Saturday, September 16, 2017

kaali 1

മൈലുകൾ പിന്നിടുന്ന ഒരു യാത്രയുടെ അപ്പർ ബർത്തിൽ മയങ്ങാതെ കയ്യിലിരുന്ന പുസ്തകത്തിന്റെ ചുളിവുകളിലേയ്ക്ക് മുഖമാഴ്ത്തിയിരുന്നു ഭദ്ര. പേപ്പറിന്റെ ഗന്ധം ടാക്സി പിടിച്ച് തലച്ചോറിലേക്ക് കട്ട് പോലെ ചീറിയടിക്കുന്നു. അല്ലെങ്കിലും ചില ഗന്ധങ്ങൾ അങ്ങനെയല്ലേ, ഭദ്രയോർത്തു.
എത്ര കാലങ്ങൾ കഴിഞ്ഞാലും ഇറങ്ങി പോകാത്ത ചില മണങ്ങളുണ്ട്.
ആദ്യ മഴയിൽ നിന്നും അരിച്ചു കയറുന്ന പുതുമണ്ണിന്റെ മണം,
നീല പേന കൊണ്ട് എഴുതി നിറച്ചു വച്ച വെളുത്ത പേപ്പറിന്റെ കൊതിപ്പിക്കുന്ന ഗന്ധം,
ഒരു ടിൻ നിറയെ അടച്ചു വച്ചിരിക്കുന്ന അടുക്കളയിലെ കാപ്പി മണം...
വായി തീരാത്ത പുസ്തകത്തിന്റെയും, തീർന്നു കഴിഞ്ഞ ശേഷമുള്ള പുസ്തകത്തിന്റെയും മണം...
എത്രയെത്ര എണ്ണിയാലൊടുങ്ങാത്ത ഗന്ധങ്ങളാണ് ചുറ്റും ഓരോ നിമിഷവും കിടന്നു വട്ടം കറങ്ങുന്നത്. കര കരാ എന്ന് ഉറക്കെ കേൾക്കുന്ന ട്രെയിനൊച്ചകളിൽ നിന്നും അകത്തെ ബോഗിയിലെ ഗന്ധങ്ങളിലേയ്ക്ക് ഭദ്ര മൂക്ക് വിടർത്തി.
അപ്പോൾ അതുവഴി നടന്നു പോയ തനിക്കിഷ്ടമില്ലാത്ത എന്തൊക്കെയോ മസാലകൾ ചേർത്ത ഭക്ഷണത്തിന്റെ സ്വാദ് അവളെ ഒന്ന് മടുപ്പിച്ചു. ചെന്ന് കയറാൻ പോകുന്ന സ്ഥലം ഭക്ഷണങ്ങളുടെ പറുദീസയാണ്. സ്വപ്നങ്ങളുടെ താഴ്വരയാണ്...
കയ്യിലിരുന്ന പുസ്തകം "കാളിയുടെ കരച്ചിലുകൾ" ഒന്ന് വിറച്ച പോലെ ഒരു ട്രെയിനിരമ്പലിൽ അവൾക്കു തോന്നി.
"അതെ.... എന്റെ കാളി, നിന്നെ കാണാൻ വേണ്ടി തന്നെയാണ് ഈ യാത്ര...  നിന്റെ അലഞ്ഞു നടക്കലുകൾ , നിന്റെ വഴികൾ, നിന്റെ പെണ്മയുടെ ഗന്ധം...."
ഭദ്ര പുസ്തകത്തിന്റെ ഉള്ളിലേയ്ക്ക് നോക്കി ആരും കേൾക്കാതെ പറഞ്ഞു. താഴത്തെ ബർത്തിൽ സരോദ് സുഖമായി ഉറങ്ങുന്നു. ട്രെയിനിൽ കയറിയപ്പോൾ മുതൽ തുടങ്ങിയതാണ് അവന്റെ ഉറക്കം.
ദൈവമേ വീട്ടിലെങ്ങാനും അറിയണം, ഭദ്രയ്ക്ക് ഉടൽ തരിച്ചു. മുകളിലെ ബർത്തിൽ ഒരു വശം തിരിഞ്ഞു കിടന്നു കൊണ്ട് അവൾ വീട്ടിലേയ്ക്ക് വിളിച്ചു.
"എവിടെത്തിയെടീ....", അമ്മയുടെ കരച്ചിൽ ചോദ്യത്തിൽ അവൾ ചിരിച്ചു.
"ചെന്നൈ കഴിഞ്ഞു അമ്മെ... ഒരു ദിവസം കൂടി എടുക്കും.. ഇങ്ങനെ ആധി പിടിക്കാനെന്താ ഞാൻ കുട്ടിയൊന്നുമല്ലല്ലോ"
ലോകത്ത് എത്രയോ പെൺകുട്ടികളും ആൺകുട്ടികളും അവരുടെ മാതാപിതാക്കളോട് ഇതേ ക്ളീഷേ ചോദ്യം ചോദിച്ചിട്ടുണ്ടാകുമെന്നപ്പോൾ അവളോർത്തിട്ടുണ്ടാകണം... എങ്കിലും ആവർത്തിക്കുന്ന ആധി പിടിച്ച വാക്കുകളിലൂടെ ഒറ്റയ്‌ക്കെന്ന പോലെ അവൾ മറുപടികൾ നല്കിക്കൊണ്ടേയിരുന്നു. സരോദിനോടുള്ള അടുപ്പം വെട്ടിൽ അറിയാം, പക്ഷെ വിവാഹത്തിന് മുൻപ് അവനോടൊപ്പം ഇത്ര നീണ്ടൊരു യാത്ര പോയെന്നറിഞ്ഞാൽ ചിലപ്പോൾ നീളുന്ന ചോദ്യം ചെയ്യലുകൾ താങ്ങാൻ പറ്റിയെന്നു വരില്ല. അടുത്ത കൂട്ടുകാരോട് പോലും അതുകൊണ്ടു സരോദിന്റെ സാമിപ്യം മറച്ചു പിടിച്ചത് നന്നായെന്ന് ഭദ്രയ്ക്ക് തോന്നാതെയിരുന്നില്ല.

താഴെക്കൂടി നടന്നു പോയ ബംഗാളി മുഖമുള്ളൊരാൾ അവളെ കണ്ണെത്തി നോക്കി. നാട്ടിലിപ്പോൾ ഈ മുഖങ്ങൾക്ക് യാതൊരു പഞ്ഞവുമില്ലല്ലോ. ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ പോലും സീറ്റു കിട്ടാൻ അനുഭവിച്ച ബുദ്ധിമുട്ടു ചെറുതല്ല. ആഴ്ചയിൽ ഒരിക്കലുള്ള സ്‌പെഷ്യൽ ട്രെയിനിൽ നീണ്ട ക്യൂ. പ്രവാസികളാക്കപ്പെട്ട ബംഗാളി പുരുഷന്മാരുടെ വല്ലപ്പോഴുമുള്ള സ്വന്തം സ്വത്വം തേടിയുള്ള മടക്കത്തിനിടയിലെവിടെയോ മറ്റൊരാളുടെ സ്വത്വത്തിലേയ്ക്ക് ബലം പ്രയോഗിച്ച് എത്തിയവളാണ് താനെന്നു ഭദ്രയ്ക്ക് തോന്നാൻ ആരംഭിച്ചു.
നിരഞ്ജൻ റോയിയുടെ കാളിയുടെ കരച്ചിലുകൾ വീണ്ടും വിളിക്കുന്നു.
കുറച്ചു എഴുത്തും ഭ്രാന്തുമുള്ള ഒരു പത്രക്കാരിയ്ക്ക് എന്നെങ്കിലും പോകേണ്ട ഒരു സ്ഥലമാണ് കൊൽക്കൊത്ത എന്ന് ആദ്യം പറഞ്ഞത് പത്രത്തിന്റെ എഡിറ്റർ ഇൻ ചാർജ്‌ജാണ്.
അത് കേട്ടപ്പോൾ ആ ഏറ്റവും പുരാതനമായ മോഹം ഒന്ന് വെളിച്ചം കണ്ടെന്ന പോലെ പൊടി അണിഞ്ഞ ചിറകുകൾ ഒന്നുകൂടി വീശി നോക്കി. പറക്കുവാനുള്ള ആരോഗ്യം നഷ്ടപ്പെട്ടുവോ എന്ന അന്വേഷണമായിരുന്നു അത്.
ഇതുവരെ പറക്കാതെ ഇരുന്നിട്ടും ഒരു ചിറകടിയിൽ തളർച്ചയൊക്കെ മാറി ഉയരത്തിൽ ഉയരത്തിൽ പറക്കാൻ കഴിയുമെന്ന തോന്നലിൽ കയ്യിൽ കിട്ടിയതാണ് കാളിയുടെ കരച്ചിലുകൾ.
ഒരു വായനയിൽ ഭദ്ര തകർന്നു പോയി.
മുന്നിൽ ആജാനു ബാഹുവായി വന്നു ഇത്ര നാൾ നിന്ന കാളി എന്ന രൗദ്ര ദേവതയുടെ കരച്ചിലുകളിൽ ഭദ്രയ്ക്ക് കരച്ചിൽ പൊട്ടി.
ഒരു സ്റ്റോറിയുടെ പേരും പറഞ്ഞു ഒരാഴ്ചത്തെ അവധിയെടുത്ത് കൊൽക്കത്തയ്ക്കുള്ള ട്രെയിൻ പിടിക്കുമ്പോൾ ഭദ്രയുടെ മുന്നിൽ കാളീഘട്ടിലെ അതുവരെ കാണാത്ത കാളിയുടെ വിഗ്രഹവും കാളീ മുഖമുള്ള പെണ്ണുങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളു.
അപ്പർ ബർത്തിന്റെ ഇത്തിരി വലിപ്പത്തിൽ കാളിയുടെ തണുത്ത ഉടലിനെ തൊട്ടു അവൾ വീണ്ടും വായനയിലേക്ക് നടന്നു.
അപ്പോൾ തറയിലൂടെ നടന്നു പോയവർക്കൊക്കെ നോവലിലെ കഥപാത്രങ്ങളുടെ മുഖങ്ങളുള്ളതായി അവൾക്ക് തോന്നി.
വായന പിന്നെ അകത്തും മനനം പുറത്തുമായി.
നീണ്ടു കിടക്കുന്ന ട്രെയിനിലെ ഇടനാഴിയിൽ കൂടി ദൂരെ നിന്ന് കാളി നടന്നു വരുന്നതായും അടുത്തൂടെ നടന്നു പോയതായും അവൾ കണ്ടു.
കൊൽക്കത്തയിൽ ചെല്ലുമ്പോൾ നിരഞ്ജൻ റോയിയെ കാണണം... അയാളുടെ കൈകൾ മുത്തണം...

Friday, September 15, 2017

മടക്കയാത്ര 35സംഘടിത പ്രവർത്തകരുടെയൊപ്പം സരോദും ഭദ്രയും പിയാലിന്റെ മുന്നിൽ നിൽക്കുമ്പോൾ അവർ ഇരുവരും നിശ്ശബ്ദരായിരുന്നു. അപ്പോഴും ഭദ്രയുടെ ലക്ഷ്യങ്ങൾ ആർക്കു മുന്നിലും വെളിപ്പെട്ടില്ല. പക്ഷെ പിയാൽ മായ്ക്ക് അത് വെളിപ്പെട്ടത് പോലെ തോന്നി.
"ഭദ്രയെ അങ്ങനെ ഇവിടുന്ന് പറഞ്ഞയക്കാനൊന്നും ആകില്ല അരുണിമ. ഇവൾ വന്നതിൽ പിന്നെ ഇവിടെ വന്ന മാറ്റങ്ങൾ ചെറുതല്ല.", പിയാൽ മാ അപ്പോഴും ഭദ്രയെ മടക്കി വിടാൻ മടിച്ച് നിന്നു.
"നിങ്ങൾ വിചാരിക്കുന്നത് പോലെ വിശപ്പ് സഹിക്കാനാകാതെ, ആരെങ്കിലും ചതിച്ചു കൊണ്ട് വന്നതൊന്നുമല്ല ഈ കുട്ടിയിവിടെ. ഇവരുടെ കഥ കേട്ടാൽ നിങ്ങൾക്കും അത് മനസ്സിലാകും. "-
"ഞാൻ കേട്ടു.. ഇവൾ പറഞ്ഞ കഥകളും പറഞ്ഞു കൊടുത്ത കഥകളും
ഒക്കെ ഞാനിവിടെ നിന്നാലും അറിയും. എത്ര വരെ, എങ്ങനെയൊക്കെ മുന്നോട്ടു പോകുമെന്ന് നോക്കിയിരിക്കുകയായിരുന്നു. പക്ഷെ നിസ്സാരക്കാരിയല്ല ഈ പെൺകുട്ടി. പിന്നെ ഇവളെ അത്ര പെട്ടെന്ന് കടത്തിക്കൊണ്ടു പോകാമെന്നാണോ നിങ്ങൾ കരുതുന്നത്?"
"ആര് കടത്തിക്കൊണ്ടു പോകുന്നു പിയാൽ മാ... തൊഴിൽ മടുത്ത പലരെയും നിങ്ങൾ സ്വന്തം ജീവിതം ജീവിക്കാൻ അവരവരുടെ ഇടങ്ങളിലേക്ക് പറഞ്ഞയക്കാറില്ലേ? ഇല്ലെന്നൊന്നും പറയേണ്ടതില്ല. പക്ഷെ വിധവകളാക്കപ്പെട്ട് വരുന്നവർ എങ്ങോട്ടു പോകാൻ. വീട്ടിൽ നിന്നും അപശകുനമായി ആട്ടിയിറക്കപ്പെട്ടു വരുന്നവർ എങ്ങോട്ടു പോകാൻ... പക്ഷെ ഭദ്ര അങ്ങനെയല്ല. അവൾ നിങ്ങൾക്ക് വേണ്ടി എത്തിയവളാണ്. ഇപ്പോൾ മടങ്ങണമെന്ന് അവൾക്കു തോന്നുന്നു. നിങ്ങൾക്ക് സമ്മതിച്ചെ പറ്റൂ..."-
"നിനക്ക് മടങ്ങാറായോ ഭദ്രാ?"-
പിയാൽ മായുടെ ചോദ്യത്തിലേക്ക് തെളിഞ്ഞ കണ്ണുകളുയർത്തി ഭദ്ര സംസാരിച്ചു.
"പോകണം പിയാൽ മാ... ഇനി ഇവിടെ എന്റെ ആവശ്യമില്ല. ഇപ്പോഴും എന്ത് പ്രേരണയാലാണ് ഇങ്ങനെ ഞാനെത്തിയതെന്ന് എനിക്കറിയില്ല. ഞാനിങ്ങനെയൊന്നും ആയിരുന്നില്ല. പക്ഷെ കാളിമാ തന്ന ശക്തിയായിരിക്കണം... വായന തന്ന തോന്നലായിരിക്കണം. സരോദ് പറയുന്നു എനിക്ക് മാനസിക രോഗമാണെന്ന്.. ആയിരിക്കാം, നാട്ടിൽ ചെന്നാൽ എങ്ങനെ അവിടവുമായി ഞാൻ വീണ്ടും പൊരുത്തപ്പെടും എന്നെനിക്കറിയില്ല. ഒരു സാധാരണ നാട്ടിൻപുറത്തുകാരി, പെൺകുട്ടിയായിരുന്നു ഞാൻ. അമ്പലത്തിലും വീടിനുള്ളിലും കാളീ രൂപങ്ങൾ കണ്ട് ആദ്യം ഭയന്നും പിന്നെ സ്വയം കാളിയായും അഭിനയിച്ചു നടന്നവൾ. കാളീഘട്ടിലേയ്ക്ക് ഏതോ നിയോഗം പോലെ ആകർഷിക്കപ്പെട്ട് എത്തിയവൾ. നിരഞ്ജൻ റായിയുടെ "കാളിയുടെ തിരുവിരൽ" വായിക്കപ്പെട്ട് ഒറ്റപ്പെട്ടു അലഞ്ഞു നടക്കുന്ന കാളിയെ ആവാഹിക്കാൻ ആഗ്രഹിച്ചവൾ... കാളി ഒരുപക്ഷെ കുടിയിരിക്കുന്നത് നിങ്ങളൊക്കെ തൊട്ടു തൊഴുന്ന ആ ചിത്രങ്ങളിലാണെന്നു വിചാരിച്ചവൾ... എന്നെ പോലെ എല്ലാ സ്ത്രീകളെയും ചിന്തിപ്പിക്കണമെന്നു തോന്നി. സാധാരണ സ്ത്രീയാകാൻ എളുപ്പമാണ്, ജീവിച്ചു തീർത്താൽ മതി കിട്ടുന്ന ജീവിതം. പക്ഷെ ചരിത്രത്തിൽ കുറിച്ച് വയ്ക്കപ്പെടാൻ അവൾ അസാധാരണയായി ജീവിക്കണം. എനിക്ക് കാളിയാകാനായിരുന്നിരിക്കണം നിയോഗം. എനിക്കറിയില്ല പിയാൽ മാ... ഞാൻ നാട്ടിൽ പോയാൽ എങ്ങനെ അതിജീവിക്കുമെന്ന്.. സരോദ് എന്റെ ഒപ്പം ഇനി ഉണ്ടാകുമോ എന്ന് പോലും അറിയില്ല. ഞാൻ അവനെ പരാതി പറയില്ല, ഞാൻ തിരഞ്ഞെടുക്കപ്പെട്ടവളാണ്... ഗന്ധർവ്വൻ തൊട്ടപോലെ ബാധ കയറിയ പെണ്ണ്... ഭഗവതി കയറിയ പെണ്ണ്... ഞാൻ ജീവിക്കും പിയാൽ മാ.. എനിക്ക് ജീവിച്ചേ പറ്റൂ..."
പിയാലിനു പിന്നെ ഒന്നും പറയാനുണ്ടായിരുന്നില്ല.
ഭദ്ര മടങ്ങേണ്ടവൾ തന്നെയാണെന്ന് അവരുടെ ഉള്ളിൽ നിന്നാരോ പറഞ്ഞുകൊണ്ടേയിരുന്നു .
"മടക്കയാത്ര എപ്പോഴാണ്..."-
പിയാലിന്റെ ചോദ്യങ്ങൾക്കു നേരെ മുഖമുയർത്തി സരോദ് നിറഞ്ഞ നന്ദിയോടെ നോക്കി.
"ഇപ്പോൾ തന്നെ..." അരുണിമയാണ് മറുപടി പറഞ്ഞത്.
യാത്ര പറഞ്ഞിറങ്ങുമ്പോൾ ഒഴിഞ്ഞ പതിമൂന്നാം നമ്പർ കട്ടിൽ അവളെ നോക്കി നിലവിളിച്ചു. ആ കണ്ണുനീർ പിന്നെ ഓരോ കട്ടിലുകളും പ്രതിധ്വനിപ്പിച്ചു. അവരുടെ നിലവിളി തെരുവുകൾ പിന്നെ ഏറ്റെടുത്തു.
ചുവന്ന കണ്ണുകളോടെ തെരുവിന്റെ പുറത്തെത്തുമ്പോൾ കാറിൽ നിരഞ്ജൻ റായി ഉണ്ടായിരുന്നു. തെരുവിന് പുറത്തെ ചെറിയ കരിങ്കാളി വിഗ്രഹത്തിലേയ്ക്ക് പാളി നോക്കിക്കൊണ്ട് അവൾ അതിനടുത്തെത്തി. കാളിയുടെ ചുവന്നു പുറത്തേയ്ക്കു തെറിച്ചു നിൽക്കുന്ന നാവിൽ തൊട്ടപ്പോൾ തണുത്ത ഒരു കാറ്റ് ഉടലിനെ തുളഞ്ഞു കടന്നു പോയപോലെ അവൾക്ക് തോന്നി. വല്ലാതെ ശക്തി ചോർന്നു പോയത് പോലെ ഭദ്ര തളർന്നു പോയി. സരോദിന്റെ തോളിൽ ചാരി നിരഞ്ജന്റെ കാറിൽ കാറിൽ കയറുമ്പോൾ സരോദ് സംഘടിത പ്രവർത്തകർക്ക് നന്ദി പറഞ്ഞു.
"ഇനി ആരും വരാതിരിക്കട്ടെ...സന്തോഷമായി ഇരിക്കൂ..." അവരുടെ അനുഗ്രഹങ്ങൾ ചുറ്റും മഴയായി പെയ്തു തുടങ്ങി.
ചാറ്റൽ മഴ തുള്ളികൾ നിറഞ്ഞ കാറിന്റെ വശത്തെ ഗ്ളാസ്സിലൂടെ തെരുവ് കണ്ടപ്പോൾ ഭദ്രയ്ക്ക് കരച്ചിൽ പൊട്ടി.
ഒന്നും മനസിലാകുന്നില്ല... ഒന്നും...
എന്തിനായിരുന്നു എല്ലാം...
ഇപ്പോൾ മനസ്സിലാകുന്നുണ്ട് അന്നൊരിക്കൽ വിരഹാർത്തയായി ഒരു നഗരം ചുട്ടെരിച്ചു തെരുവിലൂടെ അലഞ്ഞു നടന്ന കാളിയുടെ ദുഃഖം...
ഒരേ സമയം ഉന്മാദവും ദുഖവും പേറുന്നവൾ...
എന്തൊക്കെയോ നഷ്ടപെട്ടവളേ പോലെ ഭദ്ര കാറിന്റെ ഉള്ളിലെ തണുപ്പിലേക്ക് പറ്റിക്കൂടിയിരുന്നു. റെയിൽവേ സ്റ്റേഷനിൽ വച്ച് നിരഞ്ജൻ റായ്‌യോട് യാത്ര പറഞ്ഞത് സരോദാണ്. ഭദ്രയ്ക്ക് വാക്കുകൾ പിന്നെ നാവിൽ നിന്നും വന്നതേയില്ല.
ട്രെയിനിൽ സരോദിനെ തൊട്ടിരുന്നപ്പോൾ മൗനം ഉടച്ചെറിഞ്ഞു അവൾ മെല്ലെ അവനോടു ചോദിച്ചു,
"നീ ഇനിയും എന്നെ സ്വീകരിക്കാൻ തയാറാണോ സരോദ്... എല്ലാം അറിഞ്ഞു കൊണ്ട്?"
വിളറിയ ചിരിയോടെ അവളുടെ ചോദ്യത്തിലേയ്ക്ക് തന്നെ വെറുതെ നോക്കിക്കൊണ്ട് അവൻ കാറ്റുപോലെ പറന്നു പോയി. അതിവേഗം പാഞ്ഞു പോകുന്ന ട്രെയിനിനുള്ളിലേയ്ക്ക് അടിച്ചു കയറുന്ന കാറ്റ് അവനെ കടപുഴക്കി അടിച്ചു പറത്തി. സരോദ് പുറത്തേയ്ക്ക് ആഞ്ഞെറിയപ്പെട്ടു.ഭാരമില്ലാതെ പിന്നെ പറന്നു നടക്കാൻ ആരംഭിച്ചു.
അവ്യക്തങ്ങളായ ഉത്തരങ്ങൾക്കിടയിൽ നിന്നും സ്വയം കണ്ടെടുക്കാനാകാതെ ഭദ്രയ്ക്ക് എല്ലാം വെറുതെ നോക്കിയിരിക്കാനേ കഴിഞ്ഞുള്ളു..............!!!
അപ്പോഴേയ്ക്കും ട്രെയിൻ അവളുടെ സ്വന്തം മണ്ണിലേക്ക് അടുക്കാറായിരുന്നു.............

പുഴ പോലെ അവർ... 34ചിലർ ചിലയിടങ്ങളിൽ ചില ലക്ഷ്യങ്ങളുമായി എത്തുന്നവരാകുന്നു. ആര് വിചാരിച്ചാലും അതുകൊണ്ടു തന്നെ ചില യാത്രകൾ തടയാനാകില്ല.
"സംഘടിത"യിലെ രണ്ടു സ്ത്രീകൾക്കൊപ്പം തെരുവിലെ കുങ്കുമ ഗന്ധമുള്ള തിരിവിലേയ്ക്ക് കടക്കുമ്പോൾ ഒരു വാക്കു കൊണ്ടും തിരിച്ചെടുക്കാനാകാത്ത ആത്മ സംഘർഷത്തിലായിരുന്നു സരോദ്.
അരുണിമ, തനൂജ എന്ന പേരുള്ള രണ്ടു സ്ത്രീകളും സരോദിനോട്  എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.
പല തവണ ഇതിനിടയ്ക്ക് സരോദ് അവരുടെ കഥകളും കേൾക്കുന്നുണ്ടായിരുന്നു. ഒരിക്കൽ തെരുവിൽ കഴിഞ്ഞിരുന്നവർ എല്ലായ്പ്പോഴും തെരുവുകളിൽ തന്നെയാണെന്നും തങ്ങളുടെ "ഡിഗ്നിറ്റി"മാത്രം അൽപ്പമൊന്നു വർദ്ധിച്ചുവെന്നും അവർ പറഞ്ഞു.സംഘടിതയ്ക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ നിസ്സാരമാണ്. ലൈംഗിക തൊഴിലാളികളുടെ കുട്ടികൾക്ക് വേണ്ടിയുള്ള പുനരധിവാസം, അതിനു വേണ്ടിയുള്ള പണം കണ്ടെത്തൽ, എന്നിവയ്ക്ക് പുറമെ പുതിയതായി എത്തിച്ചേരുന്ന പ്രായം കുറവുള്ള പെൺകുട്ടികളെ സംരക്ഷിക്കുക, ഒട്ടും താൽപ്പര്യമില്ലാത്ത പെൺകുട്ടികളെ മടക്കിയയക്കാൻ സഹായിക്കുക എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളിലും സ്വന്തം വയറു നിറയണമെങ്കിൽ അവനവന്റെ ശരീരം ഉപയോഗിക്കേണ്ടി വരുന്നതിന്റെ സങ്കടങ്ങൾ ഇരുവർക്കുമുണ്ടായിരുന്നു പറയാൻ. എല്ലാം കേൾക്കുന്നുണ്ടായിരുന്നെങ്കിലും മരവിച്ച് പോയ സരോദിന് വാക്കുകൾ കടമെടുക്കാൻ പോലും തികഞ്ഞില്ല.
പിയാൽ മായുടെ മുന്നിൽ തല കുനിച്ച് നിൽക്കുമ്പോൾ സരോദിന് കണ്ണെരിയുന്നുണ്ടായിരുന്നു. ഈ വലിയ കെട്ടിടത്തിനുള്ളിൽ എവിടെയോ അവളുണ്ട് , ഭദ്ര.
വാക്കുകളുടെ പോര് ഉച്ചത്തിലായപ്പോൾ വൈകുന്നേരത്തേയ്ക്ക് തയ്യാറായിക്കൊണ്ടിരുന്ന പല സ്ത്രീകളും വെറുതെ വന്നെത്തി നോക്കി. ചുവന്ന ചുണ്ടുകളുടെ ഉള്ളിൽ തടിച്ചു മലർന്ന ചുണ്ടുകൾക്കിടയിൽ അവരൊക്കെ കൊളുത്തി വച്ചിരിക്കുന്നത് നിറമില്ലാത്ത കരച്ചിലുകളാണെന്നു സരോദിന് തോന്നി.
ബഹളങ്ങൾക്കിടയിൽ ഭദ്രയുടെ പതിമൂന്നാം നമ്പർ കട്ടിലിലേക്ക് സരോദിന്റെയും അരുണിമയുടെയും ഒപ്പം പോയതും ഇന്ദുവായിരുന്നു. പിയാൽ മായുടെ കൂടാരത്തിലെ ഏകാന്ത വഴികാട്ടി.
കടന്നു പോകുന്ന വഴിയിൽ മറച്ചു കെട്ടിയ മുറികളിൽ നിന്നും അടക്കി പിടിച്ച സീൽക്കാരം നാദമുയരുന്നു. ആണിന്റെ രതി നാദങ്ങൾ അത്രമേൽ അശ്ലീലകരമായിരുന്നു എന്ന് അവനാദ്യമായി തോന്നി.
ചില മുറികൾ പാതി തുറന്നു കിടപ്പുണ്ട്. പാതി വസ്ത്രത്തിൽ മറുപാതി കാട്ടി മോഹിപ്പിക്കുന്ന പെണ്ണിന്റെ വാചാലത... അവളെ കണ്ടു കൊണ്ട് നിൽക്കുന്ന ആണ് തകിടം മറിയുന്നു.
സരോദിന് അറപ്പു തോന്നി. അവന്റെ മുന്നിലൂടെ ഓടിപ്പോയ കുട്ടിയ്ക്ക് എത്ര വയസ്സുണ്ടാവും. പത്ത് പതിനൊന്ന് വയസ്സുള്ള ആൺകുട്ടിയ്ക്ക് ഭദ്രയുടെ മുഖമുണ്ടോ...
എന്തൊരു മണ്ടൻ കണ്ടെത്തലാണ്...
ഭദ്രയെ കാണാൻ പോകുന്നതിന്റെ സംഭ്രമത്തിലേയ്ക്ക് അവൻ കോപ്പും കുത്തി വീണു പോയിരുന്നു.
പതിമൂന്നാം നമ്പർ കട്ടിൽ ആളെ കാത്ത് തരിശായി കിടക്കുന്നുണ്ടായിരുന്നു.അപ്പോൾ കുളി കഴിഞ്ഞു വിടർത്തിയിട്ട മുടിയൊതുക്കി ചുണ്ടിൽ ഇല ചുവപ്പു നിറമുള്ള ലിപ്സ്റ്റിക്ക് അണിയുമ്പോഴാണ് പിന്നിൽ പറയാതെ വന്നു നിന്ന അതിഥി അവളുടെ സ്വൈര്യം കെടുത്തിയത്.
"സരോദ്.............നീ........."-
സരോദിന് വാക്കുകൾ പൊന്തിയില്ല.
അവൻ അവളുടെ കൈ തൊട്ടു. പിന്നെ പൊള്ളിയത് പോലെ കൈ മാറ്റി.
അവൾക്ക് കരച്ചിൽ വന്നു പൊട്ടി.
ആരാണാദ്യം കണ്ണീരൊഴുക്കി തുടങ്ങിയതെന്ന് രണ്ടു പേർക്കും മനസ്സിലായില്ല. ഒഴുകി ഒഴുകി അവിടെ ഒരു പുഴയായി തീർന്നു.
സരോദും ഭദ്രയും ആ പുഴയിൽ ഒളിച്ചു പോയി. മനസ്സിലാകാത്ത എവിടെയോ ചെന്നെത്തുമ്പോൾ അവൾ അവന്റെ നെഞ്ചിൽ ഭദ്രമായി കിടപ്പുണ്ടായിരുന്നു.

മടക്കയാത്രയ്ക്ക് സമയമായോ... 33സിതാരയുടെ ജീവിതങ്ങളുടെ ആവർത്തനങ്ങളുമായി പിന്നെയും എണ്ണിയാലൊടുങ്ങാത്ത ഡയറിത്താളുകൾ ഭദ്രയുടെ കയ്യിലൂടെ ഊർന്നു പോയി. എല്ലാ താളുകളിലും കരച്ചിൽ പുരണ്ടു ഉണങ്ങിയ തടിപ്പുണ്ടായിരുന്നു. അവയിലൊക്കെ കൈ വയ്ക്കുമ്പോൾ ഭദ്ര വിറച്ചു.
പതിമൂന്നാം നമ്പർ കട്ടിലിനു പലപ്പോഴും വിശ്രമം ഉണ്ടായിരുന്നതേയില്ല, പക്ഷെ സിത്താരയും ഉമയും മലയാളിയായ അനഘയുമൊക്കെ പേരുകളിലും കട്ടിൽ നമ്പറുകളിലും അവളുടെ ദിവസങ്ങളെ കൊന്നു തിന്നു. ചുണ്ടു കടിച്ചു കുടയാൻ പാഞ്ഞെത്തുന്ന പുരുഷ ശൗര്യത്തിനു മുന്നിൽ അയാളുടെ തൃഷ്ണകളെ വിരൽ കൊണ്ടനക്കി  ഒടുവിൽ തളർത്തി കിടത്തുന്ന അവളുടെ ഇച്ഛാശക്തിയ്ക്ക് പെൺ ജീവിതങ്ങളുടെ മുന്നിൽ തകർന്നു പോകാനായിരുന്നു ഇഷ്ടം...
ഇന്ദുവിന്റെ ദിവസങ്ങൾ ഇപ്പോൾ ആഘോഷങ്ങളാണ്. സിത്താരയോട് അതെ വാക്കുകൾ ആവർത്തിച്ചപ്പോൾ അവളുടെ മറുവാക്കുകളിൽ പൊള്ളലേറ്റിരുന്നു.
"നീ കരുതുന്നത് പോലെ രതി അനുഭൂതിയാക്കാൻ കഴിയുന്നില്ല കുട്ടീ... ഞങ്ങളിലാരും ഇന്നേ വരെ അതെന്താണെന്നു പോലും അറിഞ്ഞിട്ടില്ല. ആണിന്റെ ശരീരം എന്ത് ചെയ്യുന്നോ അതിനനുസരിച്ച് പാവയെ പോലെ അനങ്ങിക്കൊണ്ടേയിരിക്കുക... അവൻ ആനന്ദിക്കുന്നു. ചിലപ്പോൾ അശ്ലീലമായ സീൽക്കാരങ്ങൾ ഉണ്ടായതായി ഞങ്ങൾ അഭിനയിക്കുന്നു. അതവർക്ക് സന്തോഷം നൽകുന്നു. ചിലപ്പോൾ പണം കൂടുതൽ കിട്ടും. എന്താണ് നീ പറഞ്ഞ രതിയുടെ ആനന്ദം? എനിക്കിതേവരെ ഒരു കാമുകനുണ്ടായിട്ടില്ല. വന്ന സമയത്ത് എന്നെ കാണാൻ സ്ഥിരം ഒരാളെത്തുമായിരുന്നു.എന്നെ മാത്രം മതി അയാൾക്ക്... എല്ലാവരും പറഞ്ഞു അയാൾക്കെന്നോട് പ്രണയമാണെന്ന്...
ഞാനും പ്രതീക്ഷിച്ചു.
പക്ഷെ കിടക്കയിൽ മറ്റു അആണുങ്ങളിൽ നിന്നും അയാൾ ഒട്ടും വ്യത്യസ്തനൊന്നും ആയിരുന്നില്ല. എനിക്ക് ഇഷ്ടങ്ങളില്ല, ഇഷ്ടക്കേടുകളില്ല. പാവയുടെ ശരീരം വച്ചുകൊണ്ടു എങ്ങനെ പ്രണയികാകൻ... ഒടുവിൽ മനഃപൂർവ്വം ഞാൻ അവനെ ഒഴിവാക്കി. എങ്ങനെയാണ് കുട്ടീ ഇങ്ങനെയൊക്കെ ഉള്ള എന്നെ പോലെയുള്ളവർ രതിയെ ആനന്ദമാക്കുക?"
"ദീദി, ഓരോ ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ മുറിയിലെ കാളിമായുടെ ചിത്രത്തിൽ തൊട്ടു തലയിൽ വയ്ക്കുന്നത് കണ്ടിട്ടുണ്ട്, നിങ്ങൾ മാത്രമല്ല ഓരോരുത്തരും... എന്തിനാണത്?"-
"കാളിമാ ആണ് ഞങ്ങളുടെ ഒക്കെ രക്ഷക... ഞങ്ങളുടെ വിശപ്പിന്റെ പരിഹാരം... ഞങ്ങളുടെ സന്തോഷം..."
"കാളിമാ രതിയുടെ പ്രതീകമാണ് എന്ന് ദീദിയ്ക്കറിയാമോ?"-
സിതാര ദീദി ഭദ്രയുടെ മുഖത്തേയ്ക്ക് തറഞ്ഞു നോക്കി.
"അതെ ദീദി. കാളിയുടെ ചിന്നമസ്ത എന്ന രൂപം ദീദി കണ്ടിട്ടുണ്ടോ... രതിയിൽ ഏർപ്പെട്ടിരിക്കുന്ന ദമ്പതികളുടെ മുകളിൽ സ്വന്തം തല സ്വയം വെട്ടി മാറ്റി ഉന്മാദ നൃത്തമാടുന്ന കാളിയുടെ രൂപമാണത്. രതി എന്നാൽ കാളിയ്ക്ക് ഉന്മാദമാണ്‌. ശരീരം പോലും ഇല്ലാതെ ഒരുവനെ രതിയുടെ മറുകാരായെത്തിയ്ക്കാൻ കഴിവുള്ളവളാണ് കാളി. എല്ലാ അഭിനിവേശങ്ങളുടെയും ദേവത. പുരുഷന്റെ ജീവിതത്തിലേയ്ക്ക് ഇങ്ങനെ പാവകളെ പോലെ നിസംഗമായി തീരാതെ അടരാടുന്ന കാളിയാകാനല്ലേ അപ്പോൾ കാളിമാ ഈ ചിത്രങ്ങളിലൂടെ നിങ്ങളോടു പറയുന്നത്?"-
"എനിക്കറിയില്ല കുട്ടീ... അതെങ്ങനെ നടക്കുമെന്നാണ്..."
"എല്ലാ പിന്നിലുമുണ്ട് ദീദി കാളി. ആ മഹാശക്തിയുടെ വീറുഓരോ സ്ത്രീയിലുമുണ്ട്. അത് കണ്ടെത്താൻ ശ്രമിക്കുമ്പോൾ അവൾക്ക് പിന്നെ ഒരു ചിത്രം തൊട്ട് നമസ്കരിക്കേണ്ടതില്ല, അവൾ സ്വയം കാളിമാ ആയി മാറും. രതിയുടെ അധിദേവത... അവിടെ പുരുഷന് അവൾക്കു മുന്നിൽ മുട്ട് മടക്കേണ്ടി വരും. കാരണം രതിയിൽ ഏറ്റവുമധികം ആനന്ദം ലഭിക്കുന്നത് പുരുഷനല്ല സ്ത്രീയ്ക്കാണ്. ദാമ്പത്യബന്ധങ്ങൾ എടുത്തു നോക്കൂ, പലയിടങ്ങളിലും അവളുടെ ആനന്ദങ്ങളിലേക്കാണ് അവൻ ചുരുണ്ടു വീഴുന്നത്. ഇവിടെ നിങ്ങളിത് അറിയുന്നില്ല. പക്ഷെ അറിഞ്ഞു കഴിഞ്ഞു സ്വയം കാലിയായി കണ്ട അവനു മുകളിൽ ഉന്മാദ നൃത്തമാടി നോക്കൂ, പിന്നെ നിങ്ങളുടെ മുന്നിൽ തലയുയർത്തി നിൽക്കാൻ അവൻ മടിക്കും. അവന്റെ ആണത്തത്തെ നിങ്ങളുടെ പെണ്ണത്തം ചോദ്യം ചെയ്യുമ്പോൾ വീട്ടിൽ സ്വന്തം ഭാര്യയുടെ അടുത്ത് പോലും അവൻ ഒന്ന് ലജ്ജിക്കും."-
സിതാര ദീദിയുടെ കണ്ണുകൾ വികസിച്ച് നിൽക്കുന്നത് കണ്ട ഭദ്ര സിതാരയുടെ കണ്ണുകളിൽ അമർത്തി ചുംബിച്ചു.
"അടരാടിയവളാണ് കാളി. അവളുടെ അടുത്ത് ജീവിക്കുന്നവൾ അവളെ പോലെ തന്നെയാകണം... പുരുഷന് മുന്നിൽ അടരാടുന്ന പെണ്ണ്... അവനു ശരീരമാണ് ആവശ്യമെങ്കിൽ അതിനപ്പുറം അവന്റെ ശരീരവും ആനന്ദവും നമ്മുടെ ഔദാര്യമാണെന്നു തെളിയിച്ചു കൊടുക്കുന്ന പെണ്ണ്... രതി ആസ്വദിച്ചാൽ മതി അതിനു.."
"നീ പറയുന്നത് മനസ്സിലാകുന്നുണ്ട്... പക്ഷെ ഇതുവരെ ആസ്വദിക്കാത്ത മനസ്സിലാകാത്ത ഒന്നിനെ..."
വാക്കുകൾ മുഴുമിപ്പിക്കുന്നതിനു മുൻപ് സിതാരയുടെ ചുണ്ടുകൾ ഭദ്രയുടെ ചുണ്ടുകൾക്കിടയിലായി.
കാളിയുടെ യുദ്ധം ആരംഭിക്കുന്നതായി ഭദ്രയ്ക്ക് തോന്നി. ആണിനെ പ്രണയിച്ചിരുന്നവൾ അവന്റെ മുകളിൽ അധികാരം സ്ഥാപിക്കുന്നു. അത് തുടങ്ങേണ്ടത് ഇവിടെ തന്നെ... വേശ്യാലയങ്ങളിൽ... പെണ്ണിന്റെ ശരീരത്തെ തേടി വരുന്നവരിൽ....
യുദ്ധം കൊടുമ്പിരി കൊണ്ടപ്പോൾ കാളിയുടെ ഉലഞ്ഞ ചുരുണ്ട മുടികൾക്കിടയിലൂടെ അവളുടെ കറുത്ത മുലകളുടെ മിനുപ്പുകളിലേയ്ക്ക് ദാരികൻ നോക്കി നിന്നു. യുദ്ധം ചെയ്യാൻ വന്ന പെണ്ണിനോടുള്ള ഏറ്റവും അധമമായ ക്രൂരത. അവൾ ശരീരമാകുന്ന യുദ്ധക്കളം...
ആർത്തി പിടിച്ച കണ്ണുകളിലേയ്ക്കലർച്ചയുമായെത്തുന്ന കരിങ്കാളി ദാരികന്റെ ശിരസ്സ് അറത്ത് മാറ്റുന്നു.
ചോരയൊലിപ്പിച്ച സൈറസിനെ അമ്മാനമാടി അവൾ അലറുന്നു...
ഭദ്രയുടെ ഉടലിൽ നിന്നുമൊഴുകിയ വിയർപ്പിന്റെ ഉപ്പു രസങ്ങളിൽ സിതാര പുതിയ യുദ്ധ തന്ത്രങ്ങൾ പഠിക്കുകയായിരുന്നു. വീണ്ടുമെത്രയോ കാളിമാർക്കായി അവളത് ഒറ്റ തവണ തന്നെ കാണാതെ പഠിച്ചു.
പിന്നീട് സിതാരയുടെ ഒൻപതാം നമ്പറുള്ള കട്ടിൽ ഉലഞ്ഞു താഴുമ്പോൾ അവളുടെ ഉടലിന്റെ കീഴിൽ അമർത്തിപ്പിടിച്ച കിതപ്പുമായി ആണുടലുകൾ കിടന്നു.
ഒരുപാട് ഓടി തളർന്ന ഹൃദയങ്ങളുള്ളവർ ഒരുപാടുമിടിച്ച് പെട്ടെന്ന് ആയുസ്സൊടുങ്ങി സ്വയം നഷ്ടമായി.
സിത്താരയും ഇന്ദുവും എണ്ണത്തിൽ വർദ്ധിക്കാനാരംഭിച്ചിരുന്നു.
അവരുടെ എണ്ണം ഭദ്രയ്ക്ക് കണക്കു കൂട്ടാവുന്നതിലും കൂടുതലായി...
മടക്കയാത്രയ്ക്ക് സമയമായോ.....!!! എപ്പോഴോ ഭദ്ര സ്വയം ചോദിച്ചു....

വിരഹിയുടെ ദുഃഖം 32കാളീഘട്ടിലെ വീഥികൾ എപ്പോഴും ആഘോഷങ്ങളുടേതാണ്. മഞ്ഞയും ചുവപ്പും നിറങ്ങളിൽ ഉയർന്നു പൊങ്ങുന്ന പൊടികൾ നിറഞ്ഞ തെരുവുകളിൽ സന്ധ്യ തൊടുമ്പോൾ എല്ലാം അരുണ വർണമാകും .അതുവരെ ഒന്ന് ശാന്തമായിരുന്ന ഉത്സവങ്ങൾക്ക് കൊടിയേറ്റമാണ് പിന്നെ.
കാളിയുടെ വലിയ വിഗ്രഹത്തിനു മുന്നിൽ നിൽക്കുമ്പോൾ സരോദിന് അതിനു ഭദ്രയുടെ മുഖം കൈവന്നത് പോലെ തോന്നി. തെറിച്ചു നിൽക്കുന്ന കണ്ണുകൾ, ഒന്നും മിണ്ടാൻ ഇഷ്ടപ്പെടാതെ നാവു പുറത്തേക്കുനീട്ടി അലറിച്ചിരിക്കുന്ന ഭദ്ര.
ദിവസങ്ങളെത്രയോ ആയി ഭദ്രയുടെ മുഖമെങ്കിലും കണ്ടിട്ട്... അവളിപ്പോൾ പഴയ പെൺകുട്ടിയല്ല , ശരീരം വിൽക്കുന്ന തെരുവിന്റെ സുന്ദരിയാണ്. ഇപ്പോഴും മനസ്സിലാകുന്നില്ല, എന്താണ് അവൾക്ക് സംഭവിച്ചതെന്ന്.ലോകത്ത് ഒരു പെണ്ണും ചെയ്യാത്ത കാര്യങ്ങൾ... ഇവിടെ വരേണ്ടിയിരുന്നില്ല. ആദ്യമായി ഇവിടെ വന്ന് കാളിയുടെ വിഗ്രഹത്തിൽ തൊട്ടപ്പോൾ തന്നിലേയ്ക്കെന്തോ കാറ്റടിച്ച് കയറിയത് പോലെ തോന്നിയതായി അവൾ പറഞ്ഞിരുന്നു... പക്ഷെ.....
ലക്ഷ്യമില്ലാതെ അലയുന്നതിനിടയിൽ തിരികെ ഭദ്രയില്ലാതെ എങ്ങനെ നാട്ടിലേയ്ക്ക് പോകും? വീട്ടിൽ നിന്നുള്ള വിളികളൊന്നും അവളുടെയടുത്ത് എത്തുന്നതേയില്ല. ഭദ്രയുടെ അച്ഛനും അമ്മയും ഇനിയും ചിലപ്പോൾ ഇങ്ങോട്ട് വന്നെന്നിരിക്കും, അത്രമാത്രം മകളുടെ കാര്യത്തിൽ നിശബ്ദത പാലിക്കുന്നതുകൊണ്ട് അവർ ത്രസിച്ചു നിൽക്കുകയാണ്.
ഒരു വഴിയുമിലല്ലാതെ നടക്കുന്നതിനിടയിലെപ്പോഴോ സരോദിന്റെ ചലനങ്ങൾ രഞ്ജൻ റായിയുടെ വീടിനു മുന്നിലേക്കെത്തി. അയാളെ കാണണം. ഒരർത്ഥത്തിൽ എല്ലാ പ്രശ്നങ്ങൾക്കും തുടക്കം ഇയാളുടെ നോവലാണ്. വാതിലിനു മുന്നിൽ അയാൾക്കായി കാത്തു നിൽക്കുമ്പോൾ ആദ്യമായി അയാളെ കണ്ടത് സരോദ് ഓർമ്മിച്ചു. അന്ന് ഒപ്പം അവളുണ്ടായിരുന്നു ഭദ്ര...
വാതിൽ തുറന്നു തന്ന അപരിചിതയായ സ്ത്രീയുടെ മുഖത്ത് നോക്കി നിരഞ്ജനെ അന്വേഷിക്കുമ്പോൾ പോലും എന്ത് ചെയ്യണം എന്നുള്ളത് സരോദിന്റെ മനസ്സിലെങ്ങുമുണ്ടായിരുന്നതേയില്ല.
ഒരിക്കൽ കണ്ടതിന്റെ ഓർമ്മപ്പെടുത്തലുകൾ വേണ്ടി വന്നു നിരഞ്ജന് സരോദിനെ ഓർമ്മിക്കാൻ. പക്ഷെ ഭദ്രയെ അയാൾ ഓർത്തിരിക്കുന്നുണ്ടായിരുന്നു.
"അവളുടെ കണ്ണിൽ അത്രമാത്രം തീക്ഷ്ണതയുണ്ടായിരുന്നു സരോദ്... നിങ്ങൾക്കത് പറഞ്ഞാൽ മനസ്സിലാകില്ല. അവൾ ഒരു കടലാണ്. എന്തൊക്കെയോ ഒളിപ്പിച്ച് വച്ച് പുറമേയ്ക്ക് ശാന്തമായിരിക്കുന്ന കടൽ..." നിരഞ്ജൻ പറഞ്ഞു.
"സാർ, എനിക്ക് താങ്കളുടെ സഹായം കിട്ടിയേ തീരൂ, എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. "-
നിരഞ്ജനോട് ഭദ്രയുടെ കാര്യം പറയുമ്പോൾ അവൻ കരയുന്നുണ്ടായിരുന്നു. ആദ്യം കണ്ട ദിവസത്തെ സരോദിനെ കൃത്യമായി നിരഞ്ജൻ ഓർക്കുന്നുണ്ടായിരുന്നില്ല, പക്ഷെ ഇത്ര അവശനും അലസനും ഉറപ്പായും ആയിരുന്നില്ല. താടി വടിക്കാതെ, മുടി ചീകാതെ , ചുളിഞ്ഞു മുഷിഞ്ഞ ഗന്ധം പുറപ്പെടുവിക്കുന്ന ഷർട്ടും...
ഭദ്രയുടെ കഥയിലേക്ക് കാതിനെ ചേർത്ത് വയ്ക്കുമ്പോൾ നിരഞ്ജന് എപ്പോഴോ താൻ എഴുതാനിരുന്ന, എഴുതാൻ മറന്ന ഏതോ കഥ സ്വയം കേട്ടെന്ന പോലെ തോന്നി. കാഴ്ച ചതിച്ചില്ല. ഭദ്ര വെറുമൊരു പെണ്ണല്ല...
"സരോദ്... ഞാനെന്തു പറയാൻ....",
വാക്കുകൾ മുഴുമിക്കാനാകാതെ നിരജ്ഞൻ നിൽക്കുമ്പോൾ സരോദിന് വാക്കുകളുടെ വാക്ക് പൊട്ടി.
മുള ചീന്തും പോലെ സരോദ് ഉറക്കെ കരഞ്ഞു. ഉള്ളിൽ തടയണ കെട്ടി വച്ചിരുന്ന സങ്കടങ്ങൾ ഉരുൾപൊട്ടൽ പോലെ അവനെ മൂടിക്കളഞ്ഞു. മുങ്ങിയും പൊങ്ങിയും അവൻ തീരം കിട്ടാതെ വെള്ളത്തിനൊപ്പം ഏറെ അലഞ്ഞു തളർന്നു. ഏതോ തീരത്ത് തനിച്ചിരിക്കുന്ന സരോദിനെ മടക്കിക്കൊണ്ടു വരാൻ നിരഞ്ജൻ റായ് ശ്രമിച്ചില്ല.
അവൻ പറയട്ടെ!
ചില കരച്ചിലുകൾ ചിലരുടെ നഷ്ടങ്ങളാണ്.
അത് അനുഭവിക്കാൻ മറ്റുമാർഗ്ഗങ്ങളില്ല, കരച്ചിലുകൾക്കൊപ്പം ഒഴുകി പോവുകയല്ലാതെ...
ഏറെ നേരത്തെ മൗനത്തിനു ശേഷം നിരഞ്ജൻ സരോദിന്റെ തോളിൽ തൊട്ടു.
"താനിങ്ങനെ കരയാതെ, പരിഹാരമുണ്ടാകും. എനിക്ക് മനസ്സിലായത്, അവൾക്ക് കൃത്യമായ ലക്ഷ്യമുണ്ട് , അത് കഴിയുമ്പോൾ അവൾ നിന്നിലേക്ക് തിരികെയെത്തും. പക്ഷെ പഴയ ഭദ്രയല്ല അവൾ. വേശ്യാതെരുവിൽ ശരീരം വിട്ട പെൺകുട്ടിയാണ്. നിനക്കവളെ സ്വീകരിക്കാനാകുമോ... നാട്ടിലെത്തുമ്പോൾ അവൾ എങ്ങനെ സ്വീകരിക്കപ്പെടും? "
"അതൊന്നും ഞാനോർക്കുന്നില്ല സാർ. എനിക്കവളെ തിരികെ കിട്ടണം. അവളുടെ വീട്ടിൽ തിരികെയേൽപ്പിക്കണം. അവളില്ലാതെ എനിക്ക് നാട്ടിലേയ്ക്ക് പോകാനാകില്ല. "-
" തനിക്കവളോട് പ്രണയമുണ്ടെന്നാണ് എനിക്ക് തോന്നിയത്.."
"ഉണ്ട് സാർ... അവൾ എന്ത് അവസ്ഥയിൽ ആയാലും അത് അവിടെയുണ്ടാകും. ഭദ്ര എന്റെയാണ്, അവളെ ഞാൻ തന്നെ സ്വീകരിക്കും... അതൊന്നുമല്ല എന്റെ പ്രശ്നം.. അവളെ എനിക്ക് രക്ഷിക്കണം.. പ്ലീസ് സർ..."-
"ഇവിടെ തെരുവിലെ സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒന്ന് രണ്ടു സംഘടനകളുണ്ട്, നമുക്ക് അവരുമായി സംസാരിക്കാം. താൻ കൂൾ ആവൂ.."
ആധി കയറി ചൂട് പിടിച്ചിരിക്കുന്ന തലച്ചോറിലേക്ക് ഒരു മഞ്ഞുകാലം ഇറക്കി വച്ചാൽ പോലും താൻ തനിക്കില്ലെന്ന് സരോദിന് തോന്നി. എരിഞ്ഞു കത്തുന്ന ഉടൽ. ഭദ്രയിലല്ലാതെ  ഒന്നും വയ്യ...
സമയത്ത് ഭക്ഷണമില്ല. നാട്ടിലെ ആരുടേയും ഫോൺ എടുക്കാൻ കഴിയുന്നില്ല..., കുളിയില്ല, സംസാരമില്ല... മൗനത്തിൽ ജീവിച്ച് ജീവിച്ച് ആരോടും മിണ്ടാനാകാതെ എന്നെന്നേയ്ക്കുമായി നിശബ്ദനായി പോകുമെന്ന് സരോദിന് തോന്നി തുടങ്ങിയിരുന്നു.
"സംഘടിത"യുടെ ഓഫീസിൽ അപ്പോയിന്റ്മെന്റടുത്ത് നിരഞ്ജനോടൊപ്പം കയറി ചെല്ലുമ്പോൾ അവർ എഴുന്നേറ്റു നിന്ന് ആദരിച്ചു. ബംഗാളിലെ പ്രശസ്തനായ എഴുത്തുകാരനാണ് തനിക്കൊപ്പം എന്നതൊന്നും സരോദിനെ ബുദ്ധിമുട്ടിച്ചില്ല... ഭദ്ര എന്ന വാക്കിൽ മാത്രം അവൻ ഉരുകി തീർന്നു കൊണ്ടേയിരുന്നു.
നിരഞ്ജൻ ചുണ്ടുകൾ വക്കുന്നത് കാണാം പക്ഷെ അടുത്തിരുന്നിട്ടും അയാളെ കേൾക്കാകാൻ സരോദിന് പറ്റുന്നുണ്ടായിരുന്നില്ല. അത്രമാത്രം പരവശപ്പെട്ടു പോയ ഒരു പുരുഷനായി മാറിപ്പോയിരുന്നു അയാൾ.
"സരോദ് വരൂ..."
നിരഞ്ജൻ റായി വിളിക്കുന്നു.
പാവയെ പോലെ സരോദ് അയാൾക്കൊപ്പം നടക്കുന്നു.
"അവർ ഭദ്രയെ കണ്ടു സംസാരിക്കും. നമുക്ക് നോക്കാം അവളെന്താണ് പറയുന്നതെന്ന്. തിരികെ വരാൻ അവൾ താൽപ്പര്യം കാട്ടുന്നില്ലെങ്കിൽ നിനക്ക് തിരികെ പോകേണ്ടി വരും സരോദ്..."
"ഇല്ല............ അവളില്ലാതെ നാട്ടിലേയ്ക്കില്ല. ഞാൻ മരിക്കും, അവളുടെ കണ്ണിനു മുന്നിൽ കിടന്ന് പുഴുത്ത പട്ടിയെ പോലെ ഞാൻ മരിക്കും... അവൾ അത് എന്താണെന്ന് വച്ചാൽ ചെയ്യട്ടെ... ഞാൻ തിരികെ പോകില്ല സാർ.... "-
"ആവശ്യമില്ലാതെ സംസാരിക്കേണ്ട, സരോദ്, എല്ലാം അനുകൂലമായി വരുമെന്ന് തന്നെ പ്രതീക്ഷിക്കാം. ..."
സരോദിന്റെ വാക്കുകൾ അപ്പോൾ ഉറച്ചതായിരുന്നു.മടക്കം ഭദ്രയുമൊത്ത് മാത്രം............

Friday, September 8, 2017

വിശപ്പിന്റെ പരിഹാരം 31കാളീഘട്ടിലെ ഇരുണ്ട തെരുവുകളിൽ എപ്പോഴും സൂര്യപ്രകാശം അരിച്ചരിച്ചെന്ന പോലെയേ കടന്നു വരൂ.കുടുസ്സു മുറികളിലേക്ക് വെളിച്ചമെത്തുക എന്നാൽ ഇരുണ്ട മനസ്സുകളിലേക്ക് നിലാവെത്തുന്നത് പോലെയാണ്.പന്ത്രണ്ടാം നമ്പർ കട്ടിലിലെ സിതാരയുടെ കഥയിലേക്ക് ഭദ്ര നടന്നു കയറിയത് ഒരു നിലാവിന്റെ ചീള് പോലെയായിരുന്നു.
"കഥയൊന്നുമില്ല കുട്ടീ.. ഇവിടെ ഈ തെരുവിലെ എല്ലാവർക്കും ഒരു കഥയെ ഉള്ളൂ.. പട്ടിണിയുടെ. വഞ്ചനയുടെ കഥകളൊക്കെ പിന്നിലെവിടെയോ എന്നോ മായ്ഞ്ഞു പോയിട്ടുണ്ടാവും... വരാനുള്ള കാരണങ്ങൾ പലതാകാം, പക്ഷെ തുടരുന്നതിന്റെ കാരണം വിശപ്പ് മാത്രമാണ്."
സിത്താരയ്ക്ക് മുപ്പത്തിയഞ്ചു വയസ്സുണ്ട്, ഒരിക്കൽ അവളുടെ ഡയറിത്താളുകൾ സിതാര ഭദ്രയ്ക്ക് വായിക്കാൻ നൽകുകയുണ്ടായി. പതിവെഴുത്തുകൾ ഒന്നുമില്ല, സിതാരയുടെ കഥ ഏറ്റവും ചുരുക്കി എഴുതിയിരിക്കുന്നു. ഭൂമിയിലൊന്ന് അടയാളപ്പെട്ടു പോകാനാണ് ഏതൊരു മനുഷ്യന്റെയും ഏറ്റവും വലിയ മോഹമെന്നു അപ്പോൾ ഭദ്രക്ക് ബോധ്യപ്പെട്ടു.

കാളീഘട്ട്
________

എന്തിനാണ് എനിക്ക് താഴെ മൂന്നു മക്കളെ കൂടി 'അമ്മ പ്രസവിച്ചത്? എന്തിനാണ് ഞാൻ ഈ വടക്കേയറ്റത്തെ ചെറിയ ഗ്രാമത്തിൽ ജനിച്ചത്...
എന്തിനാണ് അച്ഛനോളം പ്രായമുള്ള അയാളെന്നെ വിവാഹം കഴിച്ചത്!
ഇതുവരെ ആരും ഇതിനുള്ള ഉത്തരങ്ങളൊന്നും എനിക്ക് പറഞ്ഞു തന്നതേയില്ല. പതിനേഴ് വയസ്സുള്ളപ്പോ തടിച്ച കയ്യുള്ള അയാളുടെ വിരലുകൾ പിടിക്കുമ്പോൾ പേടി തോന്നിയില്ല, വിവാഹം എന്നത് ഒരു ആഘോഷമാണെന്നും നല്ല ഭക്ഷണം കിട്ടുന്ന ഉടുക്കാൻ ആവശ്യത്തിന് വസ്ത്രം കിട്ടുന്ന ജീവിതം മാറി മറിയുന്ന എന്തോ ഒന്നായെ കണ്ടുള്ളൂ. ചുവന്ന നെറ്റിന്റെ സാരിയുടെ ഭാരം പലപ്പോഴും താങ്ങാൻ സഹിക്കാതെ എനിക്ക് നല്ല നടുവേദന എടുത്തിരുന്നു. എപ്പോഴാണ് ഇതൊന്നു അഴിച്ചു മാറ്റുക എന്ന് വീട്ടിൽ അമ്മയോടും ഭർത്താവിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ സഹോദരിയോടും ആവർത്തിച്ച് ചോദിച്ചു കൊണ്ടേയിരുന്നു. കള്ളച്ചിരി ചിരിച്ചതല്ലാതെ അവരൊന്നും ഒന്നും പറഞ്ഞില്ല. രാത്രി കണക്കുമ്പോൾ കൂടി വരുന്ന വേദനയ്ക്ക് മുകളിലേയ്ക്ക് തടിച്ച കയ്യുള്ള നരച്ച താടിയുള്ള അയാൾ മുഖംഅമർത്തിയപ്പോൾ ഞാൻ ഭയന്നു. പക്ഷെ അയാളെന്നെ ഉപദേശിച്ചു... അല്ല പേടിപ്പിച്ചു.
ചുവന്ന സാരിയുടെ ഭാരം പതിയെ ഊർന്നു വീണത് ഞാനറിഞ്ഞു. ആശ്വാസമായിരുന്നില്ല, അകാരണമായ ഒരു ഭയം തലച്ചോറിനെ പോലും ഉച്ചത്തിൽ മിടിപ്പിക്കുന്നു. രക്ത സഞ്ചാരത്തിന്റെ വേഗം കൂടുന്നു...
ഉദ്ധരിച്ച് നിൽക്കുന്ന അയാളുടെ ലിംഗത്തിലേയ്ക്ക് നോക്കിയതും എനിക്ക് പേടിച്ച് പനിച്ചു. എത്രമാത്രം അപരിചിതമായിരുന്നു അയാളെനിക്ക്!
അച്ഛൻ കണ്ടു
അച്ഛൻ വാക്കുറപ്പിച്ചു..
അച്ഛൻ നടത്തി...
പക്ഷെ ഇപ്പോൾ അയാളുടെ ശരീരം അച്ഛന്റെ മുകളിലല്ല, എന്റെ മുകളിലാണ്.നടുവേദനയുടെ ആളൽ കൂടുന്നു.
ആഴിന്നിറങ്ങുമ്പോൾ വേദനയുടെ വലിയ ഗുഹകളിൽ കൂടി ഞാനൊറ്റയ്ക്ക് നിലവിളിച്ചു കൊണ്ട് അലറിയോടുന്നു.
ഞാനൊറ്റയാണ്.
ഞാൻ ശരീരമാണ്.
അന്നാണ് മനസ്സിലായത്, ആണിന് പെണ്ണിനെ സ്വന്തമാക്കുമ്പോൾ ആദ്യമറിയേണ്ടത് അവളുടെ ശരീരത്തിന്റെ വലിപ്പങ്ങൾ മാത്രമാണെന്ന്, എന്റെ മുഖം അയാൾക്കിപ്പോഴും അപരിചിതമാണ്. മൂടി     പൊതിഞ്ഞുവച്ച ചുവന്ന സാരിയിൽ നിന്നും അയാൾ വേർപെടുത്തിയത് എന്റെ മുഖമായിരുന്നില്ലല്ലോ, തലയ്ക്കു താഴേയ്ക്കുള്ള ഭാഗം മാത്രമായിരുന്നില്ലേ!
പിന്നെയുള്ള ദിവസങ്ങളിൽ എന്നിൽ നിന്നും മനസ്സും ആത്മാവും കാഴ്ചയും കേൾവിയും ഒക്കെ പതിയെ പതിയെ പടിയിറങ്ങിപ്പോയ. അവസാനം ശേഷിച്ചത് പാതിവളർച്ചയുള്ള ശരീരം മാത്രം.
ഒരിക്കൽ അതിരാവിലെ എഴുന്നേൽക്കുമ്പോൾ തണുത്ത മരവിച്ച അയാളുടെ കൈകളെ അരക്കെട്ടിൽ നിന്നും എടുത്തു മാറ്റാൻ വല്ലാതെ ബുദ്ധിമുട്ടിയപ്പോഴാണ് എനിക്ക് ആശങ്ക തോന്നിയത്.അനങ്ങാത്ത, ഭാരമുള്ള കൈകൾ.
മരവിച്ച കൈകൾ..
അയാളുടെ കൈ പോലെ പിന്നെ ഞാനും മറച്ചു തുടങ്ങി. മണിക്കൂറുകൾ എന്നെ പുണർന്നു കിടന്ന അയാളുടെ മരിച്ച ശരീരത്തെയോർക്കുമ്പോൾ ഇപ്പോഴും, ഈ വരികളെഴുതുമ്പോഴും എനിക്ക് വിറയ്ക്കുന്നു... പിന്നീട് ഒറ്റയ്ക്ക് കിടക്കാൻ എനിക്ക് പേടിയായിരുന്നു. പക്ഷെ നിയമം മൂലം സതി നിരോധിച്ച നാട്ടിൽ ഭർത്താവിന്റെ വീട്ടുകാരുടെ കുത്തുവാക്കുകളും സ്വന്തം വീട്ടിലെ അവഗണനകളും സഹിച്ച് കഴിയാൻ വയ്യ... ആരും സ്വന്തമില്ലാത്തവൾക്ക് തുണ കാളിയാണത്രെ.ഭർത്താവിന്റെ വീട്ടിൽ നിന്ന് അയാളുടെ ചിതയില് കനൽ ആക്കുന്നതിനു മുൻപ് വെള്ളയുടുത്ത് ഇറങ്ങി പോരുമ്പോൾ അച്ഛനുണ്ടായിരുന്നു കൂടെ. അദ്ദേഹത്തിന്റെ വീട്ടുകാർ പുറത്തേയ്ക്ക് പോലും ഇറങ്ങി വന്നില്ല. ഭ്രഷ്ട് കല്പിക്കപ്പെട്ടവളല്ലേ!
അവൾ എങ്ങോട്ടേയ്ക്കെങ്കിലും പൊയ്ക്കോട്ടേ!
വിവാഹം കഴിച്ചു ശരീരം മാത്രം സ്വന്തമാക്കിയ ഒരുവൾ മരിച്ചു മണ്ണടിയുന്നതോടെ അവൾ വീണ്ടും സ്വന്തക്കാരാൽ ഉപേക്ഷിക്കപ്പെടുന്നു. പണ്ടായിരുന്നെങ്കിൽ അയാളുടെ ഒപ്പം ചിതയിൽ ചാടി അങ്ങ് പോകാമായിരുന്നു. അവഗണകളെക്കാൾ ഭേദം മരണം തന്നെ...
അച്ഛനൊപ്പം നടന്നു നീങ്ങുമ്പോൾ എങ്ങോട്ടേയ്ക്കകനെന്ന എനിക്കറിയിലിലായിരുന്നു.
കാളീഘട്ടിലെ വഴിയിലിരിക്കുമ്പോൾ ഉള്ളിൽ പൂത്ത ശൂന്യത...
നഷ്ടപ്പെട്ടു പോയമനസ്സ് പിന്നീടൊരിക്കലും എന്നെ തേടി വന്നതേയില്ല...
നിറങ്ങൾ വാരി വിതറിയ കാളീക്ഷേത്രത്തിന്റെ തെരുവുകളിലൂടെ ഉപേക്ഷിക്കപ്പെട്ടവരുടെ ലോകത്തെത്തുമ്പോൾ അവിടെ ഏറ്റവും ചെറുപ്പമായിരുന്നല്ലോ അന്ന് ഞാൻ...
പിന്നെയൊരിക്കലും എനിക്ക് മനസ്സ് അന്വേഷിച്ച് അലയേണ്ടിയും വന്നില്ല.
നിസംഗത കണ്ടു പിടിച്ചതിവിടെ എനിക്ക് മുന്നിലെ എണ്ണമില്ലാത്ത സ്ത്രീകൾ തന്നെ.
താലി കഴുത്തിലിട്ടത് ഉടൽ മാത്രം തിരഞ്ഞു വരുന്ന ഭർത്താവും താലിയില്ലാത്ത ഉടലിൽ അന്വേഷണങ്ങൾ നടത്തുന്ന അപരിചിതനും ഒരുപോലെ...
ജീവിതമേ നിനക്ക് നന്ദി...
എനിക്കിപ്പോൾ വിശപ്പില്ല!!!

***************************
സിതാരയുടെ വരികളിലൂടെ തെന്നിനീങ്ങുമ്പോൾ ഭദ്രയ്ക്ക് ഉറക്കെ കരയാൻ തോന്നി. പട്ടിണിയ്ക്കു മീതെ ഒരു ന്യായീകരണവും നടപ്പാക്കപ്പെടാൻ എളുപ്പമല്ലെന്നവൾക്ക് തോന്നി. കാളീഘട്ടിലെ ഈ തെരുവിൽ നിറയെ അവരാണ് ഭർത്താവ് നഷ്ടപ്പെട്ടവർ...
മനസ്സ് നഷ്ടമായവർ...
സതി അനുഷ്ഠിച്ചാൽ മതിയെന്ന് എപ്പോഴെക്കെയോ തോന്നിയിരുന്നവർ...
ഭക്ഷണം മാത്രമാണ് പ്രധാനം...
വിശപ്പാണ് പ്രശ്നം..
സിതാരയുടെ മുഖമാണ് ഗലികളിൽ കണ്ട എല്ലാ സ്ത്രീകൾക്കുമെന്ന് ഭദ്രയ്ക്ക് തോന്നി.
വിശപ്പിന്റെ പരിഹാരമന്വേഷിച്ച് ഭദ്ര ആയിരങ്ങൾ താമസിക്കുന്ന കാളീഘട്ടിലെ വിധവാ തെരുവിന്റെ അതിരിലൂടെ മണിക്കൂറുകൾ പിന്നെ നടന്നു.

Thursday, September 7, 2017

മരണത്തിന്റെ പുസ്തകം 30പ്രണയത്തോടെയുള്ള സ്പർശത്തിനു എങ്ങനെയാണിത്ര ചൂടുണ്ടാകുന്നത്?
പ്രണയമില്ലാതെ തൊട്ടുണർത്താൻ ശ്രമിക്കുന്ന വിരലുകൾ ഒരിക്കലും ചൂടുള്ളവയായിരുന്നതേയില്ല. പല കൈകളും തണുത്തു മരവിച്ചുമിരുന്നു. കൈകൾ മാത്രമല്ല ഉടലുകളും തണുത്തിരുന്നുവെന്നു ഇന്ദുമതിയോർത്തു. ഭദ്രയോടു തോന്നുന്ന ഇഷ്ടത്തിന് വർണനകളില്ല. അച്ഛൻ മരിച്ചു വീണപ്പോൾ നഷ്ടപ്പെട്ടു പോയ അരക്ഷിതാവസ്ഥയുടെ താക്കോലുകൾ ഇപ്പോൾ കതകിൽ ചുറ്റിത്തിരിയുന്നു. സ്നേഹത്തിന്റെ മുറികൾ തുറക്കപ്പെടുന്നു. ആത്മധൈര്യത്തിന്റെ നെഞ്ചിടിപ്പുകൾ അവിടെ നിറയുന്നു.
ഇന്ദുവിന്റെ മുറിയിലേയ്ക്ക് പിന്നീട് വന്ന എല്ലാ പുരുഷന്മാരും പിന്നീട് അവളുടെ നഷ്ടപ്പെട്ടു പോയ അരക്ഷിതമായ മനസ്സിന്റെ ഉടമസ്ഥരായി മാറപ്പെട്ടു. എല്ലായ്പ്പോഴും മടുക്കാത്ത അവൾ അവർക്കു മുന്നിൽ കടലയും കൊടുങ്കാറ്റായും മാറി. അതോടെ കൊടുങ്കാറ്റിൽപ്പെട്ട കടപുഴകി വീഴാൻ കാത്തു നിന്ന മരങ്ങൾ പോലെ അവരെല്ലാം ഒന്നാകെ വേരുകൾ മറിഞ്ഞു നിലം പതിക്കുകയും രുദ്രരൂപിയായി ഉടലിന്റെ മുകളിൽ അട്ടഹസിച്ചിരിക്കുന്ന ഇന്ദുവിനെ ഭയപ്പെടുകയും ചെയ്തു. എല്ലായ്പ്പോഴും അവളുടെ ഉടലിന്റെ മുകളിൽ വിശുദ്ധമാക്കപ്പെട്ട ഒരവരണമുണ്ടെന്നു അവൾ സ്വയം വിശ്വസിച്ചു. ആരാലും തകർക്കാനാകാത്ത പുറംതണ്ടു അവൾ സ്വയം സമർപ്പിച്ചത് ഭദ്രയ്ക്ക് മാത്രമായിരുന്നു. പ്രണയമായിരുന്നില്ല ഇന്ദുവിന്‌ ഭദ്രയോട്...
ഭക്തിയായിരുന്നു...
തെരുവിന്റെ മുന്നിലെ നാവു ചുഴറ്റി ഭയപ്പെടുത്തുന്ന അഘോര രൂപിയായ കാളിയോടുള്ള ഭക്തി. 
ഭദ്രയെ കണ്ടപ്പോഴൊക്കെ ഇന്ദു അവളെ ചേർത്ത് പിടിച്ച് ചുംബിച്ചു. ആത്മാഭിമാനം വേണ്ടി കിട്ടിയ ഒരു പെണ്ണിന്റെ ചുംബനത്തെ ചിരിച്ച കണ്ണുകളോടെ ഏറ്റു വാങ്ങുമ്പോൾ ഭദ്രയുടെ ആനന്ദം പിന്നെയും കൂടി വന്നു.
വൈകുന്നേരം പിയാൽ മാ അവരുടെ മുറിയിലേയ്ക്ക് വിളിപ്പിച്ചപ്പോൾ ഭദ്രയ്ക്കു നെഞ്ചിലൊരു ഇടിവാൾ പാഞ്ഞു പോയി. എല്ലാമറിയുന്നവൾക്കുള്ളിലെ മാനുഷികതയുടെ നെഞ്ചിടിപ്പുകൾ കേട്ട് തുടങ്ങി.
"നീ മിടുക്കിയാണെന്നു ഹിയാൻജി ആദ്യ ദിവസം തന്നെ എന്നോട് പറഞ്ഞിരുന്നു. അയാൾ ചത്ത് . പക്ഷെ കാര്യങ്ങൾ അത്ര അനുകൂലമല്ലല്ലോ മോളെ..."
"എന്താ പിയാൽ മാ... എന്തുണ്ടായി?"-
"എന്റെ വീട്ടിൽ സ്ഥിരം വരുന്ന ആറു പേരാണ് ഈ കഴിഞ്ഞ ദിവസങ്ങളിലായി മരിച്ചു കൊണ്ടിരിക്കുന്നത്. അന്വേഷിച്ചപ്പോൾ എല്ലാം നിന്റെ കൂടെ കിട്ടുന്നവർ. പോലീസ് എല്ലാം കൂടി കൂട്ടി വായിച്ചെത്തിയാൽ ഇവിടെ എന്താണ് നടക്കുക എന്നറിയില്ല."
"പിയാൽ മാ... ഞാനെന്തു ചെയ്‌തെന്നാണ്. പോസ്റ്റ് മോർട്ടം ചെയ്യട്ടെ... അപ്പോഴറിയാമല്ലോ."
"എല്ലാവരും ഹൃദയ സ്തംഭനം വന്നാണ് ചത്തത്. ഹിയാൻ എന്നെ തല തെറിച്ചവന്റെ മരണം ആഘോഷിക്കാം, പക്ഷെ നമ്മുടെയടുത്ത് വരുന്ന പുരുഷന്മാർ ഇങ്ങനെ മരണപ്പെടാൻ തുടങ്ങിയാൽ , അത് നല്ലതിനാകില്ല ഭദ്ര. നീ എന്ത് മയക്കു പ്രയോഗമാണ് അവരുടെ മുകളിൽ നടത്തുന്നത്."
" നാളെ ഒരിക്കൽ ഈ പ്രസ്ഥാനമങ്ങു ഇല്ലാതായിപ്പോയാൽ പിയാൽ മാ, നിങ്ങൾപ്പെടെ ഈ പെണ്ണുങ്ങൾ എന്ത് ചെയ്യും?"-
ഭദ്രയുടെ ചോദ്യം കേട്ട് അവർ ഒന്ന് പകച്ചു. വർഷങ്ങളായി അവകാശങ്ങളും അധികാരവും ഒക്കെ ഏറ്റെടുത്ത് ഏതൊക്കെയോ മനുഷ്യരെ, അവരുടെ താളത്തിനു തുള്ളി കൂടെ നിർത്തുന്നു. പലർക്കും പല ആവശ്യങ്ങൾ.. പല ക്രൂരതകൾ.
ഏറ്റവുമാദ്യം ശരീരത്ത് തൊട്ട മനുഷ്യനെ അവരോർത്തു. ഏതൊക്കെയോ ഗലികളിലൂടെ അലഞ്ഞു തിരിഞ്ഞു സോനാഗച്ചി തെരുവിലെത്തുമ്പോൾ പുറം ലോകത്തെക്കുറിച്ച് അജ്ഞാതയായ ഒരു പെൺകുട്ടി മാത്രമായിരുന്നു പിയാൽ അന്ന്. പിന്നെ ഇവിടെ എത്തിയപ്പോൾ ഉടലിനു പകരം പണം ലഭിക്കുമെന്ന് കേട്ടപ്പോൾ വീട്ടിലെ പട്ടിണിയിൽ മറ്റൊന്നും തോന്നിയില്ല. എന്തും സഹിക്കാം, രണ്ടാനമ്മയുടെ കുത്തലാണ് അസഹനീയം. ഒടുവിൽ ശരീരം വിട്ടു കിട്ടിയ പണം വേണം വിൽക്കപ്പെട്ട ശരീരം വേണ്ടെന്നു പറഞ്ഞ കുടുംബത്തെ എന്നേയ്ക്കുമായി വേണ്ടെന്നു വച്ച് ഈ തറവാടിന്റെ അടുത്ത അധികാരം ഏറ്റെടുക്കുമ്പോഴും ആദ്യമായി തൊട്ട ആളെ പിയാൽ മറന്നിരുന്നില്ല.
തലയിൽ ചാര തൊപ്പി വച്ച, അതെ നിറത്തിൽ കുർത്തയും വെള്ള ധോത്തിയും ധരിച്ച മനുഷ്യൻ. അയാൾക്ക് സിഗരറ്റിന്റെ മണമുണ്ടായിരുന്നു. പിന്നെപ്പററിയാത്ത മറ്റെന്തോ ഗന്ധം അയാളുടെ ശരീരത്തിൽ നിന്നും പ്രവഹിക്കുനുണ്ടായിരുന്നു.ഓക്കാനം വന്നു. 
പക്ഷെ കയ്യിൽ കൊളുത്തി വച്ച സിഗരറ്റു കൊള്ളികൾ കൊണ്ട് പിയാളിന്റെ ശരീരത്തിൽ പൊട്ടു കുത്തുമ്പോൾ ശബ്ദമമർത്തി അവൾ കരഞ്ഞു. വീട്ടിൽ നിന്ന് കൊണ്ട് വന്ന ഉടുപ്പിൽ തുള വീഴാത്ത സ്ഥലമില്ല, വലിച്ചു പറിച്ചെറിഞ്ഞ ഉടുപ്പുകൾക്കിടയിൽ ചുരുട്ടിയെറിയപ്പെട്ട തന്റെ ശരീരവും മനസ്സിനോട് താദാത്മ്യപ്പെട്ടെന്ന് മനസ്സിലാക്കിയപ്പോൾ പിന്നെ പിയാലിനു അത് ശീലമായി. എത്ര സിഗരറ്റു കുറ്റികൾ, എത്ര ക്രൂരതകൾ... ഇഷ്ടമല്ലാത്ത ആൺലിംഗങ്ങളുടെ ചുവകളെ വറ്റിച്ചെടുക്കാൻ തത്രപ്പെടുമ്പോൾ അടിവയറ്റിൽ നിന്നും കലമ്പൽ കൂട്ടിയെത്തുന്ന ഛർദ്ദിക്കാലങ്ങൾ...
"എങ്ങനെ ജീവിക്കും എന്നാണു നിനക്ക് തോന്നുന്നത്. പട്ടിണി കിടക്കാൻ വയ്യാത്തതുകൊണ്ടാണ് ഇവിടെ ഈ പെണ്ണുങ്ങളിങ്ങനെ..."
"എന്തെങ്കിലും മാർഗ്ഗമുണ്ടാകും പിയാൽ മാ... എന്നും ഇങ്ങനെ മുന്നോട്ടു പോകാനാകുമോ...?"
എല്ലാവരെയും ഒച്ചയിട്ട് വിറപ്പിക്കുന്ന പിയാൽ മായ്ക്ക് ഭദ്രയുടെ വാക്കുകൾക്ക് മുന്നിൽ ശബ്ദമില്ലാതായിപ്പോകുന്ന അദ്‌ഭുതം കണ്ട് വാതിലിനു മറവിലിരുന്നു ഇന്ദു ഊറിച്ചിരിച്ചു.
മരണങ്ങൾ ആരുമറിയാതെ വർദ്ധിക്കുന്നുണ്ടായിരുന്നു. നിലച്ച ഹൃദയങ്ങളെയോർത്ത് ഭദ്രയും ഇന്ദുവും ചുംബനങ്ങളുടെ ദൈർഘ്യം വർദ്ധിപ്പിച്ചു. തങ്ങൾക്ക് വേണ്ടി കൃത്യമായ നീക്കുപോക്കുകൾ ഭദ്ര നടത്തുന്നുണ്ടെന്ന് അതോടെ ഇന്ദുവിന്‌ ബോധ്യപ്പെട്ടു. പിയാൽ മായുടെ വീട്ടിൽ ഭദ്രയെ അന്വേഷിച്ച് ഒരു പോലീസും എത്തിയില്ല. ഹൃദയാഘാത സാധ്യതകൾ തിരിച്ചറിയാതെ ഭദ്രയിലേയ്ക്കും ഇന്ദുവിലേയ്ക്കും പുരുഷന്മാർ പടർന്നു കയറി, പിന്നെയവരുടെ ഉന്മാദങ്ങളിൽ തകർന്നു പോവുകയും പിന്നീടെപ്പോഴോ ഹൃദയം നിലച്ചു പോവുകയും ചെയ്തു.