Thursday, October 6, 2016

കറുപ്പിന്റെ രാഷ്ട്രീയം..-1

"കറുപ്പിന്റെ രാഷ്ട്രീയമോ? നിങ്ങളെല്ലാവരും കൂടി ആ ഒരു വാക്കിനെ രാഷ്ട്രീയവത്കരിച്ചതാണെന്നേ ഞാൻ പറയൂ... "
ദിയ ചർച്ചയ്ക്ക് ചൂട് പകർന്നു കൊണ്ടു കമന്റിട്ടു.
"നിനക്കെങ്ങനേ തോന്നൂ, സവർണ പ്രതിനിധികളുടെ നാവിനു എപ്പോഴും ഒരു എല്ലില്ലായ്മയുണ്ട്" , വിനയ് പ്രതികരിച്ചു..
നിമിഷങ്ങൾ കൊണ്ടാണ് ആ പോസ്റ്റിന്റെ ലൈക്ക് നൂറിന് മുകളിലെത്തിയത്. വിസ്തരിച്ച ചർച്ചയിൽ ആദ്യമൊന്നും പങ്കു കൊള്ളാതെ എനിക്ക് മാറി നിൽക്കേണ്ടതുണ്ടായിരുന്നു. താര ദിലീപ് എന്ന പ്രൊഫൈലിൽ പല്ലു മുഴുവൻ കാട്ടി ചിരിക്കുന്ന ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രത്തിന് താഴെ അര മണിക്കൂർ മുൻപിട്ട പോസ്റ്റ് ഇങ്ങനെ വായിക്കാം :
ഞാൻ കറുപ്പല്ല,  തേനിന്റെ നിറത്തിനെ കറുപ്പെന്നു ആരും വിളിക്കാറില്ലല്ലോ... പക്ഷെ കുട്ടിക്കാലം മുതൽ ഞാൻ കേട്ട ആക്ഷേപങ്ങൾ... കറമ്പി, എണ്ണക്കറമ്പി, അങ്ങനെ അങ്ങനെ... എന്നാലും   ഇപ്പോഴത് കേൾക്കുന്നത് എനിക്കൊരു ഹരമാണ്... കാരണം കറുപ്പിനും രാഷ്ട്രീയമുണ്ട്... പലരും അടിച്ചമർത്തിയ ഒരു ജനതയുടെ രാഷ്ട്രീയം... "-
മറുപടി എന്തിടണം ... വരട്ടെ, എന്താകുമെന്നറിയട്ടെ..

"ജാതിയുടെ അഹങ്കാരം ഇപ്പോഴും എല്ലാവർക്കും ഉണ്ട്, അതെത്ര പറഞ്ഞാലും ഇല്ലാതാകാൻ പോകുന്നില്ല". - അഷറഫ്.

"കറുപ്പു നിറമുള്ളവർക്കും ഒരു മണമുണ്ട്, പക്ഷെ എനിക്കിഷ്ടമാണ് ആ മണം, കറുത്ത പെണ്ണുങ്ങൾക്ക്‌ വല്ലാത്ത അഴകാണെ..". - അൻസാർ
അൻസാറിനല്ലെങ്കിലും ഒരു ഇളക്കമുണ്ട്  . ഇത്തരം എത്ര പേരെ എന്നും കാണുന്നു, പ്രതികരിക്കാൻ നിന്നാൽ പിന്നെ അതിനേ നേരം കാണൂ . ചില സമയങ്ങളിൽ നിശബ്ദതയാണ് ഏറ്റവും ശക്തമായ മറുപടിയെന്നു പറഞ്ഞത് അവളാണ്. ആഗി. അറിയുന്ന കാര്യം തന്നെ പക്ഷെ എത്ര അറിയാമെങ്കിലും ചിലർ ചിലതു പറയുമ്പോൾ ആ വാചകത്തിനു മുൻപെങ്ങുമില്ലാത്ത പ്രകാശം വന്നു നിറയുന്നു. അവിടെ നക്ഷത്രങ്ങൾ വന്നു ഒളിച്ചിരിക്കുന്നു. ആഗിയെ കുറിച്ചോർത്തപ്പോൾ എന്തേ നെഞ്ചിൽ എന്തോ വന്നു നിറഞ്ഞു തുളുമ്പുന്നു?. ഇതിപ്പോ ആദ്യമായല്ല ഇടയ്ക്കിടയ്ക്ക് നെഞ്ചിലെന്തോ തുളുമ്പി വന്നു, കുത്തിമറിഞ്ഞു ഒടുവിൽ ഒരു ശാന്തമായ പുഴപോലെ ശബ്ദമില്ലാതെ ഒഴുകി മറയുന്നു... ആ എന്തോ ആകട്ടെ!
മടിയിലെ ലാപ്പിൽ നിറയുന്ന കറുത്ത അക്ഷരങ്ങളിലേക്ക് ചിന്തകളുടെ ഭാരം വന്നു വീഴുന്നു ,
ഇത്തിരി നിശ്ശബ്ദതയ്ക്കുള്ള ഇടം തരൂ ... ... പക്ഷെ വിഷയം കറുപ്പും ഒക്കെ ആയതുകൊണ്ടാകാം അഭിപ്രായങ്ങളുടെ പെരുമഴക്കാലം. ഇടയ്ക്കിടയ്‌ക്കൊക്കെ നമ്മളിങ്ങനെ ആൾക്കാരുടെ ചങ്ക് കലക്കുന്ന പോസ്റ്റുകൾ ഇട്ടാലേ ജീവിച്ചിരിക്കുന്നു എന്ന തോന്നലുണ്ടാകുന്നുള്ളൂ... ആഗി പറയുന്നു.
അവൾ പോയി തുലയട്ടെ...

-"വിനയ് താൻ കണ്ടില്ലേ കഴിഞ്ഞ മാസം ഒരു സ്ത്രീ വെളുത്ത ശരീരത്തിൽ കറുപ്പണിഞ്ഞു കൊണ്ടു കറുത്ത നിറമുള്ളവരുടെ ദുഃഖം അറിയാൻ നഗരത്തിലൂടെ ഇറങ്ങി നടന്നത്? അവരെന്തു നേടി? ചുമ്മാ ഒരു ഷോ, പിന്നെ ഒരു പുസ്തകം, പ്രശസ്തി. എന്നാൽ അതേ തരത്തിൽ ഒരു ജന്മനാ കറുത്ത പെൺകുട്ടി പുസ്തകമെഴുതിയാൽ കിട്ടുമോ? പറയാനെളുപ്പമാണ് വിനയ്...'"
ദിയ രോഷം കൊള്ളുന്നു.
ഇത്തിരി നേരം കഴിഞ്ഞു വിനയുടെ മറുപടി വരാൻ, അപ്പോഴേക്കും ഇടയിൽ വന്ന ചില കമൻറുകൾ അവഗണിക്കുകയാണ് നല്ലത്.. യാതൊരു കാര്യവുമില്ലാതെ ഇടയ്ക്ക് ചിലർ വന്നു തോണ്ടി നോക്കും. പെണ്ണിന്റെ പോസ്റ്റല്ലേ... അങ്ങനെയൊക്കെ ഉണ്ടാകും.
- "താൻ ഇത്തരത്തിൽ പറയും. പക്ഷെ അവർ ഒരു പ്രതീകമാണ്, അതുപോലും മനസ്സിലാകാതെ പ്രതികരിച്ചോളും. കറുത്തവൻ പറഞ്ഞാൽ ആരും കേൾക്കില്ല എങ്കിൽ അവർക്കു വേണ്ടി പറയാൻ ആരെങ്കിലും വേണ്ടേ? ആ അവസ്ഥയിൽ ആയാലല്ലേ അവർ നേരിടുന്ന അവസ്ഥകളെ തിരിച്ചറിയാനും പ്രതികരിക്കാനും പുസ്തകമെഴുതാനും കഴിയൂ... "
വിനയ്.
-"യാഥാർത്ഥത്തിൽ കറുത്ത വിപ്ലവം തുടങ്ങിയത് നങ്ങേമയല്ലേ..."
ആതിര
-"നങ്ങേമ്മയാരാ ആതിരേ.."
വീണ്ടും അൻസാർ
-"എനിക്കും തോന്നീട്ടുണ്ട് അത്. ശരിക്കും വിപ്ലവം തുടങ്ങുന്നത് നിറത്തിന്റെ രസതന്ത്രത്തിലാണ്. മുലക്കരത്തിന് എതിരെ സ്വന്തം ജീവൻ പോലും നഷ്ടപ്പടുത്തി വിപ്ലവം നയിച്ചവളാണ് നങ്ങേമ. അവരുടെയത്ര സ്ത്രീ ഫെമിനിസ്റ്റുകൾ ഇന്നുണ്ടോ... "
വിനയുടെ മറുപടി
-"നങ്ങേമ എന്ന ദളിത സ്ത്രീയാണ് ആദ്യത്തെ ഫെമിനിസ്റ്. "
വീണ്ടും ആതിര...
ചർച്ച ആവശ്യമില്ലാതെ കാട് കയറുകയാണ്. പക്ഷെ കറുപ്പിന്റെ രസതന്ത്രം ഇവരെയൊന്നും ബാധിക്കുന്നില്ലല്ലോ, വെറും ചർച്ചകൾക്കപ്പുറം ഇവരൊന്നും കറുപ്പല്ലല്ലോ, എന്നാലും എന്തെങ്കിലും പെൺവിഷയം കണ്ടാൽ ചർച്ചയ്ക്ക് മനുഷ്യർക്ക് ഒരു മടിയുമില്ല.
മറുപടികൾ ചിലയിടങ്ങളിൽ അനിവാര്യമായതു കൊണ്ട് മാത്രം നൽകപ്പെടേണ്ടതാണ്... ചിലപ്പോൾ മറുപടികൾ അർത്ഥശൂന്യമാകും, അത്തരം ഇടങ്ങളിൽ വാക്കുകൾക്ക് മേൽ കുതിരകയറ്റം നടത്തരുത്. നിശബ്ദതയാണ് ഏറ്റവും വലിയ സമരായുധം, വീണ്ടും ആഗിയുടെ വാക്കുകളിൽ പ്രകാശം പരക്കുന്നു.
ലാപ്പിന്റെ കറുത്ത ഇത്തിരി കുഞ്ഞൻ കട്ടകളിൽ എനിക്ക് വാക്കുകളെ കൊരുത്തിടേണ്ടതുണ്ടായിരുന്നു..
-"എനിക്കറിയില്ല എന്തിനു ഇതിൽ ആണും പെണ്ണും എന്നു വേർതിരിവെന്ന് . ഒരു പുരുഷൻ അവൻ നിറം കുറവാണെങ്കിലും വിവാഹം കഴിക്കുന്ന പെണ്ണ് വെളുത്ത നിറമായിരിക്കണം. സ്ത്രീകൾക്ക് മുഖം വെളുക്കാൻ ക്രീമുകൾ. കറുപ്പിന് ഏഴഴക് എന്നു പറഞ്ഞാലും മുഖം കറുപ്പാക്കാൻ ഇവിടെ എത്ര കമ്പനികൾ ക്രീം ഇറക്കുന്നുണ്ട്? ഞാൻ ദളിതയല്ല. എന്റെ അമ്മ വെളുത്തതാണ്, അച്ഛന്റെ നിറമാണ് എനിക്ക്. പക്ഷെ എനിക്ക് ദളിതരോ നായരോ നമ്പൂതിരിയെ തമ്മിൽ പ്രത്യേകിച്ചു ഒരു വ്യത്യാസവും തോന്നീട്ടില്ല. അത്ര വലിയ ബുദ്ധിമുട്ടൊന്നും നിറത്തിൽ എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല, ഒരുപക്ഷേ ജാതിവാല് അന്ന് കൂടെ ഉണ്ടായിരിട്ടുള്ളത് കൊണ്ടാവണം. ഇന്നതിന്റെ പ്രസക്തിയില്ലായ്മ എനിക്ക് നന്നായറിയാം. അപമാനിക്കപ്പെടേണ്ടവർ എന്നും അപമാനിക്കപ്പെട്ട കൊണ്ടേയിരിക്കുന്നു. നിറം കൊണ്ടായാലും ജാതി കൊണ്ടായാലും. ഞാൻ വളരെ സെയ്ഫ് സോണിൽ ജീവിക്കുന്ന ഒരു സ്ത്രീയാണ്. ഇത്തിരി കറുപ്പു കലർന്നു എന്നത് കൊണ്ട് ഞാൻ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടില്ല, പക്ഷെ അങ്ങനെ നിരാസത്തിന്റെ പടുകുഴിയിൽ വീണവരെ എനിക്കറിയാം. അവരോടൊക്കെ ഞാൻ എപ്പോഴും ഐക്യദാർദ്ധ്യപ്പെട്ടു കൊണ്ടേയിരിക്കും. കറുപ്പു പൂശി ജീവിക്കുമ്പോൾ അറിയാം കറുപ്പിന്റെ ദുഃഖം. അങ്ങനെ നടന്നവർ അത് തിരിച്ചറിഞ്ഞു എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. സ്‌കൂൾ കാലങ്ങളിലൊക്കെ പലപ്പോഴും എന്റെ നിറത്തോടു എനിക്കു തന്നെ വെറുപ്പ് തോന്നിയിട്ടുണ്ട്. കളിയാക്കലുകൾ ലഭിച്ചിട്ടുണ്ട്, പിന്നെ ഉരുകി ഉരുകി വെയിൽ വാടാത്തവളായി ഞാൻ പുനർജ്ജനിക്കപ്പെട്ടു. അതുകൊണ്ടു കറുപ്പിന്റെ രാഷ്ട്രീയത്തെ ഞാനറിയുന്നുണ്ട്..."
പിന്നെയും എന്തൊക്കെയോ പറയാൻ  ബാക്കിയുള്ളത് പോലെ . എന്നാൽ പാതിയിൽ നിർത്തി ലാപ് അടച്ചു വച്ച് മറുപടികൾ പോലും നാളത്തേയ്ക്ക് മാറ്റി വച്ചു നാലു വയസ്സുകാരി അന്നൂന്റെ അമ്മ മാത്രമാകേണ്ടതുണ്ട്. പാതി തുറന്നു കിടക്കുന്ന ജനലിലൂടെ രാത്രികൾ വീടിനുള്ളിലേക്ക് കരിമ്പടം വലിച്ചിടുന്നു... അന്നൂനോട് ഏറെ ചേർന്നാണിപ്പോൾ എന്റെ കിടപ്പ് . ഇപ്പോൾ അവൾക്കല്ല എനിയ്‌ക്കാണ് അവളുടെ ചൂട് വേണ്ടത്
അമ്മയുടെ വാക്കുകൾ എവിടുന്നോ തിരയടിച്ചെത്തുന്നു...
-നീ അച്ഛൻ കുട്ടിയാ... നിറം കൊണ്ടു വരെ...
അമ്മയുടെ വാക്കുകൾ ഉരുകി പിടിച്ചിരിക്കുന്നു, അതു വിട്ടു പോകാതെ അമ്മയുടെ വെളുത്ത നിറത്തിൽ തൊടാൻ മടിക്കുന്നു... അമ്മ അങ്ങനെയൊന്നുമില്ല... സ്നേഹമുള്ളവളാണ്. എന്നിട്ടും നിലയുറയ്ക്കാതെ സ്വന്തം വീട്ടിലെ മുറ്റത്തേയ്ക്ക് ഒരു സന്ധ്യയ്ക്ക് എനിയ്ക്ക് നടന്നു കയറി ചെല്ലേണ്ടതുണ്ടായിരുന്നു.

No comments:

Post a Comment