Friday, September 30, 2016

രാത്രിയുടെ കൂട്ട് 8

സന്ധ്യ കഴിഞ്ഞുള്ള രാത്രിയുടെ ഒരു ഇടവേളയുണ്ട്, ഭൂമിയും ആകാശവും എവിടെയോ വച്ച് ആ സമയം കൂട്ടി മുട്ടുമെന്നും അതുകാണാൻ ആർക്കും കഴിയില്ലെന്നും ആരൊക്കെയോ പറഞ്ഞു കേട്ടിട്ടുണ്ട്. ചക്രവാകപ്പക്ഷികൾ ആ സമയം നോക്കി ഉറക്കെ നിലവിളിക്കുമത്രേ, ഭൂമിയുടെയും ആകാശത്തിന്റെയും പ്രണയസഞ്ചാരത്തിന്റെ വഴികൾ നന്നായി നിശ്ചയമുണ്ട് ചക്രവാകപ്പക്ഷിയ്ക്ക്. ആ പ്രണയത്തിൽ ലോകം അസ്തമിക്കുന്നു, മരണത്തിലേയ്ക്ക് നടന്നടുക്കുന്ന ജീവിതങ്ങൾ, അടുത്ത വെളുപ്പാങ്കാലത്ത് അവർ വീണ്ടും കണ്ടെത്തുന്നതോടെ ലോകം പുനർജ്ജനിക്കുമത്രേ.
അരക്കുപ്പി ബിയറിൽ എരിവുള്ള പച്ചമുളക് മുക്കി സ്വാദ് നോക്കിയതാണ് ഞാൻ...
-"ഇയാൾക്ക് പ്രാന്താ, ബിയറിലാരെങ്കിലും മുളക് ചേർക്കുമോ... താൻ ദേണ്ടെ ഈ ഐറ്റം ഒന്ന് ടെയ്സ് നോക്കിക്കേ... "
കയ്യിലിരിക്കുന്ന ജാക്ക് ഡാനിയേലിന്റെ പാതി നിറച്ച ഗ്ളാസ് ആഗ്നസ് എനിയ്ക്ക് നേരെ നീട്ടി.
"യ്യോ, വേണ്ടെ, എനിക്ക് ഇന്ന് ഹോട്ട് വയ്യ, നാളെ തനിയ്ക്കും എന്റെ ഓഫീസിലുള്ളവർക്കും ഒക്കെ ബുദ്ധിമുട്ടാകും. തലവേദന തുടങ്ങിയാൽ പിന്നെ മരണമെത്തുന്ന നേരത്തെ നീയെന്റെ അരികിൽ... എന്ന് പാട്ടു പാടാൻ തോന്നും...വയ്യ , താൻ കഴിച്ചോ.. "
-"ഒക്കെ , എന്നാൽ വേണ്ട... ഒരിക്കൽ ഞാൻ റേച്ചലിന്റെ കൂടെ ബ്രാണ്ടി കുടിച്ചപ്പോൾ വന്ന അനുഭവം അതുപോലെയായിരുന്നു. തലയ്ക്കുള്ളിൽ വണ്ടുകൾ മൂളിപ്പറക്കും, നിറമില്ലാത്ത ഏതോ ലോകത്തെന്ന പോലെ പിന്നെ നടപ്പാണ്. ചിലപ്പോൾ മുറ്റത്തിറങ്ങി ചുമ്മാ നടക്കും. സന്ധ്യക്ക് ഇറങ്ങി നടക്കാൻ തുടങ്ങിയാൽ മമ്മ വഴക്കു പറയും, തണുപ്പ് പറ്റുന്നതിനു മുൻപ് നിനക്ക് വീട്ടിനുള്ളിൽ കയറിക്കൂടി കൊച്ചെ എന്നും ചോദിച്ചോണ്ട്. മമ്മ എന്നെ കൊച്ചെ എന്നെ വിളിക്കൂ... തനിയ്ക്കറിയുമോ താര, പപ്പയെന്നെ മോളെ എന്നെ വിളിച്ചിട്ടുള്ളൂ , ഒരിക്കലേ തല്ലിയിട്ടുള്ളൂ..."
അതെന്തിനാണെന്നു ചോദിക്കണമെന്നുണ്ടായിരുന്നു എനിക്ക് , പക്ഷെ ആഗിയുടെ മൂഡ് അതല്ല. സങ്കടങ്ങൾ പറയുന്നതിനേക്കാൾ അവളിപ്പോൾ അത്യാവശ്യം പോസിറ്റീവ് ആയ അവസ്ഥയിലാണ്.
എന്റെ വിരലുകൾ തണുത്ത ബിയർ കുപ്പിയിലേക്ക് വീണ്ടും നീണ്ടു...
അന്നു അവളുടെ ആടുന്ന കസേരയിൽ കാലു നീട്ടിയിരുന്നു ഡോറ കാണുകയാണ്. എപ്പോ ഈ ചാനല് വച്ചാലും ഡോറ മാത്രമേയുള്ളൂ . പക്ഷെ എത്ര അസ്വസ്ഥയിരുന്നാലും അന്നുവിനു ഡോറയുടെ കാർട്ടൂണിനുള്ളിൽ സ്വയം തറഞ്ഞിരിക്കാനറിയാം. കുടുകുടെ ചാടുന്ന അവളുടെ കണ്ണുനീർ ചിരിയായി പരിണമിക്കുന്ന അദ്‌ഭുത ലോകമാണെനിക്ക്  ഡോറ. അത് തുടങ്ങിയാൽ അവൾ നിശ്ശബ്ദയാകും, അവളുടെതായ ലോകത്തിൽ സഞ്ചരിക്കുന്ന ഒരു പാവക്കുട്ടിയായി അവളപ്പോൾ രൂപമാറ്റം സംഭവിച്ച പോലെ ചിലപ്പോൾ തോന്നും. ചിലപ്പോൾ അങ്ങനെയിരിക്കുന്ന അന്നുവിനെ കാണുമ്പോൾ എനിക്ക്അതിയായ സങ്കടവും തോന്നാറുണ്ട്. കുട്ടിക്കാലത്തേക്ക് ഞാനപ്പോൾ നീളമുള്ളൊരു പായ വിരിയ്ക്കും. സന്ധ്യയ്ക്ക് ടിവി വച്ചാൽ ചീത്ത വിളിക്കുന്ന മുത്തശ്ശിക്കുട്ടിയുടെ കുറുമ്പ് മുഖം, അച്ഛന്റെ രാഷ്ട്രീയത്തിൽ നിന്ന് 'അമ്മ പഠിക്കാത്ത ഒരേയൊരു പാഠവും അതാണ്, മുടങ്ങാതെ സന്ധ്യാനാമങ്ങൾ. അത് മുത്തശ്ശി പഠിപ്പിച്ചതാണ്‌ അമ്മയെ. നല്ല ഈണത്തിൽ ഉറക്കെ ചെല്ലുന്നത് കേൾക്കാൻ  നല്ല ഇഷ്ടവുമാണ്. പക്ഷെ മുത്തശ്ശി അമ്മയ്ക്ക് നൽകിയ ചൊല്ലിനെ സ്വയം  പകർത്താൻ കഴിയാത്തതിന്റെ കുശുമ്പ് 'അമ്മ പുറത്തെടുക്കുന്നത് വീട്ടിലെ സന്ധ്യകളിലാണ്.
"ഇത്തിരി നേരം ഇവിടെ വന്നിരുന്നാൽ നിന്റെ വിപ്ലവം തകർന്നു പോകത്തില്ല കേട്ടോ... ചെന്ന് കയറുന്ന വീട്ടിൽ എങ്ങനെയാണെന്ന് ആർക്കറിയാം. പെൺകുട്ടികൾ എല്ലാം പഠിച്ചിരിക്കണം.."
അതെ പെൺകുട്ടികൾ എല്ലാം പഠിച്ചിരിക്കണം. അപ്പോൾ ആൺകുട്ടികളോ ഉള്ളിലെ ഫെമിനിസ്റ്റിനു ചുരമാന്തുന്നു...
-"താര... ആരോടെങ്കിലും പ്രണയമുണ്ടായിരുന്നോ.."
ആഗ്നസിന്റെ ചിലമ്പിച്ച ശബ്ദം കാതുകൊണ്ടല്ല കേട്ടത് . ഉള്ളിലെവിടെയോ പ്രതിധ്വനിച്ച് ഓർമ്മകളെ ചിതറിത്തെറിപ്പിച്ച് അത് പിന്നിലേയ്ക്ക് വന്നു കാലടിച്ച് കരഞ്ഞു.
വ്യക്തമായി കേട്ടിരുന്നില്ല..
"നീയെന്താ ചോദിച്ചെ, എനിക്ക് പ്രണയമുണ്ടായിരുന്നൂന്നോ..., പിന്നെ നല്ല പ്രായത്തിൽ പ്രണയിക്കാത്ത ആരെങ്കിലും കാണുമോ പെണ്ണെ... ഹഹഹ "
-"അതുശരിയാടോ... അപ്പൊ ആ ചോദ്യം നമ്മളുപേക്ഷിച്ച്... ഇപ്പോൾ ആരെങ്കിലും...."
"നീ പോയെ... നിനക്ക് പ്രാന്താ..."
ഒരേ താളത്തിൽ തുടിയ്ക്കുന്ന ഒരു ഹൃദയമിരുന്നു എന്നോട്  നീയെന്നെ മറന്നോ എന്നുറക്കെ ചോദിച്ചു തുടങ്ങി. ശ്വാസത്തെ എങ്ങനെ മറക്കാനെന്നു സ്വയമുരുവിട്ടു ആഗിയ്ക്കു മുഖം കൊടുക്കാതെ സന്ധ്യയിലേയ്ക്കും ആകാശത്തിന്റെ അതിരുകളിലേയ്ക്കും നോക്കി.
-"ചക്രവാക പക്ഷിയുടെ നിലവിളി കേട്ടിട്ടുണ്ടോ... ഭൂമിയും ആകാശവും പരസ്പരം ഒന്നാകുമ്പോൾ ചക്രവാകപ്പക്ഷിയ്ക്ക് അവളുടെ ഇണയെ നഷ്ടമാകും. പിന്നെ തമ്മിൽ കാണണമെങ്കിൽ പിറ്റേന്ന് പുലരണം. കടലിന്റെയും ആകാശത്തിന്റെയും അതിരുകളിൽ ആൺ പക്ഷി വരുന്നതും കാത്ത് പെണ്ണൊരുത്തി കടലിലേയ്ക്ക് ചാഞ്ഞ മരക്കൊമ്പിൽ കാത്തിരിക്കും. ആണ്പക്ഷി എങ്ങോട്ടേയ്ക്കാണ് അത്രയും നേരം അപ്രത്യക്ഷമാകുന്നതെന്നു ആർക്കുമറിയില്ല. പക്ഷെ എനിക്കറിയാം, ഞാൻ കേട്ടിട്ടുണ്ട് അവളുടെ ഹൃദയം പൊട്ടിയ കരച്ചിൽ. ഞാൻ കരഞ്ഞിട്ടുണ്ട്, അത്രയും ഉറക്കെ, ഒടുവിൽ എന്റെയും അവളുടെയും ശബ്ദം ഒരേ താളത്തിൽ ഒന്നായി വന്നു, പിന്നെ നേർത്ത് ഇല്ലാതെയായി..."
"എന്താ ആഗി, ജാക്ക് മാൻ നിന്നെ വിഴുങ്ങി തുടങ്ങിയല്ലോ..."
-"ഹഹ , അവൻ എന്നെ എപ്പോഴും വിഴുങ്ങാറുണ്ട് താരാ.. ചിലർക്ക് വിഴുങ്ങപ്പെടാനായി നിന്ന് കൊടുക്കാൻ രസമാണ്. പക്ഷെ അവനെന്റെ പെറ്റ് ആണ്. ജാക്ക് വിഴുങ്ങുമ്പോൾ എനിക്ക് പ്രണയം തോന്നും. പിന്നെ കാണുന്നതൊക്കെ പ്രണയം തൊടുന്ന ഓർമ്മകളാകും. അന്നൊരിക്കൽ ആദ്യമായി അവനെന്ന തൊട്ടപ്പോൾ ഉണ്ടായ അതെ അവസ്ഥയിൽ എനിക്കെത്താനാകും..."
"നിന്നെ ആര് തൊട്ടെന്നാ.."
-"  താൻ വെറും സ്യൂഡോ നാട്ടിന്പുറത്തുകാരികളുടെ ചിന്താഗതിയോടെ  വരരുത്. ഒരുതരം സദാചാര ചോദ്യം... "
ഒരു സിപ്പ് കൂടി എടുത്ത് ബാൽക്കണിയിലേയ്ക്ക് കാലുകൾ നീട്ടി വച്ച് എന്റെ ചോദ്യചിഹ്നമുള്ള മുഖത്തേയ്ക്കു നോക്കി ആഗ്നസ് ഒറ്റ ചിരി.
-" അവനെന്നെ തൊട്ടു, താരാ... ദേ ഈ ജാക്ക് എന്നെ വിഴുങ്ങിയ പോലെ പിന്നെ അവനെന്നെ വിഴുങ്ങിക്കളഞ്ഞു."
ആഗ്നസിന്റെ ഓർമ്മകളിലേക്ക് ഇലഞ്ഞിപ്പൂവ് പൂത്തിറങ്ങി.
"എടൊ , എവിടെയെങ്കിലും ഇലഞ്ഞി  പൂത്തിട്ടുണ്ടോ, തന്റെ പ്രിയപ്പെട്ട ഇലഞ്ഞി .."
"ഇല്ലാ ആഗി... ഇലഞ്ഞി പൂക്കുന്ന സമയമല്ല ഇത്..."
-"ആണോ... പക്ഷെ എന്റെ മനസ്സ് പൂത്തതാവും അല്ലെ താരാ..., എനിക്ക് മണക്കുന്നുണ്ട്. എന്തൊക്കെയോ മണക്കുന്നുണ്ട്... "
നിലാവ് പോലെ പരന്ന വെളിച്ചമുള്ള ഒരു മുറിയും തണുപ്പുള്ള കൈകളുമായി അയാളും ആഗിയിലേയ്ക്ക് മെല്ലെ പ്രവേശിച്ചു. അവൾ കണ്ണുകളടച്ച് അയാളുടെ ചുംബനങ്ങളിലേയ്ക്ക് നനഞ്ഞൊട്ടി .

Thursday, September 29, 2016

ആദ്യത്തെ അനുഭവം 9

"മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി അവനെന്നെ കയറി പിടിച്ചത്. ഞങ്ങൾ തമ്മിൽ പരസ്പര ധാരണയിൽ ഉണ്ടാക്കിയ ഒരു കളിയുടെ ബാക്കിയായിരുന്നു അതെന്ന പോലെയാണ് അവനെന്നിൽ അവന്റെ ശരീരം ചേർത്തുരസിയത്. ആ പ്രായത്തിലും ഞാൻ ആൺ ശരീരത്തെയും പെൺ ശരീരത്തെയും വേർതിരിച്ചറിഞ്ഞത് അവനിലൂടെയാണ്. പുകയുന്ന വൈക്കോലിന്റെ മുകളിൽ അവനെന്നെ ചായ്ച്ച് കിടത്തും, പിന്നെ പരസ്പരം അടിവസ്ത്രങ്ങളിൽ നിന്ന് മുക്തി നേടും. പിന്നെ അവൻ എന്റെ മുകളിൽ കയറി കിടന്നു ഊഞ്ഞാലാടും. അതിലും വലിയൊരു സുഖം ആ പ്രായത്തിൽ ഞാൻ വേറെ അറിഞ്ഞിട്ടില്ല താരാ..., പക്ഷെ ഊഞ്ഞാലാട്ടം ഇപ്പോഴും തുടരുന്നുണ്ട്, മാവിന്റെ ഏറ്റവും മുകളിലത്തെ കൊമ്പിൽ നിന്നും ആകാശത്തിന്റെ ചുഴികളിലേയ്ക്ക് വലിച്ചെറിയപ്പെടുന്ന ഞാൻ. അവിടെ നിന്ന് തിരികെ വരണമെങ്കിൽ വലിയ ബുദ്ധിമുട്ടായിരുന്നു. പിന്നെ വന്നേ പറ്റൂ എന്ന് തോന്നി. നിശ്ശബ്ദതയിലേയ്ക്ക് ഉൾവലിയുന്തോറും ഞാനൊരു തുരുത്തായി മാറുന്നു. അതിൽ നിന്ന് പുറത്തു കടന്നെ മതിയാകൂ. മഞ്ഞയും റോസും നിറത്തിലുള്ള ഗുളികകൾക്കൊക്കെ ഒരു പരിധിയുണ്ട് താരാ... രണ്ടു കുപ്പി ബിയറടിയ്ക്കുമ്പോഴുള്ള ഒരു മയക്കം വരും ഈ മഞ്ഞ ഗുളികകൾക്ക്. അല്ലെങ്കിലും മഞ്ഞപ്പിനു ലേശം മയക്കത്തിന്റെ അസുഖമുണ്ടല്ലേ... പക്ഷെ എന്റെ തുരുത്തിലേയ്ക്ക് അദ്ദേഹം വന്നതോടെയാണ് ദ്വീപുകളിൽ നിന്ന് ഞാൻ റോഡുകളിലെ സഞ്ചാരിയാകുന്നത്. ആ ആൾക്ക് എന്നെ ചുംബിക്കാൻ അവകാശമില്ലേ താരാ..."
അന്ന് ആഗ്നസ് എന്റെയൊപ്പം കൂടിയിട്ട് ഒരാഴ്ച. ആഗ്നസിന്റെ സാമീപ്യത്തിൽ ഞാൻ മറ്റൊരാളായി മാറി തുടങ്ങിയോ എന്ന് സംശയം  തുടങ്ങിയ സമയം. ഇത്തവണ ഞായറാഴ്ച ദിലീപ് ഫ്‌ളാറ്റിലേയ്ക്ക് വന്നപ്പോൾ പറയുകയും ചെയ്തു, എന്റെ കണ്ണിൽ പുതിയതായി വന്നു കയറിയ പ്രകാശത്തെ കുറിച്ച്, പിന്നെ ദേഷ്യപ്പെടലുകൾ ഇല്ലായ്മയെ കുറിച്ച്.  ആഗ്നസിന്റെ അടുത്ത പദ്ധതിയെന്താണെന്നു വന്നപ്പോൾ മുതൽ സ്വകാര്യമായി ചോദിച്ച് ദിലീപ് സ്വൈര്യം കെടുത്തുന്നുണ്ടായിരുന്നു,അത് ആഗിയും മനസ്സിലാക്കിയെന്നു തോന്നുന്നു, അതുകൊണ്ടാവാം അന്നൊരു ദിനം ഞങ്ങളെ ഞങ്ങളിലേയ്‌ക്കുപേക്ഷിച്ച് അവൾ ഫ്‌ലാറ്റിനെ വിട്ട് ഇറങ്ങിപ്പോയത്. രാത്രി വന്നു കയറിയപ്പോൾ ചോദിക്കാതെ തന്നെ പോയസ്ഥലങ്ങളുടെ ലിസ്റ്റു നിരത്തുകയും ചെയ്തു.  പകൽ മുഴുവൻ ദർബാർ ഹാളിലും ആർട്ട് കഫേയിലും പോയിരുന്നു അവൾ ചിത്രങ്ങളെ കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ച് തീർത്തു. ഒരുതരം പനി ബാധിച്ചത് പോലെ അവളെ രാത്രിയിൽ വിറച്ചു, എന്നിട്ടും അന്നുവിനൊപ്പമിരുന്നു ഡോറ കണ്ടു തീർത്തു. ഇടയ്ക്ക് പ്രഷ്യൻ ബ്ലൂ എടുത്ത് അവശേഷിച്ച ക്യാൻവാസ് നീട്ടി വച്ചു കടുപ്പത്തിൽ ലയിപ്പിച്ച് കൊണ്ടിരുന്നു. ആദ്യം നീല, പിന്നെ മഞ്ഞ, ചുവപ്പ്, നിറങ്ങളിൽ നിന്നും പുതിയ നിറങ്ങളുണ്ടായി വരുന്ന അദ്‌ഭുതം അവളോടൊപ്പമിരുന്നു അന്നുവും കണ്ടു, അവൾ ആഗിയോട്‌ കുറെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു, ഡോറയ്ക്കിടയിൽ അവളെപ്പോൾ എത്തിയെന്നു ആഗ്നസിനു മനസിലായതേയില്ല. ചൂട് കൊണ്ട് പൊള്ളിയെന്ന പോലെ അവൾ ഒറ്റയ്ക്കായിരുന്നു. എനിക്കും ദിലീപിനും കിട്ടേണ്ട സ്വകാര്യതയിൽ താൻ അള്ളിപ്പിടിച്ച് കിടക്കുന്ന ദിനങ്ങളെ ഓർത്തു അവൾ പിന്നെയും പനിച്ചു എന്നെനിക്ക് എപ്പോഴൊക്കെയോ തോന്നലുണ്ടായി.
ദിലീപ് പോയതിന്റെ ആലസ്യത്തിലേയ്ക്ക് വെറുതെ കിടന്നപ്പോഴാണ് ആഗ്നസ് വന്നു അവളുടെ കഥ പറഞ്ഞു തുടങ്ങിയത്.
-"'അമ്മ വീട് അത്ര സുഖമുള്ള ഓർമ്മകളുടെ ഇടമൊന്നുമായിരുന്നില്ല. മൂന്നാം ക്ലാസ്സു വരെ നിവൃത്തികേട്‌ കൊണ്ട് അവിടെ തൂങ്ങിക്കിടന്നു. ജീവിതം ചിലപ്പോൾ അങ്ങനെയല്ലേ താരാ, ചുമ്മാ നോക്കിക്കൊണ്ടിരിക്കുമ്പോൾ മഴ പെയ്യുന്നതു പോലെ , വെയിൽ പരക്കുന്നത് പോലെ , ജീവിതങ്ങൾക്ക് മുകളിലേയ്ക്ക് നിഴൽ പടരും. "
ഒൻപതു വയസ്സിനുള്ളിലേയ്ക്ക് നീന്തിയടിച്ച് വന്ന തിരമാലകളിലേയ്ക്ക് കൗതുകം പടർന്ന കണ്ണുമായി ഒരു കുഞ്ഞു ആഗ്നസ് 'അമ്മ വീട്ടിലെ മിറ്റത്ത് കളിക്കുന്നുണ്ടായിരുന്നു. നഗരത്തിന്റെ ഇത്തിരിയിടങ്ങളിൽ കൂട്ടം തെറ്റിയ കുഞ്ഞാടുകൾക്കെന്ന പോലെ ഇത്തിരിയിത്തിരി വീടുകൾ. എഴുതികിട്ടാത്ത ഓഹരിയുടെ കണക്കു വാങ്ങാൻ മമ്മയ്ക്ക് സാമർത്ഥ്യം പണ്ടേ കുറവാണെന്നു അതിനു ശേഷം തിരികെ വന്ന നാളുകളിലെപ്പോഴും പപ്പാ പറയാറുണ്ടായിരുന്നു. ഇത്തിരി ഇടമേ ഉള്ളൂ എങ്കിലെന്താ നഗരത്തിന്റെ ഹൃദയത്തിൽ 20 സെന്റ് എന്ന് പറയുന്നത് നിസ്സാരമാണോ? സെന്റിന് അന്പത്തിനായിരത്തിൽ കുറയില്ല. ഇന്ന് ആ സ്ഥലത്തിന് സെന്റിന് വില 3 ലക്ഷമാണ്. കാലം പണത്തിനു പോലും വില ഇല്ലാതാക്കിയ കൗശല്യമോർത്ത് ആഗിയ്ക്ക് പിന്നെയും കൗതുകം നിറഞ്ഞു. ഓരോ കാലത്തിനു ഓരോ വിലയുണ്ട്. പിന്നീട് ആ വില ഇടിയുന്നു, വസ്തുക്കളുടെ മൂല്യം കൂടുന്നു, പക്ഷെ പണത്തിനു മാത്രം മൂല്യമെന്നത് കുറഞ്ഞു കൊണ്ടേയിരിക്കുന്നു.രാജ്യം സാമ്പത്തികമായി ഇത്രയേറെ പുരോഗമിയ്ക്കുന്നു എന്ന് തോന്നലുണ്ടാക്കുമ്പോഴും താഴ്ന്ന വിലയുടെ മൂല്യത്തിന് എന്ത് മറുപടിയുണ്ട്?
എന്തായാലും പ്രസവം കഴിഞ്ഞും ഭർത്താവിന്റെ വീട്ടിലേയ്ക്ക് പോകാതെ സ്വന്തം വീട്ടിൽ തന്നെ കഴിഞ്ഞിരുന്ന മമ്മ എല്ലാവർക്കും ഒരു ബാധ്യതയാണ് എന്ന് സ്വയം മനസ്സിലാക്കിയതിൽ പിന്നെയായിരുന്നു പപ്പാ തന്നെ വന്ന് അമ്മയെ കൂട്ടിക്കൊണ്ടു പോയത്. പാപ്പായ്ക്ക് അമ്മയോട് സ്നേഹമില്ലാഞ്ഞിട്ടൊന്നുമല്ല ഭാര്യയുടെ വീതം ചോദിക്കാൻ കൊണ്ട് നിർത്തിയത്. ജോലിയില്ലായ്മയും കൃഷിയിലുണ്ടായ നഷ്ടവും അടിക്കടി തോൽക്കുന്ന റമ്മി കളിയും പപ്പയെ കുറച്ചൊന്നുമല്ല ഉലച്ചിട്ടുള്ളത്. മദ്യം ഭക്ഷണത്തോളം എത്തി തുടങ്ങിയപ്പോഴും മമ്മ പാപ്പായെ ഒരിക്കലും കുറ്റം പറഞ്ഞില്ല, കാരണം മമ്മ അപ്പോഴും ഇള്ളാ കുട്ടി തന്നെ ആയിരുന്നു എന്ന് അമ്മാമ്മ എപ്പോഴും പറയാറുണ്ട്. മമ്മായുടെ 'അമ്മ ആയിരുന്നു അമ്മാമ്മ . അമ്മയ്ക്ക് ഓഹരി വീതം വച്ചു കൊടുക്കണമെന്ന് അമ്മാമ്മയ്ക്ക് ഉണ്ടായിരുന്നെങ്കിലും മമ്മയുടെ അനിയൻ നഗരമധ്യത്തിൽ നഷ്ടമായി പോകുന്ന പത്ത് സെന്റിനെ ഓർത്തു വിലപിച്ചു കൊണ്ടിരുന്നു. മമ്മയുടെ പപ്പയും അതിനൊപ്പം നിന്നപ്പോൾ അവിടെ കഴിഞ്ഞ എട്ടു വർഷങ്ങൾ മമ്മയുടെ ജീവിതത്തെ തല്ലിക്കൊഴിച്ച പൂച്ചെടി പോലെ ആക്കിക്കളഞ്ഞിരുന്നു.
അവിടെ നിന്നാണ് ഒരു വൈകുന്നേരം പപ്പാ വന്നു ആഗ്നസിനെയും അവളുടെ മമ്മയെയും സ്വന്തം വീട്ടിലേയ്ക്ക് തിരികെ കൊണ്ട് പോകുന്നത്. സ്വന്തമായി ചോറ് വാർക്കാനും കറി വയ്ക്കാനും വസ്ത്രം ഇസ്തിരിയിടാനുമൊക്കെ പപ്പാ അപ്പോഴേക്കും മിടുക്കനായി കഴിഞ്ഞിരുന്നു. അതുകൊണ്ട് വീട്ടിലെത്തിയതിനു ശേഷം പപ്പാ അടുക്കളയിൽ മമ്മയുടെ ഒപ്പം സ്ഥിരം സാന്നിധ്യവുമായി. പപ്പയുടെ കൈവച്ചു ഉണ്ടാക്കിയ താറാവ് തോരൻ, ഒരിക്കലും മറക്കാത്ത രുചിയുടെ നാവിൽ കപ്പലോട്ടം തുടങ്ങും. സ്വാദിന്റെ വ്യത്യസ്ത വഴികൾ...
രുചിയുടെ യാത്രകൾ.
മറക്കാത്ത ഓർമ്മയുടെ സ്വാദ്.
ആ സ്വാദിലേയ്ക്കും കുഞ്ഞു വീട്ടിലേയ്ക്കുമാണ് അവൻ നടന്നെത്തുന്നത്.
ഒരു പെൺ കുഞ്ഞിനെയും ഒറ്റയ്ക്ക് വീടുകളിലാക്കി നിങ്ങളെങ്ങും പോകരുത്, അമ്മമാർക്ക് ആഗ്നസ് എന്നും നൽകുന്ന ഉപദേശങ്ങളിൽ അവൾക്ക് സ്വയം മുറിവേൽക്കുന്നുണ്ടായിരുന്നു. ഒരു പെൺകുഞ്ഞും ആഗ്നസാകരുത്. ആണനുഭവിക്കുന്ന സുഖങ്ങൾക്കപ്പുറം പെണ്ണായി മാറുമ്പോൾ മനസ്സൊരുക്കുന്ന ഭൂതകാലക്കുടത്തിൽ സ്വയം തിളച്ചു മറിയാൻ വിധിക്കപ്പെട്ടവളാകരുത്.  നിർഭാഗ്യത്തിന്റെ പെൺ ശരീരങ്ങളിലേയ്ക്ക് പുഷ്പവൃഷ്ടികൾ ഉണ്ടാകുന്നത് പോലെ ശരീരങ്ങളിലേയ്ക്ക് തുളഞ്ഞു കയറുന്ന അപരദേഹങ്ങളുടെ ഗന്ധം , അവ മത്തു പിടിപ്പിക്കുന്നവയല്ല, അറപ്പു തോന്നിപ്പിക്കുന്നവയാണ്. മൂന്നാം ക്ലാസ്സിൽ നിന്നും സ്ഥാന കയറ്റം കിട്ടി പോകുന്തോറും സുഖം എന്നത് എത്രമാത്രം അസ്വസ്ഥത ജനിപ്പിക്കുന്നതാണെന്നും , ആൺ ശരീരങ്ങളെന്നാൽ പെൺ ശരീരങ്ങളോട് ചേർത്ത് വയ്ക്കാൻ  പാടില്ലാത്തതാണെന്നും അവൾക്ക് തോന്നി തുടങ്ങി. പിന്നീടൊരിക്കൽ പൊടുന്നനെ മുറിയിൽ കയറി വന്ന അവനോടു നിശബ്ദത പാലിച്ച ആഗ്നസ് അവന്റെ ചടുലമായ പ്രയോഗത്തിൽ കസേര വലിച്ചെറിഞ്ഞു കൊണ്ടായിരുന്നു പ്രതികരിച്ചത്. പിന്നീടൊരിക്കലും അവൻ അവളുടെ ശരീരത്ത് തൊട്ടതേയില്ല. പക്ഷെ അവന്റെ വിയർപ്പ് തൊട്ട സ്വന്തം ശരീരം അവളെ തളർത്തിക്കൊണ്ടിരുന്നു. ചിത്രകഥാ പുസ്തകത്തിൽ വായിച്ചത് പോലെ തല മാറട്ടെ എന്ന് മന്ത്രം കൊണ്ട് മറ്റാരുടെയെങ്കിലും ശരീരം സ്വന്തമാക്കാൻ അവൾ കൊതിച്ചു. എന്നാൽ ജീവിതം അവളെ കൊതിപ്പിക്കുകയും നോവിക്കുകയും ഇടയ്ക്കെപ്പോഴോ പ്രണയാതുരമാക്കുകയും ചെയ്തു. 

Wednesday, September 28, 2016

അവളുടെ ജീവിതം 10

-"എത്ര എന്റെ ദിവസങ്ങളാണ് ആ വൃത്തികെട്ടവൾ കൊണ്ട് പോയതെന്നോ, ശല്യം, അവൾക്കു വേണ്ടി ചിലവാക്കിയ സമയം ഉണ്ടായിരുന്നെങ്കിൽ എനിക്കെത്ര പടം വരയ്ക്കാരുന്നു, അഹങ്കാരി, ഇതാ ഇവളുമാരെ പോലെ ഉള്ള ഒന്നിനെയും ഞാൻ കൂട്ടാക്കാത്തത്."
 അതിരാവിലെ തന്നെ ആഗ്നസിന്റെ ഭ്രാന്തു പറച്ചിലിൽ അടുക്കളയിലായിരുന്നിട്ടും ഇടപെടാതിരിയ്ക്കാൻ കഴിഞ്ഞില്ല.
"എന്താടോ രാവിലെ ആരുമായിട്ടാ?"
-"ആ റേച്ചൽ.... "
"ഹഹ അവൾ തന്റെ പ്രണയിനിയല്ലേ, എന്താ രണ്ടും കൂടി ഉടക്കിയോ..."
-"പിന്നെ അവളെന്റെ ലവർ, ഒന്ന് പോ, ഞാനൊരു ലെസ്ബിയൻ ഒന്നുമല്ല."
"പക്ഷെ എനിക്ക് തോന്നീട്ടുണ്ട്, തനിയ്ക്ക് വേണ്ടി എന്തും ചെയ്യാൻ അവൾക്ക് ഒരു മടിയുമില്ല. എന്നും അവളെഴുതുന്ന കവിതകളിൽ ഒരു ആഴമുണ്ട്, ആ ആഴങ്ങളിൽ താൻ ഉണ്ട്, അവളുടെ വരികളിലെല്ലാം തന്റെ മുഖമുണ്ട്"
അന്നുവിനു  പെട്ടെന്ന് കൊടുത്തു വിടാൻ മുട്ട പൊരിയ്ക്കുകയായിരുന്ന എന്റെ തലയ്ക്കിട്ട് ഒന്ന് തട്ടിയിട്ട് ആഗ്നസ് കലിപ്പിച്ച് മുറി വിട്ട് ഇറങ്ങിപ്പോയി. ഇവൾക്കിതെന്തു പറ്റിയെന്നാലോചിച്ച് ആഗി അടച്ചു വച്ച ലാപ്ടോപ്പിലേയ്ക്ക് ഞാൻ ചുമ്മാ നോക്കി നിന്നു . അന്നുവിന്റെ ബാഗെടുത്ത് അതിൽ പതിനൊന്ന് മണിയുടെ സ്നാക്കും ഉച്ചയ്ക്കലത്തെ ടിഫിനും നിറയ്ക്കാനായി  മുറിയിലേയ്ക്ക് നടന്നു. ആ മുറിയിലാണ് ആഗ്നസ് കിടക്കുന്നത്. അവളുടെ കിടക്ക എന്റെ പണ്ടത്തെ ഹോസ്റ്റൽ കട്ടിൽ ഓർമ്മിപ്പിക്കുന്നു. മുഷിഞ്ഞ വിയർപ്പിന്റെ ഗന്ധം എനിക്കിഷ്ടമാണ്. അത് മനുഷ്യനെ കണ്ടെത്തുന്ന ഗന്ധമാണ്, ചിലപ്പോൾ കൊതിപ്പിക്കുന്നതും...വെളിച്ചം കണ്ണിൽ വന്നടിക്കുമ്പോഴും വാരിവലിച്ചിട്ടിരിക്കുന്ന പുതപ്പിന്റെ നിഴലുകൾ ഭിത്തിയെ കറുപ്പണിയിക്കുന്നു, മൂലയ്ക്ക് അവളുടെ മൂടി അടച്ചു വച്ച നിറങ്ങളുടെ ബോട്ടിലുകൾ അലസമായി യുദ്ധം നടത്തി തളർന്ന പോരാളികളെന്ന പോലെ ചിതറിക്കിടക്കുണ്ട്, പാതിവരച്ച ചിത്രം പോലെ ഒരു വെയിൽകീറ് ഇരുണ്ട മൂലയിലേക്ക് ചിരിച്ചുകൊണ്ടുണരുന്നു...വലിയ മടിച്ചിയും അലസത കണ്ടു പിടിച്ചവളുമായ ആഗിയുടെ ദിനചര്യകളിൽ എനിക്കിപ്പോൾ പ്രത്യേകിച്ച് അസ്വസ്ഥതയൊന്നും തോന്നുന്നില്ല എന്നത് എന്നെ അതിശയിപ്പിച്ചു. അവളുടെ ജീവിതത്തെ കുറിച്ചോർക്കുമ്പോൾ സഹതാപത്തോളമെത്തുന്ന സ്നേഹവും തോന്നി തുടങ്ങിയിരിക്കുന്നു.

സ്നേഹം അല്ലെങ്കിലും അങ്ങനെയല്ലേ, വെറുപ്പ് തോന്നുന്ന ഒരാളോട് ഒരു നിമിഷം കൊണ്ട് പെട്ടെന്ന് തീവ്രമായ അടുപ്പമുണ്ടാവുക, അവരിലേക്ക് ജീവിതം താഴ്ന്നിറങ്ങുക, ഒപ്പം തുഴയുക, മിക്ക ഭാര്യാ-ഭർത്താക്കന്മാരും ഇത്തരം നിമിഷക്കാഴ്ചകളുടെ ഉല്പന്നങ്ങളാണല്ലോ. ദിലീപിനെ ആദ്യമായി കണ്ട നിമിഷം ...,
പ്രണയവിവാഹം എന്ന ചങ്കൂറ്റം മോഹമായിരുന്നെങ്കിൽ അത്തരം മോഹങ്ങളേ കടപുഴക്കിയെറിയാൻ കാത്ത് നിന്ന കാളസർപ്പമായിരുന്നു 'അമ്മ. അച്ഛന്റെ സ്വപ്‌നങ്ങൾ എത്ര ചെറുതായിരുന്നു. പക്ഷെ അമ്മയുടെ സ്വപ്‌നങ്ങൾ അതിരും കടന്നു, കുടുംബവും കടന്നു യാത്ര ചെയ്തുകൊണ്ടേയിരുന്നു. എല്ലാ മക്കളും മാതാപിതാക്കളുടെ അടിമകളാകും , പെണ്മക്കളാണെങ്കിൽ വിവാഹം കഴിക്കുന്നത് വരെ, ആണ്മക്കളാണെങ്കിൽ ഒരുപക്ഷെ അവരുടെ മരണം വരെ, ചിലർ ജീവിതത്തിൽ നിന്ന് ആ അടിമത്തം ഊരിയെറിയും സ്വാതന്ത്ര്യത്തിലേയ്ക്ക് പറന്നടുക്കും. പക്ഷെ പറന്നു നടക്കുമ്പോഴും കാലിലൊരു കുരുക്ക് നിലവിളിക്കും, അതിൽ അമ്മയുടെ സ്നേഹമുണ്ടാകും, അമ്മയുടെ രുചികളുണ്ടാകും... ഒന്നും എങ്ങും പോകുന്നില്ല, ചില അടിമത്തങ്ങൾ സുഖമുള്ളതാണ്...
"താനെന്തു പറയുന്നു? ചിറ്റപ്പനോട് ഇഷ്ടമായെന്ന് പറയട്ടെ..."
ആദ്യമായി പെണ്ണ് കണ്ടു കഴിഞ്ഞതിനു ശേഷം വീട്ടിലേയ്ക്കു വിളിച്ച് ദിലീപ് ചോദിച്ചത് ഇന്നലെയാണോ...
സങ്കൽപ്പത്തിനൊട്ടും ചേരാത്ത മുഖം, പക്ഷെ കുടുംബസ്നേഹി. അല്ലെങ്കിലും ലോകം സങ്കൽപ്പങ്ങൾക്ക് ചിലപ്പോഴൊക്കെ എതിര് നിൽക്കാറുണ്ട്. ചിലപ്പോഴൊക്കെയല്ല, മിക്കപ്പോഴും. ആർക്കാണ് സങ്കൽപ്പത്തിനനുസരിച്ചുള്ള പങ്കാളിയെ ലഭിച്ചിട്ടുള്ളത്? ഒന്നായി ജീവിക്കുമ്പോൾ അത് മറ്റൊരുതരം അടിമത്തത്തിലേയ്ക്ക് കൂടി ചേരുന്നു. പിന്മാറാൻ കഴിയാതെ ഒന്നായി തീരുന്ന അടിമത്തം. അതുകൊണ്ടു അന്ന് ദിലീപിനോട് മറുപടി പറയാൻ അറച്ചില്ല...
"യെസ്, എനിക്കിഷ്ടമാണ്.. പറഞ്ഞോളൂ.."
സന്തോഷത്തിന്റെ പൂക്കാലം ഉള്ളിലേയ്ക്ക് കടന്നെത്തുന്നു, പക്ഷെ നഷ്ടപ്പെടുന്നത് എന്തൊക്കെയാകാം എന്നൊരു കണക്കെടുപ്പിൽ നിസ്സംഗയായി പോയത് കണ്ടില്ലെന്നു നടിച്ചു. ചിലത് നേടുമ്പോൾ ചിലത് നഷ്ടപ്പെടുത്തണം. കാലം അതാവശ്യപ്പെടുന്നുണ്ട്. അതേ, സത്യം...  മുടങ്ങാതെയുള്ള ഫോൺ വിളികളും വല്ലപ്പോഴുമുള്ള കൂടിക്കാഴ്ചകളും പരസ്പരം മനസ്സിലാക്കാൻ സഹായകരമായിരുന്നു. കൊച്ചിയിലെ പകലുകൾക്ക് ചിലപ്പോൾ ഒച്ചിഴയുന്ന വേഗതേയുള്ളൂ, ചിലപ്പോൾ സെക്കന്റ് സൂചി പറക്കുന്നത് പോലെ അത് പറക്കും...
തമ്മിൽ പിരിയാറാകുമ്പോൾ ദിലീപ് പരാതിപ്പെടും.
ഇനി എന്നും നമ്മളീ കൊച്ചിയുടെ വേഗതയും ഇഴച്ചിലും ഒന്നിച്ചുണ്ണാനുള്ളവരല്ലേ... എന്ന് പറഞ്ഞു അതിവേഗം അടുത്ത ബസ് പിടിക്കുന്ന ഞാൻ..., ഹോസ്റ്റലിൽ പെട്ടെന്നെത്താനുള്ള എന്റെ പാച്ചിൽ... അവിടെ കാത്തിരിക്കുന്ന രണ്ടു കണ്ണുകൾ... ദിലീപിനോടുള്ള സ്നേഹം ജീവിതം പകുത്തു നൽകാനുള്ള കുടുംബത്തിന്റെ ആധിയാണെങ്കിൽ എന്റെ ഓട്ടം നഷ്ടപ്പെടുത്താൻ കഴിയാത്ത ആത്മാവിന്റെ അവധിയ്ക്ക് വേണ്ടി മാത്രം... അവിടെയെത്തുന്നതോടെ ചിറകുകൾക്കുള്ളിലൊളിച്ച കുഞ്ഞിനെ പോലെ ആ രണ്ടു കണ്ണുകളുടെ ചൂടിലേക്ക് പതുങ്ങുന്നു.

വർഷങ്ങൾ..... ഇപ്പോൾ വീണ്ടും എന്തേ... ആഗിയുടെ മനസ്സിലേയ്ക്ക് , അവളുടെ ചിന്തകളിലേക്ക് ദുഖങ്ങളിലേയ്ക്ക് ഒക്കെ മനസ്സ് പാറിപ്പതിക്കുന്നു!!. അവളിലേക്ക് മനസ്സ് ഒരു പാലം പണിതിരിക്കുന്നു. ചില നേരങ്ങളിൽ അവളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കാൻ തോന്നും, ചിലപ്പോൾ അവളുടെ ഭ്രാന്തുകളിൽ താടിയ്ക്കിട്ട് ഒന്ന് കിഴുക്കാനും ചിലപ്പോൾ നെറുകയിൽ ഒരു ഉമ്മ കൊടുക്കാനും തോന്നും. അകന്നിരുന്നപ്പോൾ പോലും ആരൊക്കെയോ ആയിരുന്നെന്നു തോന്നിയവൾ, അടുത്തെത്തി സ്വയം ഞാനാകുന്നു ..

ആർത്തലച്ച കടൽ പോലെ ക്ഷോഭം കൊള്ളുന്ന മുഖവുമായി പുറത്തേയ്ക്കു പോയ ആഗ്നസ് മടങ്ങി വന്നപ്പോൾ ഉച്ച കഴിഞ്ഞിരുന്നു.
"എവിടെ തെണ്ടിത്തിരിയാൻ പോയതാ നീ"
-"ഹഹ..  നീ എന്നൊക്കെ വിളിക്കാൻ പഠിച്ചു... കൊള്ളാം എനിക്കിഷ്ടായിട്ടാ.."
അപ്പോഴാണ് മുൻപും പലപ്പോഴും അറിയാതെ "നീ" വിളികളിൽ പെട്ട് പോയതിന്റെ കുറ്റബോധത്തിലേയ്ക്ക് ഞാൻ വീണുപോയത് . അങ്ങനെ പൊതുവെ ആരെയും വിളിക്കാറില്ല, പ്രായത്തിൽ കുറഞ്ഞ കുട്ടികളെയല്ലാതെ...
ഇവൾ തനിയ്ക്ക് ആരൊക്കെയോ ആയി മാറുകയാണോ... നീ എന്ന വിളിയിൽ മനസ്സ് ഒളിപ്പിച്ച് വച്ച അടുപ്പങ്ങളോട്  എനിക്ക് ഭീതി തോന്നിത്തുടങ്ങി.
"എന്താ... ഞാൻ ചുമ്മാ പറഞ്ഞതാ, എനിക്കിഷ്ടാ... ചിലപ്പോ തോന്നും, നീ എന്നും എടീ എന്നും സ്നേഹത്തോടെ വിളിയ്ക്കാൻ കൂടെ ഒരാൾ വേണമെന്ന്... അലഞ്ഞു നടക്കലിനെ കുറിച്ച് വഴക്കുണ്ടാക്കാൻ ഒരു കൂട്ട് വേണമെന്ന്..."
-"നിനക്ക് കെട്ടിക്കൂടെ... പ്രായം കുറെ ആയല്ലോ..."
"ഹഹ... അതേ... പ്രായം ഒക്കെ എന്താ... നമ്മുടെ ചിന്ത, അതിനല്ലേ പ്രസക്തി. കൂട്ടിനു ആളിനെ വേണമെന്ന് തോന്നുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ കൂടെ കുറച്ച് ദിവസം പോയി താമസിയ്ക്കും. കാമത്തിന്റെ കുത്തലാണ് ആ തോന്നലെന്നു താൻ കരുതണ്ട. ആദ്യം എന്റെ ശരീരത്തിൽ തൊട്ട ഏഴാം ക്ലാസുകാരന്റെ മനസ്സല്ല അദ്ദേഹത്തിന്, അദ്ദേഹത്തിനെന്നോടു മുടിഞ്ഞ പ്രേമമാണ്. എനിക്ക് പ്രണയത്തോടും ശരീരത്തോടും അടങ്ങാത്ത കൊതിയും...ഹഹ..."
-"നിന്റെ ഒരു അദ്ദേഹം, ആരാ അയാൾ... ജീവിതം ഇങ്ങനെയൊക്കെ നശിപ്പിച്ച് കളഞ്ഞാൽ..."
അത് മുഴുമിപ്പിക്കാൻ ആഗ്നസ് എന്നെ  അനുവദിച്ചില്ല. ലാപ്പ് ഓൺ ചെയ്ത വച്ചിട്ട് റേച്ചലിന്റെ വെളുത്ത മുഖത്തേയ്ക്ക് അവൾ വിരലോടിച്ചു.

"ഇവള് ആള് ശരിയല്ല താരാ... അവള് ഇന്നലെ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെക്കുന്നു. റാസ്കൽ. അവളോട് ഞാൻ എന്നും പറയാറുള്ളതാ ഓരോ ജീവിതങ്ങളെ കുറിച്ച്. താൻ കഴിഞ്ഞാൽ ഏറ്റവുമധികം മിണ്ടുന്നത് അവളോട് മാത്രമാണ്, എന്നിട്ടും ആ എന്തരു മോൾ പോയി ഉണ്ടാക്കിയേക്കുന്നു...അവക്കടെ ഭർത്താവിന് വേറെ ഭാര്യ ഉണ്ടോന്ന് അവൾക്ക് സംശയം പോലും... എങ്ങനെ ഉണ്ടാകാതെയിരിക്കും അയാൾ അടുത്ത് വരുമ്പോ ഇവള് ബലം പിടിച്ച കിടക്കുന്നെ, സെക്സ് എന്താണെന്ന് അറിയാത്ത പ്രായത്തിൽ കെട്ടിച്ചാ ഇങ്ങനെയൊക്കെയിരിക്കും..."
-"അല്ലാ ആഗി, എനിക്ക് തോന്നുന്നത്, ഇവൾ ലെസ്ബിയൻ പ്രകൃതം ഉള്ള ആളാണെന്നാ... ആണുങ്ങളുടെ ശരീരത്തിൽ ഇത്തരക്കാർക്ക് സംതൃപ്തി കണ്ടെത്താനാകില്ല, അവരുടെ ജീവിതം പരാജയമായിരിക്കും. ഭയമായിരിക്കും തുറന്നു പറയാൻ, അതാ അവൾക്ക് നിന്നോട് ഇത്ര ആരാധനയും പ്രണയവും... ഏതെങ്കിലും സൈക്യാട്രിസ്റ്റിന്റെ അടുത്ത് പോയാൽ നന്നാക്കുമെന്നു തോന്നുന്നു.."
-"ഉം.. പറഞ്ഞത് ശരിയാ... കാണുമ്പോഴൊക്കെ നിന്നെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കാൻ തോന്നുന്നുവെന്ന് എല്ലായ്പ്പോഴും അവൾ പറയുന്നതാണ്. ഒരിക്കൽ അയാളോടൊപ്പം സെക്സ് ചെയ്യുമ്പോൾ എന്റെ മുഖം ഓർത്തപ്പോൾ അവൾ ഭയങ്കര സുഖം  എന്നൊരിക്കൽ പറഞ്ഞിട്ടുണ്ട്... സൊ... താരാ... എടങ്ങേറാണല്ലോ... എന്ത് ചെയോടോ..."
"എന്ത് ചെയ്യാൻ, നീയവളെ അങ്ങ് പ്രേമിക്ക് ... വിഷമിപ്പിക്കാതെ ഇരിക്കലോ..."
ആ വാക്കുകൾ ആഗിയോട്‌ പറയുമ്പോൾ ഉള്ളിൽ വലിയൊരു പർവ്വതം പൊട്ടിത്തെറിച്ചതു പോലെ.... കാരണമില്ലാത്തൊരു നോവ് ഹൃദയഭിത്തികളെ തകർത്തു തലച്ചോറിലേക്ക് നീങ്ങുന്നു. നിറയ്ക്കുന്ന രക്തപ്രവാഹം. മങ്ങുന്ന കണ്ണുകൾക്കൊടുവിൽ ആഗ്നസിന്റെ എന്തോ ആലോചിച്ചുള്ള ഇരിപ്പിലേയ്ക്ക് നോക്കി ... പിന്നെ നിസ്സംഗതയോടെ എന്തോ നഷ്ടപ്പെട്ടവളെപ്പോലെ  എന്റെ  ജോലികളിലേക്ക് മടങ്ങിയെത്തി.

Tuesday, September 27, 2016

അടക്കം പറച്ചിലുകൾ 11

ആഗ്നസ് എന്റെ ജീവിതത്തിലേയ്ക്ക് വന്നിട്ട് ഒന്നരയാഴ്ച്ചയായിരുന്നു. ജീവിതം ഒന്നരവർഷത്തെ നീണ്ട ഇടവേളയെടുത്ത് മാറിപ്പോയത് പോലെയാണ് തോന്നിയത്. അല്ലെങ്കിലും ചിലർ ചില ഇടങ്ങളിലേക്ക് ചേക്കേറുമ്പോൾ മറ്റു ചിലരുടെ ജീവിതം തന്നെ മാറിപ്പോകും. അവരിലേക്ക് സ്വയമെത്താനായി പരിവർത്തനങ്ങളിലേയ്ക്ക് ധൈര്യത്തോടെ ഇറങ്ങി നടക്കും. മറ്റാരെങ്കിലും കാണുന്നുണ്ടോ എന്നത് പോലും നോക്കാതെ.
ഞാൻ ചുരുണ്ടു കൂടിത്തുടങ്ങിയിരുന്നു.. ഫ്‌ളാറ്റിൽ ഒന്നരയാഴ്ചകൊണ്ട് വാർത്തയായി തുടങ്ങിയിരുന്നു, അതിനു കാരണമുണ്ട്, ഫ്‌ലാറ്റിലെ സ്ത്രീകളുടെ ഒരു ഗ്രൂപ്പ് എല്ലാ രണ്ടു ദിവസത്തിലും വൈകുന്നേരങ്ങളിൽ കാണുകയും വരുന്ന മാസാന്ത്യത്തിലെ പതിവ് കൂടലുകളെ കുറിച്ച് തീരുമാനങ്ങളെടുക്കുകയും ചെയ്യാറുണ്ട്, മിക്കപ്പോഴും കമ്മിറ്റിയിലെ ഉത്സാഹിയായ അംഗം ഞാനാണ്. കുഞ്ഞുങ്ങളുടെ പാട്ടിലും നൃത്തത്തിലും ചില മുതിർന്നവരുടെ കവിയരങ്ങുകളിലും അത്ര മടുപ്പിക്കാതെ ഞങ്ങൾ പരിപാടി കൊണ്ട് പോവുകയും ചെയ്തിരുന്നു. ആ ഞാനാണ് കഴിഞ്ഞ ഒന്നരയാഴ്ച കൊണ്ട് നിശ്ശബ്ദയായിരിക്കുന്നത്. എന്നെ അവർ പുറത്തേയ്ക്ക് കാണുന്നു പോലുമില്ല... ഒരുപക്ഷെ അത് ഫ്‌ളാറ്റിൽ വാർത്തയായെന്നു ഞാനറിയുന്നതിനു മുൻപ് തന്നെ ദിലീപിന്റെ മൊബൈലിലെത്തി. ചുരുങ്ങി ചുരുങ്ങി ഒരു ചിപ്പിയ്ക്കുള്ളിലെ മുത്തിനോളം "താര" ആഗിയിലേയ്ക്ക് ഒതുങ്ങി പോയെന്ന് അന്ന് വിളിച്ചപ്പോൾ ദിലീപ് പരിഭവം പറഞ്ഞു.
എന്താണിങ്ങനെ നാട്ടുകാർ പറയുന്നത്, ഗ്രാമങ്ങളിലെ വിശാലമായ ക്യാൻവാസിൽ ഇരുണ്ട സ്വഭാവങ്ങളിൽ നിന്ന് നഗരത്തിലെ മനുഷ്യർ ഇപ്പോഴും സ്വാതന്ത്രരായിട്ടില്ലെന്നു തോന്നുന്നു . പറയാനുള്ളത് മുഖത്ത് നോക്കി പറയാതെ ദിലീപിനെ വിളിച്ച് പറഞ്ഞ തൊട്ടടുത്ത ഫ്‌ലാറ്റിലെ അയ്യർ സാറിന്റെ സ്വഭാവത്തെ കുറിച്ച് ഫ്‌ളാറ്റിൽ പാട്ടാണ്.
അയ്യർ സാറിനു ഒരു മകളാണ്, ഭാര്യ നൃത്ത അധ്യാപിക. ആയമ്മയ്ക്ക് ആഴ്ചയിൽ രണ്ടു ദിവസമാണ് നൃത്ത അധ്യാപനം, പത്ത് അൻപതോളം കുട്ടികൾ പഠിക്കാനുണ്ട്. നഗരത്തിലെ ഒഴിഞ്ഞ കോണിൽ ഒരു മുറി വാടകയ്‌ക്കെടുത്ത് പഠിപ്പിക്കാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടായിട്ടൊന്നുമല്ല മാലതിയമ്മ ടൗണിൽ പോയി പഠിപ്പിക്കുന്നത്. അത് അവരുടെ ഒരു രക്ഷപെടൽ കൂടിയാണ്. അയ്യർ സാറിന്റെ കർശനമായ നിബന്ധനകളിൽ നിന്നും എന്നും പറയുന്ന പഴയകാല പ്രൊഫസർ ജീവിതങ്ങളുടെ താളമില്ലാത്ത കഥകളുടെ മുരടിപ്പിൽ നിന്നും മാലതിയമ്മ രക്ഷപെട്ടു പോകുന്നത് ശ്രീകുമാർ മാഷിന്റെ അടുത്തേക്കാണ്.
പണ്ട് അവർ ഒന്നിച്ച് പഠിച്ചവരാണ്. കുട്ടികളെ നൃത്തം പഠിപ്പിച്ച ശേഷം രണ്ടാളും വൈകുന്നേരം എവിടെയെങ്കിലും കറങ്ങും. കൊച്ചിയിലാണോ രണ്ടു ഇണക്കുരുവികൾക്ക് കയ്യേറാൻ ഇടമില്ലാത്തത്. കണ്ടാൽ ഭാര്യയും ഭർത്താവുമാണെന്നേ കരുതൂ. ഒരിക്കൽ ഞാനും അവരെ ഒന്നിച്ച് കണ്ടിട്ടുണ്ട്, മംഗളവനത്തിൽ.ഒന്ന് ആഞ്ഞു ശ്വസിയ്ക്കാൻ മതിയായ ഓക്സിജൻ പോലുമില്ലാത്ത കൊച്ചിയിലെ തണുപ്പിന്റെ സുഖം മംഗളവനത്തിന്റെ ഉള്ളിലാണ്. കണ്ടല്കാടുകളും മുളയും പേരറിയാത്ത ഏതൊക്കെയോ മരങ്ങളും പിന്നെ നിറയെ കൊതുകും... എങ്കിലും ശ്വാസത്തിൽ മുട്ടലുകളില്ല, തുറന്നു കിടക്കുന്ന ജനാല പോലെ മംഗളവനം വായുവിന്റെ സ്വർഗീയ സുഖത്തിലേക്ക് കൊണ്ട് പോകാറുണ്ട്... അതുകൊണ്ടു തന്നെ പലപ്പോഴും ജോലിയും നഗരവും അസ്വസ്ഥപ്പെടുത്തുമ്പോൾ പ്പമുള്ള ആരെയെങ്കിലും കൂട്ടി പോയിരിക്കുന്ന ഇടം തന്നെയാണ് അവിടം. അങ്ങനെയാണ് ഒരിക്കലെ യാത്രയിൽ അവരെ അവിടെ വച്ച് കണ്ടെത്തുന്നത്.  നഗരത്തിന്റെ നടുവിലെ ഇത്തിരി കാറ്റിൽ കഥകൾ പറഞ്ഞു ഒന്നിച്ചിരിക്കുന്ന കണ്ടാൽ കൊതി തോന്നും. സൗഹൃദത്തിന്റെ തണുത്ത കാറ്റുണ്ട് അവർക്കിടയിൽ അത് എപ്പോഴും തോന്നിയിട്ടുണ്ട്, പിന്നെ പ്രണയത്തിന്റെ ഇളം ചൂടുള്ള ഒരു കാപ്പി മണവും. പ്രണയിക്കുന്നെങ്കിൽ അതുപോലെ വേണം. വർഷങ്ങൾ കഴിഞ്ഞാലും ആരറിഞ്ഞാലും ഭയമില്ലാതെ വല്ലപ്പോഴും ഒന്നിച്ചിരിക്കാൻ കഴിയുന്നിടത്ത് പ്രണയം പൂക്കുന്നുണ്ട്. അത് ചിലപ്പോൾ കടൽത്തീരത്താകാം, കാടിന്റെ വന്യതയിലാകാം, ആർട്ട് ഗാലറിയിലോ എന്തിനു വെയിൽ മങ്ങിയ തെരുവുകളിലോ ആകാം. അവർക്ക് തമ്മിൽ എന്താകും പറയാനുണ്ടാവുക...
എന്തായാലും വലിയ വലിയ ഫാമിലി പ്ലാനിങ്ങോ ഒളിച്ചോട്ടം നടത്താനുള്ള തീയതിയോ ഒന്നുമായിരിക്കില്ല. കുഞ്ഞു കുഞ്ഞു കാര്യങ്ങളുടെ കൂട്ടുകാരൻ. വീട്ടിലെ പൂച്ച പ്രസവിച്ചത്, നൃത്തം പഠിപ്പിച്ചപ്പോൾ ഇഷ്ടപ്പെട്ട കുട്ടിയുടെ താളം പിഴച്ചത്, കടലിലെ മണൽത്തരിയുടെ ഭൂതകാലങ്ങൾ, ഉച്ചയ്ക്ക് കഴിച്ച പുളിശ്ശേരിയുടെ നഷ്ടമാകുന്ന സ്വാദിനെ കുറിച്ച്... പ്രണയത്തിൽ പലപ്പോഴും പങ്കാളി ഇത്തരം കൊച്ചു കൊച്ചു കാര്യങ്ങളുടെ കൂട്ടുകാരനുമാകുന്നുണ്ട്. ലോകത്ത് എന്തൊക്കെ കാര്യങ്ങൾ നടക്കുന്നു, ജീവിതം എന്തൊക്കെ പ്രതിസന്ധികളിലൂടെ കടന്നു പോകുന്നു... എങ്കിലും മാലതിയമ്മയുടെ മുഖം ഒരു തുടുത്ത റോസാ പൂവ് പോലെയാണ്. പ്രണയത്തിന്റെ ഇളം റോസ് നിറം. ഒന്ന് പുഞ്ചിരിച്ചു അവസാനിച്ചത് പോലെ എപ്പോഴും തോന്നിപ്പിക്കുന്ന മുഖം...
അയ്യർ സാറിന്റെ ജീവിതം ഫ്‌ളാറ്റിലുള്ള എല്ലാവർക്കും നന്നായി അറിയാം. പറഞ്ഞു പറഞ്ഞു മടുപ്പു തോന്നിയത് കൊണ്ട് ഇപ്പോഴാരും അതെ കുറിച്ച് വലിയ സംസാരം ഒന്നും ഉണ്ടാകാറില്ല, പക്ഷെ ഏറ്റവും വലിയ തമാശ, ഫ്‌ലാറ്റിലെ എല്ലാ രഹസ്യങ്ങളും സൂക്ഷിക്കുന്ന അയ്യർ സാറിനു മാലതിയമ്മയും ശ്രീകുമാർ മാഷുമായുള്ള ബന്ധത്തെ കുറിച്ച് അത്ര വെളിപാടില്ല  എന്നതാണ്. അവരുടെ സൗഹൃദത്തിൽ നേരിയ നിരാശ പ്രകടമാക്കാറുണ്ടെങ്കിലും ഫ്‌ളാറ്റിൽ നിന്നും പുറത്തിറങ്ങാതെ അയ്യർ സാർ  ഒന്നും അറിയാറില്ല. ആരും പറയാറുമില്ല.
പക്ഷെ ആ ആളാണ് ഇപ്പോൾ ദിലീപിനോട് ചെന്ന് പറഞ്ഞിരിക്കുന്നത്, അയല്വക്കത്തുള്ളവളെ കുറിച്ച്..
"നീയെന്താ താര ഇത്ര ഒതുങ്ങി... ഇത്ര അവൾ നിന്നെ എങ്ങനെയാണ് മാറ്റിയെടുത്തത്... എനിക്ക് മനസിലാവുന്നേയില്ല... ഇപ്പൊ ഫ്‌ളാറ്റിലെ മറ്റുള്ളവരുമായി നിനക്കെടുപ്പമില്ല,എന്തിനാ  എപ്പോഴും മുറിയ്ക്കുള്ളിൽ ഇങ്ങനെ അടച്ചിരിക്കുന്നെ? എന്താ ആഗ്നസ് പറയുന്നത്? "
സങ്കടവും ഭ്രാന്തും ഒന്നിച്ചെത്തുന്നത് ഞാനറിയുന്നുണ്ട് . നെഞ്ചിലൂടെ പാഞ്ഞു പോയൊരു തീനാളം നാവിൻ തുമ്പിലെ അക്ഷരങ്ങളിൽ ചിതറിത്തെറിച്ചു വീണു കൊണ്ടിരുന്നു.
എനിക്കൊന്നും പറയാൻ തോന്നിയില്ല, അല്ലെങ്കിലും എന്ത് പറയാൻ... ആഗ്നസിന്റെ സാമിപ്യം ഞാനേറെ ഇഷ്ടപ്പെട്ടു തുടങ്ങിയെന്നോ, വായ തുറന്നാൽ അയൽക്കാരുടെ കുറ്റങ്ങൾ കേൾക്കേണ്ടി വരുന്ന ഫ്‌ലാറ്റിലെ മറ്റുള്ളവരുടെ വാചകങ്ങളിലേയ്ക്ക് ഇരുന്നു കൊടുക്കാൻ എനിക്ക് മനസ്സിലെന്നോ...
മനസ്സില്ലാ എന്ന വാക്കിനോട് ഒരുതരം വെറുപ്പുണ്ട് ദിലീപിന്, പക്ഷെ മനസ്സ് എത്തിപ്പെടാത്ത ചിലതുകളിലേയ്ക്ക് എങ്ങനെ അവയെ ചേർത്ത് വയ്ക്കും? ദിലീപിന്റെ ആധി എനിക്ക് മനസ്സിലാകുന്നുണ്ട്, ആഗ്നസിന്റെ ഒപ്പമുള്ള താമസം ഇനിയും നീളുമോ എന്ന ചോദ്യത്തിന്റെ അസ്വസ്ഥതകൾ എനിക്ക് വായിച്ചെടുക്കാം. സ്വകാര്യമായ ജീവിതങ്ങളിലേയ്ക്ക് മൂന്നാമതൊരാൾ കടന്നു വരുമ്പോഴുള്ള സ്വാഭാവികമായ ഈർഷ്യകളിൽ നിന്നും ദിലീപിനെ എങ്ങനെ മാറ്റിയെടുക്കണമെന്നെനിക്കറിയില്ലായിരുന്നു...
ചിലപ്പോഴൊക്കെ നിശബ്ദതയാണ് നല്ലത്...
"എന്താടോ... ഞാനൊരു ബുദ്ധിമുട്ടായി തുടങ്ങിയല്ലേ..." ആഗ്നസിന്റെ സ്വരത്തിൽ കുറ്റബോധം..
എനിക്കതു താങ്ങാൻ പ്രയാസം തോന്നി..
-"ഇല്ലെടാ... ഈ ഫ്‌ളാറ്റിലുള്ള മിക്കവാറുമായും എനിക്ക് നല്ല അടുപ്പമുണ്ട്. അസോസിയേഷന്റെ പരിപാടികളിൽ പോലും എത്രയോ ദിവസങ്ങൾക്കു മുൻപേ ഞങ്ങൾ കൂടാറുണ്ടെന്നറിയാമോ... ഇപ്പൊ നീ വന്നതിനു ശേഷം സംസാരം കുറഞ്ഞത് പോലെ ... അതെനിക്കും മനസിലാകുന്നൊക്കെയുണ്ട്... പക്ഷെ ഇവർ ഇത് ദിലീപിനെ വിളിച്ച പറയേണ്ട കാര്യമെന്താണെന്നാ എനിക്ക് മനസിലാകാതെ..."
"ഹഹ... കേരളത്തിലെ മനുഷ്യന്റെ ചിന്തകളിൽ തനിയ്ക്കിപ്പോഴും സംശയമുണ്ടോ... പോട്ടെടോ... വരുന്നത് പോലെ വരട്ടെ... അധികനാൾ ഞാൻ ശല്യപ്പെടുത്താൻ നിൽക്കില്ല.. ഉറപ്പ്..."

ആഗ്നസിന്റെ വാക്കുകളുടെ ഉറപ്പുകളിലേയ്ക്ക് കാതോടിച്ചിരിക്കവേ എനിക്ക് വീണയെ ഓർമ്മ വന്നു . ഹോസ്റ്റലിലെ വീണ എസ് നായർ എന്ന കൂട്ടുകാരിയെ ..

Sunday, September 25, 2016

ആദ്യ ചുംബനം 12

ഹോസ്ടൽജീവിതത്തിന്റെ നാളുകളിൽ ഒരു വലിയ ചിത്രശലഭത്തെ പോലെ ഓരോ മനുഷ്യനും പുനർജ്ജനിക്കപ്പെടുന്നുണ്ട്. എത്രനാൾ ഇരുന്നുറങ്ങിയ പ്യൂപ്പ പൊട്ടിച്ചെറിഞ്ഞ് സ്വാതത്ര്യത്തിന്റെ നിറമുള്ള ലോകത്തേയ്ക്ക് പറക്കാൻ തോന്നിക്കും അത് ചിലപ്പോൾ.. നിയന്ത്രണങ്ങളില്ലാതെ ചാര്ട്ട് പൊങ്ങിയ പട്ടത്തിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം ഓരോ പെണ്ണിന്റെയും മുഖത്തുണ്ട്, അവൾ കണ്ടെത്തിയ അവളുടേതായ ജീവിതത്തിന്റെ സുന്ദരമായ യാത്ര....
വന്ന നാളുകളിലെ ഹോസ്റ്റൽ കാഴ്ചകളിൽ നിന്നും അഞ്ചു വർഷങ്ങൾ  അവശേഷിപ്പിച്ചത് കുറച്ചൊന്നുമായിരുന്നില്ല താനും. ബിബിഎയും എംബിഎയും പഠിക്കാൻ ഏതാണ്ട് അഞ്ചു ഹോസ്റ്റലുകൾ മാറി താമസിച്ച് കൊച്ചിയിലെ ഹോസ്റ്റലുകളെല്ലാ എണ്ണി തീർത്തോ എന്ന് സുഹൃത്തുക്കൾ ആവർത്തിച്ച് ചോദിച്ചു കൊണ്ടിരുന്നു. 'അമ്മ രുചിയില്ലാത്ത ഭക്ഷണമോ ബാത്‌റൂം വരാന്തകളിലെ നീളൻ ക്യൂവോ കട്ടിലിലെ മൂട്ടയുടെയും കൊതുകിന്റെയും ചോര പ്രണയമോ ഒന്നുമായിരുന്നില്ല കാരണം. വീണയായിരുന്നു. സ്ഥിരമായി എങ്ങും ഏറെ നാൾ തങ്ങാത്ത വീണയുടെ പ്രകൃതം. "എ പാർട്ണർ ഇൻ ക്രൈം" എന്ന പോലെ വീണ എന്റെ പാതിയായിരുന്നുവെന്നു ഇപ്പോഴും തോന്നിപ്പിച്ചു.  കോളേജിലെ അഞ്ചു വർഷങ്ങളും കൊച്ചിയിലെ മീഡിയ ഇന്റേൺഷിപ്പും തുടർന്നുള്ള ചെറിയ ജോലിയും അഞ്ചു വർഷത്തിന് ശേഷം വീണ്ടും ഹോസ്റ്റലിന്റെ ശ്വാസം മുട്ടലിലേയ്ക്ക് തന്നെ കൂടണയാനുള്ള തീരുമാനം എന്റെതായിരുന്നു. കുറച്ചു കൂടി സൗകര്യവും വായുവുമുള്ള ഒരു വീട്ടിലേയ്ക്ക് മാറിയാലോ എന്ന വീണയുടെ ചോദ്യത്തിന് ഹോസ്റ്റൽ മുറികളോടുള്ള പ്രണയത്തെ നഷ്ടപ്പെടുത്താൻ വയ്യ എന്ന്  മറുപടിയും നൽകി.
പരസ്പരം അറിയാതെ ഞങ്ങളുടെ ഇടയിൽ ഒന്നും തുടങ്ങിയിരുന്നും  ഒടുങ്ങിയിരുന്നുമില്ല . ഒന്നിച്ചുള്ള ഇത്രയുമധികം വർഷങ്ങളിൽ ഞങ്ങൾക്കിടയിൽ സംസാരിക്കാത്ത പകലുകളോ രാത്രികളോ ഉണ്ടായിരുന്നില്ല, വിഷയങ്ങളും. എത്രയോ ആഴമുള്ള വിഷയങ്ങളിൽ പരസ്പരം തിരിച്ചറിയലുകൾ നടത്തി , വിവാദങ്ങൾ പൊളിച്ചടുക്കി, സങ്കടങ്ങളെ സ്വന്തമാക്കി... ബന്ധങ്ങൾ പലതും അടുക്കാനാണ് കുറച്ച് താമസം വേണ്ടത്, അടുത്ത് കഴിഞ്ഞാൽ പിന്നെയുള്ളത് അനിവാര്യമായ വേർപിരിയലാണ്, അടുക്കലിന്റെയും വേർപിരിയലിന്റെയും നിതാന്തമായ യാത്രയ്ക്കിടയിൽ ചക്രങ്ങൾക്കിടയിൽ പെട്ട് ചതഞ്ഞരഞ്ഞു പോകുന്ന ജീവിതങ്ങളിലേയ്ക്ക് ഞങ്ങൾ ഇടയ്ക്കിടയ്ക്ക്  വെറുതെ ഇറങ്ങി നോക്കി.
"നാം പരസ്പരം വിവാഹം കഴിച്ച് അകലുമ്പോൾ ഒരിക്കലും പരസ്പരം നഷ്ടമാകരുത്. നീയെന്നെയും ഞാൻ നിന്നെയും ഓർമ്മിച്ചു കൊണ്ടേയിരിക്കണം... "
എന്തോ ആ വാക്കുകളുടെ അവസാനം എനിക്ക് പെട്ടെന്നവളെ ചുംബിക്കാൻ തോന്നി... ചില സമയത്ത് വീണയുടെ വാക്കുകൾ അത്തരത്തിൽ തോന്നിപ്പിക്കാറുണ്ട്. ഇപ്പോൾ എന്നെ  നിയന്ത്രിയ്ക്കുന്നത് മനുഷ്യ ചിന്തയ്ക്ക് അതീതമായ ഏതോ ഒരു വിങ്ങലാണെന്നും അവ എനിക്ക് ഒട്ടുമേ നിയന്ത്രിക്കാനാകുന്നതല്ലെന്നും എനിക്കുതോന്നി . ആ വിങ്ങൽ തന്നെയാണവളെ എന്റെ ചുണ്ടുകളിലേയ്ക്കടുപ്പിച്ചതും.
ഓരോ ചുംബനങ്ങൾക്കിടയിലും ഓരോ നക്ഷത്രങ്ങൾ പാഞ്ഞു പോകുന്നു. അതീവ പ്രകാശത്തോടെ അത് ശരീരങ്ങളോട് ആവശ്യപ്പെടും, ഒരിക്കലും നിർത്താതെ പ്രകാശം പരത്തി നിങ്ങൾ ചുംബിക്കപ്പെട്ടുകൊണ്ടു തന്നെ ഇരിക്കട്ടെ...
അപ്പോൾ ആകാശത്ത് നിന്ന് ആയിരക്കണക്കിനായ നക്ഷത്രങ്ങൾ ചിതറി പറക്കും, ലക്ഷ്യമില്ലാത്ത യാത്രയ്‌ക്കൊടുവിൽ അവ എവിടെയൊക്കെയോ മരിച്ചു വീഴും. അത്തരമൊന്നു ഞങ്ങളുടെ ചുണ്ടുകൾക്കിടയിൽ കുരുങ്ങി കിടന്നു. പരസ്പരം അത്രമേൽ ഒന്നാവുകയല്ലാതെ വേർപെടുക എന്നൊരു മാർഗ്ഗമേയുണ്ടായിരുന്നുമില്ല. പക്ഷെ എപ്പോഴോ നക്ഷത്രത്തിന്റെ മരണഗന്ധം വർത്തമാനകാലമായി കിനിഞ്ഞിറങ്ങിയപ്പോഴാണ് ചുണ്ടുകൾക്കുള്ളിൽ കൊണ്ട് നടന്ന സമുദ്രത്തെ പരസ്പരം കുടിച്ച് വറ്റിച്ച് ഞങ്ങളകന്നത്  .. ബാക്കിയൊന്നും അവശേഷിക്കുന്നില്ല...
പ്രണയം പൂത്തുലഞ്ഞ രണ്ടു പെണ്ണുങ്ങൾക്കിടയിൽ അവർ കുടിച്ച് തീർത്ത സമുദ്രത്തിന്റെ അവശേഷിപ്പുകൾ അമ്പരന്നു കിടന്നു.
എന്താണ് അത്രയും അടുത്തത്, എന്തിനാണ് അകന്നത്, ഉത്തരങ്ങൾക്കു വ്യക്തതയില്ല. ആ നിമിഷം അങ്ങനെ ചെയ്യാൻ തോന്നിപ്പിക്കുന്നു അത് ചെയ്യുന്നു എന്നതിൽ കവിഞ്ഞു നിയന്ത്രണത്തിന്റെ പൊട്ടിച്ച ചരടുകളിലേയ്ക്ക് നോക്കി ഭയമില്ലാതെ അവരിരുവരും പരസ്പരം പുഞ്ചിരിച്ചു.
അവർ പരസ്പരം മനസ്സിലാക്കുന്നുണ്ടായിരുന്നു, വിടർത്തി മാറ്റാനാകാത്ത കണ്ണികളിലേയ്ക്ക് സൂര്യ പ്രകാശം വന്നടിയ്ക്കുന്നതും അവിടം തുടുത്തു വരുന്നതും...
പിന്നെ ഞങ്ങൾ പരസ്പരം ചുംബിച്ചിട്ടില്ല, അത്തരം വിഷയങ്ങളെ കുറിച്ച് സംസാരിച്ചിട്ടേയില്ല, പക്ഷെ ഒറ്റയ്ക്കാവുന്ന സന്ധ്യകളിൽ ഇലഞ്ഞിപ്പൂ  മണം ഒഴുകി വരുന്ന നേരത്ത് പലപ്പോഴും ആ ചുംബനം ഞങ്ങളുടെയിരുവരുടെയും  മിടിപ്പിലേയ്ക്ക് ചോദിക്കാതെ കടന്നു വന്നു. വീണ എന്റെ പ്രകാശമായി മാറിയേനെ, എന്നാൽ പിന്നീടുള്ള യാത്രയ്ക്കിടയിലെപ്പോഴോ ഒരക്ഷരം മിണ്ടാതെ അവൾ പിൻവാങ്ങിയില്ലായിരുന്നെങ്കിൽ ഞങ്ങൾക്കിടയിൽ പ്രണയത്തിന്റെ നേർത്തൊരു പുഴ ഒഴുകുമായിരുന്നിരിക്കണം. പിന്നാലെ നടന്ന ആണ് മുഖങ്ങളെക്കാൾ എപ്പോഴും കരുതലും സ്നേഹവും ഒപ്പം കൈപിടിച്ച് നടന്നവളോടാണെന്ന തിരിച്ചറിയൽ ഉണ്ടാക്കിയ അമ്പരപ്പിൽ നിന്നും പുറത്തു കടന്നു ഞങ്ങൾ പരസ്പരം തിരഞ്ഞു തുടങ്ങിയപ്പോഴേക്കും അവൾ കാലത്തിന്റെ സ്ളേറ്റിൽ നിന്നും മായ്ക്കപ്പെട്ടവളായി തീർന്നു... എങ്ങോട്ടെന്നില്ലാതെ, പെട്ടെന്നൊരിക്കൽ മായ്ഞ്ഞു പോയവൾ...പക്ഷെ
പിന്നെയാണ് ഞാൻ പ്രണയത്തിന്റെ പൂക്കാടായി മാറിയത് .
ദിലീപിന് പോലും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലാത്ത എന്റെ പ്രണയത്തിലേക്ക് അൽപ്പം കനിവോടെ എനിക്ക് വീണ്ടും നോക്കാൻ തോന്നുന്നു...
വീണയുടെ മുഖവുമായാണോ അഗ്നസെത്തുന്നത്...

Saturday, September 24, 2016

നാദിയയുടെ പുസ്തകം 13

എന്താ ആഗി നിന്റെ പദ്ധതി?
-"എന്താ തനിക്കെന്നെ മടുത്തോ..."
".., എനിക്കൊന്നും മനസിലാകുന്നില്ല, നിന്റെ യാത്ര, നിന്റെ അസ്വസ്ഥത, നീ എപ്പോഴും മറ്റേതോ ലോകത്താണ്..."
-"പറയാറാകുമ്പോഴേക്കും എന്റെ യാത്രയുടെ ദൂരം എനിക്ക് വ്യക്തമാകും താര... അതുവരെ കാത്തിരുന്നേ പറ്റൂ..."
"നീ എങ്ങോട്ടു പോകുന്നു..."
-"വ്യക്തതയില്ല ... "
"എന്തിനാണ് യാത്ര..."
-"ഒന്നിനുമല്ല... എന്നെ ഒഴുക്കി കളയാൻ... ജീവിതം അലച്ചിലാക്കി മാറ്റാൻ... എനിക്കായി ഇനി ഒന്നും അവശേഷിക്കുന്നില്ലെന്നറിയുമ്പോഴുള്ള തീരുമാനത്തിലേക്ക്, ശരീരത്തിനെയും മനസ്സിനെയും ഒരു തീര്തഥാടനത്തിലേയ്ക്ക് ഒരുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഞാൻ പറയാം താര... ഇപ്പൊ വയ്യ... എന്റെ വഴി കൃത്യമാകട്ടെ.. അതുടനെയുണ്ടാകും. അല്ലെങ്കിലും ഇങ്ങനെ ഏറെ നാൾ പിടിച്ച് നിൽക്കാൻ പറ്റിയ മാനസികാവസ്ഥയിലുമല്ല ഞാൻ... ഉടനെയുണ്ടാകും.. ഉടനെ..."

നിസ്സംഗതയിലേയ്ക്ക് വഴുക്കി വീണു പോയ ആഗ്നസിനോട് പിന്നെയൊന്നും ചോദിയ്ക്കാൻ എനിക്ക് തോന്നിയില്ല . ഇവിടെ വരുന്നതിനു മുൻപ് ചാറ്റ് ചെയ്ത സമയം വരെ എത്രമാത്രം ഊർജ്ജവും വഹിച്ചു നടക്കുന്ന ഒരു നക്ഷത്രക്കണ്ണുള്ള പെൺകുട്ടിയായിരുന്നു അവൾ , ഇപ്പോൾ അവളുടെ മുഖത്ത് ഒരു കാടുണ്ട്. ഒരുപാട് നിഗൂഡതകൾ ഒളിച്ചിരിക്കുന്ന ഒരു കാട്. അവൾ അതിൽ ഒറ്റയ്ക്കിങ്ങനെ പൂത്തു നിൽക്കുകയാണ്.
കരുണയും വാത്സല്യവും സ്നേഹവും എല്ലാം ഒന്നിച്ചു കടന്നു പോകുന്നു.  ആഗ്നസിന്റെ തലയെടുത്ത് തന്റെ മടിയിൽ വയ്ക്കാനും അവളെ തട്ടിയുറക്കാനും എനിക്ക് തോന്നി.

എത്ര വ്യത്യസ്തരാണ് ഓരോ സ്ത്രീകളും. ചിലർ കടൽ പോലെ ചിലർ കാട് പോലെ, ചിലർ പുഴ പോലെ ചിലർ മരുഭൂമി പോലെ...
നാദിയയുടെ ജീവിതത്തെ പോലെ ചിലർ ഒരിക്കലും പൂക്കാത്ത മരങ്ങളെ പോലെ..
"The Girl Who Beat ISIS " പുസ്തകം നെറ്റിൽ നിന്നാണ് ഡൗൺലോഡ് ചെയ്ത കഴിഞ്ഞ ദിവസം വായിച്ചത്. അതെ കുറിച്ച് ആഗ്നസിനോട് സംസാരിക്കണമെന്ന് ഉറച്ചതുമാണ് പക്ഷെ ആഗ്നസിന്റെ നിസംഗത രണ്ടു മൂന്നു ദിവസമായി ആരെയും ഉൾക്കൊള്ളുന്നതേയില്ല. കണ്ണുകൾ തുറന്നു വച്ച് അവൾ കാണുന്ന സ്വപ്നം ഏതോ ദുരന്തത്തിലേക്കുള്ള ദൂരക്കാഴ്ചകളാണെന്നു നനഞ്ഞ് കുതിരുന്ന വസ്ത്രങ്ങൾ പരസ്യപ്പെടുത്തുന്നുണ്ട്... അവൾ പറയട്ടെ, സ്വയം.. കാത്തിരിക്കാം..
ഫാരിദാ എന്ന നാദിയ മുറാദ് ബസി. പത്തോൻതുകാരിയായ ഒരു യസീദി പെൺകുട്ടിയുടെ ആത്മനൊമ്പരങ്ങളിലേയ്ക്ക് എത്ര പെട്ടെന്ന് ഇറങ്ങി ചെല്ലാനാകുന്നു.
ഭീകരവാദികളുടെ മുഖങ്ങളെപ്പോഴും സ്ത്രീവിരുദ്ധമായ ഒരുതരം അപകർഷതാ ബോധം കൊണ്ട് നിറഞ്ഞിരിക്കുന്നവയാകും എന്ന് പലപ്പോഴും  തോന്നിയിട്ടുണ്ട്.
അത് സത്യമാകും അതുകൊണ്ടാകുമല്ലോ അടിമകളാക്കപ്പെട്ട സ്ത്രീകളോട് ഏറ്റവും ക്രൂരമായി അവർ ഇടപെടുന്നത്. നാദിയ രക്ഷപെട്ടവളാണ്. സുരക്ഷിതത്വത്തിന്റെ ഭൂമികളിൽ ചുരുങ്ങിയിരുന്നുകൊണ്ടു ആർക്കെങ്കിലും ഒരു സമൂഹത്തിന്റെ അനുഭവത്തിന്റെ തീവ്രത മറ്റുള്ളവർക്ക് വേണ്ടി പകർത്തിയെ മതിയാകൂ. അത് കാലത്തിന്റെ ആവശ്യമാണല്ലോ, അത് സത്യമല്ലായിരുന്നെങ്കിൽ ആൻ ഫ്രാൻകോ അവരുടെ ഡയറിയോ, നദിയായോ അവളുടെ പുസ്തകമോ ഒന്നുമുണ്ടാകുമായിരുന്നില്ല.
മാംസച്ചന്തയുടെ ഒരരികിൽ അവൾക്കു നിൽക്കാൻ ഇടമുണ്ട്, പക്ഷെ നിൽക്കണോ വേണ്ടയോ എന്ന് തീരുമാനിയ്ക്കുന്ന സുന്ദര മുഖങ്ങൾ. അവരുടെ മുഖത്തിനെ സൗന്ദര്യമുള്ളൂ. ഭീകരതയുടെ മുഖം പോലെ തന്നെയാണ് ഭീകരവാദികളുടെ മുഖമെന്നും സങ്കൽപ്പിച്ചു. സുന്ദരമായ മേലാപ്പുകൾ, സ്വപ്‌നങ്ങൾ പ്രതീക്ഷകൾ, പോരടിച്ച് മരണം വരിയ്ക്കുന്നവരെ കാത്തിരിക്കുന്ന സുന്ദരികൾ...
പക്ഷെ ഇരയാക്കപ്പെടുന്നവരുടെ കണ്ണുനീരിനു മുകളിൽ ഒഴുകി തീരാനുള്ളതാണ് ഈ സുന്ദരമായ സങ്കൽപ്പങ്ങളെന്ന് അവരോടു ആരു പറഞ്ഞു കൊടുക്കണം?
നാദിയയുടെ കണ്ണീരു തോരുന്നതേയില്ല.
സ്ത്രീകളൊക്കെയും ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ അടിമകളാണ്  ആരുടെയെങ്കിലുമൊക്കെ സ്നേഹം തീർക്കാനുള്ള മനസ്സുകൾ, ഇഷ്ടമില്ലാത്തതും കയ്യേൽക്കാനുള്ള ഉടൽജീവികൾ, താൽപ്പര്യമില്ലാത്ത രാത്രികളുടെ ആൺ ഗന്ധങ്ങൾ .
ശരീരത്തിൽ അടി കൊള്ളാത്ത ഒരിഞ്ചു സ്ഥലം പോലും ബാക്കിയില്ലെന്നു നാദിയ എഴുതുന്നു...
ശരീരം പുരുഷന്മാരാൽ കടിച്ചു കീറാത്ത ഒരിടവും ബാക്കിയില്ലെന്നു അവൾ നിലവിളിക്കുന്നു...
രക്ഷപെടാതെയിപ്പോഴും മാംസച്ചന്തയിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന പെണ്ണുടലുകളിലേയ്ക്ക് മിഴിയയച്ചു അവൾ നീറുന്നു...
എനിക്ക് കണ്ണ് നിറഞ്ഞു...
അഭയാർത്ഥ്ഹികളുടെയും അടിമകളുടെയും ജീവിതത്തിനു വലിയ വ്യത്യാസമൊന്നുമില്ല. പലനാൾ ഉപയോഗിക്കപ്പെടുക എന്നതല്ലാതെ...
വീണ്ടും ആഗിയുടെ മനസ്സിലേയ്ക്ക് ചേക്കേറി എനിക്ക്സ്വ യം ശൂന്യയാകാൻ തോന്നി. .
എന്തിനു നാദിയയിലേയ്ക്ക് പോകണം? സൂര്യനെല്ലി പെൺകുട്ടിയുടെ ശരീരം പങ്കിട്ട എത്ര മാന്യ ആണ് ശരീരങ്ങൾക്ക് സമൂഹത്തിൽ മറകളില്ലാതെ നടക്കണമെങ്കിൽ മുഖത്തൊരു കറുത്ത മാലയിട്ടു മാത്രം അവളിറങ്ങി നടക്കുന്ന നടപ്പിൽ എപ്പോഴും ഭൂമി പിളരണമേ എന്നും ഉരുകിയൊലിച്ച് പോകണമേ എന്നും അവൾ ആഗ്രഹിച്ചു പോകേണ്ടി വരുന്നത് ഏതു നീതിയാണ്?
ആഗ്നസിന്റെ ചുവന്ന പെൺകുട്ടി എന്നു ചിത്രത്തിന്റെ ടാഗ്‌ലൈൻ തന്നെ അതായിരുന്നുവെന്ന് ഞാൻ ഓർക്കുന്നു, ചുവന്ന മറകളാൽ മുഖത്തെ രക്തത്തിന്റെ ചുവപ്പ് മറയ്ക്കുന്നവൾ. അവൾ അക്രമിക്കപ്പെട്ടവളാണ്, ചെന്നായ്ക്കളുടെ നഖം കൊണ്ട് മുറിഞ്ഞതാണ് അവളുടെ ശരീരം, രക്തമൊഴുകുന്ന ഓരോ ഇടങ്ങളിലും ആർത്തിയോടെ കണ്ണെറിയുന്ന രക്ഷസുക്കൾ... കറുത്ത പിശാചുക്കൾക്ക് പരിചിതമായ ആരുടെയൊക്കെയോ രൂപമുണ്ട്... ആ പെൺകുട്ടിയ്‌ക്കോ? നാദിയ... ? സൂര്യനെല്ലി...? സൗമ്യ...?
നിഷ്കളങ്കമായി ഉറങ്ങുന്ന ആഗ്നസിന്റെ മുഖത്തെ വിഷാദത്തിൽ ഞാനൊരായിരം പെണ്ണുങ്ങളെ കാണുന്നു. ചോര വാർന്നൊലിച്ച മുഖങ്ങളെ തൊടുന്നു... 

Friday, September 23, 2016

മറവികളിലേയ്ക്ക് നടന്നു പോകുന്നവൾ 14

ആഗ്നസ് കൂടി ഒപ്പം കൂടിയതിനു ശേഷം പഴയതു പോലെ ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നതേയില്ല. ജീവിതവും ദിവസങ്ങളും പലവഴിയ്ക്ക് പലരീതിയിൽ പല ചിന്തകളിൽ തെറിച്ചു പോകുന്നു. എല്ലാം കൂട്ടി വച്ച് പഴയ താരയാക്കണമെന്ന് പലവട്ടം മനസ്സ് തോന്നിപ്പിക്കുന്നുമുണ്ട്, പക്ഷെ ഒരിഞ്ചു അനങ്ങാൻ വയ്യാത്തൊരു കുടുക്കിൽപെട്ടത് പോലെ എനിക്ക്  ശ്വാസംമുട്ടിക്കൊണ്ടേയിരുന്നു.
എന്തിനാണ് ആഗ്നസിനെ പരിചയപ്പെട്ടത്... ആ ഇലഞ്ഞി മണത്തെ കുറിച്ച് എഴുതിയിരുന്നില്ലെങ്കിൽ ഒരിക്കലും ഇത്തരം ദിവസങ്ങൾ ജീവിതത്തിൽ ഉണ്ടാകുമായിരുന്നില്ല . പക്ഷെ വിട്ടു കളയാനാകുന്നില്ല, വേണ്ടെന്നു വൈകുന്തോറും വിടവുകൾ കുറയ്ക്കുന്ന ഒരുകാന്തം ആഗ്നസിന്റെ നെഞ്ചിനുള്ളിലുണ്ട്  .
പരസ്പരം കണ്ണാടിയായിരിക്കുകയും എന്നാൽ വ്യത്യസ്തതകളുടെ സ്വഭാവങ്ങളായിരിക്കുകയും ചെയ്യുന്നു എന്നത് കൊണ്ട് മാത്രമാണോ ആഗിയിൽ നിന്നും വേർപെടാൻ ആകാത്തതിന് കാരണം?
അത്രയ്ക്കൊന്നും അവൾ ഒരു ആവശ്യകതയായിരുന്നില്ല ഇതിനു മുൻപ്. എന്തും പറയാനുള്ള ഒരു സ്വാതന്ത്ര്യത്തിലേക്ക് എത്തിച്ചെർന്ന അപൂർവ്വ സോഷ്യൽ മീഡിയ ബന്ധങ്ങളിലൊന്ന്... എന്നാൽ അവളെ കുറിച്ച് എന്തറിയാം?
മികച്ച ഒരു ആർട്ടിസ്റ്റാണ്, ചില്ലറ ഭ്രാന്തുള്ള ഒരു കലാപകാരിയാണ്, പ്രണയം എന്ന വാക്കിനെ അടിമുടി കോരിക്കുടിയ്ക്കുന്നവളാണ്. ഫെയ്‌സ്ബുക്കിലുള്ള അവളുടെ പ്രൊഫൈലിൽ എന്ത് പോസ്റ്റിട്ടാലും അഞ്ഞൂറു ലൈക്കിൽ കുറയില്ല. ആരാധകർ ഏറെയുള്ള പെൺ പ്രൊഫൈലുകൾ എപ്പോഴും നിഗൂഢമായ ആത്മരതി അനുഭവിക്കുന്നവരുമായിരിക്കുമോ... ആഴ്ചയിൽ ഒന്നെന്ന നിലയിൽ ഇടുന്ന പ്രൊഫൈൽ ചിത്രങ്ങൾക്കിടിയിൽ ഒരു നാർസിസ്റ്റിന്റെ മുഖം ചിരിക്കുന്നത് കാണുന്നുണ്ട് എന്ന് ഒരിക്കൽ അവളോട് ചോദിച്ചത് മെസേജിലാണ്, വെറുതെ കളിയാക്കിയതാണ്.. അവൾ വെറുതെ അത് ചിരിച്ചു കളഞ്ഞു. മറ്റാരെങ്കിലുമായിരുന്നെങ്കിൽ സ്ക്രീൻഷോട്ടെടുക്കലും പോസ്റ്റിടലും അപമാനിക്കലും ഒക്കെ ഒന്നിച്ച് കഴിഞ്ഞേനെ.. അത്രയുമേ ഉള്ളൂ പലപ്പോഴും ആധുനിക ബന്ധങ്ങൾ , പരസ്പരം മുറുകി ചേരുന്നത്ര ആവേശത്തിൽ തന്നെ അഴിഞ്ഞും വീഴും. പിന്നെ കൊടും വൈരികളാകും, തമ്മിൽ കാണാത്തത്ര ദൂരങ്ങളിലാണെങ്കിലും ബ്ലോക്ക് ബട്ടന്റെ കാണാപ്പുറങ്ങളിലേയ്ക്കും പടിയടച്ച് പിന്ധം വയ്ക്കും. അവിടെ തീരുന്നു ബന്ധങ്ങൾ..
ആഗ്നസ് പക്ഷെ ഏറെ മേച്ചുർ ആയിരുന്നു. കുട്ടിത്തരത്തിന്റെ കുറുമ്പുകൾ തന്നിലുണ്ടെന്നു അവൾ ഓർമ്മിപ്പിക്കുമ്പോഴും കാലമൊരുക്കിയ ഒരു മാനുഷികത അവളെ ശോഭിപ്പിച്ച് കൊണ്ടിരുന്നു.
അവൾക്കെന്താണ് സംഭവിക്കുന്നതെന്നറിയില്ല...

സമാന്തര രേഖകൾ പോലെയുള്ള രണ്ടു പെണ്ണുങ്ങൾ. ഒരുവൾ പ്രണയത്തിന്റെ ആഴങ്ങളിലേക്ക് എപ്പോഴുമെപ്പോഴും ആഴ്ന്നിറങ്ങുകയും ആരെങ്കിലും കൈപിടിയ്ക്കാതെ നെഞ്ചിലൊന്ന് പ്രണയം ആളിക്കത്തിപ്പിക്കാതെ ജീവിക്കാനാവുകില്ലെന്നു പ്രഖ്യാപിക്കുമ്പോൾ മറ്റൊരുവൾ എന്നോ ഒരിക്കൽ കിട്ടിയ ചുംബനത്തിൽ മനസ്സ് കൊളുത്തി ഒരേ താളത്തിലുള്ള പ്രണയത്തിന്റെ നെഞ്ചിടിപ്പുകൾ സ്വയമറിഞ്ഞു, ഉലഞ്ഞു കുളിർന്നു അതാണ് പ്രണയമെന്നു പ്രഖ്യാപിക്കുന്നു. ആഗ്നസിനു പ്രണയമെന്നത് തന്നെ എപ്പോഴും കൊതിപ്പിക്കുകയും ചേർത്ത് പിടിക്കുകയും ചെയ്യേണ്ട ആവാസവ്യവസ്ഥിതിയാകുമ്പോൾ എനിയ്ക്കത്  ഓർമ്മകളിലേക്കുള്ള ഒരു യാത്രയുടെ തിരയിളക്കമാണ്. എപ്പോഴും അടുത്ത് ഉണ്ടാകണമെന്ന് നിർബന്ധങ്ങളില്ലാത്ത കടലിന്റെ ഇളക്കങ്ങൾ..

ജോലിയുടെ കാര്യം മാത്രമല്ല അടുക്കള കാര്യങ്ങൾ കൂടി മറന്നു പോകുന്നുണ്ടല്ലോ എന്നോർമ്മിപ്പിച്ചത് അന്നുവാണ്.
ശനിയാഴ്ചയുടെ പരുങ്ങലിൽ മറന്നത് എന്തൊക്കെയാണ്...
ചോറ് കുക്കറിൽ വാർക്കാതെ ഇപ്പോഴുമിരിക്കുന്നുണ്ട്. തലേന്ന് വൈകിട് അന്നുവിനെ വിളിയ്ക്കാൻ പോകുമ്പോൾ ചന്തയിൽ നിന്ന് വാങ്ങിയ ചീര തോരൻ വയ്ക്കണമെന്ന് വിചാരിച്ചതു നുറുക്കി വച്ചിട്ടുണ്ട്, പുളിശേരിയുണ്ടാക്കാൻ തേങ്ങാ ചിരകിയതുണ്ട്, എന്തെ ഒന്നും ഉണ്ടാക്കീല്ല.
"അമ്മെ... വിശക്കുന്നു, ആഗിയാന്റി കൊണ്ടുവന്ന ചോക്കലേറ്റ് തീർന്നോ.."
അവൾക്ക് ചോറ് വേണ്ട ചോക്കലേറ്റു മതി. പക്ഷെ പന്ത്രണ്ടരയായ  കുഞ്ഞു വിശപ്പിനോട് നിത്യവും ചോറ് കൊടുത്തു കലഹിക്കുന്ന 'അമ്മ മനസ്സിനോട് യാതൊരു ന്യായീകരണവും പറയാനില്ലാതെ എനിക്ക് പകച്ചു നിൽക്കാനാണ് തോന്നിയത് . തൽക്കാലം എടുത്തു വച്ചിരുന്ന ഒരു ചോക്കലേറ്റു കഷ്ണത്തിലേയ്ക്ക് അന്നുവിന്റെ വിശപ്പിനെയൊതുക്കി തൂങ്ങിപ്പിടിച്ചിരിക്കുന്ന ആഗിയുടെ മുഖത്തേയ്ക്ക് പരതി നോക്കി  ഗാസ് കത്തിച്ചു. കഴിഞ്ഞ ദിവസം വരെ അടുക്കളയിൽ എല്ലാത്തിനും കൂടുമായിരുന്നു. കറിയ്ക്ക് നുറുക്കാനും തേങ്ങാ ചിരകാനും ചപ്പാത്തിയ്ക്ക് സ്‌പെഷ്യൽ കറിയുണ്ടാക്കാനും. എത്ര പെട്ടെന്നാണ് മനസ്സിനെ മരണം പിടികൂടുന്നത്... അത് ഒറ്റയ്ക്കായി പോകുന്നതും വലിയൊരു ട്രങ്ക് പെട്ടിയിൽ അടയ്ക്കപ്പെടുന്നതും...
ഒന്നും മിണ്ടിയില്ല, തോരനും പുളിശ്ശേരിയും വച്ച് ചോറ് വാർത്ത് അന്നുവിനും ചോറ് നൽകി ആഗ്നസിനെ കഴിക്കാൻ വിളിക്കുന്നത് വരെ ഞാൻ ഒരു  അപ്പൂപ്പന്താടിയിൽ പറന്നു നടക്കുന്നത് പോലെ പറന്നു നടന്നു.
പിന്നെ ഉച്ചയുടെ വിശപ്പിലായ്മയിലേയ്ക്കും ആഗ്നസിന്റെ നരച്ച മുഖത്തേക്കും പാളി നോക്കി ചോറ് കുഴച്ചുണ്ടു. അന്നുവിനെ കയറ്റി കിടത്തി ഉറക്കി ബാക്കിയുള്ള ജോലിയിലേക്ക് മനസ്സിനെ കൊണ്ട് പോകേണ്ടതുണ്ടെന്നു സ്വയമോർമ്മിപ്പിച്ചു ലാപ്പിലേയ്ക്ക് കയറി കതകടച്ചു. 

മുളപൊട്ടുന്ന ജീവിതങ്ങൾ 15


ഫെയ്‌സ്ബുക്കിൽ നിന്നും വാട്സ്ആപ്പിൽ നിന്നുമൊക്കെ എന്നെന്നേയ്ക്കുമായി മായ്ക്കപ്പെടുന്ന ഏറ്റവും ടെക്കിയായിരുന്ന ഒരു സ്ത്രീ ഒരുപക്ഷെ ഒന്നുകിൽ അവൾ നിശ്ശബ്ദതയുടെയും ഏകാന്തതയുടെയും സുഖമുള്ള ലോകത്ത് ഒറ്റയ്ക്ക് ജീവിക്കുന്നവളാകും, അല്ലെങ്കിൽ അവൾ അവളുടെ ജീവിതത്തിലേയ്ക്ക് മടങ്ങി വരാനുള്ള ഒരുക്കത്തിലായിരിക്കും... വീണയിപ്പോൾ എന്ത് ചെയ്യുന്നുണ്ടാവും? ഒരിക്കലും മടങ്ങിവരാനാകാത്ത  ഏതോ ഇരുട്ട് പിടിച്ച ഗുഹയുടെ ഉള്ളിൽ നിന്നും കരിപിടിച്ച ഒരു പെൺകുട്ടി നടന്നു ഫെയ്‌സ്ബുക്കിന്റെ ആക്ടിവേറ്റ് ബട്ടണിൽ അമർത്തുന്ന സ്വപ്നം കണ്ടുകൊണ്ടാണ് ഉറക്കമെന്നെ വിട്ടൊഴിഞ്ഞു പോയത്.  വീണ ,അവളിപ്പോൾ എവിടെയാകും? ഒന്നിച്ചു നടന്ന വഴികളൊക്കെ ശൂന്യമാവുകയാണ്. അവളെ തിരയാത്ത സൈബർ ഇടങ്ങളില്ല. ഒരിക്കലും മായാതെ ഒപ്പമുണ്ടാകുമെന്ന് പറഞ്ഞിട്ട് ഏതോ വാക്കിന്റെ പുറത്ത് ഒറ്റയ്ക്കിരുന്നു തേങ്ങുന്നവൾ...
കേരളത്തിന്റെ നാഗരിക സംസ്കാരം ഏറ്റവുമധികം ഭ്രാന്തമായി ഏറ്റു വാങ്ങിയത് ഒരുപക്ഷെ കൊച്ചിക്കാരാകും. എത്രയേറെ വെറുക്കാൻ ശ്രമിച്ചാലും എല്ലാവരെയും തന്നിലേക്ക് അടുക്കി ചേർത്ത് നിർത്തുന്ന ഒരു മാന്ത്രികവടിയുണ്ട് കൊച്ചിയുടെ കയ്യിൽ. നഗരത്തിന്റെ തിരക്കുകൾക്കിടയിലും ഒറ്റയ്ക്ക് അലഞ്ഞു നടക്കാനുള്ള തെരുവുകൾ അത് സമ്മാനിക്കുന്നുണ്ട്, നഗരത്തിന്റെ പാച്ചിലിനുള്ളിൽ പച്ചത്തുരുത്തുകൾ, സൗഹൃദം കാത്തുസൂക്ഷിയ്ക്കാൻ കാപ്പിയിടങ്ങൾ... ഇടയ്ക്കൊക്കെ ഗുൽമോഹങ്ങൾ പൂക്കളുടെ ചുവന്ന വഴികൾ, ബിനാലെയുടെയും നിറങ്ങളുടെയും പാട്ടുകളുടെയും നഗരം. തെരുവിൽ വരയ്ക്കുന്ന ഭ്രാന്തന്റെ നഗരം... പ്രാണ വായുവിൽ നിന്നുമാണ് കൊച്ചിയുടെ ആത്മാവിനെ കണ്ടെത്തേണ്ടതെന്ന് ഒരിക്കൽ ഞാൻ പറഞ്ഞ വാക്യങ്ങളെ ചിരിച്ചെടുത്ത് വീണ അവളിലേക്ക് ഒട്ടിച്ച് വച്ചിരുന്നു.
കൊച്ചിയിൽ അവളുടെ കൈപിടിച്ച് നടക്കാത്ത ഇടങ്ങളില്ല. ഹോസ്റ്റലിൽ ചൂട് കൂടുന്ന മാസങ്ങളിൽ കറക്കം കൂടുതലാവും. അവധി ദിവസങ്ങളിൽ വീട്ടിൽ പോകാതെ കാത്തിരിക്കും, അവളുമായി പുറത്തിറങ്ങാൻ. മറൈൻ ഡ്രൈവിലെ ചുവന്ന ഗുൽമോഹർ മരത്തിനു താഴെ മുട്ടിയുരുമ്മി എത്രയോ ദിവസങ്ങൾ... അറിയാതെ കയ്യെടുത്ത് കൈയിലേക്ക് ചേർത്ത് വച്ച്, ഇടയ്ക്ക് തോളിലേക്ക് തലചായ്ച്ച്... പറയാതെ പറഞ്ഞിരുന്ന അവളുടെ വാക്കുകൾ പൂരിപ്പിക്കാനെന്നോണം ആഗി മുന്നിൽ നിൽക്കുന്നു..
"എന്നെ ഒന്ന് കറങ്ങാൻ കൊണ്ട് പോകാമോ...? സമയം കാണുമോ..?"
- എന്തെ ഇപ്പൊ ഇങ്ങനെ ചോദിയ്ക്കാൻ... വാ പോകാം... ഇത്ര ചോദിക്കാനുണ്ടോ...  എപ്പോഴും ഇങ്ങനെ ഒറ്റയ്ക്ക് ഇരിക്കുന്നതിന്റെ സങ്കടമേ ഉള്ളൂ എനിക്കും. ഒറ്റയ്ക്കിരുന്നോട്ടെ എന്ന് ഞാനും വച്ചു.... കൊണ്ട് പോകാൻ എനിക്കും ആഗ്രഹം ഉണ്ടായിരുന്നു... റെഡി ആവൂ... ഉച്ചയ്ക്കലത്തെ ഭക്ഷണം പുറത്തു നിന്നാകാം.
"എന്നാ ശരി പോയേക്കാം..."
ഫ്‌ളാറ്റിനുള്ളിലെ നേർത്ത ചൂടിന്റെ സുഖത്തെ ഇല്ലാതാക്കി പുറത്തിറങ്ങി. വെയിലിന്റെ കയ്യുകൾ കെട്ടിപ്പുണർന്ന് പൊള്ളിക്കുന്നു. അന്നൂസ് വരുന്നതിനു മുൻപ് കറക്കം തീർക്കണം... വീണയുമൊന്നിച്ച് പോകാൻ ഏറെയിഷ്ടമുണ്ടായിരുന്ന ഫോർട്ട് കൊച്ചിയിലെ തണൽ വീണ വഴിയിലൂടെ ഞങ്ങളിരുവരും നടന്നു. എനിക്ക് വിശന്നു തുടങ്ങിയിരുന്നു... അത് വിശപ്പല്ല... ഉള്ളിലെന്തോ എരിയുന്നതാണ്, വളരെ കൃത്യമായി അതെനിക്ക് മനസ്സിലാകുന്നുണ്ട്. പിടി തരാത്ത മനസ്സുമായി ഇവളിത്  എന്തുദ്ദേശിച്ചാണ് പിന്നാലെ കൂടിയിരിക്കുന്നതെന്നു അപ്പോഴും എനിക്കറിയാൻ കഴിയുന്നതേയില്ല. അല്ലെങ്കിലും മനുഷ്യന്റെ മനസ്സുകൾ എത്ര വിചിത്രങ്ങളാണ് . അവളെന്നെ കൊത്തി വലിക്കുന്നുണ്ട്... ഓരോ മരത്തണലിലും എത്തുമ്പോൾ വീണ്ടും വെയിലിലേയ്ക്ക് ചായാൻ കൈകൾ നീട്ടി ചാടി തുള്ളി പോകുന്നുണ്ട്. പൊള്ളലിലേയ്ക്ക് എന്റെ കൈ പിടിച്ച് വലിച്ചിടുന്നുണ്ട്... ഭ്രാന്തിനും ഒരു അതിരൊക്കെയുണ്ട്...
വീണയുടെ മുഖത്തോടും കരുതലുകളോടും ആഗ്നസിനെ ചേർത്ത് വയ്ക്കാൻ... പാതിയിൽ നിശബ്ദമായിപ്പോയ എന്റെ ഏതൊക്കെയോ മനസ്സിന്റെ ഇടങ്ങളെ വാചാലമാക്കാൻ... അവയൊക്കെ ആഗ്നസിനോട് പറയാൻ തോന്നുമ്പോൾ ഒരു ശ്വാസം വന്ന ഹൃദയത്തിൽ വിലക്കു വീഴ്ത്തി...  ഹൃദയം അകാരണമായി ഉച്ചത്തിൽ മിടിക്കുന്നു. ഉറക്കെ ചിരിക്കാൻ തോന്നിപ്പിക്കുന്നു അവളുടെ ഒപ്പമുള്ള സഞ്ചാരം. പഴയതു പോലെ തെരുവിലലഞ്ഞു പ്രണയത്തിന്റെ ഏതൊക്കെയോ ഇരുണ്ടവഴികളെ തിരയാൻ... പേപ്പർ ഹൌസ്സിലേ തണുത്ത കാപ്പിയുടെ മുന്നിലിരിക്കുമ്പോൾ വഴുതി മാറുന്ന മനസ്സിന്റെ മുന്നിൽ ആഗ്നസ് ഇരിക്കുന്നു.. ഒന്നുമറിയാത്ത ഭാവത്തോടെ കോഫീ നുണയുന്നു.
"എന്താ ... വല്ലാതിരിക്കുന്നത്... എന്തേലും സങ്കടമുണ്ടോ..."
-ഏയ് ഒന്നൂല്ലാ... എന്തോ വല്ലാതെ ഒരു ചങ്കിടിപ്പ്...
"എന്തെ ഹൃദയം പണിമുടക്ക് പ്രഖ്യാപിച്ചു തുടങ്ങിയോ..."
-ആഹ് അതെന്ന് തോന്നുന്നു...
"ആരാ കക്ഷി..."
-താനെന്റെ കയ്യീന്ന് വാങ്ങിക്കും... ഒന്ന് മിണ്ടാതിരിക്കാമോ..."
എനിക്ക് കരച്ചിൽ വന്നു...
ഉള്ളിൽ നിന്ന് ഭയത്തിന്റെ ഒരു മുകുളം ഹൃദയത്തോളമെത്തിയിട്ട് വാടിക്കൊഴിഞ്ഞു പോകുന്നു..
ഹൃദയം പറയുന്നു ഉറക്കെ പറയാൻ... പക്ഷെ വാക്കുകൾക്ക് നിൽക്കാൻ ഇടയില്ലാതെ ശ്വാസം കുടുങ്ങി ഉള്ളു നിറയുന്നു... അഗാധമായ തണുപ്പിലേക്ക് ശരീരം ചുഴറ്റിയെറിയപ്പെടുന്നു... കണ്ണുകൾക്കുള്ളിൽ നേർത്ത തിരയിളക്കം, നോട്ടം നില തെറ്റുന്നു... നാവിൽ ഉപ്പ് രുചിക്കുന്നു.. ഇരുട്ട് പ്രകാശവുമായി മത്സരിച്ച് ഒടുവിൽ ആരാണ് തോൽവിയറിഞ്ഞത്...
"താരാ... താരാ....."
എവിടെ നിന്നോ എന്നെ ആരോ വിളിക്കുന്നുണ്ട്...
തലച്ചോറിന്റെ ഏതോ പേരറിയാത്ത കോണിൽ നിന്ന് എന്തോ പ്രകാശം പുറത്തേക്കൊഴുകുന്നുണ്ട്... എനിക്ക് ആ വിളി കേൾക്കാം പക്ഷെ മറുപടി പ്രകാശത്തിൽ കലങ്ങിപ്പോകുന്നത് പോലെ...
കണ്ണ് തുറക്കാൻ വയ്യ.. അതോ കണ്ണ് തുറന്ന് നിശ്ചലമായ ഏതോ ദൃശ്യത്തിലേയ്ക്ക് നോക്കി ഇരിക്കുകയാണോ ഞാൻ...
"ആഗ്നസ്...." ഞാനുറക്കെ വിളിച്ചു...
അവൾ കണ്ണുകൾ തുറന്ന് എന്നെ തന്നെ ഉറ്റു നോക്കിയിരിക്കുന്നുണ്ട്... ഞാനാകട്ടെ, വിയർത്തൊഴുകി പേപ്പർ ഹൌസ്സിലെ നീണ്ട ബഞ്ചുകളിലൊന്നിൽ  മിടിപ്പ് പോലും നിലച്ചെന്ന പോലെ കിടക്കുന്നു...
എന്താണ് സംഭവിച്ചത് ... ഒന്നും മനസ്സിലാകുന്നതേയില്ല... ശ്വാസം നിറഞ്ഞു വന്നു എന്തോ തലച്ചോറിൽ വന്നടിച്ചതു പോലെ... പിന്നെ നിശ്ചലതയിലേയ്ക്ക്...
ആഗ്നസിന്റെ കണ്ണുകളിൽ വേദന ഞാൻ കാണുന്നുണ്ട്...
എനിക്കത് തൊടാം...
എനിക്ക് ആശ്വാസം തോന്നി... അവൾ വേദനിക്കുന്നുണ്ട്.... എന്നെ ഓർത്ത് ആധി പിടിക്കുന്നുണ്ട്... ഒരു തരം സാഡിസമാണോ ഞാനറിയാതെ എന്നിൽ നിന്ന് വന്നതെന്ന് പോലും തോന്നിപ്പോകുന്നു...
അവളെനിക്ക് വേണ്ടി നോവുന്നു...
കണ്ണ് നിറയ്ക്കുന്നു...
അന്ന് വൈകുന്നേരമാണ് ഞാനതു കണ്ടത്. ഫ്‌ളാറ്റിന്റെ സ്റ്റെയറിനു മുകളിൽ വച്ചിരുന്ന റോസ് റോസാ കമ്പ് മുളച്ചിരിക്കുന്നു...
കഴിഞ്ഞ ഒരു മാസമായി എന്റെ ഏകാന്തതക്ക് കൂട്ടിരിക്കുന്ന റോസാ കമ്പ്.
ഒരു പച്ച മുകുളം പോലും ഉണ്ടാകാതെ നിരാശയുടെ നീളം കൂടുമ്പോൾ കൈ ചെടിച്ചട്ടിയിലേയ്ക്ക് പോയെങ്കിലും അറിയാതെ പിന്നിലേയ്ക്ക് വലിച്ചു എന്തോ... ഉറങ്ങിക്കിടന്ന ഗർഭത്തെ മുളപ്പിച്ചതാരാണ്...
ഒരു വീട്ടിൽ ജീവിക്കുന്ന വ്യക്തികളുടെ മനസ്സും ചിന്തകളുമായി ബന്ധപ്പെട്ടു കിടക്കും അയാൾ ഇടപെടുന്ന പ്രകൃതിയുടെ താളം. ഏറ്റവും ദേഷ്യത്തോടെ എന്നും വീട്ടിൽ ഇടപെട്ടാൽ പ്രകൃതി ഏറ്റവും നിസ്സംഗമായിരിക്കും.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റെ മനസ്സിൽ ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന ചിന്തയുടെ ഊർജ്ജം വഹിച്ച് മുളപൊട്ടിയ റോസ് കമ്പിനെ നിറയെ വെള്ളം കൊണ്ട് ഞാൻ സ്നേഹിച്ചു.
"ഈ സ്റ്റെയരും , പുറത്തേയ്ക്ക് തുറക്കുന്ന പൂമുഖവുമെല്ലാം നിറയെ റോസാ ചെടികൾ നിറയ്ക്കണം..."
എന്റെ മനസ്സിനെ ഇവൾ എങ്ങനെയാണ് വായിച്ചെടുക്കുന്നത് എന്ന് ഞാൻ അതിശയത്തോടെ ഓർത്തു. ഉച്ചയ്ക്കലത്തെ മയങ്ങിവീഴൽ അവളിൽ ആഘാതമുണ്ടാക്കിയിട്ടുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞത് രാത്രിയാണ്. അവൾ എന്റെ ഒപ്പം കിടക്കാൻ വാശി പിടിച്ചു.
"രാത്രിയിൽ എന്തെങ്കിലും അസ്വസ്ഥതയുണ്ടായാലോ, ഞാൻ കിടക്കാം, അന്നു  ഉറക്കത്തിൽ അറിയുകയുമില്ല, അറിഞ്ഞാലും അവൾക്ക് മനസിലാവതുമില്ല... ഞാൻ ഇവിടെ കിടന്നോട്ടെ.. താര.." ആഗി കൊഞ്ചുന്നു...
ഞാൻ ചിരിച്ചു...
അവളെന്റെയൊപ്പം തണുത്ത മെത്തയിൽ തമ്മിൽ വിരലുകൾ തൊട്ട് കിടക്കുന്നു... മണിക്കൂറുകളോളം ഞാനുറങ്ങാതെ അവളുടെ വിരലുകളിൽ തെരു തെരെ  അമർത്തിക്കൊണ്ടു കിടന്നു... അവളും അത് തന്നെ എന്റെ വിരലുകളോടും ചെയ്തുകൊണ്ടിരുന്നു.. പിന്നെ എപ്പോഴോ ഞാനുറങ്ങിപ്പോയി.

Thursday, September 22, 2016

സങ്കടക്കടൽ 16

ഉറക്കം കണ്ണുകളെ വിട്ടൊഴിഞ്ഞിട്ടും എഴുന്നേൽക്കാൻ തോന്നലുകളുണ്ടായതേയില്ല... ആഗ്നസിന്റെ ചൂടുള്ള മൃദുലത എന്റെ വിറയ്ക്കുന്ന കൈവിരലുകൾക്കടുത്ത്... ഒരു ചൂട് കാപ്പി എനിക്കാവശ്യമുണ്ടായിരുന്നു, ആരെങ്കിലും ഉണ്ടാക്കിക്കൊണ്ടു തന്ന് എന്നെ പതിയെ വിളിച്ചുണർത്തിയെങ്കിൽ....
കോഫിബീൻ മണങ്ങളിൽ അവളെയും അടുത്തുകിടത്തി ഒരു ദിനം മുഴുവൻ പോയിരുന്നെങ്കിൽ...
ശനിയാഴ്ചയുടെ അലസത സാധാരണ അന്നുവിന്റെ ഒഴിവു ദിവസങ്ങളായിരുന്നെങ്കിൽ ഇന്നതിന്റെ കാരണം ആഗ്നസിലേയ്ക്കും നീണ്ടിരിക്കുന്നു.
പതുക്കെ എഴുന്നേറ്റ് അപ്പോഴും മയങ്ങിക്കിടക്കുന്ന ആഗിയുടെ നീണ്ട മൂക്കിന് തുമ്പിലെ വിയർപ്പുമണികളെ മെല്ലെ അവളറിയാതെ എന്റെ വിരലുകൾ കൊണ്ട് തുടച്ചെടുത്ത് ചൂടുള്ള എന്റെ കാപ്പിയിലേയ്ക്ക് ഞാൻ നടന്നു...

അന്ന് ദിലീപെത്തിയ ദിവസമായിരുന്നു... ശനിയാഴ്ചയുടെ തിരക്കിനിടയിലും എല്ലാം ഒഴിവാക്കി ദിലീപ് നേരത്തേയെത്തിയത് ആഗ്നസിന്റെ ഭാവിയെ കുറിച്ച് തീരുമാനിക്കാൻ വേണ്ടിയാകണം. വന്നപ്പോഴേ മുറിയിൽ കയറിയപ്പോൾ പാതി കണ്ണുകൾ തുറന്ന് മറുപാതി കിടക്കയിൽ എന്നെ തിരയുന്ന ആഗിയുടെ കുറുമ്പുകളെ ദിലീപ് കാണുകയും പോയ അതെ വേഗതയിൽ ബെഡ് റൂമിന്റെ വാതിൽ വലിച്ചടയ്ക്കുകയും ചെയ്തു.

ഞാൻ വാക്കുകൾ നഷ്ടപ്പെട്ടവളായി... ഉള്ളിൽ ഭയം ഒരു ഉരുൾപൊട്ടൽ പോലെ വന്നു ഹൃദയത്തെ തള്ളുന്നു. നെഞ്ച് നിറഞ്ഞു ഹൃദയം...
ഒച്ച കേട്ടിട്ടാകണം കിടക്കയിൽ നിന്നെഴുന്നേറ്റ് ആഗ്നസ് അവളുടെ മുറിയിലെ ഇരുട്ടിലേക്ക് പെട്ടെന്ന് മായ്ഞ്ഞു പോയി.
മുഷിഞ്ഞ ഷർട്ടൂരി കസേരയിലേക്ക് വലിച്ചെറിഞ്ഞ് ദിലീപ് വീണ്ടും ഞങ്ങളുടെ സ്വകാര്യതയിലേക്ക് ചീറിപ്പാഞ്ഞു ..
 കതകടച്ചു ദിലീപിനെ നോക്കി ചിരിച്ചു കൊണ്ട് അകത്തേയ്ക്ക് കയറുമ്പോൾ പതിവില്ലാത്തതു പോലെ ഹൃദയം ഉറക്കെ മിടിച്ചു... ഒരുവേള അത് ദിലീപ് കേട്ട് എന്നെ മുറിയ്ക്ക് പുറത്തിറക്കുമോ എന്ന് ഞാൻ ഭയന്നു.
"നീ എന്താ തീരുമാനിച്ചത്.. ആ കുട്ടി വന്നിട്ട് രണ്ടാഴ്ചയാവുന്നു.. വല്ല തീരുമാനവുമുണ്ടോ..?"
-"ദിലീപ് , ഇപ്പോഴും അവൾ പറഞ്ഞിട്ടില്ല എന്താ അവളുടെ പ്രശ്നമെന്ന്... ഇറങ്ങിപ്പോകാൻ പറയാൻ എനിക്ക് വയ്യ.. അവളെനിക്ക് നല്ലൊരു സഹായമാണ് ദിലീപ്. ഒറ്റയ്ക്കുള്ള ഈ ജീവിതം എനിക്ക് മടുത്തു..."
"അപ്പൊ ഞാനെന്താ ഈ ജോലി കളഞ്ഞിട്ട് ഇനി ഇപ്പോഴും ഇവിടെ താമസിക്കണോ ..."
-"അങ്ങനെ ഒരിക്കലും ഞാൻ പറഞ്ഞിട്ടില്ലല്ലോ ദിലീപ്... നിങ്ങൾക്കറിയാം ഞാൻ ഏകാന്തത ഇഷ്ടപ്പെടുന്ന ആളാണ്. നിങ്ങളില്ലെങ്കിലും ഈ കുടുംബം മുന്നോട്ടു കൊണ്ട് പോകാൻ പരമാവധി ശ്രമിക്കുന്ന ആളാണ്... പക്ഷെ അവൾ വന്നപ്പോൾ വലിയൊരു ശൂന്യത ഇല്ലാതായിപ്പോയത് പോലെയുണ്ട്. കഴിഞ്ഞ ദിവസം ഞാൻ തലകറങ്ങി വീണത് പറഞ്ഞില്ലേ, അവൾ ഒപ്പമില്ലായിരുന്നെങ്കിൽ എന്ത് ചെയ്തേനെ..."
"നീ ന്യായീകരിക്കണ്ട.. അവളുടെ ഒപ്പം പോയതുകൊണ്ടാണല്ലോ വീണത്.."
-"ഞാൻ ഒറ്റയ്ക്കും പുറത്തു പോവുകയും അലഞ്ഞു നടക്കുകയും ചെയ്തിട്ടുണ്ട് ദിലീപ്..."
"എനിക്കിഷ്ടപ്പെടാൻ പറ്റുന്നില്ല അവളോടൊപ്പം നീയിങ്ങനെ... എനിക്ക് നിന്നെ വേണം താരാ... നീയവളെ ഏറെ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നുന്നു... ഒരുപക്ഷെ നീയത് അറിയുന്നുണ്ടാവില്ല..."
"മറ്റുള്ള ഫ്‌ലാറ്റിലെ ആരുമായും നീയിപ്പോ സംസാരിക്കാറില്ലെന്നു കേൾക്കുന്നു, അന്നുവിനെ നീ കൊഞ്ചിക്കുന്നത് എങ്ങനെയാണെന്ന് എനിക്ക് നന്നായറിയാം, ഇന്നിപ്പോൾ വന്ന ഇത്രയും നേരമായപ്പോൾ എനിക്ക് മനസിലാകും അവളത് മിസ് ചെയ്യുന്നുണ്ടെന്ന്..., വേണ്ട എന്നും രാത്രിയിൽ നീ വിളിച്ചിരുന്നു, ഇപ്പോഴോ വരുന്ന കാര്യം ചോദിക്കാൻ വേണ്ടി മാത്രമുള്ള പകൽ വിളികൾ, ഇങ്ങോട്ടു വിളിച്ചാലും ആഗ്നസിന്റെ വിശേഷങ്ങൾ, കഴിഞ്ഞ മൂന്നു നാല് ദിവസമായി അതും ഇല്ല... ആഗ്നസിനെ കുറിച്ചു എന്നോട് പറയാൻ നീ വല്ലാതെ പേടിക്കുന്നത് പോലെ... നിനക്കെന്താ താരാ...പിന്നെ ഇന്നിപ്പോൾ വന്നു കയറിയപ്പോൾ ഞാൻ കണ്ടത്.. നമ്മുടെ മുറിയിൽ അവൾ, നിന്റെയൊപ്പം.. ഇതെന്തൊക്കെയാണ്..."
സത്യമാണ് ദിലീപ് പറയുന്നത്... സത്യമാണ്...
പക്ഷെ അതിന്റെ സാഹചര്യങ്ങൾ, അതെങ്ങനെ പറയണം, എന്ത് പറയണം എന്നെനിക്ക് മനസിലായതേയില്ല. പറഞ്ഞാൽ ഒരുപക്ഷെ ദിലീപിനത്  ഉൾക്കൊള്ളാൻ കഴിഞ്ഞു എന്നും വരില്ല. അത്രമാത്രം എന്നിലേയ്ക്ക് ചാഞ്ഞിരിക്കുന്ന ഒരു മനുഷ്യനോട് എനിക്ക് അവളെന്നാൽ ഊർജ്ജമാണെന്നും ആത്മാന്വേഷണത്തിന്റെ ബാക്കിയാണെന്നും പറഞ്ഞാൽ എങ്ങനെ മനസിലാക്കാൻ... വാക്കുകൾ കിട്ടാതെ ഞാൻ നിശ്ശബ്ദതയിലേയ്ക്ക് ചുരുണ്ടു കൂടി...
പക്ഷെ അയാളുടെ മുന്നിലിരുന്ന് കരയാൻ എന്റെ ഈഗോ സമ്മതിച്ചില്ല . ആഗ്നസിന്റെ മുന്നിലിരുന്നും കരയാൻ വയ്യ, ഭാഗ്യത്തിന് ദിലീപ് വന്നതിന്റെ പിറകെ അവൾ ഫ്‌ലാറ്റ് വിട്ട് ഒറ്റയ്ക്ക് പുറത്തു പോയിട്ടുണ്ട്. ദിലീപിന്റെ മുന്നിൽ നിൽക്കാൻ അവൾക്കെന്തോ മടിയുള്ളതു പോലെ.
ഉച്ചയ്ക്കലത്തെ ഭക്ഷണമുണ്ടാക്കുമ്പോഴും പുറത്ത് സ്റ്റെയർ കയറി വരുന്ന കാലൊച്ചകളിൽ ഞാൻ തിരഞ്ഞത് ആഗിയെ ആയിരുന്നു . ഇടയ്ക്ക് ദിലീപ് പുറത്തേയ്ക്ക് പോയതോ തിരികെ വന്നതോ ഒന്നും ഞാനറിഞ്ഞില്ല. എനിക്കെന്റെ ജീവിതം നഷ്ടപ്പെടുന്നുണ്ടോ...
ദിലീപ് നഷ്ടപ്പെടുന്നത് ആലോചിക്കാൻ വയ്യ, പക്ഷെ ആഗ്നസിനെ ഉപേക്ഷിക്കാനും വയ്യ... ഉള്ളിലിരുന്ന് രണ്ടു ചിന്തകൾ ബോധത്തെ മറിക്കുന്നു. ഇടയ്ക്ക് ദിലീപിന്റെ സങ്കടങ്ങളിലേക്കിറങ്ങി ചെന്ന് അവനെ കെട്ടിപ്പിടിയ്ക്കാൻ തോന്നി... നീയില്ലാതെ എനിക്ക് ജീവിതമുണ്ടോ എന്നു  ചോദിക്കാനും തോന്നി, പക്ഷെ ഈഗോയുടെ വികൃതമായ ശബ്ദം ഭീഷണിപ്പെടുത്തുന്നു. ഈഗോ ഒട്ടും ബാധിക്കാത്തത് ആഗ്നസിന്റെ മുന്നിലാണ്. എന്തും പറയാൻ മടിയില്ലാതെ, ഉറക്കെ കരയാൻ പോലും മടി തോന്നാതെ അവൾ നക്ഷത്രമായി മാറുന്നു. ഒരിക്കൽ സ്വപ്നത്തിൽ തെളിഞ്ഞ ഈശോയുടെ രൂപത്തിനോട് ഞാൻ അപേക്ഷിച്ചു,
-ദൈവമേ എനിക്ക് സത്യത്തിന്റെ വഴി കാണിച്ചു തരേണമേ..."

മഴയൊഴിഞ്ഞ രാത്രി 17


ഒരു ദിവസത്തിൽ കൂടുതലൊന്നും ദിലീപിന്റെ മൗനത്തെ താങ്ങാൻ എനിക്ക് കഴിയുമായിരുന്നില്ല. അന്ന് രാത്രി അവനോടു ചേർന്ന് കിടക്കുമ്പോൾ അന്നുവിനെ പോലും ഞാൻ ഒഴിവാക്കി. ആഗ്നസിന്റെ നീല വിരിപ്പിനോടുള്ള അന്നുവിന്റെ സ്നേഹം മുതലെടുത്താണ് അവളെ ആഗ്നസിന്റെ ഒപ്പമാക്കിയത്. അതിനും ദിലീപ് പക്ഷെ മറ്റൊരർതഥമാണ് കണ്ടതെന്നെനിക്ക് മനസ്സിലായി.
"ഇത്രനാളില്ലാത്തതു പോലെ അന്നുവിനെയും നീ ഉപേക്ഷിച്ചോ... അവളാരാ നിനക്ക്..."
-"ദിലീപ്... ഇങ്ങനെ ഒന്നും പറയേണ്ടതില്ല. നമുക്ക് സംസാരിക്കാം... "
എന്റെ ഈഗോ ഒരു മഴവെള്ളം പോലെ അവന്റെ മുന്നിൽ കരഞ്ഞു തീർന്നു...  ദിലീപിനും ആഗിയ്ക്കുമിടയിൽ എന്റെ സ്നേഹം കരകവിഞ്ഞു നിൽക്കുന്നു... വിവാഹിതയായ ഒരു സ്ത്രീയാണ് ഞാൻ... അമ്മയാണ്... പക്ഷെ മുന്നിൽ വന്നു നിൽക്കുന്ന ഹൃദയം തൊടുന്ന ഒരു സ്നേഹത്തെ തൊടാതിരിക്കാൻ എനിക്ക് കാരണങ്ങളൊന്നും കണ്ടെത്താനാകുന്നില്ല... ഇല്ല ദിലീപിനൊന്നും മനസ്സിലാവില്ല.
ദാമ്പത്യബന്ധങ്ങൾ അങ്ങനെയാണ്. സ്വന്തമാക്കപ്പെടൽ അത്തരമൊരു കുരിശുമരണമാണ്. ഇടതും വലതും സ്നേഹവും വിശ്വാസവും സാക്ഷി പറയാൻ നിന്നാലും അവർ അനുകൂലമായി സാക്ഷ്യപ്പെടുത്തിയാലും ഹൃദയം തുറന്ന വ്യഥ ദാമ്പത്യം കാണുകയേ ഇല്ല. ഞാൻ നിന്നെ സ്നേഹിക്കുന്നു... എന്നുറക്കെ നിലവിളിച്ചാലും ദിശ തെറ്റി സഞ്ചരിക്കുന്ന സ്നേഹങ്ങളിലേക്കുള്ള ഒളിഞ്ഞു നോട്ടങ്ങളാണ് ഉണ്ടാകുന്നത് മുഴുവൻ...
-"എനിക്ക് നിങ്ങളെ സ്നേഹിക്കുന്നത് പോലെ വേറെ ആരെയും സ്നേഹിക്കാനാവില്ല ദിലീപ്... പക്ഷെ ആഗിയെ എനിക്ക് ഉപേക്ഷിക്കാൻ വയ്യ. നല്ലൊരു സുഹൃത്തായിക്കഴിഞ്ഞു അവളെന്റെ... അവൾ പോകാൻ തുടങ്ങുമ്പോൾ പോകട്ടെ... നല്ലൊരു സുഹൃത്തെന്ന നിലയിൽ എന്റെ കടമയാണ്, എന്തിനും അവൾക്കു കൂട്ടായി നിൽക്കുക എന്നത്... നിങ്ങളോടുള്ള സ്നേഹം ഉള്ളിൽ തിളപ്പിച്ച് കൊണ്ട് തന്നെ എനിക്ക് അവളോടൊപ്പം നിൽക്കണം..."
"ശരി... എനിക്ക് നിന്നെ മനസ്സിലാകും... പക്ഷെ നിന്നെ കാണാതിരിക്കുമ്പോൾ, നിന്നെ എത്രമാത്രം ഞാൻ മിസ് ചെയ്യുന്നുണ്ടെന്ന് നീ മനസ്സിലാക്കണം. അപ്പോൾ ഓരോന്നൊക്കെ കേൾക്കുമ്പോൾ , ഇവിടെ വരുമ്പോൾ നീയെന്നെ പരിഗണിയ്ക്കാതിരിക്കുമ്പോൾ എനിക്ക് സഹിക്കാൻ വയ്യ താരാ... സോറി..."

ഞാനവനെ പറ്റിക്കുകയായിരുന്നില്ല... ആഗിയോടാണോ ദിലീപിനോടാണോ ഇഷ്ടം കൂടുതലെന്ന്‌ ചോദിച്ചാൽ രണ്ടും രണ്ട് തലമല്ലേ എന്ന ഉത്തരത്തിൽ ഞാൻ സ്വയമൊതുങ്ങാൻ പഠിച്ചിരുന്നു. ദിവസങ്ങളോ ആഴ്ചകളോ വർഷങ്ങളോ അല്ല ബന്ധങ്ങളുടെ ആഴം നിശ്ചയിക്കുന്നതെന്നും അത് ആത്മാവിന്റെ കൊരുത്തെടുക്കലാണെന്നും ഇക്കഴിഞ്ഞ മൂന്നു നാല് ദിവസങ്ങൾ കൊണ്ട് ഞാൻ അറിഞ്ഞിരിക്കുന്നു . മൂന്നോ നാലോ മാസമുള്ള ബന്ധങ്ങൾക്ക്‌ വേണ്ടി വർഷങ്ങൾ കൂടെ നിർത്തിയ മാതാപിതാക്കളെ ഉപേക്ഷിച്ച് ഒരു പെൺകുട്ടി പോകുമ്പോൾ അവൾക്കറിയാം നഷ്ടപ്പെടുത്തുന്നത് എന്താണെന്നും നേടുന്നത് എന്താണെന്നും. പക്ഷെ ഒരു ചൂണ്ട പോലെ അതിൽ ആത്മാവ് കൊരുത്തു പോയിരിക്കുന്നു... വലിച്ചെടുത്താൽ ഒപ്പം ഹൃദയവും പറഞ്ഞിങ്ങു പോരും.. ഹൃദയം നഷ്ടപ്പെട്ട ഉടലുമായി ജീവിക്കാൻ വയ്യ...
തന്റെ ആത്മാവ് രണ്ടായി പകുത്തു പോയെന്നും അതിലൊന്നിൽ ദിലീപിന്റെ സ്നേഹം എരിഞ്ഞു കത്തുന്നുണ്ടെന്നും മറ്റൊന്നിൽ ആഗ്നസിനോടുള്ള പ്രണയം പുകഞ്ഞു തുടങ്ങിയെന്നും എനിക്ക് തോന്നി...
എനിക്ക് അനങ്ങാൻ വയ്യ...
ദിലീപിന്റെ അമർത്തലിൽ ചേർന്ന് കിടക്കുമ്പോഴും അത്യഗാധതയിൽ നിന്ന് ഹൃദയം പെരുമ്പറ മുഴക്കുന്നു...
ഒന്നിനും പകരക്കാരില്ല...
ആരും ആർക്കും പകരമാകുന്നില്ല. ഒരാളുടെ ജീവിതം ജീവിക്കാൻ രണ്ടാമതൊരാളില്ല...
ഇപ്പോൾ ദിലീപിനോടുള്ള സ്നേഹം കൊണ്ട് ഞാനുഴറി നടക്കുകയാണ്. ഒരൊറ്റ നക്ഷത്രം പോലുമില്ലാത്ത ആകാശത്തു ഏകാന്തമായി ഞാൻ ജ്വലിച്ചു നിൽക്കുന്നു.. എനിക്ക് കരകയറേണ്ടതുണ്ട്..
എനിക്ക് തുഴയേണ്ടതുണ്ട്... ഏകാന്തതയുടെ വിരൽപ്പാടുകൾക്കുള്ളിൽ നിന്ന് ഈ നിമിഷമെങ്കിലും എനിക്ക് അവനോടൊപ്പം പൂർണമാകേണ്ടതുണ്ട്...
പിന്നെ അവന്റെ വിയർപ്പു പോലെ ഞാനുരുകി നിറയാൻ തുടങ്ങി.
നിറമില്ലാത്ത ദ്രവങ്ങളാൽ ശരീരം നിറയുന്നു, മുങ്ങിത്താഴുന്ന എനിക്ക് ഭാരമില്ല. ശ്വാസം കിട്ടാൻ വായ മാത്രം മലർക്കെ തുറന്നു പിടിച്ചിരിക്കുന്നു, അതിലൂടെ സർപ്പത്തിന്റെ നാവ് പുറത്തേയ്ക്ക് വരുന്നു...
ഞാനെന്നെ തൊട്ടു നോക്കി.. എനിക്ക് ചെതുമ്പലുകൾ മുളച്ചിരിക്കുന്നു..
വഴുവഴുത്ത ഉടൽ....
നീണ്ട പല്ലുകളിൽ വിഷസഞ്ചികൾ...
ആഞ്ഞു കൊത്താൻ അവന്റെ ഉടലിൽ ഇടം ബാക്കിയുണ്ടായിരുന്നില്ലെന്നു തോന്നുന്നു... നീലിച്ച അവന്റെ ശരീരം അരണ്ട വെളിച്ചത്തിലും കണ്ടു ഞാൻ സമാധാനത്തോടെ ഉറങ്ങി.

Wednesday, September 21, 2016

കുഞ്ഞുമ്മകൾ 18


"പലപ്പോഴും തോന്നീട്ടുണ്ട് താരാ... ഒരു കുഞ്ഞിനെ വേണമെന്ന്.... അഡോപ്റ് ചെയ്യുകയല്ല, മാസങ്ങൾ ചുമന്ന്, വേദനിച്ച് പ്രസവിക്കണം.. പാല് കൊടുക്കണം..."
-"ഹഹ... നീയൊരു കല്യാണം കഴിക്കണം ആഗീ... ഞാൻ എത്ര തവണയായി പറയുന്നു..."
"എന്തെ എന്നെ ഒഴിവാക്കാൻ തിടുക്കമായോ... ഞാൻ ഇനി ഒരുപാട് ദിവസമൊന്നും ഉണ്ടാവില്ല... ഒരു തീരുമാനം ആക്കണം.. പിന്നെ പോണം.."
-"എങ്ങോട്ട്... എന്താ നിന്റെ പ്രശ്നം..."
"പറയാം... പറയണം... താൻ പറ... എങ്ങനെയാ അന്നു ഉണ്ടായേ...."
പറഞ്ഞാൽ മനസ്സിലാകാത്ത ഏകാന്തതയിലേയ്ക്ക് ഞാൻ വഴുതിപ്പോയത്  എത്ര പെട്ടെന്നാണ്...
ഗർഭിണിയാണെന്നറിഞ്ഞ ആദ്യ നിമിഷം ഉള്ളിലൊരു ടൈം ബോംബ് പൊട്ടുന്നത് പോലെയായിരുന്നു. ഡോക്ടർ പറയുന്നതിന് മുൻപ് തന്നെ ഞരമ്പുകൾ അതെന്നോട് ഉറക്കെ പറഞ്ഞത് പോലെ തോന്നിയിരുന്നു. മറ്റാരും പറഞ്ഞില്ലെങ്കിലും ഒരു പെണ്ണിനറിയാം അവൾ അമ്മയായി തുടങ്ങുന്ന ആ നിമിഷം. പ്രിയപ്പെട്ടവന്റെ ജീവൻ ശരീരത്തിൽ ഉഴറി നടക്കുമ്പോൾ , അവന്റെ ഇണയെ കണ്ടെത്തുമ്പോൾ, അവരൊന്നായി ഉള്ളിലൊരു പ്രപഞ്ചത്തെ സൃഷ്ടിക്കപ്പെട്ടു തുടങ്ങുമ്പോൾ... അവൾക്കറിയാം ഞരമ്പുകളുടെ പിടിവലി. ശരീരം കൊണ്ട് അമ്മയാകുന്നതിനും എത്രയോ മുൻപ് തന്നെ മനസ്സുകൊണ്ടവൾ അമ്മയായിക്കഴിഞ്ഞിരിക്കും. പിന്നെ കാത്തിരിപ്പാണ്, ഓരോ വളർച്ചയിലും വിരലുകൾ കൊണ്ട് തൊട്ടെന്നതു പോലെ വളർച്ചയറിഞ്ഞു , ആരോടും പറയാനാവാത്ത , ഏകാന്തതയിൽ സ്വന്തമാക്കാൻ പോകുന്ന സ്നേഹത്തിന്റെ ജീവനേ ഒപ്പം കൂട്ടി...
"പക്ഷെ ആഗീ ആശുപത്രിയിലെ പ്രസവവാർഡ് ഒരു അനുഭവം തന്നെയാണ്..."
ചുറ്റുപാടും നിറയെ ഗർഭിണികൾ നിറഞ്ഞു കിടന്ന തീയറ്ററിലെ തണുപ്പിലേക്ക് ഞാൻ മരവിച്ചു ചെന്ന് കയറി. എനിക്ക് കാലുകൾ കോച്ചി വലിക്കുന്നുണ്ടായിരുന്നു... വല്ലാത്ത വഴുക്കൽ അനുഭവപ്പെടുന്നു. ഉള്ളിലെന്തോ ഉരുണ്ടുകൂടി പെയ്യാൻ കാത്തു നിൽക്കുന്നത് എനിക്കറിയാം.
ഭയം ... അതുവരെ തോന്നാത്ത ഭയം ഞരമ്പുകളെ ഉണർത്തിക്കൊണ്ടിരുന്നു...
ചുറ്റുപാടും നിറയെ മറ്റു സ്ത്രീകളെ ഞാൻ കണ്ടു, അവർക്കെല്ലാം പച്ച വസ്ത്രങ്ങളുണ്ടായിരുന്നു. അവരുടെ എല്ലാം മുഖം എന്റേത് പോലെ വിളർത്തിരുന്നത് പോലെ ഞാൻ മനസ്സിലാക്കി. വെള്ളയുടുപ്പിട്ട സ്ത്രീകളുടെ കൈകളിൽ നീണ്ട സിറിഞ്ചുകൾ, പക്ഷെ മുഖത്തെ നിസ്സംഗത പിന്നെയും എന്നെ പീഡിപ്പിച്ചു..
ഞാൻ എത്ര നേരം കരഞ്ഞെന്നു എനിക്ക് തന്നെ ഓർമ്മയില്ല..
ലോകത്ത് സ്ത്രീകൾ ഏറ്റവുമധികം ഏകാന്തതയിലേയ്ക്ക് ആഴ്ന്നു പോകുന്നത് പ്രസവ വാർഡുകളിലാണ്. സ്വന്തം മാതാപിതാക്കളോ അത്രനാൾ നിഴലുപോലെ ഉണ്ടായിരുന്ന കൂട്ടുകാരനോ ചെന്നെത്താത്ത നിഗൂഡമായ ഒരിടത്താണവൾ ശരീരത്തെ അടർത്തിമാറ്റുന്നത്. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന ആധി , മനസ്സിനെ ചൂടും. തലയ്ക്കുള്ളിൽ ഞരമ്പുകൾ വരെ അത്യുഗ്രമായി മിടിച്ചു തുടങ്ങും... വേദനയുടെ അലകൾ വന്നു അടിവയറിനു ചുറ്റും നിറഞ്ഞു തൂകുമ്പോൾ ഒറ്റ നക്ഷത്രം മാത്രമുള്ള ആകാശത്തേയ്ക്ക് നാം വലിച്ചെറിയപ്പെടും.
ഒറ്റപ്പെടലിന്റെ നോവ്..
ഞരമ്പുകൾ വലിഞ്ഞു പൊട്ടുന്ന മരണ വേദന...
ഏകാന്തതയുടെ മുന്നിൽ ശരീരത്തിന്റെ വേദനകൾ വന്നൊന്നു ചേർന്ന് മരണത്തിന്റെ ഗുഹാമുഖം വരെ കണ്ടു വരാം . ഒരു നിമിഷത്തിൽ തോന്നും ഇനിയൊരു തിരിച്ചു വരവില്ല.. ഇവിടെയൊടുങ്ങും എല്ലാം...
എങ്കിലും ഉള്ളിലിരുന്ന് ഒരാൾ വിളിക്കുന്നു അമ്മെ....
വീണ്ടും തിരിച്ചു തുഴയും...
അങ്ങനെ എത്രയോ തവണയുടെ സഞ്ചാരങ്ങൾക്കൊടുവിലാണ് ആ വിളി ഒന്നുറക്കെ കേൾക്കാനാവുക...
ശ്വാസം മുട്ടൽ അതിന്റെ ഏറ്റവും തലപ്പത്തെത്തും, ദീർഘനിശ്വാസമെടുക്കാനുള്ള കിതപ്പുകൾക്കിടയിൽ ഒരു വലിയ നിലവിളി അവശേഷിപ്പിച്ച് ആ കരച്ചിൽ...
രോമങ്ങളൊക്കെ നൃത്തമാടും...
എഴുന്നേൽക്കാൻ തോന്നിപ്പിക്കുന്ന നിലവിളി പാതിമയക്കത്തിലേയ്ക്ക് വലിച്ചിടും...
പിന്നെ ശാന്തമായ ഉറക്കം...
ലഹരിയുടെ ഏതൊക്കെയോ വഴികളിൽ യാത്ര തുടങ്ങിയവളാണെന്നത് പോലെ പാതി മയക്കത്തിൽ ചെതുമ്പലുകൾ നിറഞ്ഞ കുഞ്ഞു മുഖം...
നെഞ്ചിൽ ആദ്യമായി അവൾ തൊട്ടപ്പോൾ എനിക്ക് ഇക്കിളി കൊണ്ടു...
മറ്റൊരാളുടെ മുന്നിൽ വച്ച് വസ്ത്രം മാറുന്നതുവരെ നാണക്കേടായി തോന്നിയിരുന്നെങ്കിൽ വസ്ത്രങ്ങളെല്ലാം ഉരിഞ്ഞെറിഞ്ഞു ആ കുഞ്ഞു ശരീരത്തിന് മുന്നിൽ ഒറ്റയ്ക്ക് കിടക്കണമെന്നെനിക്കു തോന്നി.
ഒരു വലിയ ഏകാന്തതയിൽ നിന്നും ഭയത്തിൽ നിന്നും അവളെന്നെ മോചിപ്പിച്ചു.. അവളോടുള്ള നന്ദി എങ്ങനെ അറിയിക്കണമെന്നെനിക്കറിയില്ലായിരുന്നു.
ആദ്യത്തെ ജീവജലത്തിനു വേണ്ടി മുഖം പരതി അവളെന്റെ മാറിൽ തൊട്ടപ്പോൾ എനിക്ക് പിടഞ്ഞു...
എന്റെ മുലക്കണ്ണുകൾ അവൾ വലിച്ചു കുടിച്ച് എനിക്ക് ശാപമോക്ഷം നൽകിയിരുന്നെങ്കിൽ എന്ന് തോന്നി.. അത്രമാത്രം തരിയ്ക്കുന്ന മാറിടം...
പക്ഷെ അവൾ ഏറെ ശാന്തയായിരുന്നു... ഒരു ആർത്തിയുമില്ലാതെ ഒരു പൂവ് തൊടുന്നത് പോലെ, ഒരു കുഞ്ഞു പൂവ് കൊണ്ടുരസുന്നത് പോലെ അവളെന്നെ വലിച്ചെടുത്തു...
അന്നുവാണ്‌ ആഗീ എന്നെ സ്ത്രീയാക്കിയത്... എന്നെ ഏകാന്തതയിൽ നിന്നും വലിച്ചെടുത്തത്...
"താരാ.........."
-"ഉം...."
"നീ സുന്ദരിയാണ്... "
-"അതെയോ...."
"ഉം..."
ആഗ്നസ് എന്തോ പറയാനാഞ്ഞ് പകുതിയിൽ നിർത്തി മുറി വിട്ടിറങ്ങിപ്പോയി...
അന്നുവിന്റെ കുഞ്ഞോർമ്മകളിൽ നിന്നും ഞാനെപ്പോഴും പുറത്തേയ്ക്ക് വന്നിരുന്നില്ല. എങ്കിലും ആഗ്നസ് കരയുകയാണെന്നു എനിക്കെന്തോ മനസ്സ് പറഞ്ഞു... അവളുടെ മുറിയിൽ കട്ടിലിൽ കമഴ്ന്നു കിടക്കുകയായിരുന്നു അവൾ..
അതെ അവൾ കരയുകയായിരുന്നു...

Tuesday, September 20, 2016

തിരിച്ചറിയലുകൾ... 19

 രണ്ടു പേർ പരസ്പരം മുന്നിലിരുന്നോ പരസ്പരം കാണാതെയോ സംസാരിക്കുമ്പോൾ എതിരെ സംസാരിക്കുന്നയാളുടെ മനസിന്റെ സഞ്ചാരം കൃത്യമായി വായിക്കാനാകും. അയാളുടെ പ്രണയം, അതിന്റെ ആഴം, ഒരുപക്ഷെ സൗഹൃദമാണെങ്കിൽ അതിന്റെ പരപ്പുകൾ... എല്ലാം എല്ലാം ഒരു അല പോലെ ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേക്ക് പ്രവഹിക്കപ്പെടും. ആ ഒഴുക്ക് തീരുമ്പോൾ മനസ്സിലാക്കാം എവിടെയോ വിടവുകൾ രൂപപ്പെട്ടിരിക്കുന്നു... അകലങ്ങൾ കൂടിയിരിക്കുന്നു... ഇടയിലൊരു മുള്ളു കൊണ്ട്  ചോരയെടുത്താൽ പോലും ചിലനേരങ്ങളിൽ ആ പ്രവാഹം ഉലയും.. കൃത്യമായി കൈകൊണ്ട് നെഞ്ചിലിടിക്കുന്നതു പോലെ അപ്പോൾ ഹൃദയത്തിനു മുകളിൽ എന്തോ വന്നിടിച്ചിറങ്ങും...
ആഗ്നസിന്റെ ഹൃദയം എനിക്ക് തൊടാനാകുന്നുണ്ട്...
അവളെന്റെ എത്രയോ അടുത്താണിപ്പോൾ നിൽക്കുന്നത്. ഒരു മുറിയ്ക്കപ്പുറത്തിരുന്നു മുഖം ചുമപ്പിച്ച് അവൾ എന്നെ ആലോചിക്കുന്നു..
അതിന്റെ അലകൾ എന്നിലെത്തിയിട്ടും ഒന്നുമറിയാത്തതു പോലെ ഞാനിരിക്കുന്നു നിസ്സംഗമായി.. ഉള്ളിൽ സൂക്ഷിക്കാൻ കഴിയാത്ത സന്തോഷങ്ങൾ വന്നു പെട്ടാൽ പിന്നെ അങ്ങനെയാണ്, നിസ്സംഗതയിലേയ്ക്ക് ഉലഞ്ഞു വീഴും. പിന്നെ ഒക്കെയും വികാരരഹിതമായി കടന്നു പോകും... ടെറസ്സിൽ ചെന്ന് നിന്ന് ഇലഞ്ഞി പൂത്തുവോ എന്ന് നോക്കും.. എത്രയോ വർഷങ്ങളായി ഇത് ജീവിതവുമായി യോജിപ്പിലായിട്ട്...
ഫോൺ ബെല്ലടിക്കുന്നുണ്ട്...
"താരാ, തനിയ്ക്കുള്ള അവസാന വാണിങാണ്... ഓഫീസിന്റെ ബുദ്ധിമുട്ടുകളിലേയ്ക്ക് തന്നെ കൊണ്ട് വരേണ്ടെന്ന് മനസിലാക്കിയ എന്നെ താൻ മണ്ടനാക്കരുത്..."
-"സോറി അനീഷ്..."
"താൻ സോറി ഒന്നും പറയണ്ട, കുറേക്കൂടി ക്രിയേറ്റിവ് ആയില്ലെങ്കിൽ ഇങ്ങനെ മുന്നോട്ടു പോകാൻ പ്രയാസമാകും, അറിയാല്ലോ , സ്വന്തം സ്ഥാപനമാണെന്നു പറഞ്ഞിട്ടൊരു കാര്യവുമില്ല, ജോലി ജോലി തന്നെയാണ്.. തനിക്ക് മനസിലാക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു ...."
-"ഞാൻ ചെയ്യാം അനീഷ്...... കുറച്ച് മാനസികമായി പ്രശ്നങ്ങളിലായിപ്പോയി, ഞാൻ കൃത്യമായിക്കോളാം , ബുദ്ധിമുട്ടിക്കില്ല.. സോറി..."

എം ബി എ വരെ നേടിയ ആയിരക്കണക്കിന് ചെറുപ്പക്കാർ കൊച്ചി നഗരത്തിൽ തന്നെ അലഞ്ഞു നടക്കുമ്പോഴാണ് വീട്ടിലിരുന്നു ചില്ലറ ജോലി ലഭിച്ചതു ഞാനിങ്ങനെ നിസ്സാരമായി തല്ലിക്കെടുത്തുന്നത്... എന്നാൽ അതിനു കാരണമുണ്ട്... എനിക്ക് എന്റെ പ്രിയപ്പെട്ട ഒരുവളെ സങ്കടങ്ങളിൽ നിന്നു പുറത്തു കൊണ്ട് വരണം, അവരനുഭവിക്കുന്ന ബുദ്ധിമുട്ടുകളിൽ നിന്നും കൈപിടിച്ച് നടത്തണം... എങ്കിലും അനീഷിനെ ഇനിയും ദേഷ്യം പിടിപ്പിക്കേണ്ടതില്ലെന്നു കരുതി ലാപ് ഓൺ ചെയ്യുമ്പോഴാണ്, കയ്യിലൊരു ചിത്രവുമായി ആഗ്നസ് പ്രത്യക്ഷപ്പെടുന്നത്...
വെറും നിലത്ത് ഉദരത്തിലൊരു ഗോളം പേറിയ സ്ത്രീ...
അവളുടെ നാഭിച്ചുഴിയിൽ നിന്നു പൊങ്ങുന്ന താമരയിതളുകളിൽ ചില ജീവിതങ്ങൾ...സ്ത്രീ സമരങ്ങൾ, കോലാഹലങ്ങൾ, നിറങ്ങളുടെ വിസ്മയങ്ങൾ.. വയലറ്റിന്റെയും നീലയുടെയും മാസ്മരിക അനുഭവം...
-"ഇതാരാ..."
എന്റെ ചോദ്യത്തിന് അവൾ മുഖം തന്നില്ല... എന്റെ മുറിയുടെ അറ്റത്തു കിടക്കയ്ക്കരികിൽ ചിത്രം ചാരി വച്ചതിനു ശേഷം അവളിറങ്ങിപ്പോയി... ഉത്തരമില്ലാത്ത എന്റെ ചോദ്യത്തിലേക്ക് നോക്കി ഞാൻ വെറുതെയിരുന്നു...
മാവേലിക്കര ആർട്ട്സ് കോളേജിലെ ബ്രില്യന്റ് സ്ടുടെന്റ്റ് ആയിരുന്നു ആഗ്നസ് എന്ന് അവളുടെ അദ്ധ്യാപകൻ തന്നെ കോട്ട് ചെയ്ത വരികൾ അപ്പോഴെന്റെ ഹൃദയത്തിൽ വന്നു തൊട്ടു നിന്നു.. അവളുടെ സ്വപ്നം...
അവളുടെ വരകൾ...
അവളിലെ നിറങ്ങൾ...
ആഗ്നസിനെ മികച്ച ഒരു ആർട്ടിസ്റ്റാക്കണം. എവിടേയ്ക്കാണവളെ എത്തിക്കേണ്ടതെന്നെനിക്കറിയില്ല, എങ്കിലും എനിക്ക് പറ്റുന്ന പോലെ അവളെ ഉയർത്തേണ്ടതുണ്ട്...
എന്റെ പ്രണയം അവളെ സാക്ഷ്യപ്പെടുത്തുന്നു ...
കയ്യിലിരുന്ന മൊബൈലിൽ അപ്പോൾ അവളെന്റെ മുന്നിൽ വച്ച് പോയ ചിത്രത്തിന്റെ പടമെടുത്തു ഫെയ്‌സ്ബുക്കിലെ എന്റെ വാളിൽഅവളെ ടാഗ് ചെയ്തിടണമെന്നു ഞാൻ തീരുമാനിച്ചു..
അനീഷിന്റെ വാക്കുകൾ എന്റെ മുറിയിലെ ചവറ്റുകുട്ടയിലെ ഏതോ പേപ്പർതാളുകളുടെ അടിയിലേക്ക് നൂഴ്ന്നു കയറിപ്പോയി, പിന്നെ അവയെ ഞാൻ കണ്ടതേയില്ല...
ഫോട്ടോഷോപ്പിൽ ഒന്ന് കോൺട്രാസ്റ് കൂട്ടിക്കൊടുത്ത് എന്റെ വാളിൽ തന്നെ ചിത്രം പോസ്റ്റ് ചെയ്ത് ആഗ്നസിനെ ടാഗ് ചെയ്യാൻ നോക്കിയപ്പോഴാണ് ഞാൻ അത് മനസ്സിലാക്കിയത് , അവളെപ്പോഴോ അവളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡീആക്ടിവേറ്റ്  ചെയ്തിരിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചകളിലും ഞാനത് ശ്രദ്ധിച്ചതേയില്ലല്ലോ.. കയ്യകലത്തിൽ, വാക്കുകളുടെ ദൂരത്തിരുന്നവളുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലുകൾക്ക് എന്തർത്ഥം...
ഞാൻ നോക്കിയില്ല...
എനിക്കറിയില്ലായിരുന്നു...
അവളെപ്പോഴോ എല്ലാമുപേക്ഷിച്ച് പോയത്...
വീണയെപ്പോലെ ആഗിയും എന്നെ വിട്ടു വിദൂരതകളിലെങ്ങോ ചേക്കേറുന്നതും പിന്നെയൊടുവിൽ ഒരു മഞ്ഞു കണം പോലെ അവളില്ലാതെയായി പോകുന്നതും ഞാനറിഞ്ഞു...
വയ്യ... എനിക്കിനി ആരെയും നഷ്ടപ്പെടാൻ വയ്യ...
കിടക്കയിൽ നിന്നു നേരെ എഴുന്നേറ്റ് ആഗിയുടെ മുറി തള്ളി തുറന്ന് ഭ്രാന്തമായ ആവേശത്തോടെ ഞാൻ ആഗ്നസിനെ കെട്ടിപ്പുണർന്നു... അതിലും ഭ്രാന്തമായ ആവേശത്തോടെ ഉമ്മകൾ കൊണ്ട് അവളെ മൂടാൻ തുടങ്ങി... ഏറ്റവും നിശബ്ദമായ ഒരു തേങ്ങലോടെ അവളെന്നെ അനുസരിച്ച് ഇരിക്കുകയും ചെയ്തു...

Monday, September 19, 2016

പരസ്പരമറിഞ്ഞവരാണ് നാം... 20


ഞാൻ ചെയ്തത് ശരിയായിരുന്നോ എനിക്കറിയില്ല. എന്നാൽ ആ നിമിഷത്തിൽ ഈ ലോകത്തിലെ ഏറ്റവും വലിയ ശരി ഞാനായിരുന്നു. ഇടി മിന്നലേറ്റിട്ടെന്ന പോലെ ഹൃദയം വിറയ്ക്കുന്നു... ചില ശരിയ്ക്ക് വേണ്ടി നാം ജീവിതം പോലും നഷ്ടപ്പെടുത്തുന്നത് ഇങ്ങനെയാകുമോ...
മറ്റാരുടെ മുന്നിലും ഞാനും ആഗിയും ശരിയല്ലെങ്കിലും ഞങ്ങൾക്കിടയിൽ ഞങ്ങളുടേത് മാത്രമായ ഒരു ശരിയുണ്ടെന്നും അതിലേക്കാണ് സഞ്ചാരമെന്നും എനിക്ക് തോന്നി.
എന്നാൽ ഇതേ കുറിച്ച് ആഗ്നസിനോട് സംസാരിക്കാൻ എനിക്ക് ഭയം തോന്നി. പ്രണയത്തിന്റെ ഭാരം താങ്ങാനാകാതെ അവളിലേക്ക് ചെന്നെത്തിയെങ്കിലും വരിഞ്ഞു മുറുക്കി അവളെ ശരീരത്തോട് ചേർത്തത്തിലെ ശരികേട് എന്നെ കൊത്തിവലിച്ചു തുടങ്ങി...
എന്റെ സ്നേഹത്തിൽ അവളുടെ ശരീരമെന്നത് ഒരു ഘടകമേയല്ല... രതിയിലേയ്ക്ക് അത്രയാഴത്തിൽ ഇറങ്ങിമേഞ്ഞു നടക്കുന്ന ഒരുവളല്ല ഞാൻ. ആഗ്നസിനെ കുറിച്ച് എനിക്ക് മനസിലായത് അവളുടെ രാത്രി സങ്കല്പങ്ങളിലെ ഒരു ആഴവുമില്ലാത്ത ഒരു കൈത്തോടു മാത്രമാണ് ഞാൻ എന്നാണ്. എങ്കിലും എനിക്ക് ഭയം തോന്നി...
അവളെന്തു കരുതിയിട്ടുണ്ടാകണം..
ശരീരത്തോടുള്ള മോഹമായി തെറ്റിദ്ധരിച്ചിട്ടുണ്ടാകുമോ...
എനിക്ക് ഉള്ളിലിരുന്ന് എന്തോ വയറ്റിലേക്കമർന്നു പോയത് പോലെ തോന്നി.. വയർ വീർത്തു വരുന്നു... അസ്വസ്ഥതകൾ... ടോയിലറ്റിൽ പോയി ഏറെ നേരം ഇരുന്നിട്ടും എഴുന്നേൽക്കാൻ തോന്നുന്നില്ല. ഒരു വ്യക്തിയുടെ മാത്രമായ ഇടം എപ്പോഴും ടോയിലറ്റുകൾ മാത്രമാണെന്ന് ആരോ പറഞ്ഞതോർക്കുന്നു.
അവന്റെ സ്വകാര്യതയുടെ അവസാനം..
അവന്റെ ചിന്തകൾ ഒഴിയുന്നയിടം.. ശരീരത്തിന്റെയും മനസ്സിന്റെയും ഭാരങ്ങൾ ഒരുപോലെ ഇറക്കി വയ്ക്കാൻ കഴിയുന്ന ലോകത്തെ ഒരേയൊരു ഇടം....
പക്ഷെ ഇറങ്ങി പോകുന്നില്ലല്ലോ ഒന്നും... വാക്യങ്ങൾ തെറ്റിപ്പോയിരിക്കുന്നു...
ബാത്റൂമിൽ നിന്നു തിരികെയിറങ്ങി വന്നപ്പോൾ ലാപ്പിന്റെ മുകളിൽ ആഗ്നസിന്റെ ചുവന്ന ഡയറി...
അവളെപ്പോഴും കയ്യിൽ സൂക്ഷിക്കുന്ന അവളുടെ ആത്മാവിന്റെ ഭാഗം...
എനിക്ക് ഇടതുവശം തരിക്കുന്നത് പോലെ തോന്നി...
പേജുകളിലെ അക്ഷരങ്ങളൊന്നും എനിക്ക് കണ്ണിൽ പിടിക്കുന്നില്ല...
തലച്ചോറിൽ നിന്നൊരു പാട വന്നു കണ്ണുകളെ മായ്ക്കുന്നതോ അതോ പേജുകൾക്കു മുകളിൽ വെള്ളം വീണു വാക്കുകൾ മായ്ഞ്ഞതോ...
എങ്കിലും മുഖം കഴുകി കണ്ണുകൾ വലിച്ചു തുറന്ന് അവസാന പേജുകളിലെ ഒരു നിലവിളിയിലേയ്ക്ക് ഞാൻ പിടഞ്ഞുവീണു...
അതിങ്ങനെയാണ് തുടങ്ങുന്നത്...
"താരാ......."
എന്റെ നെഞ്ച് ക്രമാതീതമായി മിടിക്കാൻ ആരംഭിച്ചു. ശ്വാസം തള്ളി വരുന്നു...
"എനിക്കറിയില്ലായിരുന്നു അവളോടെനിക്കെന്താണെന്ന്... പ്രണയമില്ലാതെ ജീവിക്കാനാവില്ലെന്നു ഓരോരുത്തരും പറയുമ്പോഴും ഞാനെന്നോടു തന്നെ പലപ്പോഴും ചോദിച്ചു.. എന്താണ് പ്രണയം? ശരീരത്തിന്റെ വടംവലികളിൽ എനിക്കെന്തു കിട്ടി... എനിക്ക് പ്രണയം തോന്നിയതെല്ലാം ആൺ ശരീരങ്ങളോടായിരുന്നോ...? ഇപ്പോൾ അവളോട് തോന്നുന്ന വികാരം ഇതാണെങ്കിൽ പുരുഷന്മാരോട് തോന്നിയ അവസ്ഥയെ അങ്ങനെ തന്നെ അടയാളപ്പെടുത്തേണ്ടി വരുന്നു.
അദ്ദേഹത്തിന്റെ ചുംബനങ്ങളിൽ , കരുതലിൽ ഞാൻ എത്രമാത്രം അലിഞ്ഞിരുന്നിട്ടുണ്ട്, പക്ഷെ അവളുടെ മിഴിനീരണിഞ്ഞ് നെഞ്ചിൽ പറ്റി കിടക്കുമ്പോൾ ഒരു കുഞ്ഞിന്റെ ശാന്തത എന്നെ വലയം വയ്ക്കുന്നു.
അവളുടെ വിരലുകൾക്ക് മാന്ത്രികതയുണ്ട്... അവ എന്നെ തൊടുമ്പോൾ ഞാൻ ലോകത്തിൽ ഏറ്റവും വലിയ സന്തോഷം അറിഞ്ഞവളാകുന്നു...
ഏകാന്തത അവളുടെ ചിരികളിൽ ചെന്നിടിച്ച് തകരുന്നു...
എനിക്കറിയാം അവളുടെ സ്നേഹം, കരുതൽ... അവയെന്നെയും കടത്തി വെട്ടുന്നു.
അവൾ ഭയക്കുന്നുണ്ട്, എന്റെ സ്നേഹത്തെ ഓർത്തു വിലപിക്കുന്ന ഹൃദയം അവൾ ഒളിപ്പിക്കുകയാണ്. എനിക്കറിയാം അവളുടെ സ്നേഹം രതിയുടെ അപ്പുറങ്ങൾ തിരയുന്നതല്ല, പകരം കാത്തിരിക്കലിന്റെ നിലനിർത്തലിന്റെ ആഴങ്ങൾ തേടുന്നതാണ്...
ഞാൻ നിന്നോട് പറയട്ടെ താരാ.... - എനിക്ക് നിന്നോട് പ്രണയമാണ്...
നിന്റെ ശരീരത്തോടല്ല നിന്റെ കണ്ണിലെ കടലിനോട്...
നിന്റെ വിരലുകളോടല്ല, കൈകളിലെ കാടിനോട്...
നിന്റെ മുഖത്തോടല്ല എപ്പോഴും ചിരിക്കുന്ന നിന്റെ ഹൃദയത്തോട്...
എന്നെ തൊടുന്ന നിന്റെ സ്നേഹത്തോട്...
നിന്നിലെ അമ്മയോട്...
നിന്നിലെ ഭാര്യയോട്..
നിന്നിലെ സുഹൃത്തിനോട്..
നിന്നിലെ കാമുകിയോട്...
എനിക്ക് പ്രണയമുണ്ട്...
കുട്ടിക്കാലത്ത് ഞാനെഴുതിയിരുന്ന എത്രയോ ഡയറിത്താളുകൾ എരിയുന്ന അഗ്നിയ്ക്കു നൽകുമ്പോഴും ഉള്ളിൽ നൊന്തിരുന്നു, എന്നെങ്കിലുമൊരിക്കൽ അതൊക്കെയും വായിച്ച്‌  എന്നെ കരുതലുള്ള കണ്ണുകൾ ദയയോടെ നോക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു.. പക്ഷെ ആരെയും കാണിക്കാൻ തോന്നിയില്ല... ഇപ്പോൾ എനിക്ക് നഷ്ടമുണ്ടാകുന്നു.. അവ നിനക്ക് വേണ്ടിയെഴുതിയതായിരുന്നുവല്ലോ...
എത്രയോ മരക്കൂട്ടങ്ങൾക്കിടയിൽ, ഞാൻ വരച്ച നിറങ്ങൾക്കിടയിൽ നീയുണ്ടായിരുന്നു... ഞാൻ കാണാതെ പോയല്ലോ...
എനിക്ക് നിന്റെ ശരീരം വേണ്ട... പക്ഷെ നിന്നെ വേണം...
മനസ്സും ശരീരവും ഒന്നിച്ചുള്ള നിന്നെ...
നീയെന്നെ എങ്ങനെ മനസിലാക്കിയെന്നെനിക്കറിയാം...
താരാ.... നമുക്കിടയിൽ ദൈവം അവന്റെ മാന്ത്രിക വിരലുകൾ ചലിപ്പിച്ചിരിക്കുന്നു...."

അവസാനിക്കാത്ത ഫുൾസ്റ്റോപ്പുകൾക്കിടയിൽ ഞാനും ആഗ്നസും കൈകൾ ചേർത്ത് പിടിച്ച് നടക്കുന്നു, ഞങ്ങൾക്കിടയിൽ ഒന്നുമില്ല, വസ്ത്രങ്ങളുടെ മറകൾ പോലുമില്ല... അങ്ങകലെ ഒരു പ്രകാശം.. അത് അടുത്തടുത്ത് വരുന്നു... ഞങ്ങളിരുവരെയും അത് വിഴുങ്ങുന്നു... അവിടെ ഫുൾസ്റ്റോപ്പുകൾ അവസാനിക്കുന്നു.

Sunday, September 18, 2016

പരസ്പരമുള്ള കണ്ടെടുക്കലുകൾ 21


പ്രകൃതി എപ്പോഴും അതിനിഗൂഡമായ ഒരു ആവരണത്താൽ പൊതിയപ്പെട്ടിരിക്കും.മഴയാണോ കാറ്റാണോ വെയിലാണോ തൊട്ടടുത്ത നിമിഷമുണ്ടാവുക എന്നറിയാത്തതു പോലെ അതിങ്ങനെ മിനുട്ടുകൾക്കുള്ളിൽ കാലാവസ്ഥ മാറ്റി അതിശയിപ്പിക്കും. ചില മനുഷ്യരുടെ മനസ്സ് പോലെ തന്നെ പ്രകൃതിയുടെ അവസ്ഥകൾ...
എനിക്ക് ലോകത്തിലേയ്ക്ക്, പ്രകൃതിയിലേക്ക് നോക്കാൻ ഭീതിയോ നാണക്കേടോ ഒക്കെ അലിഞ്ഞു ചേർന്ന ഒരു അരുതായ്ക തോന്നുന്നത് അറിയാൻ കഴിയുന്നുണ്ട്.  ഞാനിപ്പോൾ ആഗ്നസിന്റെ തോളിൽ ചാരിയിരിക്കുകയാണ്.
പരസ്പരമറിഞ്ഞവൾക്കുമുന്നിൽ ഇനിയെന്ത് മറകൾ...
"നിനക്ക് പേടിയുണ്ടോ താരാ..."
അവളെന്റെ മനസ്സ് വായിച്ചിരുന്നു... എന്നെ ആശ്വസിപ്പിയ്ക്കാൻ പ്രകൃതി അവളെ വാക്കുകൾ കൊടുത്തു പറഞ്ഞു വിട്ടിരിക്കുന്നു, ഞാൻ കരുതി.
"നീയെന്തിനാ പേടിക്കുന്നെ... ഞാനുണ്ടല്ലോ എപ്പോഴും കൂടെ..."
നൂറ്റാണ്ടുകൾക്കു മുൻപ് ഈ വാക്കുകൾ എന്റെ ഉള്ളിൽ എപ്പോഴോ മുഴങ്ങി കേട്ടിരുന്നുവല്ലോ എന്ന് അതിശയത്തോടെ ഞാൻ ഓർത്തെടുത്തു. ചില സ്ഥലങ്ങളിൽ നിൽക്കുമ്പോൾ ചില സംഭവങ്ങൾ അങ്ങനെ ഓർമ്മകളിലേക്ക് നീണ്ടു പോകാറുണ്ട്. അതെ സ്ഥലങ്ങൾ, അതെ വാക്കുകൾ , അതെ അനുഭവം, ആവർത്തിക്കപ്പെടുന്ന സംഭവങ്ങളുടെ ഗതിവിഗതികൾ കാലത്തിനറിയാതെ വരുന്നതേയില്ലല്ലോ...
"നീയെന്താ മിണ്ടാതെയിരിക്കുന്നെ..."
-"ഒന്നൂല്ല..."
"സമൂഹം എങ്ങനെ കാണും എന്നോർത്തിട്ടാണോ..."
-"എന്താ അത് പേടിക്കേണ്ട കാര്യമല്ലേ..."
"അതെ... പ്രത്യേകിച്ച് ഇന്നത്തെ അവസ്ഥയിൽ പേടിക്കണം... പക്ഷെ അത് പുറത്തുള്ളവർ അറിയുമ്പോഴല്ലേ, അപ്പോൾ അത് നമുക്ക് നേരിടാം....നീ ഇപ്പോൾ പേടിച്ച് സന്തോഷം കളയാതെ..."
-"നിനക്ക് പേടിയില്ലേ ..."
"ഉണ്ടോന്നോ... ഇതെങ്ങനെ നമുക്കിടയിൽ വർക്ക് ഔട് ആയെന്നു എനിക്കിപ്പോഴും അറിയില്ലെടാ... ഞാനിങ്ങനെ ആയിരുന്നില്ല... ഒരു പെൺകുട്ടിയോട് ഇത്തരമൊരു അനുഭവം... നിനക്ക് ആദ്യമല്ലായിരിക്കാം, എനിക്ക് പക്ഷെ... ഉൾക്കൊള്ളാൻ കഴിയുന്നതിന്റെയും സത്യത്തിന്റെയും നേർത്ത പാഠങ്ങൾക്കു മുന്നിൽ ഇപ്പോഴും ഞാൻ പകച്ചിരിക്കുന്നുണ്ട്. സമൂഹത്തിനെ അല്ല എനിക്ക് പേടി... എന്നെ തന്നെ... എന്താണ് സംഭവിക്കുന്നതെന്നോർത്തുള്ളൊരു വിങ്ങൽ..."
-"നീ പേടിക്കരുത്... ഇതിപ്പോൾ പങ്കു വയ്ക്കാൻ നമുക്കിടയിൽ മറ്റൊരാളില്ല.. നീയും ഞാനും മാത്രം... നമ്മുടേത് മാത്രമായ നിമിഷങ്ങൾ മാത്രം..."
"എനിക്കറിയാമെടാ... എനിക്കറിയാം.... നമുക്കിടയിൽ എന്തിനെക്കുറിച്ചൊക്കെയോ ഉള്ള ഭീതികൾ ഹൃദയമിടിപ്പുകൾ കൂട്ടുന്നുണ്ട്... പരസ്പരം കേൾക്കാവുന്നത്ര ഉച്ചത്തിൽ അത് നിലവിക്കുന്നതു പോലെ... നിനക്ക് കേൾക്കാമോ..."

എനിക്കവളുടെ നെഞ്ചിൽ ചാഞ്ഞു കിടന്ന് മിടിപ്പ് കേൾക്കണമെന്ന് തോന്നി... ചെവികൾ അവളുടെ ഹൃദയത്തോട് ചേർത്ത് വച്ച് ഞാനവയിൽ എനിക്കിഷ്ടമുള്ള പാട്ടുകൾ തിരഞ്ഞു തുടങ്ങി...
"ദിൽ കെ ജാരോകെ മി തുജെക്കോ ബൈത്താകാർ
യാദോം കോ തേരി മെയിൻ  ദുൽഹൻ ബനാക്കർ..."
മുഹമ്മദ് റാഫി പാടുന്നു...
ഹൃദയത്തിന്റെ അറകളിൽ നിന്നെ പ്രതിഷ്ഠ നടത്തി  ... ഓർമ്മകളിൽ നിന്നെ നവവധുവാക്കി, നിന്നെയെന്റെ ഹൃദയത്തിൽ സൂക്ഷിക്കാം.....

അവളുടെ ഹൃദയം പാടിയ പാട്ടിൽ ഏറെ നേരം ഞാനങ്ങനെ തന്നെ കിടന്നു, മെല്ലെ അവളെന്റെ മുഖം പിടിച്ചുയർത്തുന്നത് വരെ, ലോകത്തിൽ മറ്റെന്തു വന്നു വിളിച്ചാലും ആ നിമിഷം വിട്ടു ഞാൻ വെളിയിൽ വരുമായിരുന്നില്ല...
അവളുടെ കണ്ണുകളിൽ നിന്നും കാടിറങ്ങി വരുന്നു. ഇപ്പോൾ അവ എന്റെ മുഖത്തിനു നേർക്ക് തിരിഞ്ഞിരിക്കുകയാണ്‌... കാറ്റിൽ നിന്നും വള്ളിപ്പടർപ്പുകളും മഹാ വൃക്ഷങ്ങളും എന്നിലേയ്ക്ക് അതിന്റെ പച്ചപ്പുകൾ നീട്ടുന്നു...  ചുണ്ടുകളിലെ തരിപ്പുകൾക്കു മുകളിലേയ്ക്ക് അവളെ ഞാൻ ചേർത്ത് വയ്ക്കുന്നു... ലോകത്തിലെ ഏറ്റവും മനോഹരമായ ചുംബനം... അത് പ്രണയിക്കുന്നവർ പരസ്പരം ആദ്യമായി നല്കുന്നതാകും... പിന്നീടെത്ര  നല്കപ്പെട്ടാലും അതാദ്യം ലഭിക്കുന്നത്ര തീവ്രതയോടെ ഉദാത്തമായി  നല്കുവാനാവില്ല.. നൂറ്റാണ്ടുകളോളം നിലനിൽക്കുന്ന ഓർമ്മകൾക്ക് മുകളിൽ ചുണ്ടുകൾ അമർന്നു തന്നെയിരിക്കട്ടെ...
പരസ്പരം വീണ്ടെടുക്കാനുള്ള മോഹത്തെ അത് ഉന്നതിയിലെത്തിക്കട്ടെ...
എന്നോ ഒരിക്കൽ ആത്മാവായി അലയുമ്പോൾ നഷ്ടപ്പെട്ടു പോയ എന്റെ പാതി ഹൃദയത്തെ നിന്നിൽ ഞാൻ കണ്ടെത്തുന്നു...
ചുണ്ടുകൾ കൊരുത്തെടുത്ത് , ഹൃദയം പരസ്പരം മുറുകെ ചേർത്ത് പിടിച്ച് നാം പരസ്പരം നമ്മുടെ ഹൃദയങ്ങളെ വീണ്ടെടുക്കുന്നു...
നമുക്ക് മുന്നിൽ ഭീതിപ്പെടുത്തുന്ന ലോകമില്ല...
ബന്ധങ്ങളോ ബന്ധങ്ങളോ ഇല്ല...
നിന്റെ സങ്കടങ്ങളില്ല..
എന്റെ ജോലികളില്ല...
കുഞ്ഞുങ്ങളോ, ഉടമ്പടികളോ ഒന്നുമില്ല...
നീയും ഞാനും മാത്രം...
നാം പരസ്പരം നമ്മിലേക്ക് ചായുന്നു...

ഒരു പെഗ് വിസ്കിയുടെ കുഞ്ഞു ലഹരിയാണോ പ്രണയത്തിന്റെ ഒരിക്കലും കെടാത്ത ലഹരിയാണോ എന്നറിയില്ല, അവളെന്റെ മാറിലേക്ക് പെട്ടെന്നാണ് പിടഞ്ഞു വീണത്. ആ വീഴ്ചയിൽ അത്രമേൽ ഹൃദയത്തിലേക്ക് അവൾ, ഇനിയൊരിക്കലും, വീണ്ടെടുക്കപ്പെടാതെ ഉരുകി ചേർന്നിരുന്നെങ്കിൽ എന്ന് തോന്നി. അവളെ വിറയ്ക്കുന്നുണ്ടായിരുന്നോ... കണ്ണാടിയുടെ മുന്നിൽ അവളോടൊട്ടി നിൽക്കുമ്പോൾ ഇതുവരെ തോന്നാത്ത ഒരു കണ്ടെത്തൽ ഞങ്ങളൊന്നിച്ച് നടത്തി, രണ്ടു സ്ത്രീ മുഖങ്ങളിലും ഞങ്ങൾ പരസ്പരം ഒന്നെന്ന പോലെയിരിക്കുന്നു. അവളുടെ മുഖം എന്നിലും എന്റേത് അവളിലും പ്രതിഫലിക്കുന്നു. വസ്ത്രങ്ങളുടെ ചൂടിന്റെ ദീർഘശ്വാസങ്ങളിൽ നിന്നും അരണ്ട വെളിച്ചമുള്ള മുറിയുടെ കരുതലിലേയ്ക്കും തണുപ്പിലേയ്ക്കും ഞങ്ങളിറങ്ങി നടന്നു. എന്നാൽ ഓരോ തീച്ചൂളയേയും അതിജീവിക്കാനാകാതെ വീണ്ടും വീണ്ടും അതെ തണുപ്പിലേക്ക് ഞങ്ങൾക്ക് മഴയാകണമായിരുന്നു. അവളുടെ ചുവന്ന വലിയ പൊട്ടിലേയ്ക്കും കറുത്ത കണ്ണുകളിലെ കാടുകളിലേയ്ക്കും ചുംബനത്തിന്റെ നനുത്ത സ്പർശം. കടലും കാടും ഒന്നായി മാറാറുണ്ടോ? കടലിന്റെ അടിത്ത്തട്ടിലൊരു കാടുണ്ടത്രെ....  എനിക്കത് ഇപ്പോൾ വിശ്വാസമായി... കാരണം പരസ്പരം അവയെ കണ്ടെത്താൻ ഞങ്ങൾ മത്സരിച്ചു കൊണ്ടേയിരുന്നു. എത്ര നേരം പരസ്പരം അങ്ങനെ കിടന്നുവെന്നു യാതൊരു ധാരണയും ഞങ്ങൾക്കിരുവർക്കും ഉണ്ടായതേയില്ല. ശരീരത്തിന്റെ ദാഹത്തെക്കാൾ ആത്മാവിന്റെ ദാഹമായിരുന്നു ഞങ്ങൾക്കിടയിൽ ഉണർന്നിരുന്നത്... പരസ്പരം ചുംബിക്കുമ്പോഴും കൂടുതൽ ഒന്നിനെ വിഴുങ്ങാനുള്ള ആവേശം... വിഴുങ്ങി ഉള്ളിലെത്തി എന്റെ സ്വന്തമായതെന്തോ , എന്നോ ഞാൻ മറന്നു വച്ചു പോയത് കണ്ടെത്താനുള്ള ആവേശം...
എത്രയോ നാളുകൾക്കു ശേഷം അന്നാദ്യമായി റോഡ് സൈഡിലെ ഇലഞ്ഞി പൂത്തത് ഞാൻ ഗന്ധത്തിലൂടെയറിഞ്ഞു... രാത്രിയല്ലാതിരുന്നിട്ടും അതെന്നെ ഉണർത്തിക്കൊണ്ടിരുന്നു...
ഞങ്ങൾ വീണ്ടും പരസ്പരം വിഴുങ്ങാൻ മത്സരിച്ച് കൊണ്ടേയിരുന്നു, ഒടുവിൽ വീണ്ടെടുക്കാതെ തന്നെ തളർന്നു അവനവനിലേക്ക് ചായ്ഞ്ഞുറങ്ങിപ്പോയി...

അനിവാര്യമായ യാത്രയിൽ 22


ആഗ്നസ് അവളുടെ വീട്ടിലേയ്ക്ക് പോവുകയാണ്. കഴിഞ്ഞ രണ്ടാഴ്ചകൾ ഞങ്ങൾക്കിടയിൽ അവശേഷിപ്പിച്ച് പോയതെന്തൊക്കെയാണ്...എത്ര പെട്ടെന്നാണ് ചിലർ ജീവിതത്തിന്റെ ഭാഗമാകുന്നത്, എത്ര പെട്ടെന്നാണ് ചിലർ അന്യരായി മാറുന്നത്... ലോകം ഇങ്ങനെയൊക്കെയാണെന്നു ഞാൻ വിശ്വസിയ്ക്കാൻ ശ്രമിച്ചു. എന്നിലേയ്ക്ക് അവളെ എന്നുമെന്നും ചേർത്ത് നിർത്തണമെന്ന് ഞാനാഗ്രഹിക്കുന്നു... പക്ഷെ സമൂഹം കാണുന്ന സദാചാര കണ്ണുകൾ എന്നെ ഭയപ്പെടുത്തുന്നു... ദിലീപിന്റെ ചുവന്ന മുഖം എന്നെ കരയിപ്പിക്കുന്നു... കഴിഞ്ഞ കുറെ മണിക്കൂറുകളായി ഞാൻ ഇടവിട്ട് ഏങ്ങലടിക്കുകയാണ്...
ഇനിയുമെന്നെ ഇങ്ങനെ കാണാൻ വയ്യാത്തത് കൊണ്ട് അവൾ വീട് വിട്ടിറങ്ങുന്നു എന്നാണെന്നോടു പറഞ്ഞത്...
എന്നെ ഈ വിധത്തിൽ തനിച്ചാക്കി പോകരുതേ എന്ന് പറഞ്ഞു അവളുടെ കാലു പിടിയ്ക്കാൻ ഞാനാഗ്രഹിക്കുന്നു, പക്ഷെ കാലുകൾ ചലിക്കുന്നതേയില്ല...
അവളെന്റെ അടുത്തേയ്ക്ക് വരുന്നതും കൈകളെടുത്ത് മുഖത്ത് വച്ചതും കണ്ണുനീരൊപ്പിയതും ഞാൻ ശ്രദ്ധിച്ചതേയില്ല, വാക്കുകളെ കേൾക്കാൻ മാത്രമായിരുന്നു കാത്തിരുന്നത്... ഏറെ നേരം അവൾ നിശബ്ദമായി തന്നെയിരുന്നു...
പിന്നെ എനിക്ക് പോലും കേൾക്കാൻ കഴിയാത്ത ഒച്ചയിൽ പറഞ്ഞു തുടങ്ങി... അതൊരു ഗുഹയ്ക്കുള്ളിൽ നിന്നും വരുന്ന തണുത്ത വാക്കുകളായി എനിക്കനുഭവപ്പെട്ടു...
പക്ഷെ എന്നിലേക്കവ എത്തിയതും അവ ചൂടെടുത്ത് ഉരുകാൻ തുടങ്ങി... അങ്ങനെയാണ് ഞാനവ കേട്ടത്...
"നമുക്കിടയിലുള്ളത് നമുക്കിടയിൽ തന്നെ നിലനിൽക്കാൻ ഇതല്ലാതെ മറ്റൊരു വഴി എന്റെ മുന്നിലില്ല താരാ...
ഇത്ര എളുപ്പത്തിൽ നമ്മുടെ ഇടയിൽ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്നു ഞാൻ കരുതിയിരുന്നതേയില്ല.. തീരുമാനങ്ങളും അതുകൊണ്ട് പെട്ടെന്നുണ്ടാകണം...
ഞാനിവിടെ വന്നതിന്റെ കാരണം പറയാം.. ഇപ്പോഴല്ല പിന്നെ...
പക്ഷെ ഈ ഫ്‌ളാറ്റിലുള്ളവരും ദിലീപും ഒന്നും നമുക്കിടയിലുണ്ടായ ഈ മാറ്റം അറിയാൻ പാടില്ല. അത് നമുക്ക് നമ്മളെ തന്നെ നഷ്ടപ്പെടുത്തും.
ഇനി എന്റെ ജീവിതത്തിൽ മറ്റൊന്നും നേടാനില്ലെന്ന് എനിക്കറിയാം... നിനക്കും അങ്ങനെ തന്നെയെന്നും എനിക്കറിയാം. പക്ഷെ പരസ്പരം നേടാനുള്ളവരെ പോലെ തന്നെ നാം പെരുമാറണം താരാ...
ഞാൻ വീട്ടിൽ പോയെ പറ്റൂ...
'അമ്മ എത്ര തവണ വിളിച്ചിട്ടുണ്ടാകും.. അന്ന് ഫോൺ ഓഫ് ചെയ്തതാ  ഇതുവരെ ഓൺ ആക്കീട്ടില്ല... 'അമ്മ ആധി പിടിച്ച് എന്തായിക്കാണുമോ അറിയില്ല...
പപ്പയുടെ അവസ്ഥ അറിയില്ല...
പിന്നെ ഈ അവസ്ഥയിൽ നമുക്ക് പരസ്പരം ഏകാന്തത തന്നെയാണ് നല്ലത്. പക്ഷെ നീ തിരിച്ചറിയണം... നാം പ്രണയത്തിലാണ്...
എന്നെ വിട്ടു നിനക്കോ, നിന്നെ വിട്ട് എനിക്കോ ഇനി മറ്റൊരു ലോകമില്ല.. പരസ്പരം നാം ഭ്രമണം ചെയ്തു കൊണ്ടേ ഇരിക്കുകയാണ്... എന്നാൽ അത് നമ്മുടെ ജീവിതങ്ങൾ തകർത്തു കൊണ്ടാകരുതെന്ന് എനിക്ക് നിർബന്ധമുണ്ട്...എനിക്കിനി തകരാനൊന്നുമില്ല... പക്ഷെ നിനക്കങ്ങനെയല്ല.. ദിലീപുണ്ട്, അന്നുമോളുണ്ട്... അവരെയൊന്നും കരയിക്കാൻ നമുക്കാവില്ല...
ഞാനുണ്ടെടാ നിന്റെയൊപ്പം... എവിടെയായിരുന്നാലും ഞാനുണ്ട്... ഇതാ ഈ ഹൃദയം മിടിക്കുന്ന പോലെ നിന്റെ തൊട്ടടുത്ത്..."

ആഗ്നസ് പോവുകയാണ്... അവൾ പറഞ്ഞതൊക്കെ സത്യമാണ്, പക്ഷെ പോകരുതെന്ന് അവളോട് അപേക്ഷിക്കണം എന്നെനിക്ക് തോന്നുന്നു... ഞാനിങ്ങനെയൊന്നുമായിരുന്നില്ല... ഒരാൾ തൊട്ടു നിന്നില്ലെങ്കിൽ ഉരുകി പോകുന്നവളല്ല ഞാൻ... തനിയെ നിൽക്കാൻ ചങ്കൂറ്റമുള്ളവളാണ്...
തനിയെ നിൽക്കുന്നവളാണ്...
ഉള്ളിലൊരു കടലുണ്ടെങ്കിലും അതിനെ ഒറ്റയ്ക്ക് കുടിച്ചു തീർക്കുന്നവളാണ്...
ഇപ്പോൾ ....
ആഗ്നസ് പോവുകയാണ്...
യാത്രപറഞ്ഞിറങ്ങുമ്പോൾ അവളെന്റെ നെറുകയിൽ  ഒരു സ്നേഹം പതിപ്പിച്ചു, ഇനിയുള്ള വഴിയിലെ ചുട്ട വെയിലിനെ സാക്ഷിയാക്കി അതെന്റെ തലച്ചോറിലേക്ക് കിനിഞ്ഞിറങ്ങി...

ആഗ്നസിന്റെ യാത്രകൾ പലപ്പോഴും ഇങ്ങനെയാണ്... . പെട്ടെന്ന് ഇറങ്ങിപ്പോകും, കയറി വരും. താമസിക്കുന്ന മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കി ധാർഷ്ട്യത്തോടെ താമസിക്കും.. അവളുടെ അമ്മയുടെ പരാതി പതിവാണ്.
കുട്ടിക്കാലത്തെ മുതൽ കണ്ടതും കേട്ടതും വരയ്ക്കുന്ന അവളുടെ പ്രകൃതത്തിനിണങ്ങുന്ന പപ്പയുടെ സ്വന്തം ആഗി മോൾ...
പ്ലസ്‌ടു കഴിഞ്ഞപ്പോൾ അവളുടെ ഇഷ്ടത്തിനാണ് ആർട്സ് കോളേജിൽ ചിത്രകലാ പഠനത്തിന് ചേർന്നതും. രാഷ്ട്രീയവും മതവുമൊന്നും അവളെ ബാധിക്കാറില്ല, പക്ഷെ അതെല്ലാം അവളുടെ നിറങ്ങളുടെ ഭാഗമാണ്...
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അങ്ങെയറ്റത്ത് ചെന്ന് സ്വന്തം ഉയര് കൊടുത്തു വരയ്ക്കുന്നവൾ...
ആത്മാവിനെ നിറങ്ങളിൽ ചാലിച്ച് പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നവർ, മേഘങ്ങളിൽ കൂടു കൂട്ടാൻ ആഗ്രഹമുള്ളവൾ... യാത്രയിഷ്ടമുള്ളവൾ ... മഞ്ഞുറഞ്ഞ ഹിമവാന്റെ മടിയിൽ തണുത്തുറഞ്ഞ് കിടക്കാൻ തയ്യാറെടുക്കുന്നവൾ...
എത്രയോ വ്യത്യാസങ്ങൾക്കിടയിലും അവളും ഞാനും ഒന്നാകുന്ന അപൂർവ്വം ഇടങ്ങൾ...
സ്വപ്നങ്ങളിൽ അവൾക്ക് കൂട്ടായിരിക്കണം...
ഒരു വാക്കിൽ പോലും അവൾ പൂത്തുലഞ്ഞ് വരയ്ക്കാനിരിക്കുന്നത് കണ്ടിട്ടുണ്ട്...
ആഗ്നസ് അവശേഷിപ്പിച്ചിട്ടു പോയ അവളുടെ  ചുവന്ന ഡയറി എന്റെ കയ്യിലുണ്ട്..
ആത്മാവിനെ എനിക്ക് തന്നിട്ടാണവൾ പോയത്...

Saturday, September 17, 2016

നിറങ്ങളും മരണവും കൂടിക്കലർന്ന്... 23


മുൻപ് വായിച്ച താളുകളുടെ വക്കിൽ പതിഞ്ഞിരിക്കുന്ന ചോരത്തുള്ളികൾക്കു മുകളിൽ എന്നെ പൊതിഞ്ഞിരുന്ന പുതപ്പെടുത്തിട്ട് അറിയാത്ത വായനയിലേക്ക് ഞാൻ പേജുകൾ മറിച്ചു.
വലിയ വലിപ്പമില്ലാത്ത എണ്ണിയാലൊടുങ്ങാത്ത പേജുകളുണ്ടെന്നു തോന്നിപ്പിക്കുന്ന ഡയറി ഒട്ടും പുതിയതല്ല, എന്നോ മുതലേ അവളുടെ ഒപ്പമുള്ള കൂട്ടാവണം. പക്ഷെ എഴുതാൻ പേജുകൾ ഇനിയും ബാക്കി, അത്രയേറെ തൊട്ടവ മാത്രമേ അക്ഷരായിട്ടുള്ളൂ.
എന്ന് മുതലാണവൾ ഡയറി എഴുതി തുടങ്ങിയത്...
കലാലയത്തിന്റെ നിറങ്ങൾ നിറയെ ഉണ്ട്...
കോളേജിലെ ബാത്റൂമിലെ ഫ്ലാഷ് ടാങ്കുകൾ പൊട്ടിയത് നന്നാക്കാൻ സുഹൃത്തുക്കളുടെയൊപ്പം സമരം ചെയ്യുന്ന ആഗ്നസിന്റെ മുഖത്ത് നിർവ്വികാരതയാണല്ലോ...
എന്റെ കാഴ്ചപ്പാടിൽ ആഗ്നസ് ഒരു നാണക്കാരിയും സാമൂഹികമായ പ്രശ്നങ്ങളിൽ അധികം ഇടപെടാത്തവളുമാണ്...
അവളുടെ നിറങ്ങളിലൂടെ ആവും പോലെ അവളത് നന്നായി തന്നെ ചെയ്യുന്നുണ്ട്. ഓരോ മനുഷ്യനും ഓരോ ഇടങ്ങളുണ്ട്. അവൻ മാത്രം നീന്തി ചെന്നെത്തുന്ന അവന്റേതു മാത്രമായ തുരുത്തുകൾ. അവിടെ ഇരുന്ന് അവർ തങ്ങളുടെ സാമ്രാജ്യം പണിയും അവിടെ ചക്രവർത്തിയാകും. കടന്നു വരുന്ന ശരികളും തെറ്റുമെല്ലാം അവലോകനം ചെയ്ത് സ്വന്തം നിലപാടുകളുണ്ടാക്കും.
ആഗ്നസിനു അവളുടേതായ ശരികളും അവൾക്ക് അത് പ്രകടിപ്പിക്കാൻ വഴികളുമുണ്ടായിരുന്നു. അതിലൊരു വഴിയായിരിക്കണം അന്നത്തെ സമരവും...
-ഒരിക്കലും പൂക്കാത്ത ഒരു വാകമരത്തിന്റെ ചുവട്ടിൽ വച്ചാണ് ഞാനും റിതേഷും റഹ്മാനും അനിതയും ഒക്കെ ചേർന്ന് ആ തീരുമാനമെടുത്തത്. എത്ര തവണ അധ്യാപകരോടും പ്രിൻസിപ്പലിനോടും പറഞ്ഞ പരാതികളെല്ലാം ചവറ്റുകുട്ടയിൽ  കിടക്കുന്നത് ഞങ്ങളറിഞ്ഞു, എങ്കിലും പെൺകുട്ടികളുടെ പ്രാഥമിക ആവശ്യമല്ലേ, അവരത് മനസ്സിലാക്കുമെന്ന് തന്നെ കരുതി. ഒരിക്കലും ഉണ്ടാകാൻ പോകുന്നില്ലന്ന് സുരഭി ടീച്ചറിന്റെയും അനൂപ് മാഷിന്റെയും സംസാരത്തിൽ നിന്ന് മനസ്സിലായി...
പ്രിൻസിപ്പലിന്റെ മുഖത്ത് കരിയൊഴിക്കാനുള്ള തീരുമാനം റിതേഷിന്റെതായിരുന്നു. കൂട്ടത്തിലൊരാൾ എന്ത് ചെയ്താലും ഒപ്പം നിൽക്കുന്നവർ കൂട്ട് നിൽക്കണമെന്നുള്ളതുകൊണ്ടാണ് റിതേഷിന് കൂട്ടായി ഞങ്ങളെല്ലാവരും നിന്നത്. വെളുത്ത അനിൽനമ്പ്യാർ സാറിന്റെ ചുവന്ന മൊട്ടത്തലയിൽ കരി ഓയിൽ കൊഴുത്തൊഴുകുന്നത് കണ്ടപ്പോൾ ഒരു അബ്സ്ട്രാക്ട് പെയിന്റ് പോലെ തോന്നിച്ചു.
സമരം പെട്ടെന്നാണ് ക്യാംപസ് മുഴുവൻ പടർന്നത്... ഒരു ആവശ്യവുമായി ഒരു കൂട്ടം ഇറങ്ങാൻ കാത്തിരിക്കുകയായിരുന്നെന്നു തോന്നി, മറ്റു പല ഭാഗങ്ങളിൽ നിന്ന് പല പ്രശ്നങ്ങൾ...
റൂമിനുള്ളിൽ ഫാൻ കറങ്ങാത്തത് മുതൽ അധ്യാപകരുടെ ഉപദ്രവങ്ങൾ വരെ വിഷയമാക്കി പോസ്റ്ററൊട്ടിക്കൽ, തുടർ സമരങ്ങൾ...
ക്യാംപസ് ഉണർന്നു...
ചിലപ്പോൾ നിലവിളിച്ചു..
ചിത്രങ്ങൾ വരച്ച്‌ ഞങ്ങൾ പ്രതിഷേധിച്ചു. പോലീസ് ക്യാമ്പസിനുള്ളിൽ കയറാൻ തുടങ്ങിയപ്പോഴാവണം സമരങ്ങൾ പൊട്ടിച്ചിതറിപ്പോയത്. അറസ്റ്റു ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ ഞങ്ങളെല്ലാവരും...
അതൊരു അനുഭവമാണ്..
മണിക്കൂറുകൾ എങ്കിലും ജയിലിനുള്ളിൽ കുറ്റവാളികളെന്ന പോലെ കഴിയുക. സെല്ലിനുള്ളിൽ അടയ്ക്കപ്പെട്ടില്ലെങ്കിലും സ്റേഷനുള്ളിലെ ഉഷ്ണം പെരുത്ത മുറിയിലേയ്ക്ക് ഞങ്ങളുടെ കൂട്ടം ആവേശത്തോടെ കുത്തിയിരുന്നു. അദ്ധ്യാപകൻ എന്ന ഗുരുത്വം ഉള്ളിലുള്ളതുകൊണ്ടു മാത്രം അനിൽ നമ്പ്യാർ സാറിനോട് മാപ്പു ചോദിച്ചു... പ്രശ്നങ്ങൾ അവസാനിക്കുന്നു...
പക്ഷെ അവിടെ വച്ചാണ് സാബിറും അനിതയും പ്രണയത്തിലാകുന്നത്‌. ക്യാംപസും അവിടുത്തെ ഗുൽമോഹർ മരങ്ങളും പിന്നെ ഞങ്ങളോരോരുത്തരും അവർക്കിരുവർക്കും ഹംസങ്ങളായി. കാരണം ഞങ്ങളുടെ ഗ്രൂപ്പിലെ ഏറ്റവും മികച്ച ജോഡിയായിരുന്നു അവരെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ആ സന്തോഷങ്ങൾക്ക് അനിതയുടെ മരണ ദിനം വരെയേ ആയുസ്സുണ്ടായിരുന്നുള്ളൂ....
ഹോസ്റ്റലിലെ മുറിയ്ക്കുള്ളിൽ തൂങ്ങിയാടി നിൽക്കുന്ന അവളുടെ ശരീരം ഞാൻ കണ്ടില്ല... മരണം അറിഞ്ഞു അനിതയുടെ വീട്ടിലേക്കാണ് ഞാൻ പോയതും... പോസ്റ്റ് മോർട്ടത്തിന് ശേഷം അവളെ തിരികെ കൊണ്ട് വന്നപ്പോൾ കാണാൻ ചെല്ലുമ്പോൾ അവൾ ശാന്തയായി കിടക്കുകയായിരുന്നു.. വെള്ളയുടുപ്പിട്ട മാലാഖ...
ഇത്ര ശാന്തമായി മനുഷ്യൻ മരിക്കുമോ...
ഇത്ര ചിരിച്ച മുഖത്തോടെ ഉറങ്ങിക്കിടക്കുന്ന പോലെ എല്ലാവരെയും ഉപേക്ഷിച്ച് പോകാനാകുമോ...
അവളുടെ മരണം ഞങ്ങളുടെ ഇടയിലുണ്ടാക്കിയ വല്ലാത്ത ശൂന്യത ഒരിക്കലും ഇല്ലാതായിപ്പോകുന്നതായിരുന്നില്ല.
സാബിറിന്റെ പ്രണയത്തിനപ്പുറം ഞങ്ങളറിയാത്ത എന്തൊക്കെയോ കാരണങ്ങളാൽ അവൾ വേദനിച്ചിരുന്നോ...? ആരുമറിഞ്ഞില്ല.. സാബിർ പോലുമറിഞ്ഞില്ല... എങ്കിലും ഇടയ്ക്കിടയ്ക്ക് ഒളിഞ്ഞും തെളിഞ്ഞും ഞങ്ങളുടെ സംശയക്കണ്ണുകൾ നീണ്ടു ചെന്നത് കോളേജ് ഹോസ്റ്റലിലെ വാർഡനിൽ തന്നെയായിരുന്നു. പക്ഷെ കാരണങ്ങളോ തെളിവുകളോ ഇല്ലാത്ത അവളുടെ മരണം ഞങ്ങളുടെയൊക്കെ മുകളിൽ നിഴൽ പോലെ തൂങ്ങിയാടി.
അനിതയുടെ മരണം കണ്ടു  തിരികെ വരുന്ന വഴി ബസിനുള്ളിൽ നിന്ന് ശരീരത്തിന്റെ പിന്നിൽ അമർത്തിപിടിച്ചവനെ ഞാനിപ്പോഴും മറന്നിട്ടില്ല. വേദനയും ദേഷ്യവും ആർത്തലച്ച് ഞാൻ ഉള്ളിൽ നിലവിളിച്ചു കൊണ്ടിരിക്കുമ്പോൾ ആൺ ശരീരവും പേറിയൊരുത്തൻ എന്നെ സ്പർശിക്കുന്നു... ഷോളിൽ കുത്തിയിരുന്ന നീണ്ട പിന്നിന്റെ അഗ്രം കൊണ്ട് അവനെ ആഞ്ഞാഞ്ഞു കുത്തുമ്പോൾ ഉറക്കെ ഞാൻ നേരിട്ട അതിക്രമത്തെ വിളിച്ച് പറയാൻ, ഞാൻ നേരിട്ട ഭീതികളെ ഓർത്തു പിന്നെയും ഞാൻ ഉള്ളിൽ നിലവിളിച്ചു.

Friday, September 16, 2016

പ്രിയപ്പെട്ട സിയന്ന നിന്നോട് പറയട്ടെ.. 24


-സിയന്നയുടെ ജീവിതത്തെ കുറിച്ച് വായിച്ചിരുന്നില്ലെങ്കിൽ എന്റെ കാഴ്ചപ്പാടുകൾ ഒരിക്കലും അത്തരമൊരു ജീവിതത്തിലേക്കെത്തുമായിരുന്നില്ല. ഒൻപതുവയസ്സുകാരിയായ കറുത്ത പെൺകുട്ടി. എന്താണ് കറുപ്പിന്റെ രാഷ്ട്രീയം? ഈ ചോദ്യം ഞാൻ കണ്ടത് താരയുടെ ഫെയ്‌സ്ബുക്കിൽ നിന്നാണെന്നാണ് ഓർമ്മ.
അവൾ അത്ര കറുപ്പാണെന്നു ചിത്രങ്ങൾ എന്നോട് പറയുന്നതേയില്ല. പക്ഷെ എന്റെ മുന്നിൽ കണ്ണുകൾ ചുവപ്പിച്ച് നിൽക്കുന്ന ഈ പെൺകുട്ടി...
ലോകത്തെല്ലാം വംശീയതയ്ക്ക് ഒരേയൊരു മുഖമേയുള്ളൂവെന്നും അത് ഈ പെൺകുട്ടിയുടെ മുഖമാണെന്നും ഞാനറിയുന്നു.
അച്ചാമ്മ ഒരു കഥ പറഞ്ഞു തന്നതോർക്കുന്നു...
പണ്ട് കാലമാണ്, ജാതിയും മതവും രാഷ്ട്രീയവുമായി ഇഴപിരിയുന്നതിനും മുൻപുള്ള ഒരു മാടമ്പി രാജാവിന്റെ കഥ. വിശുദ്ധ തോമസ് നേരിട്ട് ജ്ഞാനസ്നാനപ്പെടുത്തിയ എട്ടു സിയാൻ ക്രിസ്ത്യൻ കുടുംബത്തിലെ അംഗമായിരുന്നു അച്ചാമ്മ. അറിയപ്പെടുന്ന ഫ്യൂഡലിസ്റ്റുകൾ. (ഇപ്പോഴും കുടുംബത്തിന്റെ വേരറുത്തിട്ടൊന്നുമില്ല, പലവഴിക്ക് പിരിഞ്ഞവർ കുടുംബത്തിലെ കാരണവന്മാരുടെ പിറന്നാൾ ഫീസ്റ്റുകൾക്ക് കാലാകാലങ്ങളായി ഇപ്പോഴും ഒത്തുകൂടാറുണ്ട്.അവരുടെ കുടുംബത്തിൽ സാമ്പത്തികമായി തീരെ പ്രശ്നത്തിലായത് നമ്മൾ മാത്രേ ഉള്ളൂ എന്ന പപ്പാ ഇപ്പോഴും പറയും... ) അച്ചാമ്മ തീരെ കൊച്ചായിരുന്നപ്പോൾ തൊട്ടയൽവക്കത്തുള്ള മറ്റൊരു ഫ്യൂഡൽ പ്രഭുവായിരുന്ന നാരായണൻ മേനവൻ ഒരു പയ്യനെ മർദ്ധിച്ച കഥയാണത്. പുസ്തകത്തിലും സിനിമകളിലും മാത്രം കണ്ടിട്ടുള്ള കഥകൾ നേരിട്ട് കണ്ടിട്ടുള്ളവർ പറഞ്ഞു തരുമ്പോൾ അതിനു അർത്‌ഥവും രൂപവും ഉറയ്ക്കുന്നു. സത്യങ്ങൾ ആത്മാവിനോട് പറ്റിപ്പിടിക്കുന്നു.
നാരായണൻ മേനവൻ എന്തിനാണ് ആ പയ്യനെ മർദ്ധിച്ചതെന്നു ഇപ്പോഴും അച്ഛമ്മയ്ക്ക് അറിവില്ല. പക്ഷെ ഏറിയാൽ പതിനാലു വയസ്സ് കാണും അവന്. കറുപ്പ് ശരീരത്തിൽ വാരിപ്പൂശിയതു പോലെ, അവന്റെ മേനി എണ്ണ തേച്ചെന്നത് പോലെ മിനുത്തുമിരുന്നു. ഇത്തരം എത്രയോ മിനുത്ത ശരീരങ്ങളിലൂടെ ചുവന്ന രക്തപ്പാടുകൾ വടിയുടെ നീളത്തിനു തിണർത്തു കിടന്നിട്ടുണ്ടാകും എന്ന് അന്ന് അച്ഛമ്മയ്ക്ക് പറഞ്ഞു കൊടുത്തത് അച്ഛമ്മയുടെ അമ്മയായിരുന്നുവത്രെ.
അപ്പോഴേക്കും പ്രഭു കുടുംബങ്ങൾക്ക് മുകളിലേയ്ക്ക് വന്നു കൂടിയ ജനാധിപത്യത്തിന്റെ വേരുകളെ നാരായണൻ മേനവന് പിടിച്ചു നിർത്താനായില്ല. കറുത്ത പയ്യൻ നല്ലൊരു യുവാവായി മാറിയപ്പോഴേക്കും സ്വത്തും അധികാരവും നഷ്ടപ്പെട്ട മേനവൻ വഴിവക്കിൽ കൂനിക്കൂടിയിരിക്കുന്ന വൃദ്ധ ശരീരമായി പരിണമിച്ചിരുന്നു. എത്ര പെട്ടെന്നാണ് ശരീരങ്ങൾ മാറ്റപ്പെടുന്നത്..
മിനുത്ത ശരീരങ്ങൾ വീണ്ടും മിനുക്കപ്പെടുന്നു, പിന്നീടവ ചുളിയപ്പെടുന്നു...
ഗൾഫിൽ പോയി പണം സമ്പാദിച്ച പയ്യൻ പിന്നീട് ആ തറവാട് വിലയ്ക്ക് വാങ്ങിയെന്നും മേനവനെ തറവാടിനോട് ചേർന്ന ചായ്പ്പിൽ ഉറങ്ങാൻ അനുവദിച്ചുവെന്നും അച്ഛമ്മ കേട്ടിട്ടുണ്ട്. ദയാലുവായ കറുത്ത മനുഷ്യൻ.
ഒരു വ്യക്തിയെ അടയാളപ്പെടുത്തേണ്ടത് നിറങ്ങളിലൂടെയാണെന്നു അച്ഛമ്മയ്ക്ക് ആര് പറഞ്ഞു കൊടുത്തതാണാവോ... ഇടയ്ക്കിടയ്ക്കുള്ള കറുത്ത മനുഷ്യൻ എന്ന പദ പ്രയോഗം എന്നെ അലോസരപ്പെടുത്തിയിരുന്നു. എന്നാൽ അച്ഛമ്മയ്ക്ക് അയാളുടെ പേര് ഇപ്പോഴും അറിയില്ല. പാണനും പണിക്കാരനും കറുത്തവനും അല്ലെങ്കിലും പേരുകളില്ലല്ലോ... അവൻ  എപ്പോഴും ജാതിപ്പേരിലും നിറങ്ങളിലും ജീവിതത്തിന്റെ ഒടുക്കം വരെ അറിയപ്പെടുന്നു.

ഏതു രാജ്യത്തും നിറത്തിനു ഒരു തരം അവഗണന തന്നെ നേരിടേണ്ടി വരുന്നു... ഒരുതരം വികാരം തന്നെ അനുഭവിക്കേണ്ടി വരുന്നു.. ഒരേ തരത്തിൽ തന്നെ അവർ കരയുന്നു...
സിയന്നയുടെ കണ്ണുനീർ എന്റെ തലച്ചോറിനെ മരവിപ്പിക്കുന്നു. നോർത്ത് അമേരിക്കയിലെ നഗരസഭാ യോഗത്തിൽ മുന്നിലിരിക്കുന്ന പൊക്കമെത്താത്ത മൈക്കിലൂടെ അവൾ വിളിച്ച് പറഞ്ഞത് ചെന്ന് മാറ്റൊലി കൊള്ളട്ടെ സങ്കടം സഹിക്കാത്ത മനുഷ്യന്റെ ഹൃദയത്തിൽ...
"ഞങ്ങളുടെ മാതാപിതാക്കൾ ഇത്തരത്തിൽ കൊല്ലപ്പെടുന്നത് നാണക്കേടാണ്... അവരുടെ ശരീരങ്ങൾ വഹിച്ചുകൊണ്ട് അടക്കാൻ സെമിത്തേരിയിൽ ഞങ്ങൾ പോകണമെന്ന് പറയുന്നതും നാണക്കേടാണ്.. ഞങ്ങളുടെ കണ്ണുകൾ നീരണിഞ്ഞിരിക്കുന്നു, ശരിക്കും ഞങ്ങൾ കരയാൻ  പാടില്ലാത്തവരാണ്.. ഞങ്ങളുടെ മാതാപിതാക്കൾ ഞങ്ങളുടെ ഒപ്പം എപ്പോഴും ഉണ്ടാകേണ്ടവരാണ്..."
നഗരത്തിലെ കൗൺസിൽ മീറ്റിങ്ങിൽ ഒൻപതു വയസ്സുകാരി സിയന്ന ഒലിഫന്റ് ഇത് പറയുമ്പോൾ യോഗത്തിൽ നല്ലൊരു ശതമാനത്തിന്റെയും കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ പറഞ്ഞത് നോവിക്കുന്ന സത്യമായിരുന്നു. ലോകത്തിൽ എല്ലായിടങ്ങളിലും കറുത്ത വർഗ്ഗക്കാർക്ക് , ജാതിയിലും വർഗ്ഗത്തിലും താഴ്ന്ന ഒരു ജനതയ്ക്ക് ഇതിൽ കൂടുതൽ സത്യാസന്നദ്ധമായ ഒരു വക്താവിനെ കിട്ടാനില്ല. അതായിരുന്നു ഷാർലറ്റ്‌കാരിയായ സിയന്ന.

ആഫ്രിക്കൻ അമേരിക്കൻ വർഗ്ഗക്കാരുടെ മുകളിൽ വെളുത്ത അമേരിക്കൻ പോലീസ് ചെയ്യുന്ന കൊടുംക്രൂരതയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് സിയന്ന എന്ന ഒൻപതു വയസ്സുകാരി. അവളുടെ സംഭാഷണം ഇത്തിരിയെ ഉള്ളൂ എങ്കിലും ഉയർന്ന അവളുടെ സ്വരം ലോകം മുഴുവൻ കേട്ടു ഞെട്ടിത്തരിച്ചു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് സിയന്നയുടെ വികാര നിർഭരമായ പ്രഭാഷണം.

ലോകത്തെല്ലായിടത്തും കറുത്തവർഗ്ഗക്കാരനും ദളിതനും ഒരേ അവഗണനയും പീഡനവും തന്നെയാണ് അനുഭവിക്കുന്നതെന്ന് ഈ വാക്കുകൾ തുറന്നു കാട്ടുന്നു. സംസാരം തുടരുമ്പോൾ തന്നെ സിയന്നയുടെ കണ്ണുകൾ നിറഞ്ഞൊഴുകി, മിനിറ്റുകളോളം അവൾ മൈക്കിന് മുന്നിൽ നിശബ്ദയായി തലതാഴ്ത്തി നിന്നു. ഒരു ഒൻപതു വയസ്സുകാരിയുടെ കണ്ണുനീർ വീണ വാക്കുകൾ പക്ഷെ ഏറെ ധീരമായിരുന്നുവെന്നു യോഗത്തിലെ അംഗങ്ങൾ ഒരേ സ്വരത്തിലാണ് പറഞ്ഞത്. ഇടയ്ക്ക് മൈക്ക് സിയന്നയുടെ പൊക്കവുമായി ചേരാതായപ്പോൾ കറുത്ത വർഗ്ഗക്കാരനായ മറ്റൊരു കുട്ടി വന്ന മൈക്ക് താഴ്ത്തി വച്ച് കൊടുക്കുന്നതും ഞാൻ വീഡിയോയിൽ കണ്ടു.

മരണത്തിന്റെ മുന്നിൽ, അമേരിക്കൻ പോലീസിന്റെ മുന്നിൽ സർവ്വവും തകർന്നിരിക്കുന്ന കറുത്ത വർഗ്ഗക്കാരുടെ പ്രതിനിധി സിയന്ന ഒലിഫന്റ്.
അവൾ നിലവിളിക്കുന്നത് എന്റെ ഹൃദയത്തിലേക്കാണ്...
അവൾ നോക്കുന്നത് എന്റെ കണ്ണിലേക്കാണ്..
അവൾ പറയുന്നത് എനിക്ക് കേൾക്കാനാണ്....
കറുത്തവരും വെളുത്തവരും തമ്മിലുള്ള ഈ അന്തരം ഒരു ഉരുൾപൊട്ടലിൽ ഇല്ലാതായെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു....
എന്റെ പ്രിയപ്പെട്ട സിയാന്നാ ഒലിഫന്റ്... ഞാൻ നിന്നോട് മാപ്പു ചോദിക്കട്ടെ... നീ അനുഭവിച്ച വംശീയതയ്ക്ക്..
നീ അനുഭവിക്കുന്ന അരാഷ്ട്രീയങ്ങൾക്ക്..
നീ അനുഭവിക്കുന്ന ഏകാന്തതയ്ക്ക്...

Saturday, September 10, 2016

എഴുത്തുകളുടെ ലോകം.. 25


-എത്രയോ തവണ ജനിച്ചും മരിച്ചും പിന്നെയും ദ്രവങ്ങളില്‍ വഴുക്കി വീണും എത്ര ജന്‍മങ്ങള്‍.
ഒരിക്കല്‍ ഇരുണ്ട ഗര്‍ഭഗൃഹത്തില്‍ വച്ച് കണ്ണടച്ചു കിടക്കുമ്പോള്‍ ഒരു മൃദു സ്പര്‍ശത്തില്‍ ഞാന്‍ കണ്‍തുറന്നിരുന്നു,
ഉള്ളിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന നനുത്ത പ്രകാശത്തിന്‍റെ അലകള്‍ക്കിടയില്‍ ഒരു സുഖകരമായ ഒച്ച മാത്രം കേള്‍ക്കാനായി...
ജീവന്‍റെ അടിസ്ഥാനശബ്ദം.
ജീവനെ ജീവിതങ്ങളിലേയ്ക്ക് അടുപ്പിക്കുന്ന മധുരമായ ശബ്ദം.
കുഴഞ്ഞു കിടന്ന ഗര്‍ഭദ്രവങ്ങളില്‍ ഞാന്‍ പിന്നെയും അമര്‍ന്നു, എന്തോ മറന്നിട്ടെന്ന പോലെ കണ്ണുകളടച്ചു.
ഒരു പിറവി കൂടി...
വീണ്ടും കണ്ണു തുറക്കുമ്പോള്‍ പുത്തന്‍ വസ്ത്രങ്ങളുടെ ഗന്ധത്തോടൊപ്പം അപരിചിത ലോകത്തില്‍.
ദ്രവങ്ങളിലെന്ന പോലെ കൈ ആഞ്ഞു തുഴഞ്ഞപ്പോള്‍ വായുവിന്‍റെ അദൃശ്യകരങ്ങളില്‍ തട്ടി എനിക്ക് മുറിവേറ്റു.
വീണ്ടും ഞാനാ മധുരമായ ശബ്ദത്തെ ഓര്‍ത്തു, ജീവന്‍റെ ശബ്ദത്തെ..
എനിക്ക് ചിരി വന്നു...
ആദ്യത്തെ പുഞ്ചിരിയെന്നു കരുതി ആരൊക്കെയോ അതാഘോഷിച്ചു, പക്ഷേ എനിക്കറിയാമല്ലോ അത് എന്‍റെ എത്രയോ പഴകിയ ചിരിയാണെന്ന്...
പിന്നെ ഒരിക്കല്‍ കണ്ണു തുറന്നപ്പോള്‍ ഗര്‍ഭത്തില്‍ ഞാന്‍ കേട്ട പോലെയുള്ള ശബ്ദം
എത്ര മധുരമാണത് കേള്‍ക്കുവാന്‍ ...
ഏതൊക്കെ ജന്‍മങ്ങളില്‍ ഞാന്‍ ജനിച്ചു മരിച്ചുവോ അത്രയും ജന്‍മങ്ങളില്‍ എന്നെ കോരിത്തരിപ്പിച്ച ശബ്ദം.
"അമ്മ" എന്ന് അത് സ്വയം പറയുന്നു.

ഇപ്പോള്‍ ഉറപ്പായി ഞാന്‍ വീണ്ടും ഭൂമിയില്‍ ജനിച്ചിരിക്കുന്നു..
ഞാനെന്‍റെ അമ്മയെ വീണ്ടെടുത്തിരിക്കുന്നു...

ആഗ്നസ് ഇത്രയും നന്നായി സാഹിത്യ ഭാഷ ഉപയോഗിക്കുമെന്നെനിക്കറിയില്ലായിരുന്നു. ഒരിക്കൽ പോലും അവളുടെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റോ സ്വന്തമായി എഴുതിയ സാഹിത്യ വാക്കുകളോ ഞാൻ കണ്ടിരുന്നില്ല. മറ്റുള്ള എഴുത്തുകാരുടെ വരികളിൽ അവൾ സ്വയം കണ്ടെടുക്കുന്നതായേ എനിക്ക് തോന്നിയിരുന്നുള്ളൂ... എന്റെ കയ്യിലിരിക്കുന്ന ആഗ്നസിന്റെ ഡയറി ഒരു വെളിപ്പെടുത്തലാണ്, അവളുടെ അക്ഷരങ്ങൾക്ക് കാരിരുമ്പിന്റെ മൂർച്ചയും വസന്തത്തിന്റെ ഭംഗിയും ഉണ്ടെന്നുള്ള കണ്ടെടുക്കൽ... പ്രണയത്തെകുറിച്ചുള്ള അവളുടെ വരികൾ വായിച്ച് എനിക്കവളെ വിളിക്കണമെന്ന് തോന്നി..
വായന തുടരുകയും പ്രണയത്തെ കുറിച്ച് അവൾ അടയാളപ്പെടുത്തിയ വാക്കുകൾക്കു മുകളിലേയ്ക്ക് പക്ഷെ ഞാൻ കണ്ണ് താഴ്ത്തി ഇരുന്നും പോവുകയാണ് ഉണ്ടായത്...

-എത്ര ഉദാത്തമായി ആണ്, പ്രണയത്തെ കുറിച്ച് സംസാരിക്കുന്നത്. എന്നാല്‍ ചിലര്‍ വളരെ ഉറച്ച ശബ്ദത്തോടെ ഇകഴ്ത്തി സംസാരിക്കുന്നതും ഞാന്‍ കേട്ടിട്ടുണ്ട്. അവരൊക്കെയും പ്രണയത്തില്‍ നൊന്തിട്ടുള്ളവരായിരിക്കും എന്ന് കഥകളിലൂടെ പ്രസ്ഥാവനകളിടുകയും ചെയ്യുന്നുണ്ട്. എനിക്കിതേ പറയാനുള്ളൂ, നിങ്ങള്‍ തിരഞ്ഞെടുത്ത വ്യക്തിയില്‍ നിങ്ങള്‍ തിരഞ്ഞത് നിങ്ങളെ മാത്രം. അവളില്‍ എന്തുകൊണ്ട് അവളെ തന്നെ കാണുവാന്‍ ശ്രമിച്ചില്ല?
പരസ്പരം ഒന്നായി ഒരു നദിയാകുവാനാണ്, പ്രണയം പറയുന്നത്. അത് പാടുന്നത് കടലിന്‍റെ പാട്ടാണ്. എപ്പൊഴെങ്കിലും നദി ചെന്നു ചേരുന്ന കടല്‍. കടലേത് നദിയേത് എന്നു തിരിച്ചറിയാനാകാത്ത വിധം അവ ഒന്നാകുമ്പോള്‍ പ്രണയമെന്ന് വിളിക്കപ്പെടുന്നു. പിന്നെ എങ്ങനെ വിഭജിക്കപ്പെടുന്നു?
ശരീരമെന്നത് നിത്യ ദുഖത്തിന്‍റെ ഇടമാകുമ്പോള്‍ തന്നെ പ്രണയത്തിന്‍റെ തീവ്ര അനുഭൂതിയും അനുഭവിക്കാറാക്കുന്നില്ലേ?
എന്നാല്‍ ശരീരത്തിനുമപ്പുറം മനസ്സില്‍ നിങ്ങള്‍ അവളെ കാണുമ്പോള്‍ അവളുടെ രൂപത്തിനേക്കാള്‍ മിഴിവ് പ്രണയത്തില്‍ നിന്ന് പരന്നൊഴുകുന്ന പ്രഭയ്ക്കാകും. അത് തിരിച്ചറിയാനുള്ള വെളിച്ചം നിങ്ങളുടെ ബോധത്തിലുണ്ടായിരുന്നാല്‍ മതി.

പ്രണയത്തെ മഹത്വവത്കരിക്കുമ്പോള്‍ നിങ്ങള്‍ ഭ്രാന്തിന്‍റെ പടുകുഴികളിലേയ്ക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നു എന്ന് ആരോ പറഞ്ഞിരുന്നു. അപ്പോള്‍ എന്താണ്, ഭ്രാന്ത് എന്നു ചിന്തിക്കേണ്ടി വരും. സമൂഹത്തിന്‍റെ അച്ചടിച്ച സ്വഭാവവ്യവസ്ഥിതികളില്‍ നിന്ന് മാറി ചിന്തിച്ചവര്‍ എന്നും ലോകത്തില്‍ ഭ്രാന്തന്‍മാരായിരുന്നിട്ടുണ്ട്. അവര്‍ ഉറക്കെ പറയുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ?
"നിങ്ങള്‍ നിങ്ങളെ നഷ്ടപ്പെടാതെയിരിക്കൂ... ഉള്ളിലേയ്ക്ക് കാതുകള്‍ ചേര്‍ത്തു വയ്ക്കൂ... ഹൃദയത്തെ പോലെ പ്രവര്‍ത്തിക്കൂ...".
എന്തു ചെയ്യാം സമൂഹമവര്‍ക്കു നല്‍കിയത് കൊടും വിഷവും തൂക്കുമരവുമാണ്. സത്യത്തെ നിഷേധിക്കുന്നതിനേക്കാള്‍ പാപമത്രേ അതിനെ നിരോധിക്കുന്നത്. നിങ്ങളിപ്പോള്‍ അതു തന്നയല്ലേ ചെയ്തു കൊണ്ടിരിക്കുന്നതും?

പ്രണയം പാടട്ടെ...
ഉറക്കെ പാടട്ടെ...
പഴി പറയേണ്ടത് പ്രണയിക്കാന്‍ കഴിവില്ലാത്ത നിങ്ങളുടെ ഹൃദയങ്ങളെ മാത്രമാകട്ടെ, ആ വികാരത്തെയല്ല.
ഭ്രാന്തിന്‍റേയും ഭക്തിയുടേയും ആ മനോഹര അവസ്ഥയില്‍ ഓരോ നിമിഷവും ഇടപെട്ടുകൊണ്ടേയിരിക്കൂ. ചിലപ്പോള്‍ വേദനിച്ചും മറ്റുചിലപ്പോള്‍ ആനന്ദിച്ചും ശരീരം പോലുമറിയാത്ത അതിനു പോലുമുള്‍ക്കൊള്ളാനാകാത്ത രതി മൂര്‍ച്ഛയറിഞ്ഞും മനസ്സിനെ ഒറ്റയ്ക്ക് വിടൂ..
അത് പ്രണയിക്കട്ടെ...


ഇത്രയും മനോഹരമായി പ്രണയത്തെ വർണിക്കണമെങ്കിൽ അവൾ എനിക്കും മുൻപേ അത് കണ്ടെത്തിയിരിക്കണമല്ലോ...
ഡയറി അടച്ച് വച്ച് കഴിഞ്ഞ ദിവസം അവൾ അവശേഷിപ്പിച്ച് പോയ ഗന്ധങ്ങളിലേയ്ക്ക് ഞാൻ മുഖം കുനിച്ചു.
അവളവിടെ ഉരുകി ചേർന്നിരിക്കുന്നതായി ഞാൻ സങ്കൽപ്പിച്ചു. ഇപ്പോഴും അവളെന്നെ പുണർന്നിരിക്കുകയാണ്. ആദ്യമായി ഞങ്ങളന്യോന്യം തൊട്ട നിമിഷങ്ങളിലേതു പോലെ വേർപിരിയാതെ ഞാൻ അവളോട് ഒട്ടിച്ചെർന്നിരിക്കുന്നു. അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളിലേയ്ക്ക് അടർന്നു വീഴുന്നു... ഞാനവയെ കളഞ്ഞു പോകാതെ എന്നിലേയ്ക്ക് ചേർത്ത് പിടിക്കുന്നു.
ആ സമയം ആഗ്നസിനെ വിളിക്കണമെന്നും ആ അനുഭൂതികൾ അവളോട് പറയണമെന്നുമെനിക്ക് തോന്നി. മനസ് വിളി കേട്ടെന്നു പോലെ എന്റെ ഫോൺ അപ്പോൾ ബെല്ലടിച്ചു. എന്നുമുള്ള ആഗിയുടെ വിളി... ഇന്നിത്തിരി നേരത്തെയാണ്...
വിരലുകൾക്കും മുൻപ് മനസ്സ് മിണ്ടി തുടങ്ങി  ഞങ്ങളുടേതായ ഭാഷയിൽ, ഞങ്ങൾക്ക് മാത്രം കേൾക്കാവുന്ന ഒച്ചയിൽ...

Thursday, September 8, 2016

ആഗ്നസിന്റെ പ്രണയം 26


-രണ്ടു ദിവസമേ ആയുള്ളൂ അദ്ദേഹത്തിന്റെ കത്ത് വന്നിട്ട്... എന്നിട്ടും വായന പോരാ എന്ന തോന്നൽ വന്നു മുട്ടുന്നു. എന്നും കത്തുകളയാക്കാൻ തോന്നാത്തതെന്തുകൊണ്ടാവണം!
ഒന്നോർത്താൽ ഈ ഓൺലൈൻ ബന്ധങ്ങളുടെ ലോകത്തും നീണ്ട കവറിൽ സ്വന്തം കയ്യക്ഷരത്തിൽ കത്തെഴുതി അയക്കുന്ന എത്രയോ അപൂർവ്വം മനുഷ്യരിൽ ഒരാളാണ് അദ്ദേഹം ...
ജീവിതം വൈകാരികമായി തുടങ്ങിയിട്ട് ഒരു വർഷമാകുന്നു... ഇതുവരെ ഈ ഡയറിയിൽ അദ്ദേഹത്തെ കുറിച്ച് ഒന്നുമെഴുതിയില്ല എന്നതിന്റെയർത്ഥം ഈ ബന്ധത്തെ കുറിച്ച് ഞാനാഴത്തിൽ ചിന്തിക്കുകയായിരുന്നു എന്ന് തന്നെയാണ്.
ആദ്യമായി അദ്ദേഹം എനിക്ക് കത്തയച്ചത്  ഡൽഹിയിൽ ആയിരുന്നപ്പോൾ ആയിരുന്നു എന്നാണെന്റെ ഓർമ്മ. ഇല്ല എന്റെയോർമ്മ തെറ്റില്ല...

ലോകം കാണാൻ ആഗ്രഹിക്കുന്ന സഞ്ചാരിയായ എന്റെ ഭ്രാന്തൻ പ്രണയം. യാത്രകളോടുള്ള ഭ്രാന്തുകൊണ്ടാണ് മറൈൻ എഞ്ചിനീയറിങ് എടുത്തതും കപ്പൽ യാത്രകൾ ആരംഭിച്ചതും. ഒരു യാത്രയുടെ ഇടയിൽ അവരുടെ കപ്പൽ ഇത്തവണ കൊച്ചിയിൽ വന്നിറങ്ങുന്നു... കുറച്ചു മണിക്കൂറുകളുടെ ഇടവേള കിട്ടും, കാണാനുള്ള മോഹം അറിയിച്ചിരിക്കുന്നു...
എനിക്കിത് ആരോടെങ്കിലും പറയണം എന്ന മോഹം അതിന്റെ ഏറ്റവും വലിയ തീവ്രതയിൽ എത്തിയതിപ്പോഴാണ്.
ഫെയ്‌സ്ബുക്കിലോ , വാട്സാപ്പിലോ ഒന്നും ഇല്ലാതെ നീല ബാൾ പേനയുടെ ഗന്ധങ്ങളിലൂടെ അദ്ദേഹമെന്നെ തൊടുന്ന ദിവസങ്ങൾക്കു വേണ്ടി ഭ്രാന്തമായി ഞാൻ കാത്തിരിക്കുന്നത് എനിക്കറിയാം... അപ്പോഴാണ് നേരിട്ട് കണ്ടെത്താനാകുന്ന ദിവസം..
സ്വപ്‌നങ്ങൾ എന്നിലേക്കിറങ്ങി വരുന്നു...

ഞാൻ കണ്ടു..
ഞാൻ തൊട്ടു..
ഞാനറിഞ്ഞു...

പരസ്പരം ഒരു വാക്കു പോലും പറയുന്നതിന് മുൻപ് ഞാൻ അദ്ദേഹത്തെ അമർത്തി ചുംബിച്ചു. അദ്ദേഹം അത് പ്രതീക്ഷിച്ചില്ലെന്ന് തോന്നി. കണ്ണുകളിൽ നക്ഷത്രം മിന്നുന്ന പോലെ തോന്നിച്ചു..
"എന്റെ കൂടെ ദർബാർ ഹാളിൽ വരാമോ?"
-"എന്തെ..."
"എന്റെ ഒരു സുഹൃത്തിന്റെ പെയിന്റിങ് എക്സിബിഷൻ നടക്കുന്നുണ്ട്"
-"ഒത്തിരി ദൂരമൊന്നും പരിധി വിട്ട് പോകാനാകില്ല കുട്ടീ..."
"അത്ര ദൂരമേറെയുണ്ടോ... എറണാകുളം വിട്ടു പോകുന്നില്ലല്ലോ..."
-"ദൂരമേറെയുണ്ട്.."
"എന്നാൽ ഫോർട്ട് കൊച്ചി ആയാലോ.."
-"ഉം..."

ഇത്തിരി വാക്കുകൾ... പക്ഷെ ഓരോ വാക്കുകൾക്കുമുള്ളിൽ ഒരു കടൽ.
അവയെന്നിൽ ആഞ്ഞടിക്കുന്നു, ഹൃദയം തകർത്തെറിയുന്നു...
അദ്ദേഹത്തോടൊപ്പം ഞാൻ നടന്നു, ഫോർട്ട് കൊച്ചിയുടെ വന്യമായ ചൂടിലേക്ക്...
കാറ്റ് വീശാത്ത വൈകുന്നേരങ്ങളിലേയ്ക്ക് ഉഷ്ണിച്ചു നടക്കുമ്പോൾ വരണ്ട തൊണ്ടകളിലേയ്ക്ക് അദ്ദേഹത്തിന്റെ വാക്കുകളെയൊഴിച്ച് ഞാൻ കുളിർപ്പിച്ചു.
-"എന്താ നിന്റെ ഭാവി പരിപാടി?"
"എന്റെ എക്സിബിഷൻ ഒരിക്കലീ ആർട് ഗാലറിയിലുണ്ടാകും.. അന്ന് വരാതിരിക്കാൻ ഞാനനുവദിക്കില്ല.."
-"വരാമെടാ..."
"ഓർക്കുന്നുണ്ടോ, എന്നെ ആദ്യം കാണുന്നത്..."
-"ഹഹ... മറക്കാൻ പറ്റുമോ...---- മാസികയുടെ മുഖചിത്രമായി നീ വരച്ച ചിത്രം കണ്ടപ്പോൾ എന്ത് കൊണ്ടോ നെഞ്ചു ഒന്ന് മിടിച്ചു... എവിടെയൊക്കെയോ ഞാൻ ഉപേക്ഷിച്ച് പോരുന്ന എന്റെ ഗ്രാമത്തിന്റെ നിശബ്ദത അവിടം മുതൽ എന്നെ വേട്ടയാടി തുടങ്ങി, ഒപ്പം നീയും... നിന്നെ ഞാൻ കുറെ തിരഞ്ഞു, ആർക്കുമറിയില്ലായിരുന്നു നിന്നെ കുറിച്ച്.."
"ഞാൻ ഒരു പ്രശസ്ത ചിത്രകാരിയായിരുന്നില്ലല്ലോ..."
-"ഫെയ്‌സ്ബുക്കിൽ ഏറെ തിരഞ്ഞു , പക്ഷെ കണ്ടു കിട്ടിയില്ല..."
"ഹഹ..."
-"ഒടുവിൽ മാഗസിനിൽ നിന്ന് തന്നെ നിന്നെ കിട്ടി"
"എന്റെ ഒരു സുഹൃത്തായിരുന്നു അതിന്റെ ആർട്ട് ഡിസൈനർ... രേഹൻ.."
-"ഉം..."

പിന്നീടൊരിക്കലും അദ്ദേഹത്തിന്റെ കത്തെഴുതുകൾ നിലച്ചതേയില്ല... മാസത്തിലൊന്ന് എന്റെ അവകാശമായി തുടർന്നു... കാഴ്ചകളും അവസാനിച്ചില്ല. എപ്പോൾ കൊച്ചിയിലെടുത്താലും മുടങ്ങാതെ കൂടിക്കാഴ്ചകൾ...
ആറുമാസത്തെ ഇടവേളയിൽ നഗരത്തിലേക്കിറങ്ങുമ്പോൾ ഞാൻ ഒരു അടിമയായി കഴിഞ്ഞിരുന്നു... അദ്ദേഹമില്ലാത്ത ലോകം ആലോചിക്കാൻ ആകാത്തത് പോലെ...
ഹൃദയം പങ്കുവയ്ക്കപ്പെടുന്നിടത്ത് മുറിവേൽക്കപ്പെടുന്ന ശരീരം ബാക്കി വയ്ക്കാനാകില്ല. ജീവിതങ്ങൾ ജീവനുകളിലേയ്ക്ക് നീട്ടപ്പെടുന്നു. അത്രമേൽ പ്രണയത്തോടെ അദ്ദേഹമെന്നെ പുഴയാക്കുന്നു. കടലിലേയ്ക്ക് കുതിയ്ക്കാൻ ഓരോ നിമിഷവും വൈകുന്തോറും വറ്റിപ്പോകും എന്നു ഭീതിയാൽ ഉള്ള ഊർജ്ജം മുഴുവനുമെടുത്ത് കടലിലേക്കോടിയാനയ്ക്കുന്ന പുഴയായി ഞാൻ അലച്ചോഴുകി................

മതി....
ഇനിയും വയ്യ... ആഗ്നസിന്റെ പ്രണയം... അതെന്നെ കടന്നു പോകുന്നത് എനിക്ക് ചിന്തിക്കാനാകുമായിരുന്നില്ല... മറ്റൊരാളോട് അവളടുക്കുന്നത് സങ്കല്പിക്കാനും വയ്യ...
ഇനിയുള്ള എഴുത്തുകൾ എന്റേതല്ല... എനിക്ക് ഒരിക്കൽ ഉണ്ടായിരുന്നത് പോലെ ഒരു സുന്ദരമായ സ്നേഹം അവൾക്കും ഉണ്ടായിരുന്നിരിക്കണം...
എനിക്ക് വീണയെ നഷ്ടമായത് പോലെ അവൾക്കും അയാളെ നഷ്ടമായിട്ടുണ്ടാകണം... അവളിപ്പോഴും അദ്ദേഹത്തിന്റെ കാര്യം പറയാറുണ്ട് എന്നത് തന്ത്രപൂർവ്വം ഞാൻ മറന്നു... മറക്കാനായിരുന്നു എനിക്കിഷ്ടവും...
അവളിലെ വലിയ ശൂന്യതയെ നിറയ്ക്കാൻ എന്റെ സ്നേഹത്തിന്റെ കഴിയൂ എന്ന് ഞാൻ ഉറപ്പിച്ചിരുന്നു. മറ്റാർക്കും കഴിയാത്തത്ര ശക്തിയോടെ അവളെന്നിൽ തുളുമ്പി നിന്നു... ദിലീപ് വന്നത് പോലും അറിയാതെ അവളുടെ ഡയറിയിലൊട്ടി ഞാൻ കിടന്നു.

"താര....."
അമർത്തിയ വിളിയുടെ പരിഭവങ്ങളിലേയ്ക്ക് ഞാനിറങ്ങി ചെല്ലുമ്പോൾ വസ്ത്രം മാറി ദിലീപ് അന്നുവിന്റെ കൂടെ കളിയിലായിരുന്നു..
ഈശ്വരാ ഫ്‌ളാറ്റിന്റെ വാതിലടയ്ക്കാൻ പോലും ഞാൻ മറന്നോ...
"നീ നല്ല ഉറക്കത്തിലായിരുന്നു... വാതിലടച്ച് ഉറങ്ങിക്കൂടെടോ..."
-"സോറി ദിലീപ്... തലവേദനയുണ്ടായിരുന്നു..."
"എന്താ.. മരുന്ന് കഴിച്ചോ... എന്താ..."
-"ഇല്ല.. ഒന്നുറങ്ങിയെണീറ്റപ്പോൾ കുറവുണ്ട്..."
"ആഗ്നസ് പോയതിന്റെ വേദനയാകും"
ദിലീപിന്റെ കുത്ത് എന്റെ ചങ്കിലാണ് കൊണ്ടത്...
എനിക്ക് കരയാൻ തോന്നി...
അടുക്കളയിൽ ചായയുണ്ടാക്കാൻ എന്ന ഭാവത്തിൽ ഗ്യാസിന്റെ മുന്നിൽ ചെന്ന് നിന്ന് ഉള്ളിലെ കരച്ചിലുകളെ അമർത്തിക്കളഞ്ഞു...
ആഗ്നസിന്റെ ഡയറിത്താളുകളിലെ പ്രണയവും ദിലീപിന്റെ ആഗമനവും എന്നെ പാടെ താളം തെറ്റിച്ചിരുന്നുവെന്നു തോന്നുന്നു..
അലസമായ ആ ദിനത്തിന്റെയൊടുവിലാണ് ഞാനതിന്റെ ആഴം തിരിച്ചറിഞ്ഞത്.
ദിലീപിന്റെ സുഹൃത്ത് അനിരുദ്ധൻ വരുമെന്ന് ഇന്നലെ ദിലീപ് എന്നെ വിളിച്ച് പറഞ്ഞിരുന്നതാണ്, വീണ്ടും ദിലീപ് തന്നെ വേണ്ടി വന്നു അതെന്നെയോർമ്മിപ്പിക്കാൻ... ഭക്ഷണം ഉണ്ടാകുമ്പോഴും അത് വിളമ്പുമ്പോഴും പരമാവധി അവരിൽ തന്നെയായിരിക്കാൻ ശ്രമിച്ച് ഞാൻ പരാജയപ്പെടുമെന്ന് എനിക്ക് മനസ്സിലായപ്പോഴാണ് ബെഡ് റൂമിലെ ഇരുട്ടിലേക്ക് ഞാൻ തനിച്ചിരിക്കാൻ പോയത്. പക്ഷെ ഗസ്റ്റിനെ ശ്രദ്ധിച്ചില്ലെന്നു പറഞ്ഞ് ദിലീപ് രാത്രി എന്നോട് പരിഭവം പറഞ്ഞു...
എനിക്കറിയാമായിരുന്നു... അത് ശരിയാണ്.. പക്ഷെ നിയന്ത്രിക്കാൻ കഴിയാത്ത എന്തോ ഒരു വൈകാരികത എന്നെ കീഴടക്കുന്നതായും അതെന്റെ കൈകാലുകളെയും തലച്ചോറിനെ തന്നെയും തളർത്തുന്നതായും ഞാൻ മനസ്സിലാക്കുന്നു...
എനിക്കെന്തൊക്കെയോ സംഭവിക്കുന്നു...
സങ്കടങ്ങളിലേയ്ക്ക് എത്രയെളുപ്പം ഞാൻ വഴുതി വീഴുന്നു...
ഞാൻ എത്ര ബോൾഡ് ആയിരുന്നു എന്നപ്പോൾ ചെറിയൊരു തേങ്ങലോടെ ഞാനോർത്തു.