Wednesday, August 31, 2016

ഭ്രാന്തിന്റെ താളങ്ങൾ..31

കണ്ണുകളിലേയ്ക്ക് ഒരു കടൽ ഒഴുകി വരുന്നു... ഞാൻ സ്വയം കടലാകുന്നു... എന്റെ മുന്നിൽ പ്രകാശത്തിനിടയിൽ നിന്ന് നീണ്ട കയ്യുയർത്തി ആ രൂപം വീണ്ടും താഴേയ്ക്കിറങ്ങി വരുന്നു.. ഞാൻ പണ്ട് കണ്ട ഈശോയുടെ തിരു രൂപത്തിന് മുന്നിൽ കണ്ണുകൾ നിറഞ്ഞ് ഞാൻ നിൽക്കുന്നു...
എനിക്ക് ദാഹിക്കുന്നു..
എനിക്ക് വിശക്കുന്നു..
എനിക്ക് ആനന്ദിക്കണം...
ആഗ്നസിന്റെ പാമ്പിന്റെ ചുരുലുള്ള മുടിയിഴകൾ എന്റെ വിരലുകളെ കടന്ന്  അനന്ത നീലിമയിൽ അലിഞ്ഞു പോകുന്നു...
എനിക്ക് കാണാം മഞ്ഞു മലകൾക്കപ്പുറം അവളിരിക്കുന്നു... അവളെന്നെ നീട്ടി വിളിക്കുന്നു...
വീണ്ടും ഇലഞ്ഞി പൂക്കുന്നു..
എന്റെ ഫ്‌ളാറ്റിന്റെ പൂമുഖപ്പടിയിൽ കാത്തിരിപ്പിലേയ്ക്ക് ആഗ്നസ് എന്ന പ്രണയം പൂക്കുന്നു...

ആശുപത്രി കിടക്കയുടെ മുഷിഞ്ഞ മണങ്ങളിൽ നിന്ന് ഫ്‌ളാറ്റിന്റെ ചൂടിലേക്കെത്തിയിട് ഒരാഴ്ച കഴിയുന്നു...
കഴിഞ്ഞ ഒരാഴ്ചയായി ഞാൻ ശ്രമിച്ചു നോക്കിയിരുന്നു. ബന്ധങ്ങളുടെ അഗ്നികോണുകളിലേയ്ക്ക് പടരാതിരിക്കാൻ ശ്രമിച്ചു കൊണ്ട്, എന്നിലേയ്ക്ക് സ്വയമൊതുങ്ങി, ദിലീപിലേയ്ക്ക് മനസ്സിനെ ചേർത്ത്...

മാനുഷിക ബന്ധങ്ങൾ ഒട്ടും നിസ്സാരമല്ല... വർഷങ്ങൾ കൂട്ടായിരുന്നു പ്രിയപ്പെട്ടവൻ പോലും മറന്നു ഒരാളിലേയ്ക്ക് മനസ്സ് ചായാൻ തോന്നിപ്പിച്ചതെന്താകും? മനസ്സിന്റെ സമസ്യകൾക്ക് കാലം ഉത്തരം നല്കുമായിരിക്കണം, പക്ഷെ എനിക്കിപ്പോൾ ഒരുതരം വേണമെന്ന് തോന്നി. സ്വയം സമാധാനപ്പെടുത്താനും പ്രിയപ്പെട്ടവരേ നോവിക്കാതിരിക്കാനും ഒരു മറുപടി കൂടിയേ കഴിയൂ...

അറിയാതെ മനസ്സ് നീളുന്നു... അവളിലേക്ക്...

ഞാനിപ്പോൾ വല്ലാതെ ഒറ്റപ്പെട്ടു പോകുന്നു. ഭ്രാന്തമായ പടയൊരുക്കത്തിന്റെ നിലവിളികൾ എനിക്ക് തന്നെ കേൾക്കുന്നുണ്ട്. മരുന്നുകളുടെ മയക്കങ്ങൾ വിട്ടൊഴിയുന്നതേയില്ല. വിഷാദം ഊഞ്ഞാലാടി മരക്കൊമ്പുകളിലൂടെ നൃത്തം വച്ച് കളിക്കുന്നു... ആരോ പറയുന്നത് കേട്ടെന്ന പോലെ മനസ്സ് ആടുകയും പാടുകയും നൃത്തം വയ്ക്കുകയും ചെയ്യുന്നു...
പിന്നെ വലിയൊരു പടുകുഴിയിലേക്ക് മുഖമടച്ച് വീഴുകയും ചോരവാർന്ന് നിലവിളിക്കുകയും ചെയ്യുന്നു.. ഇടയ്ക്ക് മയങ്ങളിലേയ്ക്ക് വഴുതിപ്പോകുന്നു...

"അമ്മെ... ആ ഫോൺ ഒന്ന് എടുത്ത് തരാമോ...?"
അമ്മയുടെ രൂക്ഷമായ നോട്ടത്തിനിടയിലും ഞാൻ ഫോണിലേക്കാണ് ആർത്തിയോടെ നോക്കിയത്. വാങ്ങി ആഗ്നസിനെ തപ്പിയെടുക്കുമ്പോൾ അമ്മയുടെ തിളയ്ക്കുന്ന കണ്ണുകളെ ഞാൻ കണ്ടില്ലെന്നു നടിച്ചു.
ആദ്യ വിളിയിൽ തന്നെ എടുത്തത് അവളാണ്.. ആഗ്നസ്...
നാളുകളുടെ ഇടവേളകൾ ഞങ്ങൾക്കിടയിൽ നിന്ന് മഞ്ഞു പോലെ ഉരുകിയൊലിക്കുന്നു...
എന്റെ വിഷാദങ്ങൾ കുടിയൊഴിഞ്ഞു പോകുന്നു.. തലയ്ക്കുള്ളിൽ നിന്നും ഭാരമേറിയ മഞ്ഞു കട്ട ഉരുകിയിറങ്ങി അതെന്നെ തണുപ്പിക്കുന്നുണ്ട്...
ഞാനറിയുന്നു... സ്നേഹത്തിന്റെ മഞ്ഞുകാലം ഞാൻ കൊള്ളുന്നു...
സ്നേഹത്തിന്റെ അധ്യായങ്ങളിലേയ്ക്ക് ഒരു ദിനം കൂടി എഴുതി ചേർക്കപ്പെടുന്നു.
അവളുടെ മുറിവിൽ എന്റെ വിരലുകൾ തൊട്ടിരിക്കുകയാണിപ്പോൾ...
"ഒന്നുമില്ലെടാ... ഞാൻ വീട്ടിലെത്തി ഇന്നലെ... മുറിവ് കരിഞ്ഞു വരുന്നു..
-"എന്തായിരുന്നു.. എന്തിനായിരുന്നു.. എന്നോട് പോലും പറയാതെ നീ..."
"നീ കണ്ടിരുന്നോ എന്നെനിക്കറിയില്ല , കഴിഞ്ഞ മാസം ഞാൻ വരച്ച ഒരു ചിത്രം സോഷ്യൽ മീഡിയയിൽ നിന്നും വൈറലായി. ഒരു ദൈവത്തിന്റെ ചിത്രം. അതിൽ മറ്റൊന്നും ഞാൻ കരുതിയതല്ല, അപ്പോൾ അങ്ങനെ വരയ്ക്കാൻ തോന്നി.. ചെയ്തു, പോസ്റ്റ് ചെയ്തു... പിന്നെ വാട്സാപ്പിലും ഫെയ്സ്ബുക്കിലുമൊക്കെ അത് പറന്നു പോയി... ഭീഷണിയാണ് തുടങ്ങിയത്. സത്യം പറഞ്ഞാൽ അത് ഏതു ദൈവമാണെന്ന് ചോദിച്ചാൽ അതും എനിക്കറിയില്ല. ഹിന്ദുവിന്റെ ആണോ ഇസ്‌ലാമിന്റെ ആണോ യേശുവാണോ.. എല്ലാവരും അതിലുണ്ടായിരുന്നു, അതെല്ലാവരുടെയും മുഖമായിരുന്നു. ഒന്നായ ഒരു ദൈവം നഗ്നനായിരിക്കില്ലേ താരാ... അവൻ ലോകത്തിന്റെ മുന്നിൽ നിൽക്കുമ്പോൾ അവൻ സ്വയം ലോകം തന്നെയല്ലേ താരാ... ആ ഒരു കണ്സപ്റ് മനസ്സിലായില്ലെങ്കിൽ ഞാനെന്തു ചെയ്യാനാണ്.. കോളേജിലിരുന്നപ്പോഴാണ് വളരെ ശക്തമായ ഒരു ഭീഷണി വന്നത്. കൂട്ടുകാർ ഒക്കെ നിർബന്ധിച്ച് മാറി നിൽക്കാൻ പറഞ്ഞത് കൊണ്ടാ യാത്ര വേണ്ടി വന്നത്. നിന്റെ അരികിൽ എന്തോ ഞാൻ സെയ്ഫ് ആയിരിക്കുമെന്ന് തോന്നി.. അത് ശരിയായിരുന്നു.. നീ സെയ്‌ഫും സ്നേഹവുമായിരുന്നു...
നീ എന്റെ ആരൊക്കെയോ ആണെന്ന് എനിക്ക് മനസ്സിലാവുന്നുണ്ട് താരാ..."
-"ഇത്ര പെട്ടെന്ന് നാമെങ്ങനെ ഇങ്ങനെയൊരു ബന്ധത്തിൽ വന്നു ആഗീ..."
"എനിക്കറിയില്ല... ചില ബന്ധങ്ങൾ ഉരുണ്ടു കൂടാനും അത് അങ്ങേയറ്റത്തെ തീവ്രതയിലേയ്ക്ക് വന്നു പെടാനും വളരെ കുറച്ച് സമയം മതി , ഒരു മഴ പെയ്യാൻ തുടങ്ങുന്ന സമയം... നിമിഷ നേരം കൊണ്ട് അത് ചാറ്റലും , പേമാരിയുമൊക്കെയായി മാറും... ഒറ്റയ്ക്ക് നിന്ന് ഭൂമിയെ തണുപ്പിച്ച് പെയ്യും... നമ്മുടെ സ്നേഹം പോലെ... നീ കണ്ടോ... ഇവിടിപ്പോ മഴച്ചാറ്റലുണ്ട്... എനിക്ക് നിന്നെ കാണാൻ തോന്നുന്നു... ഒന്നിച്ചോരു മഴ നനഞ്ഞാലോ... "
-"ഞാൻ വരട്ടെ... "
"നീ വാ..."
എനിക്കറിയാം അവൾ വരില്ല.... പക്ഷെ അരികിലുള്ളത് പോലെ എന്നെ ഹൃദയം കൊണ്ട് നനയ്ക്കും...
ഞാനിപ്പോൾ ഓർക്കുന്നു, ആദ്യമായി അവളെന്റെ കയ്യിൽ തൊട്ടത്. എത്ര പ്രണയാതുരമായ , നിശബ്ദമായ സ്പർശനം...
ആദ്യമായി നോട്ടങ്ങൾ തമ്മിൽ ഇടഞ്ഞു മഴ പോലെ പൊട്ടിയൊലിച്ച്ഒഴുകി പോയത്... ഞങ്ങളിരുവരും അതിലൊഴുകി മറഞ്ഞത്, ഒടുവിൽ കണ്ണെത്താത്ത , വിജനമായ വഴികളിൽ ചെന്ന് മരമായി പൂത്തത്...
ദിലീപിന്റെ തിളയ്ക്കുന്ന നോട്ടത്തെ ഞാൻ വരവേറ്റത് ആഗ്നസിനു നൽകാൻ ബാക്കി വച്ച ഹൃദ്യമായ പുഞ്ചിരിയോടെയായിരുന്നു...
"നീ എന്തെങ്കിലും ഒന്ന് തീരുമാനിക്കണം താരാ..."
-"എന്താ ദിലീപ് ഉദ്ദേശിക്കണേ..?"
"ഞാൻ എന്താ ഉദ്ദേശിക്കുന്നതെന്ന് നിനക്ക് നന്നായി അറിയാം... അവളോ ഞാനോ രണ്ടിലൊരാൾ മതി നിനക്ക്... അത് ഞാൻ വേണോ അവള് വേണോ എന്ന് നിനക്ക് തീരുമാനിക്കാം... കേട്ടില്ലേ... നിനക്ക് തീരുമാനിക്കാമെന്ന്..."
-"ദിലീപ് എന്താ പറയുന്നത്... ഞങ്ങൾ തമ്മിൽ അങ്ങനെയൊന്നും..."
"ഞാൻ എന്താ പറയുന്നതെന്ന് നിനക്ക് നല്ല ബോധ്യമുണ്ട്. അവളെയും എന്നെയും ഒന്നിച്ച്‌  ഒരിക്കലും നിനക്ക് കൊണ്ട് പോകാൻ പറ്റില്ല താര... അത് ലോക നീതിയല്ല. എനിക്ക് മനസിലാകുന്നില്ല നിനക്കെന്താ വേണ്ടതെന്ന്... നിനക്ക് എന്നെയും മോളെയും വേണമെങ്കിൽ ഈ ബന്ധം അത് പറ്റില്ല , ഇനി അവളെ വേണമെന്നാണെങ്കിൽ ഞങ്ങൾ ഒഴിവായി തരാം.."
എനിക്ക് വീണ്ടും തല ചുറ്റി... ഉറക്കെ കരയണമെന്നും എന്നെ തന്നെ വെറുക്കണമെന്നും തോന്നി... ദിലീപ് മുറി വിട്ട് ഇറങ്ങിപ്പോയതോ , ഞാൻ വീണ്ടും ഏകാന്തതയുടെ കോടീശ്വരിയായതോ ഞാൻ അറിഞ്ഞില്ല..
പിന്നെയും ദിവസങ്ങളോളം ആ മുറിയിൽ ഞാനാ കിടപ്പ് തുടർന്നു ... ഇടയ്ക്ക് മഴ ഇരച്ചു പെയ്തതോ, പറമ്പിലെ ഇലഞ്ഞി നിറഞ്ഞു വീണ്ടും പൂത്തതോ ഞാനറിഞ്ഞില്ല.
ഏകാന്തതയുടെ ഏറ്റവും വലിയ സങ്കടങ്ങളിലേയ്ക്ക് ഞാൻ ചുമ്മാതെ നോക്കിയിരുന്നു... ചില നേരങ്ങളിൽ ദേഷ്യത്തിന്റെ വരണ്ട നീലിമ എന്നെ ഉരുക്കിയിറക്കി, കണ്ണിൽ കണ്ട സാധനങ്ങളിൽ അത് ഞാൻ പ്രയോഗിക്കുകയും ചെയ്തു. തലയിണയുടെ കവറുകൾ കീറിപ്പോകുന്നതും അമ്മയത്  മാറ്റിയിടുന്നതുമൊന്നും ഞാനറിഞ്ഞിരുന്നില്ല. ഇടയ്ക്കിടയ്ക്ക് ദിലീപ് കടന്നു വരുമ്പോൾ മാത്രം ഞാൻ പഴയ താരയാകാൻ വൃഥാ ശ്രമിച്ചു. ഇടയ്ക്ക് പരാജയപ്പെട്ടു ഏറ്റവും നിസ്സംഗതയോടു കൂടി ദിലീപിനെ നോക്കി.. ഏതു ഭ്രാന്തിലും എനിക്ക് തിരിച്ചറിയേണ്ട രണ്ടു ബോധങ്ങൾ, ആഗ്നസും ദിലീപും മാത്രമാണെന്നെനിക്കു തോന്നി... അവയില്ലാതെ ഞാനെത്ര അപൂർണയെന്നും കണ്ടെത്തുന്നു... ആഗിയുടെ നേർത്ത ഒച്ചകൾ ഹൃദയം വിറപ്പിക്കുന്നു. എന്താണ് എനിക്ക് പ്രണയം....
എന്റെ പ്രണയം മഞ്ഞിന്റെ മടക്കുകളിൽ പുഷ്പിക്കുകയും ഇലഞ്ഞി പൂക്കളിൽ ഗന്ധം പരത്തുകയും വൈൻ കുപ്പികളിൽ ലഹരിയായി പടരുകയും എന്റെ ആത്മാവിൽ ഞാനായി തീരുകയും ചെയ്യുന്നു...
എന്റെ പ്രണയമേ... നാമൊരു തോണിയിലെ യാത്രക്കാർ... ഒരേ ദിക്കിലേക്ക് തുഴയുന്നവർ... എന്നെങ്കിലുമൊരിക്കൽ തീരമെത്തുമ്പോൾ പരസ്പരം കൈകൾ പങ്കിട്ട് ആത്മാവിനെ തിരിച്ചറിയേണ്ടവർ....
കാത്തിരിപ്പുകൾ തുടരട്ടെ.. അനാഥമായി നീളുന്ന വഴികളും നിന്റെ ഓർമ്മകളും കൂട്ടിരിക്കട്ടെ...
ആരോരുമറിയാതെ പരസ്പരം നാം ചായട്ടെ...
വെയിലിലേയ്ക്ക് , മഞ്ഞിലേയ്ക്ക് , മഴയിലേക്ക് നമ്മെ പടർത്തട്ടെ...
ദിലീപിന്റെയും ആഗിയുടെയും മുഖങ്ങളിലേയ്ക്ക് മനസ്സുകൊണ്ട് നോക്കി തുലാസിൽ അളന്നെടുക്കാൻ ആകാത്ത എന്റെ ഹൃദയം തുളുമ്പി പെയ്യുന്ന സ്നേഹത്തെ ഞാൻ തലയിണയിലേയ്ക്ക് പെയ്തിറക്കി....
കാലം ഉത്തരം പറയട്ടെ....
ചില ചോദ്യങ്ങൾ അങ്ങനെയല്ലേ...
മനുഷ്യന്റെ നിലപാടുകൾക്കും ചിന്തകൾക്കും ഊഹങ്ങൾക്കും അപ്പുറമുള്ള ചില ചോദ്യങ്ങൾ, അവ ദൈവം മനുഷ്യനോട് ചോദിക്കുന്നതാകുന്നു. പകരംവയ്ക്കലുകൾ അല്ല ഉത്തരങ്ങൾ എന്ന് മനസ്സിലാക്കിത്തരുന്നു. കാലം മാത്രമാണ് ഉത്തരങ്ങളുടെ അധിപൻ എന്ന് എവിടെയോ കുറിയ്ക്കപ്പെട്ടിരിക്കുന്നു...
ദിലീപും ആഗിയും ഞാൻ തന്നെയാകുന്നു.... പക്ഷെ എനിക്ക് താരയാകേണ്ടിയിരിക്കുന്നു... മെത്തയിൽ നിന്നും ഞാൻ മെല്ലെയെഴുന്നേറ്റു... തലയിണയുടെ മൃദുലതയ്ക്കു മുകളിൽ കരച്ചിലുകളെ കളഞ്ഞ് നെഞ്ചിലൊരു കടലും പേറി ചിരിക്കുന്ന വെയിലിലേയ്ക്ക് പിന്നെ ഞാൻ പതുക്കെ ഇറങ്ങി നടന്നു... എനിക്കുള്ള ഉത്തരങ്ങൾ ഓരോ വെയിൽത്തുമ്പിലും തിരഞ്ഞ്... തിരഞ്ഞ്...