോൾ ഞങ്ങൾ നിന്നത് വീടിന്റെ നടുത്തളത്തിലായിരുന്നു, അവിടെ വച്ച് ഞാൻ എന്റെ പതിവ് വാചകങ്ങൾ ആവർത്തിച്ചു,
-എനിക്ക് എന്തെങ്കിലും പ്രത്യേകമായി ചെയ്യണം എന്നുള്ള മോഹം അമ്മയ്ക്ക് നന്നായി അറിയാം. പഠിപ്പിക്കാൻ വിടാനുള്ള സാഹചര്യം സാമ്പത്തികമായി ഇല്ലെന്നു വരെയും എനിക്കറിയാം. എന്നിട്ടും എന്തുകൊണ്ടാണ് ഞാനതെടുത്തതെന്നു അമ്മയ്ക്ക് ഉറപ്പില്ലെങ്കിലും എനിക്കുറപ്പുണ്ട്. ഇഷ്ടമില്ലാത്ത ഒന്നിനോട് സന്തോഷ ഭാവത്തിൽ അഭിനയിക്കാൻ എനിക്കാവില്ല, അത്ര തന്നെ. ജീവിക്കണമെങ്കിൽ ഇഷ്ടമുള്ളത് എന്തെങ്കിലുമൊക്കെ കൂടെ വേണം...-
അമ്മയുടെ മുഖത്തേയ്ക്ക് ഞാൻ നോക്കി... നിർവികാരത അമ്മയാണോ കണ്ടുപിടിച്ചതെന്നു എന്നത്തേയും പോലെ അന്നും ഞാൻ അതിശയിച്ചു.
അന്നത്തെ സന്ധ്യയ്ക്കുള്ള വരവും അതിനെ തുടർന്നുള്ള രാത്രിയും ആ പ്രസ്താവനയും ഗുണമുണ്ടാക്കി, പിന്നെ 'അമ്മ അത്തരമൊരു സംഭാഷണം ആ വീട്ടിൽ കുറഞ്ഞത് എന്റെ മുന്നിൽ വച്ചെങ്കിലും നടത്തിയിട്ടില്ല. അച്ഛൻ മകളുടെ പക്ഷം പിടിക്കുന്നുവെന്ന പതിവ് ചിന്ത കാരണം അച്ഛനോടും അമ്മയത് ചർച്ച ചെയ്യാൻ നിന്നില്ല. പകരം ഒരു മതിലും രണ്ടു മനുഷ്യരും ആയി നിൽക്കുന്ന അടുത്ത വീട്ടിലെ സരോജ ചേച്ചിയോടാണ് സംസാരിച്ചത്. അമ്മയുടെ സങ്കടങ്ങൾ മാറുന്ന ഇത്തരം ചില സംസാരങ്ങളെ കുറിച്ച് എനിക്കറിയാമായിരുന്നു എങ്കിലും മൗനം ചിലയിടങ്ങളിൽ അത്ര ബുദ്ധിമുട്ടില്ലാത്ത ഒരു ഔദാര്യമാണ്..  നിരന്തരം പിന്നിലേയ്ക്ക് വലിക്കുന്ന അമ്മവാക്കിനു പകരം വെറുതെ നിന്നാലും തോളിൽ തട്ടി അച്ഛൻ യാത്രയ്ക്ക് തയ്യാറായി നിൽക്കുമ്പോൾ പറയുന്ന രണ്ടു വാക്കുകൾക്ക് വേണ്ടി ബസ് വന്നതറിഞ്ഞിട്ടും പൂമുഖത്തു വെറുതെ കാത്തിരുന്നിട്ടുണ്ട്.
എന്നാൽ വെറും രണ്ടു മാസമേ എടുത്തുള്ളൂ എന്റെ ഏകാന്തത ഹോസ്റ്റൽ മുറിയുടെ ബഹളങ്ങളിലേയ്ക്ക് ഒട്ടി ചേരാൻ. അമ്മയുടെ വരണ്ട വർത്തമാനങ്ങൾ വീട്ടിലെ ഇരുട്ട് മുറികളിലും സരോജ ചേച്ചിയുടെ ശ്വാസഗതിയിലും ഒതുങ്ങി പോകുന്നതറിഞ്ഞു എനിക്ക്ഇ ടയ്ക്കിടയ്ക്ക് ചിരി വരാൻ തുടങ്ങിയിരുന്നു. ഹോസ്റ്റൽ റൂമുകൾ ഇപ്പോൾ "ചിന്ന വീട് " പോലെയെന്ന് നിത്യ പറഞ്ഞത് കേട്ടപ്പോൾ മുതലാണ് ചിരി തുടങ്ങിയത്. എങ്കിലും വീട് എന്ന ഓർമ്മ അമ്മയിലേയ്ക്കും സന്ധ്യയിലേയ്ക്കും അച്ഛന്റെ ആത്മവിശ്വാസത്തിലേയ്ക്കും മെല്ലെ ചാഞ്ഞിറങ്ങി. 

Tuesday, October 4, 2016

ശാന്തതയുടെ മുഖം -3

അതുവരെ ജീവിച്ചതിൽ നിന്നും വ്യത്യസ്തമായ മറ്റൊരു ജീവിതം. എന്റെ മുന്നിലെ മൂന്നു കുഞ്ഞു കട്ടിലുകൾ, പലപ്പോഴും അലങ്കോലപ്പെട്ടും വസ്ത്രക്കെട്ടുകളാലും നിറഞ്ഞു തന്നെ കിടന്നിരുന്നു. അതിലൊന്നിൽ എന്റെ തലയിണയുണ്ട്, വീട്ടിൽ നിന്നും കൊണ്ട് വന്ന സ്വന്തം തലയിണ. ഒരു കാരണവുമില്ലാതെ ചിലപ്പോൾ സങ്കടം വരുമ്പോഴും പഠിച്ചു പഠിച്ച് തലയ്ക്കുള്ളിൽ ഭ്രാന്തൻ വണ്ട് മൂളുമ്പോഴും എന്റെ നിശ്വാസങ്ങൾ ഉരുകി ചേർന്ന തലയിണ... മുറിയുടെ മൂലയിലെ മൂന്നു ജനാലകളുള്ള ഷെല്ഫുകളിൽ ഞങ്ങളുടെ വീടുകളുറങ്ങുന്നു. അമ്മമാരുടെ പ്രാർത്ഥനയും അച്ഛന്റെ കരുതലും വീടിന്റെ മണവും ഞങ്ങളെ പൊതിയുന്നു...
ഹോസ്റ്റൽ റൂമിന്റെ ബഹളങ്ങളിലേയ്ക്ക് ഒരു ശാന്തത വന്നു നിറഞ്ഞു നിൽക്കുന്നത് പോലെയാണ് ചില നേരങ്ങൾ. ആദ്യമായി ജീസസ് ക്രൈസ്റ്റിനെ സ്വപ്നം കണ്ട ശേഷമാണ് ആ വെളിച്ചത്തിലേക്ക് ഞാനെത്തിപ്പെട്ടത് . പനിച്ചു വിറച്ചു ചൂടൻ പുതപ്പിന്റെ ഉള്ളിൽ സ്വയംഅന്വേഷണമായിരുന്നു. എപ്പോഴാണ് ഉറക്കത്തിലേക്ക് വീണു പോയതെന്നറിയില്ല, ശരീരത്തിനുള്ളിൽ നിന്ന് കൂർത്ത മുള്ളുകൾ വന്നു കിടക്കയെ മൂടി പൊതിഞ്ഞു നിൽക്കുന്നു,  അതിനു മുകളിൽ ഉത്തരായനം കാത്ത് കിടക്കുന്ന ഭീഷ്മരെ പോലെ...
മരണം കാത്തു കഴിയുന്ന നിത്യ ദുരിതങ്ങൾക്ക് മേലാണ് ഒരു പ്രകാശം വന്നടിച്ചത്. ആ പ്രകാശത്തിനു മെല്ലെ അരികുകൾ വച്ച് തുടങ്ങി, നിശബ്ദത നിത്യമായ സത്യമായി .
അവിടെയൊരു മുഖമുണ്ടായി. നീണ്ട താടിയും ചെമ്പൻ മീശയും നീല കണ്ണുകളുമുള്ള ഒരു മനുഷ്യൻ...
നീല കണ്ണുകളിൽ നിന്ന് ഒരു കടലൊഴുകി മുറി നിറഞ്ഞു.എനിക്ക് പക്ഷെ ശ്വാസം മുട്ടുന്നേയുണ്ടായിരുന്നില്ല.
വെണ്ണയുടെ നിറമുള്ള കൈകൾ എടുത്തു അനുഗ്രഹം ചൊരിയാണെന്ന വണ്ണം ഉയർത്തിയപ്പോഴാണ് എത്രയോ നാളുകളിലെ അപരിചിതത്വം ആ രൂപത്തിനും എനിയ്ക്കുമിടയിൽ അഴിഞ്ഞു വീണത് . ഒരു പനിനീർ പൂവ് എനിക്ക് മാത്രമായി നീട്ടപ്പെട്ടു, തുടർന്ന് ഞാനൊരു നിലാവ് പോലെയായി തീർന്നു...
കണ്ണു തുറന്നപ്പോൾ രൂപവുമില്ല, കടലുമില്ല... ഏകാന്തതയുടെ നാലു ചുവരുകൾക്കുള്ളിൽ ഇരുന്നു പനിച്ചപ്പോൾ എനിക്ക്ശ്വാസം മുട്ടി. ദൈവങ്ങളോടോ ദൈവ പുത്രന്മാരോടോ കൃത്യമായ ഒരകലം സൂക്ഷിച്ചിരുന്നവൾക്കു മുകളിൽ ഒരു ശാന്തിയുടെ കൈ എങ്ങനെ പതിഞ്ഞു, എന്തിനു പതിഞ്ഞു എന്നോർത്തു എനിക്ക് പലപ്പോഴും അതിശയം  തോന്നിയിരുന്നു . അത് ആഗ്നസ് എന്ന ആഗിയെ കണ്ടു മുട്ടുന്നത് വരെയായിരുന്നു. അവളോടൊപ്പം നഗരമധ്യത്തിലെ ആ പള്ളിയ്ക്കുള്ളിൽ കയറുന്നതു വരെ മാത്രമായിരുന്നു.
ആഗിയെ പരിചയപ്പെട്ടു രണ്ടാമത്തെ മാസത്തിലാണ് അവളോടൊപ്പം ഒരു പള്ളിയിൽ ആദ്യമായി കയറുന്നത്. അതിനു മുൻപ് വരെ പള്ളി എന്നാൽ എന്നോ വായിച്ച ഫിലിപ് ലാർക്കിന്റെ കവിതയിലെ ഞായറാഴ്ചയുടെ ഓർമ്മദിവസങ്ങളായിരുന്നു.
"Once I am sure there's nothing going on
I step inside, letting the door thud shut.
Another church: matting, seats, and stone,
And little books; sprawlings of flowers, cut
For Sunday, brownish now; some brass and stuff
Up at the holy end; the small neat organ;
And a tense, musty, unignorable silence,
Brewed God knows how long. Hatless, I take off
My cycle-clips in awkward reverence."
എത്രയോ തവണ വായിക്കപ്പെട്ടവ... പള്ളിയുടെ കനത്ത ഏകാന്തതയിൽ  ആരെയെങ്കിലും കാത്തിരിക്കാൻ എപ്പോഴും മോഹിച്ചിട്ടുണ്ട്. ഒരു പകൽ മുഴുവൻ ഇത്തിരി വെളിച്ചത്തിൽ അവിടെ തനിച്ചിരിയ്ക്കാകാനും സ്വപ്നം കണ്ട ഉടലിനോട് താദാത്മ്യപ്പെടുത്തി ക്രൂശിതനെ നോക്കിയിരിക്കാനും തോന്നിയിട്ടുണ്ട്. പക്ഷെ അതിനു മാർഗ്ഗം ഒരുക്കുന്നതിനും അവൾ വേണ്ടി വന്നു. ആഗി.
"ഒരു പള്ളിയിൽ ആദ്യമായി വരുമ്പോൾ നമ്മൾ ആവശ്യപ്പെടുന്ന മൂന്നു കാര്യങ്ങൾ നടക്കും എന്നാ പറയുന്നേ... എന്തെങ്കിലും പ്രാർത്ഥനകൾ ഉണ്ടെങ്കിൽ ചെയ്യൂ.."
- എനിക്കങ്ങനെ പ്രാർത്ഥനകൾ ഒന്നൂല്ല ആഗി. ദിലീപിന്റെ ജോലി.... കൊച്ചിയിൽ നിന്ന് മാറാൻ എനിക്ക് വയ്യ...
പിന്നെന്താ....
-ഇയാൾ അന്നുവിൻറെ  കാര്യത്തിൽ ടെൻഷൻ ആവരുതെന്നേ എനിക്ക് പറയാനുള്ളൂ. അല്ലെങ്കിൽ തന്നെ തന്റെ കെയറിങ് കുറച്ച് കൂടുതൽ  ആണെന്നാ എനിക്ക് തോന്നീട്ടുള്ളത്.
- ആയിരിക്കാം .. എനിക്ക് അവൾ മാത്രമാണ് ഉള്ളത് എന്നൊരു തോന്നലുണ്ട്.
-ഹഹ... ഭാവിയിൽ ഇയാളൊരു ഉഗ്രൻ അമ്മായിയമ്മയായിരിക്കും നോക്കിക്കോ... പെങ്കൊച്ചിനെ പറഞ്ഞയച്ചാലും അവരുടെ ജീവിതത്തിലേയ്ക്ക് കണ്ണിമയ്ക്കാതെ നോക്കിയിരുന്നു ജീവിതം കോഞ്ഞാട്ടയാക്കുന്ന അമ്മായിയമ്മ
-ഹഹ... ..
ഇത്രയുമൊക്കെ പറഞ്ഞെങ്കിലും അന്നുവിനു വേണ്ടിയും കൊച്ചിയ്ക്ക് വേണ്ടിയും എനിക്ക് അപേക്ഷിക്കേണ്ടതുണ്ടായിരുന്നു . ഇനിയെന്ത്...
-എന്റെ ഏകാന്തതയിലേയ്ക്ക് നീ കൂട്ടായി വരേണമേ....
ആഗി തന്നെ കളിയാക്കിയതാണെങ്കിലും അത് സത്യമായി തീരണേ എന്നും ഞാൻ മുട്ടിപ്പായി  അപേക്ഷിച്ചു.
തിരിച്ചു പോകുന്ന വഴി ദിലീപിനെ കുറിച്ചായിരുന്നു അവൾ ചോദിച്ചതത്രയും.
കൊച്ചിയിലെ തെരുവുകൾക്ക് അറിയുന്നത് പോലെ എന്നെ ആർക്കുമറിയില്ലല്ലോ... വർഷങ്ങളുടെ അലച്ചിലുകൾക്കൊടുവിൽ ദിലീപിനൊപ്പം മറ്റൊരു ജില്ലയിലേക്ക് കൂടേറിയതും ഒടുവിൽ പിന്നെയും ഇവിടേയ്ക്ക് തിരികെയെത്തിയതും. ഇറിഗേഷൻ വകുപ്പിന്റെ എഞ്ചിനീയറിങ് വട്ടത്തിലേയ്ക്ക് ദിലീപിന്റെ ജോലി ഭാരം വർദ്ധിച്ചതും അതിനേ തുടർന്ന് വടക്കൻ കേരളത്തിലേയ്ക്കുള്ള സ്ഥലം മാറ്റവും...ആഴ്ചയിൽ ഒരിക്കലുള്ള വരവും.. എല്ലാം ആഗിയ്ക്കു സുപരിചതമാണെങ്കിലും അവൾ അത് വീണ്ടും എടുത്തിടും. അപ്പോഴെല്ലാം ഒറ്റ പോക്കങ് പോകാൻ എനിക്ക് തോന്നാറുണ്ട് . ഹോസ്റ്റലിൽ നിന്ന് ഒരിക്കൽ കണ്ടെടുത്ത ഏകാന്തതയുടെ കൈപിടിച്ച് കൊച്ചിയിലെ തിരക്കുള്ള തെരുവുകളിൽ കൂടി നടക്കുന്ന ഒരു നടപ്പ്... അത് കേൾക്കാൻ ആഗിയ്ക്ക് പ്രത്യേക താൽപ്പര്യമുണ്ട്. കാരണം അവളുടെ ചിത്രങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയവും അത് തന്നെയായിരുന്നല്ലോ. പെണ്ണും ഏകാന്തതയും ഫ്രസ്‌ട്രേഷനുകളും ...
അവളുടെ ചിത്രങ്ങൾക്ക് പോലും ഏകാന്തതയുടെ പർപ്പിൾ നിറങ്ങളായിരുന്നു അധികവും. അതേ ഏകാന്തത തന്നെയല്ലേ അവളെ എന്നോട്  ഇത്രയധികം ഒന്നിപ്പിച്ചതെന്നു ചോദിച്ചാൽ ആവോ... എന്ന ഉത്തരം ഒരേ സമയം രണ്ടു പേരും പറയും. ഭൂമിയിലെ ഏകാന്തവതികളായ പെണ്ണുങ്ങൾക്കെല്ലാം ആയിടയ്ക്ക് എന്റെ മുഖമാണെന്നു എനിക്ക് തോന്നി തുടങ്ങീരുന്നു. ഞങ്ങൾക്കിടയിൽ ഒരേ നിറത്തിലുള്ള വിരിപ്പുകൾ വിരിച്ചിടുന്നു, ഒരേ നിറത്തിൽ ആകാശം പൊഴിയുന്നു, ഒരേ പോലെ കാറ്റിനെ മണക്കുന്നു, നനവിന്റെ കണ്ണീരാഴങ്ങൾ പോലും ഒരേ ആഴത്തിൽ അറിയുന്നു... അതേ ഏകാന്തതയെ ആഗിയും തൊടുന്നു...

Monday, October 3, 2016

ഇലഞ്ഞിപ്പൂവിന്റെ ഗന്ധത്തിൽ.. 4

ഇലഞ്ഞി മരത്തിന്റെ പൂക്കൾക്ക് കൊതിപ്പിക്കുന്ന ഗന്ധം മാത്രമല്ല ഉള്ളത്, അരമണിക്കൂറിലധികം ഇലഞ്ഞിയുടെ ചുവട്ടിലിരുന്നാൽ അത് ശരീരത്തിനുള്ളിലോ പുറത്തോ ഉള്ള നമ്മുടേതായ എന്തോ ഒന്നിനെ വലിച്ചിഴച്ചു കൊണ്ട് പോകുന്നത് പോലെ തോന്നും. ഗന്ധങ്ങളിൽ ഒളിഞ്ഞിരിക്കുന്ന യക്ഷീ സാന്നിധ്യം. എങ്കിലും ഇലഞ്ഞിയും അത് പൂത്തമണവും എവിടെയാണെങ്കിലും മൂക്കു പിടിച്ചെടുത്ത്‌, അങ്ങോട്ടേയ്ക്ക് ആകർഷിപ്പിക്കും. അത് ഇലഞ്ഞിയുടെ പ്രത്യേകതയാണ്. ശാസ്ത്രീയമായി ഇതിനു അടിത്തറയുണ്ടോ?-
ഫെയ്‌സ്ബുക്കിലെ അന്നത്തെ എന്റെ പോസ്റ്റിതായിരുന്നു .ഫ്‌ലാറ്റിലെ പൊക്കത്തിൽ നിന്ന് നഗരത്തിന്റെ വക്കിലെ ഇലഞ്ഞിമരത്തിലേയ്ക്ക് ഞാൻ വെറുതെ നോക്കി. പൂക്കൾ രാത്രിയെ വെല്ലു വിളിച്ചു കൊണ്ട് വിടർന്നു തുടങ്ങുന്നു, തണുപ്പും കൊതിയും ഒന്നിച്ചു ചേർത്ത രാത്രിയെ എങ്ങനെ മറികടക്കും എന്നാലോചിച്ചു  ഏറെ നേരം അന്നുവിനോപ്പം കിടന്നു. ജോലികൾ ഏകദേശം തീർത്തിട്ടുണ്ട്. ഷെഡ്യൂൾ ചെയ്തു വച്ച സമയം കഴിഞ്ഞും ഇരുന്നു ജോലി ചെയ്യുന്ന നല്ലവളായ താരയിൽ നിന്നും കൃത്യമായ സമയം മാത്രം നോക്കി ജോലി ചെയ്യുന്ന ഫ്രീലാൻസ് സോഷ്യൽ നെറ്റ് വർക്ക് അനലിസ്റ്ലേക്കുള്ള ദൂരം ആ കിടപ്പിൽ കിടന്നും ഞാൻ ആലോചിച്ചു.
പോയി തുലയട്ടെ...എല്ലാം..
ആ നിമിഷം ഒരു മേഘമായി പറക്കാനും ഇലഞ്ഞിപ്പൂവുകളുടെ പൂമെത്തയിൽ കിടന്നുറങ്ങാനും കൊതി വരുന്നു. മേഘം പെയ്തു തുടങ്ങിയോ...
പോസ്റ്റ് ഇട്ടിട്ടു ലാപ്പ് അടച്ചു വച്ച് ദിലീപ് ബാക്കി വച്ചിട്ട് പോയ തണുത്ത ബിയർ കുപ്പിയിലേക്ക് എന്റെ കൈ അറിയാതെ നീങ്ങി തുടങ്ങി . ആകെപ്പാടെ കൊതിപ്പിക്കുന്ന ക്ഷണങ്ങളാണ്
മുക്കാൽ കുപ്പിയോളമുള്ള ബിയറു കുപ്പിയും , പുറത്തേയ്ക്കു തള്ളി നിൽക്കുന്ന ഇത്തിരി വരാന്തയും മോഹിപ്പിക്കുന്ന മഞ്ഞ ഇലഞ്ഞി പ്പൂക്കളുടെ ഗന്ധവും ഇപ്പോഴും ഉറങ്ങിയിട്ടില്ലാത്ത നഗരവും .
ലോകത്തിലെ ഏതു സുഖങ്ങളും അപ്രസക്തമാകുന്നു ഒരിടത്താണു ഞാൻ നിൽക്കുന്നത്  . കയ്യിലുള്ള തണുത്ത ബിയറിനും കൊതിപ്പിക്കുന്ന ഇലഞ്ഞിപ്പൂമണത്തിനും സുഖമുള്ള ഒരു ചുംബനത്തിനുമിടയിൽ ഞാൻ ഞെരുങ്ങുന്നു
Tu saath hai, o din raat hai
Saaya saaya, maahi ve! maahi ve!
Meri har baat mein saath tu hai
Mahi Ve.. Maahi Ve..
Mere saare haalaat tu
Maahi ve aye aye ye..
 പകലും രാത്രിയും നീ എന്നോടൊപ്പമുണ്ട്..
എല്ലാ നിഴലുകളിലും എന്റെ പ്രിയപ്പെട്ടവനേ...
എന്റെ എല്ലാ വാക്കുകളിലും നീയുണ്ട്...
എന്റെ എല്ലാ അവസ്ഥകളിലും നീ നിറഞ്ഞു നിൽക്കുന്നു, എന്റെ പ്രിയമുള്ളവനെ....
 ഹൈവേയിലെ എ ആർ റഹ്‌മാന്റെ പാട്ടിനൊത്ത് ആർത്തു വിളിക്കുന്ന ആലിയ ഭട്ടിനെയാണ് ഓർമ്മ വരുന്നത്. രാത്രികളെയൊക്കെ ഭേദിച്ച് അത്തരം ഒരു ആർത്തുവിളി എന്നും ഉണ്ടാകണം എന്ന് തോന്നുന്നുണ്ട്. അതിലെ ഏറ്റവും മുന്നിൽ നിൽക്കുന്ന ശബ്ദം എന്റേതായിരിക്കണം. ഒരു ശബ്ദത്തിൽ ഒരായിരം ശബ്ദങ്ങൾ ഉണർന്നു തുടങ്ങണം, പിന്നെ കറുത്ത ആകാശത്തു പോയി പ്രതിധ്വനിച്ചു അകലങ്ങളിൽ എവിടെയൊക്കെയോ എത്തണം. ആ ശബ്ദം എന്നും നിലനിൽക്കണം, ശബ്ദമെത്താത്ത വിദൂരങ്ങളിൽ പോയി നിലവിളികളുയർത്തണം, പിന്നെ ആലിയാ ഭട്ടിനെ പോലെ....
അപൂർണമായ ചിന്തകളിലേക്ക് തണുത്ത ബിയർ വന്നു വീഴുന്നു.
ഒറ്റയ്ക്ക് കഴിക്കുന്ന ഓരോ ഗ്ളാസ് ബിയറിലും നീ എന്നെ കാണണം കേട്ടോ... ദിലീപിന്റെ സംസാരം ഒരു പ്രതിധ്വനി പോലെ കേൾക്കുന്നു. വല്ലപ്പോഴും മാത്രമാണ് തമ്മിലൊന്നിച്ചുള്ള മദ്യപാനം. ദിലീപിന് മദ്യപിക്കണമെങ്കിൽ ഒന്നുകിൽ നല്ല സുഹൃത്തുക്കൾ വേണം അല്ലെങ്കിൽ താരാ ദിലീപെന്ന ഞാൻ . ഒറ്റയ്ക്ക് അടിയ്ക്കാൻ ദിലീപിന് താൽപ്പര്യമില്ല, അതും ഹോട്ട് ഡ്രങ്ക്സുകളോടാണ് ഇഷ്ടം.എനിക്ക് എന്തും പോകും. പക്ഷെ ചില അപൂർവ്വം ബ്രാൻഡുകൾ ഹോ... സഹിക്കാൻ വയ്യ
ഒരിക്കൽ ദിലീപിന്റെ ഇഷ്ടത്തിന് വഴങ്ങി ഏതോ ബ്രാണ്ടിയുടെ ഒരു പെഗ് കഴിച്ചതേ ഓർമ്മയുള്ളൂ 3 ദിവസം തുടർന്ന് തലവേദന, നാലാമത്തെ ദിവസം ആ നേർത്ത തലവേദന പനിയോടെ അവസാനിച്ചെങ്കിലും പിന്നീടൊരിക്കലും ദിലീപും അതിനു നിർബന്ധിച്ചിട്ടില്ല. കാരണം ആ മൂന്നു ദിവസങ്ങളിലും കണക്കറ്റു ദിലീപിനെ ഞാൻ ചീത്ത വിളിച്ചിരുന്നെന്നു പകുതി ബോധത്തിലും എനിക്കോർമ്മയുണ്ട് .
ഒമർഖയ്യാമിനെ ഒക്കെ സമ്മതിക്കണം, തണുത്ത നിലാവും മദ്യചഷകവും കൂടെ നീയും....
നീ വേണമെന്നില്ല, പകരം ഈ തണുത്ത ഗന്ധമുള്ള ഇലഞ്ഞി പ്പൂവുണ്ടല്ലോ...  ഒരു നക്ഷത്രം പറന്നു പോകുന്നുണ്ട്, പാതിമുറിഞ്ഞ ഏതോ സ്വപ്നം പറന്നു പോകുന്നത് പോലെ. ചിറകു വച്ച ആരുടെയോ കവിത പറന്നു പോകുന്നത് പോലെ. ഈ സമയം എന്താഗ്രഹിച്ചാലും അത് നടക്കുമെന്ന് ആരോ പറഞ്ഞിരുന്നു... ആഗിയാണോ... എന്ത് പറഞ്ഞാലും അത് അവളാണെന്നു തോന്നുന്ന ഈ ചിന്താഗതി മാറ്റണമെന്നു തന്നെ ഞാനുറപ്പിച്ചു. മുറിഞ്ഞ നക്ഷത്രത്തിനോട് ഹൃദയം ചേർത്ത് വച്ച് മനസ്സിനോട് മെല്ലെ പറഞ്ഞു...
"നിന്നെ ഒരിക്കൽ കൂടി ചുംബിക്കണം..."
എന്റെയുള്ളിൽ നിന്നല്ലാതെ മറ്റെവിടെനിന്നോ ക്ഷണിക്കാത്ത പോലെ തിക്കി തിരക്കി വന്ന വാക്കുകളുടെ വക്ക് കൊണ്ട് എനിക്ക് മുറിഞ്ഞു. പ്രകാശത്തിലെ ഇത്തിരി ഇടത്തിലൊളിച്ചു അപൂർണനായ നക്ഷത്രം അതിവേഗത്തിൽ പറന്നു പോയി. കൈവിട്ടു പോയ വാക്കുകളിലെ അമ്പരപ്പിൽ വഴുതി നിൽക്കാതെ അടഞ്ഞു പോകുന്ന കണ്ണുകളിലേയ്ക്ക് ഇലഞ്ഞി ഗന്ധത്തെയൊളിപ്പിച്ചു, കുപ്പിയിലെ അവസാന തുള്ളിയും വായിലേക്കിറ്റിച്ചു ഞാൻ നിസ്സംഗയായി , നിഷ്കളങ്കയായ അന്നുവിന്റെ ചൂടിലേക്ക് ചേക്കേറി.

കലാശരീരങ്ങൾ 5

some people are artists ,but some themsleves are art . സ്ത്രീകൾക്ക് ഇത്രയും മനോഹരമായി യോജിക്കുന്ന ഒരു കോട്ട് ഉണ്ടാകുമോ? ഫഹദ് അലെൻസിയുടെ ഒരു ട്വീറ്റിൽ നിന്നും ലക്ഷങ്ങൾ ഷെയർ ചെയ്തു കൊണ്ട് പോയ കോട്ട്. അയാൾ ഒരു ആർട്ടിസ്റ്റായതു കാരണം അതിനെ ആ വാക്കുമായി ചേർത്ത് വച്ചു. കലയുമായും സാഹിത്യവുമായും ഒക്കെ ബന്ധപ്പെടുത്തി ഈ കോട്ടിനെ മാറ്റി മറിക്കാനുള്ള എന്തൊക്കെ സാധ്യതകളുണ്ട്... ആ ചിന്തയെ ഒന്നുകൂടി ഉറപ്പിയ്ക്കാൻ വേണ്ടിയായിരിക്കണം പോയട്രി ഇൻസ്റ്റലേഷൻ എന്ന ന്യൂജനറേഷൻ കവിതാ മുഖം ദർബാർ ഹാളിൽ വന്നത്  . കവിതകളെ വായനയുടെ അനുഭൂതിയിൽ നിന്നും കാഴ്ചയുടെ പ്രസരിപ്പിലേയ്ക്ക് കൊണ്ട് വന്ന ലോകത്തിലെ തന്നെ ആദ്യത്തെ കവിതയുടെ അദ്‌ഭുതം. കാഴ്ചയും കേൾവിയും ബുദ്ധിയും ഓർമ്മയും ഒരേ സമയം പ്രവർത്തിക്കാനുള്ള ഇടം. വായിച്ച കവിതകളാണെങ്കിൽ പോലും അവ ദൃശ്യവത്കരിക്കുമ്പോൾ കിട്ടുന്ന പ്രത്യേക സുഖത്തെ കുറിച്ച് ഒരിക്കൽ ഒരു ചർച്ച ഉണ്ടായിരുന്നു...
ഏറെ വരിക്കാരുള്ള മലയാളത്തിലെ സാഹിത്യ മാസികയിലെ ഏറെ ആകർഷകമായ ഒരു ചർച്ചയായിരുന്നു അത്.
ഒരു എഴുത്തുകാരൻ പറയുന്നു,
- വായനയെ ദൃശ്യവത്കരിക്കാനുള്ള മോഹമൊക്കെ നല്ലതു തന്നെ പക്ഷെ ഏറെ നേരം ഓർമ്മകളെ തടഞ്ഞു നിർത്താൻ ബുദ്ധിമുട്ടുന്ന എന്നെ പോലെയുള്ള വയസ്സായവർക്കു ദൃശ്യവത്കരണത്തെ അത്രയ്ക്കൊന്നും പിന്തുടരാൻ പറ്റുമെന്നു തോന്നിയിട്ടില്ല.-
വാർദ്ധക്യം ഓർമ്മകളെ ശുഷ്കിച്ചു കളയുന്ന ഒരു മിന്നൽപ്പിണരാണെന്നും അതേൽപ്പിക്കുന്ന ആഘാതം ചില സമയത്തു താങ്ങാൻ ഏറെ ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം ഇടയ്ക്കിടയ്ക്ക് മാസികകളിലൂടെ പറയുന്നത് സ്വയം വാർദ്ധക്യം അംഗീകരിക്കുകയും അതിനാലാണ് എഴുത്തു നിർത്തിയതെന്നു വായനക്കാർ അംഗീകരിക്കണം എന്നുള്ള മോഹമായിരിക്കാം ..
- കാലം മാറുമ്പോൾ അതനുസരിച്ചു ഉറപ്പായും മാറേണ്ടതാണ് കവിതയും. അല്ലാതെ എന്നും ഒരേ പോലെ നിൽക്കാനാണെങ്കിൽ എന്താണ് മാറ്റങ്ങൾ. കവിതയും സാഹിത്യവും കലയുമൊക്കെ മാറണം. അല്ലാതെ എന്ത് വിപ്ലവമാണ് സാഹിത്യത്തിൽ നിങ്ങൾ പുതു തലമുറക്കാർ കൊണ്ട് വരാൻ ആഗ്രഹിക്കുന്നത്-
മധ്യവർത്തിയായ കവിയുടെ ശബ്ദങ്ങൾക്ക് ഈയിടെയായി പ്രസക്തി തെല്ലു കൂടിയിട്ടുണ്ട്, കാരണം സാഹിത്യ അക്കാദമി ഒരിക്കൽ നൽകിയ പുരസ്കാരം ഉത്തരേന്ത്യയിലെ ഒരു എഴുത്തുകാരന്റെ നേർക്ക് മതഭ്രാന്തന്മാർ ബോംബെറിഞ്ഞു എന്ന കാരണത്തിന് തിരികെ നൽകി അപ്പോൾ വാർത്തയിൽ താരമായി നിൽക്കുന്ന കവിയായിരുന്നു അദ്ദേഹം.
-മാറ്റങ്ങൾ ഏറെ സംഭവിക്കുന്നുണ്ടല്ലോ. കവിതകളിൽ പ്രത്യേകിച്ചും. സോഷ്യൽ മീഡിയയുടെ ഒക്കെ വരവോടെ കവിതയെ ഏറെ ദൂരം മുന്നോട്ടു കൊണ്ട് പോകാൻ ഇന്ന് കഴിഞ്ഞിട്ടുണ്ട്. ഉത്തരാധുനികതയഞ്ജം കഴിഞ്ഞു ഫെയ്‌സ്ബുക്കിയൻ കവികളുടെ യുഗമാണിത്. നല്ലതും ചീത്തയുമായ എഴുത്തുകാരുണ്ടാകാം. പക്ഷെ ഏതിനും വായനക്കാർ ഉണ്ടാകുമെന്നാണ് അതിന്റെ പ്രത്യേകത. നല്ലതും ചീത്തയും വിലയിരുത്തപ്പെടുന്നുണ്ട്. മോശമായി എഴുതുന്നവർ നല്ലതിലേയ്ക്ക് സഞ്ചരിയ്ക്കാൻ ആഗ്രഹിക്കുന്നുണ്ട്, നിരന്തരമായി എഴുതി ചിലപ്പോൾ അവരതു നേടുന്നുണ്ട്. മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്.-
ബിംബവത്കൃതമായ കവിതകളെ ആധുനിക കാവ്യ ലോകത്തിനു കാട്ടിക്കൊടുത്ത ഉത്തരാധുനികനാണ് കക്ഷി. വായ് തുറന്നാൽ രതിയും , പെണ്ണും, മുലകളും, ആർത്തവവും മാത്രമായി പോകുന്നുണ്ട് ഈയിടെയായി ഇഷ്ടന്റെ കവിതകൾ .

പോയട്രി ഇൻസ്റ്റലേഷൻ കാണാൻ പോയി വന്നു ആദ്യമായി ഫെയ്‌സ്ബുക്കിൽ ഒരു പോസ്ടിടാമെന്നു തോന്നിയ നേരത്താണ് ഫഹദിന്റെ വാചകങ്ങൾ എവിടെയോ കണ്ടിട്ടുണ്ടെന്ന് ഓർത്തതും വെറുതെ നെറ്റിൽ തിരഞ്ഞതും. വാക്യങ്ങൾ മാറ്റിയാലും അർത്ഥം മാറാൻ പോകുന്നില്ല.
because I am Myself a poetry installation ... സ്വയം ഒരു ഇൻസ്റ്റാലേഷനായി മാറപ്പെടുന്നതിന്റെ സാധ്യതകൾക്കുള്ളിൽ അന്നത്തെ ചിന്തകളെ ഒഴുക്കി വിടാൻ തുടങ്ങിയപ്പോൾ തന്നെ ആഗ്നസ് വീണ്ടും അതിലേയ്ക്ക് ഊർന്നിറങ്ങി . അവൾക്കു ഏറെ ഇഷ്ടമുള്ള വരികളാണിത്.
-"വരക്കാരിയായി ജീവിക്കാനല്ല സ്വയമൊരു വരെയായി മാറാനാ എനിക്കിഷ്ടം... കുറെ നിറങ്ങൾ വച്ചു എന്നെങ്കിലും ഒരു പൂർണയായ സ്ത്രീയെ എനിക്ക് വരയ്ക്കണം. അവൾക്കുള്ളിലേയ്ക്ക് എനിക്ക് താമസം മാറ്റണം. അവളെ ഞാനെന്ന പോലെ എല്ലാവരും ആരാധിക്കണം. ആ ചിത്രം കാണുമ്പോൾ , ഇതാ നോക്കൂ ഇതിനുള്ളിലാണ് ചിത്രകാരിയായ ആഗ്നസ് മാത്യുവിന്റെ ജീവിതമെന്നു പരിചയപ്പെടുത്തണം. പിന്നെ എന്ത് വേണം  എനിക്ക്...-
- " ഭ്രാന്തായോ..." -
ആഗിയുടെ ചപലമായ മോഹങ്ങൾക്ക് മുകളിൽ കടിഞ്ഞാൺ ഇടണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ അവളെ മനസ്സിലാക്കുക എന്ന് വച്ചാൽ ഹിമാലയത്തിൽ പോകുന്നത് പോലെയാണ് .
some people are artists ,but some themsleves are art .സ്വയം കലയായി മാറിയവളും സ്വയം കവിതയായി മാറിയവളും. ഒരേ കടലിൽ തന്നെയാണ് രണ്ടു പേരും രണ്ടു തോണിയിൽ പരസ്പരമറിയാതെ യാത്ര ചെയ്യുന്നതെന്ന് എനിക്കെപ്പോഴും തോന്നാറുണ്ട്. അവളോട് ഇത് പറഞ്ഞാൽ അവൾ ചിരിക്കും. നിനക്കെന്താ എന്നോട് പ്രേമം വല്ലതുമുണ്ടോ എന്ന് ഒരിക്കൽ ചോദിച്ച ചോദ്യം അവളെ തെല്ലും ബാധിച്ചില്ലെങ്കിലും എന്നെ  പൊള്ളിച്ചിരുന്നു. അവളോട് പ്രണയമാണോ? അതോ സ്വയം അവളുടെ പ്രതിഫലനമായി കാണാനുള്ള കൊതിയോ...
അവളെക്കാൾ ഈ ലോകത്തു സ്നേഹിക്കുന്നവർ ഏറെയുണ്ട്, സ്ത്രീകൾ തന്നെ. ഏറ്റവും അടുത്ത കൂട്ടുകാരിയും ഹോസ്ടൽമെറ്റുമായ വീണ, എഴുത്തുമായി ബന്ധപെട്ടു പരിചയപ്പെട്ട ചിലർ, ദിലീപിന്റെ സുഹൃത്തുക്കളുടെ ഭാര്യമാർ, അങ്ങനെ പലരും. പിന്നീതാ ഇവൾ മാത്രം... അത് പ്രണയമൊന്നുമല്ല. പക്ഷെ ഒരു മറയ്ക്കപ്പുറം തങ്ങൾ സ്വയം പ്രതിഫലിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു ... കണ്ണാടി പോലെ പരസ്പരം കാണപ്പെട്ടുകൊണ്ടിരിക്കുന്നു..

Sunday, October 2, 2016

നുഴഞ്ഞുകയറലുകൾ 6

യാതൊരു അടുക്കുകളും ചിട്ടകളുമില്ലാത്ത ജീവിതങ്ങൾക്ക് എന്തോ പ്രത്യേക ഭംഗിയുണ്ട്. ക്രമമല്ലാതെ കിടക്കുന്ന പുസ്തകങ്ങളുടെ ഉള്ളിൽ ഏതു പുസ്തകത്തിലെന്നറിയാത്ത ഒരു മയിൽപ്പീലിത്തുണ്ടുണ്ട്. ഭാഗ്യമുണ്ടെങ്കിൽ മാത്രമേ അത് തിരയുമ്പോൾ ലഭിക്കൂ, അല്ലെങ്കിൽ അപ്രതീക്ഷിതമായി പാതി വരച്ച ഒരു ചിത്രത്തിന്റെ ഇടയിൽ കിടന്നാവും അത് ലഭിക്കുക. എങ്കിലും ഇപ്പോഴും നീണ്ട പുസ്തകമേശ അശ്രദ്ധമായും ചിട്ടയിലല്ലാതെയും തുടർന്നു. എന്റെ ജീവിതം അത്തരം ചിട്ടയില്ലായ്മയുടെ ആവർത്തനമാണ് ഇപ്പോഴും. അത്തരം ഒരു ചിട്ടയില്ലായ്മയിലേക്കാണ് ഒരു ദിവസം അവൾ വന്നു കയറിയത്. ആഗ്നസ്. ആഗിയുടെ മൗനത്തിനു നേർത്ത ചൂടുണ്ടായിരുന്നു അപ്പോൾ. അതെന്നെ പൊള്ളിക്കുന്നതു പോലെ തോന്നി, ഉത്തരമില്ലാത്ത ചോദ്യമായി അത് ഫ്‌ളാറ്റും കടന്നു വഴിയരികിലെ ഇലഞ്ഞി  മരത്തിൽ ചെന്ന് തറച്ചു.
ഒരു വൈകുന്നേരമാണ് ആഗി എന്റെ ജീവിതത്തിലേയ്ക്ക് ആദ്യമായി വന്നു കയറുന്നത് അതും യാതൊരു മുൻപറച്ചിലുകളുമില്ലാതെ സൂചനകളില്ലാതെ ഇത്തവണ വന്നു കയറിയത് പോലെ തന്നെ.
എത്രമാത്രം നഗരങ്ങളിലേക്ക് ചേക്കേറിയാലും ഉള്ളിലുള്ള കാടിനെ എനിയ്ക്ക് ആഗിയിൽ കണ്ടെത്താം. കാരണം അവൾ സ്വയമൊരു ഗ്രാമമാണ്. എണ്ണ തേയ്ച്ചു അഴിച്ചിട്ട മുടി പാമ്പ് പോലെ പുളഞ്ഞു കിടക്കും. നെറ്റിയിലെ ചുവന്ന വട്ടപൊട്ടിനു എന്നും വിയർപ്പിന്റെ നീണ്ട വരകളുടെ വിളർച്ച. കണ്ണുകളിൽ കൃത്യമായി ഒരു കാടിന്റെ ആഴം.
"നിന്റെ കണ്ണിൽ കടലാണല്ലോ പെണ്ണെ..." എന്ന് ചിരിച്ചു കൊണ്ട് ആഗി തിരികെയും  പറയും. കാടും കടലും ആഴങ്ങളെ കണ്ടെടുത്തവയാണ്. പരസ്പരം കരകൊണ്ട് വേർതിരിക്കപ്പെട്ടിരിക്കുന്നുവെങ്കിലും ഉള്ളിൽ ജീവിതങ്ങൾ അവശേഷിപ്പിക്കുന്നവർ, നിഗൂഡതകൾ ബാക്കിയുള്ളവർ. പരസ്പരം ആഴങ്ങൾ തിരയുന്നവർ, പ്രണയിച്ചാലും പ്രണയിച്ചാലും ജീവിതം മടുക്കാത്തവർ. അങ്ങനെ കണ്ണുകളിൽ കാടും കടലുമായി ഞങ്ങൾ ആ വൈകുന്നേരത്തിൽ കണ്ടെത്തി.
ഇലഞ്ഞി പ്പൂക്കളെ കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ആഗി ആ സമയം. യാദൃശ്ചികമായാണ് ഞാൻ എഴുതിയ ഒരു ഇലഞ്ഞി പ്പൂമരത്തിനെ കുറിച്ചുള്ള ലേഖനം ആഗിയ്ക്ക് കിട്ടുന്നത്. എം ബി എ എന്ന കനമുള്ള പുസ്തകങ്ങൾക്കിടയിലും കുഞ്ഞുന്നാൾ മുതൽ കയ്യിലിരുന്നിട്ടും കളയാത്ത ഒന്നാണ് എനിക്കെന്റെ അക്ഷരങ്ങൾ. ബുദ്ധിപൂർവ്വം മാത്രം എം ബി എ പഠനത്തിനും ജോലിക്കുമായി തിരഞ്ഞെടുക്കുമ്പോൾ അക്ഷരങ്ങൾ എന്റെ ഹൃദയത്തിനു കൂട്ടിരുന്നു.  എങ്കിലും എന്തുകൊണ്ടോ ആദ്യ വായനയിൽ എന്റെ ഇലഞ്ഞിപ്പൂ മടിയിലേക്ക് ആഗി ഒരു പൂകൊഴിയുന്ന പോലെ അഴിഞ്ഞു വീണു. പിന്നീട് ഫെയ്‌സ്ബുക്കിൽ താരാ നാഥ് എന്ന പേരിന്റെ അന്വേഷണം. ആദ്യമൊരു ആശംസ. പരിചയപ്പെടൽ, കൂടി ചേർക്കലുകൾ.
"ഇതാ നോക്കൂ, ഇയാളുടെ ലേഖനം വായിച്ചു എനിക്ക് വരയ്ക്കണമെന്നു തോന്നിയ ഇലഞ്ഞി പ്പൂവിന്റെ ചിത്രം. താൻ തന്നെ ആദ്യം കാണൂ..."
ആഗിയുടെ ചിത്രത്തിന് ഇലഞ്ഞി പ്പൂവിന്റെ ധവളിമയും ഹൃദയത്തിന്റെ ചുവപ്പുമുണ്ടായിരുന്നു. ഹൃദയത്തിന്റെ വിടവിലേക്ക് കടന്നിരിയ്ക്കുന്ന ഇലഞ്ഞി പ്പൂ , വിടവുകൾ അടയ്ക്കപ്പെട്ടിരിക്കുന്നു. ശ്വാസം ലഭിയ്ക്കാൻ ബുദ്ധിമുട്ടുള്ളത് പോലെ ആ ചിത്രം എന്നെ അന്നേ ബുദ്ധിമുട്ടിച്ചു.
"തന്റെ ചിത്രം കണ്ടു എനിക്ക് ശാസം മുട്ടുന്നുണ്ട് ..."
എന്റെ മറുപടി കേട്ട് ആഗി ഉറക്കെയുറക്കെ ചിരിച്ചിരിക്കണം, കാരണം പൊട്ടിച്ചിരിയുടെ സ്മൈലികൾക്കുള്ളിൽ ചിരിച്ചു കണ്ണുകാണാതെയാകുന്ന ആഗിയ്ക്ക് പിന്നെ മറുപടികളുണ്ടായില്ല...
അതിനു മറുപടി ലഭിച്ചത് പിറ്റേന്ന് വൈകുന്നേരമാണ്. കൃത്യം രണ്ടു ദിവസമായിരുന്നു ഞങ്ങൾ തമ്മിൽ അന്ന് കണ്ട്  മുട്ടിയിട്ട്.
" ആ ചിത്രം കണ്ടു ശ്വാസം മുട്ടിയെങ്കിൽ ഞാൻ ജയിച്ചു... കാരണം ആ ചിത്രം അത്തരമൊരു വിലാപത്തെ കുറിയ്ക്കുന്നുണ്ട്. തന്റെ ഹൃദയം മിടിക്കുന്നുണ്ടെടോ...", അന്നും അവൾ നിർത്താതെ ചിരിച്ചു.
അകാരണമായ ഒരു പരിഭ്രമത്തോടെ കയ്യിലൊരു ട്രാവൽ ബാഗുമായി ആഗി ഫ്‌ളാറ്റിന്റെ വാതിൽ കടന്നു വന്നപ്പോൾ എനിയ്ക്ക് നാളുകൾക്കു ശേഷം പിന്നെയും ശ്വാസം മുട്ടി.
" ശ്വാസം മുട്ടൽ വല്ലാതെ ഈയിടെയായി കൂടുന്നുണ്ടല്ലോ" ദിലീപിന്റെ സംശയങ്ങളെ ചുണ്ടുകളുടെ വൃത്തത്തിലൊതുക്കിഞാനന്നു ചിരിച്ചിരുന്നു .
ഇപ്പോൾ വീണ്ടും ഇത് മാറാൻ എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഞാൻ വെറുതെ  ആഗിയുടെ ബാഗിലേയ്ക്കും മുഖത്തേക്കും മാറി മാറി നോക്കി പകച്ചു നിന്നു.
"കുറച്ചു ദിവസം ഞാനിവിടെ താമസിച്ചോട്ടെ?"
ആഗിയുടെ എടുപിടീന്നുള്ള ചോദ്യത്തിന് നേർക്ക് ഞാൻ കണ്ണുമിഴിച്ചു.
"എന്താ... എന്തെങ്കിലും പ്രശ്നം?"
-"ഇല്ലാ.... ഒരു ജീവിതമല്ല ഉള്ളൂ താരാ.... അത് എനിക്ക് എന്റെ ഇഷ്ടങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്നതല്ലെങ്കിൽ ജീവിക്കുന്നതിൽ എന്ത് അർത്ഥമുണ്ടെന്നാ.."
" ഒളിച്ചോടുകയോ മറ്റോ ആണോ"
-"ഹഹ ഇല്ല..... എങ്ങോട്ട് ഒളിച്ചോടാൻ, ആരുടെ കൂടെ ഒളിച്ചോടാൻ? ഒളിച്ചോടാൻ തോന്നിയിട്ടില്ല താരാ ആരുടെ കൂടെയും ഒന്നിൽ നിന്നും... ഇതൊരു മാറി നിൽക്കലാണ്... കുറച്ചു ദിവസം. ചില ലക്ഷ്യങ്ങൾ.."
ആഗിയുടെ ലക്ഷ്യങ്ങളിലേയ്ക്ക് മനസ്സെറിഞ്ഞു  . ദിലീപിനോട് ചോദിക്കണം.
"താര ഒറ്റയ്ക്ക് അഭിപ്രായം പറയണ്ട, ദിലീപിനോട് ചോദിച്ചിട്ടു മതി. ഈ ഫ്‌ലാറ്റിലെ ഇടങ്ങളിൽ നിങ്ങൾ പോലുമറിയാതെ ഇത്തിരി ദിവസങ്ങൾ. പുറത്തേയ്ക്ക് തള്ളി നിൽക്കുന്ന ആ ബാൽക്കണി മതി എനിക്ക് കിടക്കാൻ. ഭക്ഷണം ആവശ്യമാണ്, അക്കാര്യത്തിൽ മാത്രം ഞാൻ ബുദ്ധിമുട്ടിക്കും. വിശപ്പ് എന്റെ ഒരേയൊരു രോഗമാണ്.."
അതും പറഞ്ഞു ആഗി വളരെ നിഷ്കളങ്കമായ ഒരു ചിരി ചിരിച്ചു.
എന്താണ് ചെയ്യേണ്ടതെന്ന് രൂപമില്ലാത്ത ഞാൻ മൊബൈലെടുത്ത് ദിലീപിന്റെ നമ്പർ തിരഞ്ഞു തുടങ്ങി.

Saturday, October 1, 2016

ഉത്തമഗീതം 7

"എന്റെ പ്രിയനായി ഞാന്‍ കതകു തുറന്നു; പക്‌ഷേ, അവന്‍ അപ്പോഴേക്കുംപോയിക്കഴിഞ്ഞിരുന്നു. അവന്‍ സംസാരിച്ചപ്പോള്‍ എന്റെ ഹൃദയം പരവശമായി. ഞാന്‍ അവനെ അന്വേഷിച്ചു; കണ്ടെത്തിയില്ല. ഞാന്‍ അവനെ വിളിച്ചു; അവന്‍ വിളികേട്ടില്ല. "
 സോളമന്റെ ഉത്തമഗീതങ്ങളിൽ കണ്ടെത്താത്ത എത്രയോ മുത്തുകൾ ഒളിഞ്ഞിരിക്കുന്നുണ്ടെന്നോ! പ്രണയത്തിന്റെ അത്യഗാധമായ ഇരിപ്പിടങ്ങളിലേയ്ക്ക് അവർ ഇരുവരും ഒരിക്കലും എത്തപ്പെടാതെ ഇരിക്കുകയും പരസ്പരം അത്രമേൽ ആഴത്തിൽ ആഗ്രഹിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവർ. 8 അധ്യായങ്ങളുള്ള പ്രണയകാവ്യം.
ഒരു ഉച്ച നേരത്തെ ഷിഫ്റ്റിന്റെ ഇടവേളയിൽ ഇരുന്നപ്പോഴാണ് സോളമനും ഉത്തമഗീതങ്ങളും ഞങ്ങളുടെ സംസാരമധ്യേ കടന്നു വന്നത്. അന്ന് അവൾ  ഫ്‌ളാറ്റിലേയ്ക്ക് താമസത്തിനെത്തിയിട്ട് രണ്ടാമത്തെ ദിവസമായിരുന്നു. പൂവില്ലാത്ത ഇലഞ്ഞിയിലേയ്ക്ക് നോക്കി ഇത്തിരി നേരം ഒറ്റയ്ക്കിരിയ്ക്കാൻ കൊതി തുടങ്ങിയിരുന്നു. ആഗ്നസ് പ്രത്യേകം ശല്യപ്പെടുത്തലുകൾ ഒന്നും തന്നെയില്ല. വെറുതെ ഏതു നേരവും ഓരോന്ന് ആലോചിച്ചിരിക്കും, ഇടയ്ക്ക് എന്നെ നോക്കി കണ്ണിമ ചിമ്മാതെയിരിക്കും. ചിലപ്പോൾ കയ്യിലൊരു ബ്രഷുമായി ഫ്‌ളാറ്റിന് താഴെയുള്ള പച്ചപ്പിലേക്ക് നോക്കി ചിരിക്കും. ഈ ഭ്രാന്തു പോരാഞ്ഞിട്ടാണ് ഇനി പ്രണയവും സോളമനും ഉത്തമഗീതവും ...
"സോളമന്റെ അബീശഗിനെ എങ്ങനെ മറക്കാനാകും. അവളെ ഇതുവരെ ആറും വായിച്ചിട്ടില്ല, താരാ... സോളമൻ, അയാളുടെ ഭാര്യമാർ, അയാളുടെ വെപ്പാട്ടികൾ... അവർക്കിടയിൽ അവൾ ഒരു നക്ഷത്രം തന്നെയായിരുന്നു. ഒടുവിൽ പട്ടമഹിഷിയാക്കാം എന്ന വെറും വാക്കിൽ മോഹിപ്പിച്ച് വഞ്ചിച്ച് ഏതോ ഒരുവളെ രാജ്ഞിയാക്കുമ്പോൾ പിന്നെന്തിനു അവൾ കാത്തിരിക്കണം... ഹൃദയത്തിൽ സോളമന്റെ സങ്കടങ്ങളെയും പേറി അവൾ ചെയ്ത യാത്രകൾ... "-അബീശഗിനെ ആകി വായിച്ചത് പോലെ എനിക്ക് വായിക്കാനായോ... ഞാനവളെ വായിച്ചിരുന്നിട്ടേയില്ല എന്ന് തിരിച്ചറിയുന്നു... ഉത്തമഗീതത്തിന്റെ വഴികളിൽ നിന്നും കാറ്റ് വീശുന്നു.. മുതിരിപ്പാടങ്ങളിൽ വീശിയടിച്ച പഴുത്ത മുന്തിരി ഗന്ധമുള്ള കാറ്റ്... എന്നെ വന്നു തൊട്ടെങ്കിലും ആധിയുടെ താഴ്വരകളിൽ ഞാൻ ധ്യാനത്തിലിരുന്നു ..
 രണ്ടു ദിവസം കഴിഞ്ഞിട്ടും ദിലീപ് സമ്മതിച്ചിട്ടും ആഗിയുടെ വരവിനെ ഉൾക്കൊള്ളാനായിരുന്നില്ല. ഏകാന്തതയിലേയ്ക്ക് ഒരു പനിക്കാലം വന്നു കയറിയത് പോലെയാണ് തോന്നിയത്. അന്നുവും ആഗിയും ഒത്തിരി പഴയ സുഹൃത്തുക്കളെ പോലെ കഥകൾ പങ്കിട്ടു തുടങ്ങിയിരുന്നു. അവളുടെ ചോക്കലേറ്റുകളിൽ അവൾ ആദ്യ ദിനം തന്നെ മയങ്ങി വീണു കഴിഞ്ഞിരുന്നു. എങ്കിലും ഒരു നിരാശയുടെ വാൾ തലയ്ക്കു മുകളിൽ തൂങ്ങിയാടുന്നു .
-"ഞാനീ ഉത്തമഗീതമൊന്നും വായിച്ചിട്ടില്ല... " സോളമനെ പോലും വെറുത്ത് പോയി ഞാൻ ..
ആഗിയുടെ കണ്ണുകൾ വിടർന്നു.
"നമ്മൾ സ്ഥിരമായി കേൾക്കുന്ന വരികളില്ലേ...
"രാവിലെ നമുക്ക്മുന്തിരിത്തോട്ടത്തിലേക്കു പോകാം. മുന്തിരി മൊട്ടിട്ടോ എന്നു നോക്കാം. മുന്തിരിപ്പൂക്കള്‍ വിടര്‍ന്നോ എന്നു നോക്കാം. മാതളനാരകം പൂവിട്ടോ എന്ന് അന്വേഷിക്കാം. അവിടെവച്ച് നിനക്ക് ഞാന്‍ എന്റെ പ്രേമം പകരാം" അത് ഉത്തമഗീതം ഏഴാം അധ്യായത്തിലേതാണ്. എന്നാൽ അവിടം കൊണ്ട് അവസാനിക്കുന്നതല്ല അതിലെ പ്രണയ സങ്കീർത്തനങ്ങൾ, കേട്ടാൽ കൊതി തോന്നും ഒന്ന് പ്രണയിക്കാനും ചുംബിക്കപ്പെടാനും തോന്നും. "
-"ബൈബിളിലെ വാക്യങ്ങളല്ലേ അത്.."
"ഹെബ്രായ ബൈബിളിലെ വാക്യങ്ങളാണവ. സോളമൻ രാജാവ് എഴുതിയതാണെന്നാണ് പലരും ഇതിനെ കരുതുന്നത്, എന്നാൽ സോളമൻ രാജാവിന്റെ കാലത്തുണ്ടായതെന്നു അനുമാനിയ്ക്കാനേ കഴിയൂ, പരസ്പരമുള്ള സംഭാഷണങ്ങൾ പോലെ ഉള്ള വാക്യങ്ങളാണ്. ബൈബിളിലെ മറ്റു വാക്യങ്ങളെക്കാൾ അടിമുടി വ്യത്യാസമുള്ള ഭാഗം.
പ്രണയമില്ലാതെ ഒരു പുസ്തകത്തിനും നിലനില്പില്ലെന്നെ.... അത് ദൈവത്തിന്റേതാണെങ്കിലും ശരി ചെകുത്താന്റേതാണെങ്കിലും ശരി."
-"ഓ... ഇയാളല്ലെങ്കിലും പ്രണയത്തിന്റെ ഹോൾ സെയിൽ ഡീലർ ആണല്ലോ... പക്ഷെ തന്റെ പ്രണയത്തെ കുറിച്ച് എന്നോട് ഇതുവരെ പറഞ്ഞിട്ടില്ല.."
"പറയാം... പറയാതെയുമിരിക്കാം... ചിലതൊക്കെ അങ്ങനെ അല്ലെ.. പറയാൻ എത്രയോ കാര്യങ്ങൾ എന്റെ നെഞ്ചിലിരുന്ന് വിങ്ങുന്നുണ്ടെന്നോ, ആ വിങ്ങൽ തന്റെ ഉള്ളിലും ഉണ്ടെന്നുമെനിക്കറിയാം.. പക്ഷെ കാത്തിരിക്ക്... ഞാൻ പറയാം. പലതും. ഇപ്പോൾ നമുക്ക് സോളമനെ കുറിച്ച് സംസാരിക്കാം .."
-"സോളമനെന്താ കുഴപ്പം"
"സോളമന് കുഴപ്പമൊന്നുമില്ല, പദ്മരാജന്റെ നമുക്ക് പാർക്കാൻ മുത്തിരിത്തോപ്പുകൾ" കണ്ടതല്ലേ, അതിലെ സോളമനെ ഓർമ്മയുണ്ടോ...
-"എങ്ങനെ മറക്കാനാടോ... ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന പൗരുഷ കഥാപാത്രം. അവന്റെ പെണ്ണ് ബലാത്സംഗം ചെയ്യപ്പെട്ടാലെന്താ അവളെ ചേർത്ത് പിടിക്കാൻ അവനെടുത്ത മാനസിക ബലം നമ്മുടെ നാട്ടിലെ മിക്ക ആണുങ്ങൾക്കും കിട്ടില്ല ആഗി.."
ആഗ്നസിന്റെ നിശബ്ദതയെ എനിക്ക് മനസ്സിലായില്ല. എങ്കിലും അവളുടെ കണ്ണിൽ നിന്നു കനത്ത വലിപ്പത്തിൽ പുറത്ത് വന്ന മിഴിനീരിനെ  ഞാൻ കണ്ടെത്തുന്നു .
-"നീ കരയുന്നു ആഗി..." വല്ലപ്പോഴുമേ നീ എന്നാ പ്രയോഗം എന്നിലെന്നുണ്ടാകാറുള്ളൂ, അതും ഏറ്റവും ഹൃദയം തൊടുമ്പോൾ...
ആഗ്നസ് കരയുക തന്നെയായിരുന്നു.
"ചിലപ്പോൾ സോഫിയയുടെ പ്രേതം എന്നിൽ കുടിയേറും. അവളുടെ അപ്പൻ എനിക്ക് പരിചിതനായ ആരുടെയൊക്കെയോ ശരീരത്തോ കയറും... എനിക്കപ്പോൾ ശരീരം തളരും താരാ... അങ്ങനെ എത്രയോ തളർച്ചകൾക്കു മുകളിൽ വെറുതെ പെന്റുലം പോലെ ആടുകയാണ് ഞാൻ.."
-"എനിക്ക് മനസ്സിലായില്ല ആഗീ..."
" പെൺകുട്ടികളുടെ ചില അവസ്ഥകളെ കുറിച്ചാണ് താരാ. മിക്ക പെണ്കുട്ടികളിലും സോഫിയ ഉണ്ട്. നിന്നിലുണ്ടോ എന്നെനിക്കറിയില്ല. നിന്നിൽ കൂടുതൽ ക്ലാരയുടെ മുഖമാണെനിക്ക് കാണാൻ കഴിയുന്നത് , ക്ലാരയുടെ കണ്ണിലെ കടൽ...
കുട്ടിക്കാലം മുതൽ ഒരു പുരുഷന്റെ ശരീരം അടിച്ചേല്പിക്കപ്പെടാൻ ബാധ്യതപ്പെട്ട ചില പെണ്ശരീരങ്ങളുണ്ട്, താരാ. സോഫിയയെ പോലെ..."
ആഗ്നസ് കഥ പറയുകയാണോ......?
ഹൈവേ എന്ന ചിത്രത്തിലെ ആലിയാ ഭട്ടിന്റെ  കഥാപാത്രം അമ്മാവനാൽ കുട്ടിക്കാലം മുതൽ റേപ്പ് ചെയ്യപ്പെടുന്നവളാകുന്നതിന്റെ അസ്വസ്ഥതയിൽ ഞാൻ ഉരുകി തുടങ്ങി. ചിന്തിക്കാൻ പോലുമാകുന്നില്ല. ഉറക്കെ ശബ്ദമില്ലാത്തവൾ, നിലവിളികളില്ലാത്തവൾ...
"എന്റെ പേരും സോഫിയ എന്നാണു താര.."
യാതൊരു വിധ മുൻകരുതലുകളുമില്ലാതെയാണ് ആഗ്നസ് എന്റെ നെഞ്ചിലേക്ക് വീണത്. ആഗിയുടെ തലയുടെ ഭാരമാണോ അവൾ നെഞ്ചിലേയ്ക്കിട്ട വാക്കുകളുടെ ഭാരമാണോ പെട്ടെന്ന് തളർത്തി...
വെറുതെ ഒന്നിനുമല്ലാതെ ഞാൻ  മെല്ലെ കയ്യെടുത്തു ആഗിയുടെ തലയിൽ വെറുതെ തലോടി.
-"പക്ഷെ സോഫിയയെ പോലെ പപ്പയായിരുന്നില്ല കേട്ടോ, അടുത്ത വീട്ടിലെ ഒരു പയ്യൻ. എനിക്ക് നാല് വയസ്സും അവനു 8 വയസ്സും. പരസ്പരം ആണാണെന്നും പെണ്ണാണെന്നും അറിയാൻ കഴിയുന്നതിനും എത്രയോ മുൻപേ അവനെന്നെ കളിപ്പാട്ടമാക്കിയിരുന്നു... എന്റെ ബാല്യം മുഴുവൻ ഒരുപക്ഷെ അവന്റെ കൈത്തണ്ടയിലെ കളിപ്പാട്ടമായി തന്നെയായാണ് ഞാൻ കഴിഞ്ഞത്. ഉള്ളിലെവിടെയോ ഒരു കുറ്റബോധമുണ്ട് താരാ... അതെന്നെ ഭയപ്പെടുത്തുന്നുണ്ട്. ചില സമയത്ത് ആ ഭയമെന്നെ വിഴുങ്ങുന്നുണ്ട്. അകാരണമായ ദേഷ്യം വന്നെന്നെ തളർത്തുന്നുണ്ട്. ഒന്നും പറയാൻ പറ്റാതെ നാവൊക്കെ ചലനരഹിതമായി പോകുന്നുണ്ട്. "
ഞാൻ ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. വെറുതെ ആഗ്നസിന്റെ മുടിയിഴകളെ തലോടിക്കൊണ്ടേയിരുന്നു. എന്റെ നെഞ്ച് നനഞ്ഞിരിക്കുന്നതായി ഞാൻ അറിഞ്ഞു. ആഗിയുടെ കണ്ണുനീർ, മുലഞരമ്പുകളിൽ തൊട്ടു താഴേയ്ക്കൊഴുകുമ്പോൾ എനിക്ക് മുല ചുരന്നു .നനയുന്ന നെഞ്ചിനെ എന്ത് ചെയ്യണമെന്നറിയാതെ വെറുതെ ഞാനവളെ കേട്ട് കൊണ്ടേയിരുന്നു... നീരൊഴുകി തുടങ്ങിയ കണ്ണിനെ ബലമായി അടച്ചു പിടിച്ചു ആഗിയെ ഞാൻ വീണ്ടും വീണ്ടും  തലോടിക്കൊണ്ടേയിരുന്നു. ഒന്നും മിണ്ടാതെ ഓരോ ലോകത്തിലിരുന്ന് ഞങ്ങളിരുവരും കണ്ണ് നിറച്ചു കൊണ്ടിരുന്നു. ഉച്ച കഴിഞ്ഞുള്ള ഷിഫ്റ്റിനെ കുറിച്ച് പോലും ആലോചിക്കാതെ അന്നുച്ചയ്ക്ക് ഞാൻ ആഗ്നസിനെ കെട്ടിപ്പുണർന്നു ഉറങ്ങിയും പോയി. വർഷങ്ങൾക്ക് ശേഷം എത്ര ഹൃദയം നിറഞ്ഞ ആനന്ദത്തോടെയാണ് വൈകുന്നേരം ഉറക്കമുണർന്നതും. അന്നുവും ആഗിയും അപ്പോഴും ഉറങ്ങുകയായിരുന്നു. നിഷ്കളങ്കമായ രണ്ടു കുഞ്ഞു മുഖങ്ങൾ... ഗോതമ്പ് മാവ് പ്ലാസ്റ്റിക് ഡബ്ബയിൽ നിന്നെടുത്ത് ഞാൻ അത്താഴത്തിനുള്ള ചപ്പാത്തി കുഴയ്ക്കാൻ ആരംഭിച്ചു.