Tuesday, October 4, 2016

ശാന്തതയുടെ മുഖം -3

അതുവരെ ജീവിച്ചതിൽ നിന്നും വ്യത്യസ്തമായ മറ്റൊരു ജീവിതം. എന്റെ മുന്നിലെ മൂന്നു കുഞ്ഞു കട്ടിലുകൾ, പലപ്പോഴും അലങ്കോലപ്പെട്ടും വസ്ത്രക്കെട്ടുകളാലും നിറഞ്ഞു തന്നെ കിടന്നിരുന്നു. അതിലൊന്നിൽ എന്റെ തലയിണയുണ്ട്, വീട്ടിൽ നിന്നും കൊണ്ട് വന്ന സ്വന്തം തലയിണ. ഒരു കാരണവുമില്ലാതെ ചിലപ്പോൾ സങ്കടം വരുമ്പോഴും പഠിച്ചു പഠിച്ച് തലയ്ക്കുള്ളിൽ ഭ്രാന്തൻ വണ്ട് മൂളുമ്പോഴും എന്റെ നിശ്വാസങ്ങൾ ഉരുകി ചേർന്ന തലയിണ... മുറിയുടെ മൂലയിലെ മൂന്നു ജനാലകളുള്ള ഷെല്ഫുകളിൽ ഞങ്ങളുടെ വീടുകളുറങ്ങുന്നു. അമ്മമാരുടെ പ്രാർത്ഥനയും അച്ഛന്റെ കരുതലും വീടിന്റെ മണവും ഞങ്ങളെ പൊതിയുന്നു...
ഹോസ്റ്റൽ റൂമിന്റെ ബഹളങ്ങളിലേയ്ക്ക് ഒരു ശാന്തത വന്നു നിറഞ്ഞു നിൽക്കുന്നത് പോലെയാണ് ചില നേരങ്ങൾ. ആദ്യമായി ജീസസ് ക്രൈസ്റ്റിനെ സ്വപ്നം കണ്ട ശേഷമാണ് ആ വെളിച്ചത്തിലേക്ക് ഞാനെത്തിപ്പെട്ടത് . പനിച്ചു വിറച്ചു ചൂടൻ പുതപ്പിന്റെ ഉള്ളിൽ സ്വയംഅന്വേഷണമായിരുന്നു. എപ്പോഴാണ് ഉറക്കത്തിലേക്ക് വീണു പോയതെന്നറിയില്ല, ശരീരത്തിനുള്ളിൽ നിന്ന് കൂർത്ത മുള്ളുകൾ വന്നു കിടക്കയെ മൂടി പൊതിഞ്ഞു നിൽക്കുന്നു,  അതിനു മുകളിൽ ഉത്തരായനം കാത്ത് കിടക്കുന്ന ഭീഷ്മരെ പോലെ...
മരണം കാത്തു കഴിയുന്ന നിത്യ ദുരിതങ്ങൾക്ക് മേലാണ് ഒരു പ്രകാശം വന്നടിച്ചത്. ആ പ്രകാശത്തിനു മെല്ലെ അരികുകൾ വച്ച് തുടങ്ങി, നിശബ്ദത നിത്യമായ സത്യമായി .
അവിടെയൊരു മുഖമുണ്ടായി. നീണ്ട താടിയും ചെമ്പൻ മീശയും നീല കണ്ണുകളുമുള്ള ഒരു മനുഷ്യൻ...
നീല കണ്ണുകളിൽ നിന്ന് ഒരു കടലൊഴുകി മുറി നിറഞ്ഞു.എനിക്ക് പക്ഷെ ശ്വാസം മുട്ടുന്നേയുണ്ടായിരുന്നില്ല.
വെണ്ണയുടെ നിറമുള്ള കൈകൾ എടുത്തു അനുഗ്രഹം ചൊരിയാണെന്ന വണ്ണം ഉയർത്തിയപ്പോഴാണ് എത്രയോ നാളുകളിലെ അപരിചിതത്വം ആ രൂപത്തിനും എനിയ്ക്കുമിടയിൽ അഴിഞ്ഞു വീണത് . ഒരു പനിനീർ പൂവ് എനിക്ക് മാത്രമായി നീട്ടപ്പെട്ടു, തുടർന്ന് ഞാനൊരു നിലാവ് പോലെയായി തീർന്നു...
കണ്ണു തുറന്നപ്പോൾ രൂപവുമില്ല, കടലുമില്ല... ഏകാന്തതയുടെ നാലു ചുവരുകൾക്കുള്ളിൽ ഇരുന്നു പനിച്ചപ്പോൾ എനിക്ക്ശ്വാസം മുട്ടി. ദൈവങ്ങളോടോ ദൈവ പുത്രന്മാരോടോ കൃത്യമായ ഒരകലം സൂക്ഷിച്ചിരുന്നവൾക്കു മുകളിൽ ഒരു ശാന്തിയുടെ കൈ എങ്ങനെ പതിഞ്ഞു, എന്തിനു പതിഞ്ഞു എന്നോർത്തു എനിക്ക് പലപ്പോഴും അതിശയം  തോന്നിയിരുന്നു . അത് ആഗ്നസ് എന്ന ആഗിയെ കണ്ടു മുട്ടുന്നത് വരെയായിരുന്നു. അവളോടൊപ്പം നഗരമധ്യത്തിലെ ആ പള്ളിയ്ക്കുള്ളിൽ കയറുന്നതു വരെ മാത്രമായിരുന്നു.
ആഗിയെ പരിചയപ്പെട്ടു രണ്ടാമത്തെ മാസത്തിലാണ് അവളോടൊപ്പം ഒരു പള്ളിയിൽ ആദ്യമായി കയറുന്നത്. അതിനു മുൻപ് വരെ പള്ളി എന്നാൽ എന്നോ വായിച്ച ഫിലിപ് ലാർക്കിന്റെ കവിതയിലെ ഞായറാഴ്ചയുടെ ഓർമ്മദിവസങ്ങളായിരുന്നു.
"Once I am sure there's nothing going on
I step inside, letting the door thud shut.
Another church: matting, seats, and stone,
And little books; sprawlings of flowers, cut
For Sunday, brownish now; some brass and stuff
Up at the holy end; the small neat organ;
And a tense, musty, unignorable silence,
Brewed God knows how long. Hatless, I take off
My cycle-clips in awkward reverence."
എത്രയോ തവണ വായിക്കപ്പെട്ടവ... പള്ളിയുടെ കനത്ത ഏകാന്തതയിൽ  ആരെയെങ്കിലും കാത്തിരിക്കാൻ എപ്പോഴും മോഹിച്ചിട്ടുണ്ട്. ഒരു പകൽ മുഴുവൻ ഇത്തിരി വെളിച്ചത്തിൽ അവിടെ തനിച്ചിരിയ്ക്കാകാനും സ്വപ്നം കണ്ട ഉടലിനോട് താദാത്മ്യപ്പെടുത്തി ക്രൂശിതനെ നോക്കിയിരിക്കാനും തോന്നിയിട്ടുണ്ട്. പക്ഷെ അതിനു മാർഗ്ഗം ഒരുക്കുന്നതിനും അവൾ വേണ്ടി വന്നു. ആഗി.
"ഒരു പള്ളിയിൽ ആദ്യമായി വരുമ്പോൾ നമ്മൾ ആവശ്യപ്പെടുന്ന മൂന്നു കാര്യങ്ങൾ നടക്കും എന്നാ പറയുന്നേ... എന്തെങ്കിലും പ്രാർത്ഥനകൾ ഉണ്ടെങ്കിൽ ചെയ്യൂ.."
- എനിക്കങ്ങനെ പ്രാർത്ഥനകൾ ഒന്നൂല്ല ആഗി. ദിലീപിന്റെ ജോലി.... കൊച്ചിയിൽ നിന്ന് മാറാൻ എനിക്ക് വയ്യ...
പിന്നെന്താ....
-ഇയാൾ അന്നുവിൻറെ  കാര്യത്തിൽ ടെൻഷൻ ആവരുതെന്നേ എനിക്ക് പറയാനുള്ളൂ. അല്ലെങ്കിൽ തന്നെ തന്റെ കെയറിങ് കുറച്ച് കൂടുതൽ  ആണെന്നാ എനിക്ക് തോന്നീട്ടുള്ളത്.
- ആയിരിക്കാം .. എനിക്ക് അവൾ മാത്രമാണ് ഉള്ളത് എന്നൊരു തോന്നലുണ്ട്.
-ഹഹ... ഭാവിയിൽ ഇയാളൊരു ഉഗ്രൻ അമ്മായിയമ്മയായിരിക്കും നോക്കിക്കോ... പെങ്കൊച്ചിനെ പറഞ്ഞയച്ചാലും അവരുടെ ജീവിതത്തിലേയ്ക്ക് കണ്ണിമയ്ക്കാതെ നോക്കിയിരുന്നു ജീവിതം കോഞ്ഞാട്ടയാക്കുന്ന അമ്മായിയമ്മ
-ഹഹ... ..
ഇത്രയുമൊക്കെ പറഞ്ഞെങ്കിലും അന്നുവിനു വേണ്ടിയും കൊച്ചിയ്ക്ക് വേണ്ടിയും എനിക്ക് അപേക്ഷിക്കേണ്ടതുണ്ടായിരുന്നു . ഇനിയെന്ത്...
-എന്റെ ഏകാന്തതയിലേയ്ക്ക് നീ കൂട്ടായി വരേണമേ....
ആഗി തന്നെ കളിയാക്കിയതാണെങ്കിലും അത് സത്യമായി തീരണേ എന്നും ഞാൻ മുട്ടിപ്പായി  അപേക്ഷിച്ചു.
തിരിച്ചു പോകുന്ന വഴി ദിലീപിനെ കുറിച്ചായിരുന്നു അവൾ ചോദിച്ചതത്രയും.
കൊച്ചിയിലെ തെരുവുകൾക്ക് അറിയുന്നത് പോലെ എന്നെ ആർക്കുമറിയില്ലല്ലോ... വർഷങ്ങളുടെ അലച്ചിലുകൾക്കൊടുവിൽ ദിലീപിനൊപ്പം മറ്റൊരു ജില്ലയിലേക്ക് കൂടേറിയതും ഒടുവിൽ പിന്നെയും ഇവിടേയ്ക്ക് തിരികെയെത്തിയതും. ഇറിഗേഷൻ വകുപ്പിന്റെ എഞ്ചിനീയറിങ് വട്ടത്തിലേയ്ക്ക് ദിലീപിന്റെ ജോലി ഭാരം വർദ്ധിച്ചതും അതിനേ തുടർന്ന് വടക്കൻ കേരളത്തിലേയ്ക്കുള്ള സ്ഥലം മാറ്റവും...ആഴ്ചയിൽ ഒരിക്കലുള്ള വരവും.. എല്ലാം ആഗിയ്ക്കു സുപരിചതമാണെങ്കിലും അവൾ അത് വീണ്ടും എടുത്തിടും. അപ്പോഴെല്ലാം ഒറ്റ പോക്കങ് പോകാൻ എനിക്ക് തോന്നാറുണ്ട് . ഹോസ്റ്റലിൽ നിന്ന് ഒരിക്കൽ കണ്ടെടുത്ത ഏകാന്തതയുടെ കൈപിടിച്ച് കൊച്ചിയിലെ തിരക്കുള്ള തെരുവുകളിൽ കൂടി നടക്കുന്ന ഒരു നടപ്പ്... അത് കേൾക്കാൻ ആഗിയ്ക്ക് പ്രത്യേക താൽപ്പര്യമുണ്ട്. കാരണം അവളുടെ ചിത്രങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയവും അത് തന്നെയായിരുന്നല്ലോ. പെണ്ണും ഏകാന്തതയും ഫ്രസ്‌ട്രേഷനുകളും ...
അവളുടെ ചിത്രങ്ങൾക്ക് പോലും ഏകാന്തതയുടെ പർപ്പിൾ നിറങ്ങളായിരുന്നു അധികവും. അതേ ഏകാന്തത തന്നെയല്ലേ അവളെ എന്നോട്  ഇത്രയധികം ഒന്നിപ്പിച്ചതെന്നു ചോദിച്ചാൽ ആവോ... എന്ന ഉത്തരം ഒരേ സമയം രണ്ടു പേരും പറയും. ഭൂമിയിലെ ഏകാന്തവതികളായ പെണ്ണുങ്ങൾക്കെല്ലാം ആയിടയ്ക്ക് എന്റെ മുഖമാണെന്നു എനിക്ക് തോന്നി തുടങ്ങീരുന്നു. ഞങ്ങൾക്കിടയിൽ ഒരേ നിറത്തിലുള്ള വിരിപ്പുകൾ വിരിച്ചിടുന്നു, ഒരേ നിറത്തിൽ ആകാശം പൊഴിയുന്നു, ഒരേ പോലെ കാറ്റിനെ മണക്കുന്നു, നനവിന്റെ കണ്ണീരാഴങ്ങൾ പോലും ഒരേ ആഴത്തിൽ അറിയുന്നു... അതേ ഏകാന്തതയെ ആഗിയും തൊടുന്നു...

No comments:

Post a Comment