Sunday, October 2, 2016

നുഴഞ്ഞുകയറലുകൾ 6

യാതൊരു അടുക്കുകളും ചിട്ടകളുമില്ലാത്ത ജീവിതങ്ങൾക്ക് എന്തോ പ്രത്യേക ഭംഗിയുണ്ട്. ക്രമമല്ലാതെ കിടക്കുന്ന പുസ്തകങ്ങളുടെ ഉള്ളിൽ ഏതു പുസ്തകത്തിലെന്നറിയാത്ത ഒരു മയിൽപ്പീലിത്തുണ്ടുണ്ട്. ഭാഗ്യമുണ്ടെങ്കിൽ മാത്രമേ അത് തിരയുമ്പോൾ ലഭിക്കൂ, അല്ലെങ്കിൽ അപ്രതീക്ഷിതമായി പാതി വരച്ച ഒരു ചിത്രത്തിന്റെ ഇടയിൽ കിടന്നാവും അത് ലഭിക്കുക. എങ്കിലും ഇപ്പോഴും നീണ്ട പുസ്തകമേശ അശ്രദ്ധമായും ചിട്ടയിലല്ലാതെയും തുടർന്നു. എന്റെ ജീവിതം അത്തരം ചിട്ടയില്ലായ്മയുടെ ആവർത്തനമാണ് ഇപ്പോഴും. അത്തരം ഒരു ചിട്ടയില്ലായ്മയിലേക്കാണ് ഒരു ദിവസം അവൾ വന്നു കയറിയത്. ആഗ്നസ്. ആഗിയുടെ മൗനത്തിനു നേർത്ത ചൂടുണ്ടായിരുന്നു അപ്പോൾ. അതെന്നെ പൊള്ളിക്കുന്നതു പോലെ തോന്നി, ഉത്തരമില്ലാത്ത ചോദ്യമായി അത് ഫ്‌ളാറ്റും കടന്നു വഴിയരികിലെ ഇലഞ്ഞി  മരത്തിൽ ചെന്ന് തറച്ചു.
ഒരു വൈകുന്നേരമാണ് ആഗി എന്റെ ജീവിതത്തിലേയ്ക്ക് ആദ്യമായി വന്നു കയറുന്നത് അതും യാതൊരു മുൻപറച്ചിലുകളുമില്ലാതെ സൂചനകളില്ലാതെ ഇത്തവണ വന്നു കയറിയത് പോലെ തന്നെ.
എത്രമാത്രം നഗരങ്ങളിലേക്ക് ചേക്കേറിയാലും ഉള്ളിലുള്ള കാടിനെ എനിയ്ക്ക് ആഗിയിൽ കണ്ടെത്താം. കാരണം അവൾ സ്വയമൊരു ഗ്രാമമാണ്. എണ്ണ തേയ്ച്ചു അഴിച്ചിട്ട മുടി പാമ്പ് പോലെ പുളഞ്ഞു കിടക്കും. നെറ്റിയിലെ ചുവന്ന വട്ടപൊട്ടിനു എന്നും വിയർപ്പിന്റെ നീണ്ട വരകളുടെ വിളർച്ച. കണ്ണുകളിൽ കൃത്യമായി ഒരു കാടിന്റെ ആഴം.
"നിന്റെ കണ്ണിൽ കടലാണല്ലോ പെണ്ണെ..." എന്ന് ചിരിച്ചു കൊണ്ട് ആഗി തിരികെയും  പറയും. കാടും കടലും ആഴങ്ങളെ കണ്ടെടുത്തവയാണ്. പരസ്പരം കരകൊണ്ട് വേർതിരിക്കപ്പെട്ടിരിക്കുന്നുവെങ്കിലും ഉള്ളിൽ ജീവിതങ്ങൾ അവശേഷിപ്പിക്കുന്നവർ, നിഗൂഡതകൾ ബാക്കിയുള്ളവർ. പരസ്പരം ആഴങ്ങൾ തിരയുന്നവർ, പ്രണയിച്ചാലും പ്രണയിച്ചാലും ജീവിതം മടുക്കാത്തവർ. അങ്ങനെ കണ്ണുകളിൽ കാടും കടലുമായി ഞങ്ങൾ ആ വൈകുന്നേരത്തിൽ കണ്ടെത്തി.
ഇലഞ്ഞി പ്പൂക്കളെ കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ആഗി ആ സമയം. യാദൃശ്ചികമായാണ് ഞാൻ എഴുതിയ ഒരു ഇലഞ്ഞി പ്പൂമരത്തിനെ കുറിച്ചുള്ള ലേഖനം ആഗിയ്ക്ക് കിട്ടുന്നത്. എം ബി എ എന്ന കനമുള്ള പുസ്തകങ്ങൾക്കിടയിലും കുഞ്ഞുന്നാൾ മുതൽ കയ്യിലിരുന്നിട്ടും കളയാത്ത ഒന്നാണ് എനിക്കെന്റെ അക്ഷരങ്ങൾ. ബുദ്ധിപൂർവ്വം മാത്രം എം ബി എ പഠനത്തിനും ജോലിക്കുമായി തിരഞ്ഞെടുക്കുമ്പോൾ അക്ഷരങ്ങൾ എന്റെ ഹൃദയത്തിനു കൂട്ടിരുന്നു.  എങ്കിലും എന്തുകൊണ്ടോ ആദ്യ വായനയിൽ എന്റെ ഇലഞ്ഞിപ്പൂ മടിയിലേക്ക് ആഗി ഒരു പൂകൊഴിയുന്ന പോലെ അഴിഞ്ഞു വീണു. പിന്നീട് ഫെയ്‌സ്ബുക്കിൽ താരാ നാഥ് എന്ന പേരിന്റെ അന്വേഷണം. ആദ്യമൊരു ആശംസ. പരിചയപ്പെടൽ, കൂടി ചേർക്കലുകൾ.
"ഇതാ നോക്കൂ, ഇയാളുടെ ലേഖനം വായിച്ചു എനിക്ക് വരയ്ക്കണമെന്നു തോന്നിയ ഇലഞ്ഞി പ്പൂവിന്റെ ചിത്രം. താൻ തന്നെ ആദ്യം കാണൂ..."
ആഗിയുടെ ചിത്രത്തിന് ഇലഞ്ഞി പ്പൂവിന്റെ ധവളിമയും ഹൃദയത്തിന്റെ ചുവപ്പുമുണ്ടായിരുന്നു. ഹൃദയത്തിന്റെ വിടവിലേക്ക് കടന്നിരിയ്ക്കുന്ന ഇലഞ്ഞി പ്പൂ , വിടവുകൾ അടയ്ക്കപ്പെട്ടിരിക്കുന്നു. ശ്വാസം ലഭിയ്ക്കാൻ ബുദ്ധിമുട്ടുള്ളത് പോലെ ആ ചിത്രം എന്നെ അന്നേ ബുദ്ധിമുട്ടിച്ചു.
"തന്റെ ചിത്രം കണ്ടു എനിക്ക് ശാസം മുട്ടുന്നുണ്ട് ..."
എന്റെ മറുപടി കേട്ട് ആഗി ഉറക്കെയുറക്കെ ചിരിച്ചിരിക്കണം, കാരണം പൊട്ടിച്ചിരിയുടെ സ്മൈലികൾക്കുള്ളിൽ ചിരിച്ചു കണ്ണുകാണാതെയാകുന്ന ആഗിയ്ക്ക് പിന്നെ മറുപടികളുണ്ടായില്ല...
അതിനു മറുപടി ലഭിച്ചത് പിറ്റേന്ന് വൈകുന്നേരമാണ്. കൃത്യം രണ്ടു ദിവസമായിരുന്നു ഞങ്ങൾ തമ്മിൽ അന്ന് കണ്ട്  മുട്ടിയിട്ട്.
" ആ ചിത്രം കണ്ടു ശ്വാസം മുട്ടിയെങ്കിൽ ഞാൻ ജയിച്ചു... കാരണം ആ ചിത്രം അത്തരമൊരു വിലാപത്തെ കുറിയ്ക്കുന്നുണ്ട്. തന്റെ ഹൃദയം മിടിക്കുന്നുണ്ടെടോ...", അന്നും അവൾ നിർത്താതെ ചിരിച്ചു.
അകാരണമായ ഒരു പരിഭ്രമത്തോടെ കയ്യിലൊരു ട്രാവൽ ബാഗുമായി ആഗി ഫ്‌ളാറ്റിന്റെ വാതിൽ കടന്നു വന്നപ്പോൾ എനിയ്ക്ക് നാളുകൾക്കു ശേഷം പിന്നെയും ശ്വാസം മുട്ടി.
" ശ്വാസം മുട്ടൽ വല്ലാതെ ഈയിടെയായി കൂടുന്നുണ്ടല്ലോ" ദിലീപിന്റെ സംശയങ്ങളെ ചുണ്ടുകളുടെ വൃത്തത്തിലൊതുക്കിഞാനന്നു ചിരിച്ചിരുന്നു .
ഇപ്പോൾ വീണ്ടും ഇത് മാറാൻ എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഞാൻ വെറുതെ  ആഗിയുടെ ബാഗിലേയ്ക്കും മുഖത്തേക്കും മാറി മാറി നോക്കി പകച്ചു നിന്നു.
"കുറച്ചു ദിവസം ഞാനിവിടെ താമസിച്ചോട്ടെ?"
ആഗിയുടെ എടുപിടീന്നുള്ള ചോദ്യത്തിന് നേർക്ക് ഞാൻ കണ്ണുമിഴിച്ചു.
"എന്താ... എന്തെങ്കിലും പ്രശ്നം?"
-"ഇല്ലാ.... ഒരു ജീവിതമല്ല ഉള്ളൂ താരാ.... അത് എനിക്ക് എന്റെ ഇഷ്ടങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്നതല്ലെങ്കിൽ ജീവിക്കുന്നതിൽ എന്ത് അർത്ഥമുണ്ടെന്നാ.."
" ഒളിച്ചോടുകയോ മറ്റോ ആണോ"
-"ഹഹ ഇല്ല..... എങ്ങോട്ട് ഒളിച്ചോടാൻ, ആരുടെ കൂടെ ഒളിച്ചോടാൻ? ഒളിച്ചോടാൻ തോന്നിയിട്ടില്ല താരാ ആരുടെ കൂടെയും ഒന്നിൽ നിന്നും... ഇതൊരു മാറി നിൽക്കലാണ്... കുറച്ചു ദിവസം. ചില ലക്ഷ്യങ്ങൾ.."
ആഗിയുടെ ലക്ഷ്യങ്ങളിലേയ്ക്ക് മനസ്സെറിഞ്ഞു  . ദിലീപിനോട് ചോദിക്കണം.
"താര ഒറ്റയ്ക്ക് അഭിപ്രായം പറയണ്ട, ദിലീപിനോട് ചോദിച്ചിട്ടു മതി. ഈ ഫ്‌ലാറ്റിലെ ഇടങ്ങളിൽ നിങ്ങൾ പോലുമറിയാതെ ഇത്തിരി ദിവസങ്ങൾ. പുറത്തേയ്ക്ക് തള്ളി നിൽക്കുന്ന ആ ബാൽക്കണി മതി എനിക്ക് കിടക്കാൻ. ഭക്ഷണം ആവശ്യമാണ്, അക്കാര്യത്തിൽ മാത്രം ഞാൻ ബുദ്ധിമുട്ടിക്കും. വിശപ്പ് എന്റെ ഒരേയൊരു രോഗമാണ്.."
അതും പറഞ്ഞു ആഗി വളരെ നിഷ്കളങ്കമായ ഒരു ചിരി ചിരിച്ചു.
എന്താണ് ചെയ്യേണ്ടതെന്ന് രൂപമില്ലാത്ത ഞാൻ മൊബൈലെടുത്ത് ദിലീപിന്റെ നമ്പർ തിരഞ്ഞു തുടങ്ങി.

No comments:

Post a Comment